കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, June 11, 2020

June 11, 2020

ഓർമ്മയിലെ കാന്താരിമധുരം 17 കെ.സി. അലി ഇക്ബാല്‍



ഓർമ്മയിലെ കാന്താരിമധുരം 17 കെ.സി. അലി ഇക്ബാല്‍


അരിക്കിലാമ്പ്


ഒരു റാന്തല്‍ വിളക്കുണ്ടായിരുന്നു വീട്ടിലന്ന്.സൈഡില്‍ നിന്ന് താഴേക്ക് അമര്‍ത്തുന്ന ഒരു കമ്പി.അതിലമര്‍ത്തിയാല്‍ റാന്തലിന്‍റെ കമ്പിക്കൂട് ചില്ലോടു കൂടി ഉയരും.പിന്നെയാ ചില്ല്(ഗ്ലാസ്)ഊരിയെടുക്കാം.തുടച്ചുവൃത്തിയാക്കാം.സൈഡില്‍ മണ്ണെണ്ണ നിറയ്ക്കാനുള്ള സ്ഥലം,അവിടെയുള്ള അടപ്പ് ഊരിയെടുത്ത് കുപ്പിയില്‍നിന്ന് മണ്ണെണ്ണ നിറയ്ക്കുന്നതും ഗ്ലാസ് തുട യ്ക്കുന്നതും ഉപ്പയാണ്.അടുത്തിരുന്ന് ഈ മെക്കാനിസം ഏറെ പ്രാവശ്യം കണ്ടായാള്‍ എന്ന നിലയ്ക്ക് ഇതൊക്കെ ഒന്ന് ചെയ്തുനോക്കാം എന്നു കരു തിയിരുന്നെങ്കിലും ഗ്ലാസ് പൊട്ടിപ്പോകുമെന്ന കാരണത്താലും മണ്ണെണ്ണ താഴെ പോകുമെന്നതിനാലും തൊടാന്‍ പോലും അനുവാദമില്ലായിരുന്നു. ഒന്നല്ല ഗ്ലാസു പൊട്ടിയും തൂക്കുന്ന കമ്പി കേടുവന്നും വേറെയും കമ്പിറാന്തലുകള്‍ അവിടെയുണ്ടായിരുന്നു.ഉമ്മറത്തെ ഒരു കമ്പിയില്‍ ആണ് സ്ഥിരമായി കമ്പിറാന്തല്‍ തൂങ്ങിക്കിടക്കുക.വെളിച്ചം കുറയ്ക്കേണ്ടപ്പോള്‍ തിരി താഴ്ത്തി അങ്ങനെ ചെയ്യാനാകും എന്ന ഒരു ഗുണം കമ്പിറാന്തലിന്നുണ്ട്.
    അകത്തെ മുറികളില്‍ അലൂമിനിയം കൊണ്ടുണ്ടാക്കിയ വിളക്കുകളാണു ണ്ടാകുക.ചിമ്മിനി വിളക്ക് എന്നാണതിന്‍റെ പേര്.അക്കൂട്ടത്തിലും ചിലതിന് ചില്ലുണ്ടാകും,തിരി നീട്ടി വെളിച്ചം കൂട്ടാനാകും.മറ്റൊരിനം ഉമ്മയുണ്ടാ ക്കുന്ന വിളക്കുകളാണ്.ചെറിയ കുപ്പികളുടെ അടപ്പില്‍ തുളയുണ്ടാക്കി അതിലൂടെ തിരിയിട്ട് മണ്ണെണ്ണയൊഴിച്ചാല്‍ വിളക്കായി. മെഴുകുതിരി അക്കാ ലത്തുണ്ടായിരുന്നില്ലേ?.കണ്ട ഓര്‍മ്മയില്ല.എന്തായാലും അക്കാലത്ത്  വെളിച്ചത്തിനിതേ വഴിയുള്ളൂ.എന്നിട്ടും അതുകൊണ്ടന്നു തൃപ്തിപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോഴാണ് അത്ഭുതം.
       ഇന്നിപ്പോള്‍ കറണ്ടുണ്ട്.അഥവാ കറണ്ടൊന്നു പോയാലും ഇന്‍വര്‍ട്ടര്‍ കരുതലായുണ്ട്.ചിലരാകട്ടെ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെയൊരു ഇടത്തരം ജീവിത സ്ഥിതിയില്‍ തന്നെ ഇതൊന്നും ഇല്ലാതെ പറ്റില്ല എന്നായി രിക്കുന്നു..കടത്തിണ്ണകളിലും റെയില്‍ പാലത്തിനടിയിലും അന്തിയുറങ്ങുന്ന മനുഷ്യജന്മങ്ങള്‍ റാന്തല്‍ വിളക്കിനോ ഒരു ചിമ്മിനി വിളക്കിനു പോലുമോ  അര്‍ഹരായിട്ടില്ല ഇന്നും ഇന്ത്യയില്‍ എന്നത് വേറെ കാര്യം.
കറണ്ടില്ലാതെ വന്നാലത്തെ അവസ്ഥ ഇപ്പോള്‍ നമ്മെ സംബന്ധിച്ച് അതി ഭീകരമാണ്.വെളിച്ചം കിട്ടില്ല എന്നതു മാത്രമാണോ പ്രശ്നം.വെള്ളം പമ്പു ചെയ്യാനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിക്കില്ല.ഓപ്പറേഷന്‍  നടത്താനാകാതെ ആശുപത്രികള്‍ പ്രതിസന്ധിയിലാകും.ടെലഫോണ്‍, കമ്പ്യൂട്ടറുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല.ഇന്ധനം നിറയ്ക്കാനാകാതെ വാഹനങ്ങള്‍ ഓട്ടം നില യ്ക്കും.ഇങ്ങനെയൊന്നോര്‍ത്തുനോക്കിയാല്‍ ഒരെത്തും പിടിയുമില്ല. (ജന റേറ്ററുള്‍പ്പെടെ ബദല്‍ സംവിധാനങ്ങള്‍ പലതും നാം കണ്ടെത്തിയിട്ടുണ്ട്എന്നത് ശരി തന്നെ.അന്ന് ഇതൊന്നുമില്ലല്ലോ)
     ഈ ചിന്തയില്‍ നിന്ന് വീണ്ടും ഞാനെന്‍റെ അരിക്കിലാമ്പിന്‍റെ ഇത്തിരി വെട്ടത്തിലേക്ക് (കമ്പി റാന്തല്‍)മടങ്ങുകയാണ്.ഞങ്ങളുടെ ഗ്രാമത്തില്‍ കറണ്ട് വരുന്ന കാലത്ത് എനിക്കൊരു പത്തുപതിനൊന്നു വയസ്സെങ്കിലു മായിക്കാണണം.ഒരു ദിവസം സന്ധ്യയോടെയാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു.. വെളിച്ചത്തിന്‍റെ ഒരു വല്ലാത്ത പൂരം തന്നെ.മനസ്സില്‍ ആഹ്ലാദത്തിന്‍റെ തുടികൊട്ട്. കണക്ഷന് അപേക്ഷിച്ചവര്‍ നന്നേ കുറവായതിന്നാല്‍ ചുറ്റുവട്ടത്തെ എല്ലാ വീട്ടിലും കറണ്ടെത്തിയില്ല. ഉമ്മറത്ത്,അടുക്കളയില്‍,മൂന്ന് മുറികളില് അങ്ങനെ അഞ്ചു പോയിന്‍റാണ് ആകെ ഉള്ളത്. ഇന്നത്തെ പോലെ എല്‍.ഇ.ഡി.യോ ട്യൂബ് ലൈറ്റോ ഒന്നുമില്ലല്ലോ.എല്ലാം നാല്‍പ്പതു വാട്ട്സിന്‍റെ ഫിലമെന്‍റുള്ള ബള്‍ബുകള്‍. വാട്ട്സിന്‍റെ കണക്കനുസരിച്ച് ബള്‍ബില്‍ നിന്ന് കിട്ടുന്ന വെളിച്ചം കൂടുകയും കുറയുകയും ചെയ്യുമെന്ന് ലൈന്‍മാന്‍ കുഞ്ഞന്‍ ഉപ്പയോട് പറയുന്നത് ഞാനന്നുതന്നെ കേട്ടിരുന്നു.

     എന്‍റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ വയസ്സിലാണ് ഞങ്ങളുടെ നാട്ടിലേക്ക് ആദ്യത്തെ ബസ് സര്‍വീസ് വരുന്നത്.ഇന്നത്തെ പോലെ ടാറിട്ട റോഡോന്നുമല്ല.വെറും ചെമ്മണ്ണ്.ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെയൊ ന്നുമല്ല ആ റോഡ്.അതുകൊണ്ട് ബസ് കാണാനൊന്നും പറ്റിയില്ല.വഴിയെ പോകുന്ന ഒരാള്‍ ഉപ്പയോട് “പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തേക്ക് പുതിയ ബസ് ഓടിത്തുടങ്ങി”യെന്ന് വിളിച്ചുപറയു കയായിരുന്നു.സീസി യെന്നോ മറ്റോ ആയിരുന്നു ആ ബസിന്‍റെ പേര്.പിന്നെ പലയിടത്തേക്കും ബസ് സര്‍ വീസായി.പള്ളിപ്പുറത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന മയില്‍ വാഹനക്കാരുടെ ബസിലാണ് അന്നൊക്കെ ഉപ്പയുടെ തറവാട് വീട്  
 സ്ഥിതി ചെയ്യുന്ന കോട്ടോലിലേക്ക് പോകുക.മുഹമ്മദ് എന്നാണ് അതിലെ ഡ്രൈവറുടെ പേര്.അക്കാലത്ത് ബസിലെ ഡ്രൈവര്‍മാരെയും കണ്ടക്റ്റര്‍ മാരെയും എല്ലാവര്‍ക്കുമറിയാം.ചില ബസുകളാണെങ്കില്‍ ഡ്രൈവര്‍മാരുടെ പേരുകളിലാണ് അറിയപ്പെടുന്നത് തന്നെ.കുഞ്ഞാപ്പുക്കായുടെ ബസിന്‍റെ സീറ്റ് ഇന്നത്തെ പോലെയല്ല.ഇടതുഭാഗത്ത് മുമ്പിലെ വാതില്‍ തൊട്ട് പിന്നിലെ വാതില്‍ വരെ നീണ്ട ഒറ്റ സീറ്റാണ്.ബോട്ടിന്‍റെ സൈഡ് സീറ്റുപോലെ.
എന്‍റെ ഗ്രാമത്തില്‍ ടെലഫോണ്‍ വരുമ്പോഴേക്കും കാലം പിന്നേയും കുറേ കഴിഞ്ഞു.ഞാനപ്പോഴേക്കു മുതിര്‍ന്നു വായനശാലാ പ്രവര്‍ത്തകനൊക്കെ യാകാനുള്ള പ്രായമായിരുന്നു.ഇന്നത്തെപ്പോലെ ബി.എസ്.എന്‍.എല്‍ ഒന്നുമായിട്ടില്ലല്ലോ.സചീന്ദ്രന്‍ എന്ന് പേരുള്ള ഒരാള്‍ വന്ന് വായനശാലയുടെ പേരില്‍ ഒരു കണക്ഷനെടുക്കണമെന്ന് ആവശ്യപ്പെട്ടു.ഇരുപത്തഞ്ചു കണക്ഷ നുണ്ടായാല്‍ പള്ളിപ്പുറത്ത് ഒരു ടെലഫോണ്‍ എക്സ്ചേഞ്ച് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞ കാര്യം.അന്നുണ്ടായ ആ കണക്ഷന്‍ ഇപ്പോഴുമുണ്ടവിടെ. വീട്ടിലേക്കും ഒരു കണക്ഷനെടുത്താലോ എന്നൊക്കെ ഒരാലോചന ഉണ്ടായെ ങ്കിലും അതൊരു ആര്‍ഭാടമായെക്കുമോ എന്ന ശങ്കയാല്‍ വേണ്ടെന്നു വച്ചു. പി.ഡി.സി കാലത്താണ് ഈ കണക്ഷന്‍ കിട്ടുന്നത്.ഒന്നു വിളിക്കാന്‍ വലിയ ആഗ്രഹം.പക്ഷേ ആര്‍ക്കുവിളിക്കും.ഫോണുള്ളവര്‍ തന്നെ നന്നേ കുറവ ല്ലേ.അങ്ങനെ പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന ശരത്തിനെ വിളിക്കാന്‍ തീരുമാനിച്ചു.പട്ടാമ്പിക്ക് വിളിക്കാന്‍ നേരിട്ട് കിട്ടില്ല.ആദ്യം  ഷൊര്‍ണൂ രിലേക്ക് വിളിച്ച് ട്രങ്ക്കാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. കിട്ടിയാല്‍ തന്നെ കോളേജ് ഓഫീസിലാണ് കിട്ടുക.അവിടെനിന്നാരെങ്കിലും ക്ലാസില്‍ പോയി ശരത്തിനെ വിളിക്കുന്നതിലെ അപ്രായോഗികതായൊന്നും ഓര്‍ക്കാനായില്ല.അങ്ങനെകാത്തിരിപ്പിന്‍റെ ഒടുക്കം ഫോണ്‍ കിട്ടി.നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്.കിട്ടിയത് പക്ഷേ കോളേജായിരുന്നില്ല.പോലീസ് സ്റ്റേഷനായിരുന്നു.കോളേജിന്‍റെ നമ്പര്‍ ഇരുപത്തിമൂന്നും പോലീസ് സ്റ്റേഷന്‍റേത് ഇരുപത്തിനാലുമായിരുന്നു അക്കാലത്ത്.ബുക്ക് ചെയ്യുമ്പോള്‍ നമ്പര്‍ പറഞ്ഞത് തെറ്റിയിരിക്കണം.എസ്.ഐ.തന്നെയാണ് ഫോണെടുത്തത്.അന്നത്തെ ഉള്‍ക്കിടിലം ഇപ്പോഴും ഫീല്‍ ചെയ്യുന്നുണ്ട്.
ആധുനിക സൌകര്യങ്ങളുടെ ഈ നിറവിലിരുന്നുകൊണ്ട് എന്‍റെതന്നെ കുട്ടിക്കാലത്തെ സൌകര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നുന്ന വികാരമെന്താണ്.ഇതേ അവസ്ഥയില്‍ സഞ്ചരിച്ച എല്ലാവരുമെന്ന പോലെ അങ്ങനെയും ഒരു കാലം എന്ന വിസ്മയത്തുംപത്താണ് ഞാനും.പക്ഷേ ചിമ്മിനി വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലും എന്‍റെ തലമുറ ധാരാളം വായിച്ചിരുന്നല്ലോ.സ്കൂളിലേക്കുള്ള ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കി യിരുന്നല്ലോ.ഫാനിന്‍റെ കാറ്റില്ലാതെതന്നെ ഉറങ്ങാനായിരുന്നല്ലോ.എന്നിട്ടും  ടിവി.കാണാനാകാതെയിരുന്നാല്‍ ഇന്‍റര്‍ നെറ്റുകണക്ഷന്‍ സ്പീഡ് കുറഞ്ഞു പോയാല്‍ ഇന്നിത്ര അസ്വസ്ഥമാകുന്നതെന്താണ്.പുതിയ കാലത്തിലേക്ക് ഞാനും കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു.അതുകൊണ്ട് ഓര്‍മ്മയിലെ ആ അരിക്കിലാമ്പ് വെട്ടത്തിലിരുന്ന് അന്നത്തെ പോലെ ഇന്ന് ജീവിക്കാനാകില്ല എന്ന കണ്ടീഷനിങ്ങിന് വിധേയനായി പഴയ മഷിനിറച്ച അശോക പെന്നു കൊണ്ടെഴുതിയിട്ടൊന്നുമല്ല കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് ഞാനീ പഴമ്പുരാണം പൂര്‍ത്തിയാക്കുന്നു

Wednesday, June 10, 2020

June 10, 2020

കുമുദം (കഥ) ജിൻഷ ഗംഗ


കഥ

ജിൻഷ ഗംഗ

കുമുദം

നാളെയാണ് ആ ദിവസം..... കുമുദം സമയം നോക്കി.. പന്ത്രണ്ട് മണി ആകാൻ ഇനി മിനിറ്റുകൾ മാത്രമേ ബാക്കിയുള്ളു... അവർ എഴുന്നേറ്റു പൊട്ടി പൊളിയാറായ വീടിന്റെ ഇറയത്തേക്ക് പോയി... നിലാവ് പോലും തന്റെ വീട്ടിലേക്ക് കടന്നു വരാതായിരിക്കുന്നു, റെയിൽവേ പാലത്തിലൂടെ ഏതോ ഒരു തീവണ്ടി പോകുന്നുണ്ട് ..... ചുമരിൽ തൂക്കി വച്ച ചില്ല് ഇട്ടു വച്ച പഴക്കം ചെന്ന ഫോട്ടോ കുമുദത്തിന്റെ കണ്ണിൽ പതിഞ്ഞു... നീര് വന്നു പഴുത്ത കാല് പതിയെ അനക്കി കൊണ്ട് അവർ ചുമരിന്റെ അരികിലെത്തി ... ഫോട്ടോ കയ്യിലേക്ക് എടുത്തു... ഫോട്ടോയിൽ കാണുന്ന ഓമനത്തം നിറഞ്ഞ മൂന്നു വയസ്സുകാരൻ തന്നെ നോക്കി കരയുന്നത് പോലെ അവർക്ക് തോന്നി.....കൂരയുടെ മുന്നിലെ പാളത്തിലൂടെ പോകുന്ന ട്രെയിനിന്റെ വേഗത കൂടും തോറും കുമുദത്തിന്റെ ഓർമകളും ഒരുപാട് പിറകിലോട്ട് സഞ്ചരിച്ചു...

ഗുജറാത്തിലെ ഉൾനാട്ടിൽ ജനിച്ച കുമുദം പതിനഞ്ചാം വയസ്സിൽ വിവാഹിത ആയതാണ്.. പതിനേഴു വയസ്സായപ്പോ ഒരു ആൺകുട്ടിയെയും സമ്മാനിച്ചു ഭർത്താവ് എവിടേക്കോ നാട് വിട്ടു പോയി... റെയിൽവേ പാലത്തിന്റെ ഓരത്തെ പുറമ്പോക്ക് ഭൂമിയിൽ ഒരു കൂര മാത്രം ആയിരുന്നു ആകെയുള്ള സമ്പാദ്യം.. സമൂഹത്തിലെ സമ്പന്നരുടെ വീടുകളിൽ പുറം പണിയെടുത്തും     
ഹോട്ടലുകളിൽ പണിയെടുത്തും ആണ് ഏക മകൻ ഉത്തജിനെ വളർത്തിയത്... ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..രാത്രിയിൽ തന്റെ ദേഹത്തിനു വിലയിടാൻ വരുന്നവരിൽ നിന്നും രക്ഷ തേടി പലയിടത്തേക്കും അവനെ മാറോടണച്ചു ഓടുമ്പോഴും നാളെ അവൻ വളർന്നു തനിക്ക് തുണയാകുന്നതും സ്വപ്നം കണ്ടാണ് അവർ ജീവിതം തള്ളി നീക്കിയത്... കൂട്ടുകാരോടൊപ്പം കൂടി അവൻ പുകയില വസ്തുക്കളും മദ്യവും ഒക്കെ ഉപയോഗിക്കുന്നതും, അതിനു അടിമയായി മാറിയതും ഒന്നും കുമുദം അറിഞ്ഞിരുന്നില്ല.... പത്താം ക്ലാസ്സ്‌ വരെ എങ്ങനെയൊക്കെയോ സ്കൂളിൽ പോയി.. പിന്നെ അതും നിർത്തി.. ചെറിയ ചെറിയ ജോലികൾ തേടി കൂട്ടുകാരോടൊത്തു ഉത്തജ് ഊര് ചുറ്റി നടക്കുമ്പോഴും അവർ കഷ്ട്ടപ്പെടുക തന്നെയായിരുന്നു.. മകന് വേണ്ടി പണയം വച്ച തന്റെ ജീവിതം എന്നെങ്കിലും അവൻ തിരിച്ചു നൽകും എന്ന പ്രതീക്ഷയിൽ.......

പ്രതീക്ഷയുടെ അത്തരം നാളുകളിൽ ഒന്നിലാണ് കുമുദത്തിന്റെ നെഞ്ച് പിളരുന്ന, അവളുടെ ഗർഭപാത്രത്തെ അവൾക്ക് ശപിക്കേണ്ടി വന്ന ആ സംഭവം അവളറിഞ്ഞത്... അന്ന് കുറേ ദിവസങ്ങൾക്ക് ശേഷം ആയിരുന്നു ഉത്തജ് വീട്ടിലേക്ക് വന്നത്... എന്നും എവിടെയെങ്കിലും ജോലിക്ക് പോയി വരുമ്പോൾ അമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരുമായിരുന്നു.. പക്ഷെ അന്ന് പതിവിലും വിപരീതമായി വിശന്നു തളർന്നു വന്ന മകനോട് അവർ കാര്യം തിരക്കിയെങ്കിലും ഒന്നുമില്ല ജോലി കഴിഞ്ഞ ക്ഷീണമാണ് എന്നും പറഞ്ഞവൻ ഒഴിഞ്ഞു മാറി... ചപ്പാത്തിയും ആലു കറിയും വിളമ്പി അന്നും അവർ മകനെ ഊട്ടി... നാലഞ്ച് ദിവസങ്ങൾക്കു ശേഷം ഭക്ഷണം കാണുന്നവനെ പോലെയായിരുന്നു അന്ന് അവന്റെ ആർത്തി... രാത്രിയിൽ മകൻ അടുത്തുണ്ടല്ലോ എന്ന ധൈര്യത്തിൽ അവർ സമാധാനമായി ഉറങ്ങുകയായിരുന്നു... വാതിലിൽ മുട്ട് കേട്ടപ്പോഴാണ് കുമുദം പുറത്തേക്ക് ഇറങ്ങിയത്... വാതിലിനു പുറത്ത് പൊലീസുകാരെ കണ്ട അവർ ആകെ വിളറി വെളുത്തു... കാര്യം അന്വേഷിച്ചപ്പോ അവർ അകത്തേക്ക് കയറി.. ഉറങ്ങിക്കിടന്ന ഉത്തജിനെ അവർ പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കയറ്റുമ്പോഴും തല താഴ്ത്തി കുമുദത്തിന്റെ മുഖത്ത് നോക്കാതെ അവൻ അവരുടെ പിന്നാലെ നടക്കുമ്പോഴും ഒന്നും മനസ്സിലാകാതെ അവർ പോലീസുകാരോട് കരഞ്ഞു കൊണ്ട് കാര്യം ചോദിച്ചു..... പോലീസുകാർ പറഞ്ഞ ഉത്തരം കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താൻ താഴേക്ക് പോയെങ്കിൽ എന്നവർ പ്രാർത്ഥിച്ചു.... "ഒരാഴ്ച മുൻപ് 17 വയസ്സുള്ള ഒരു പെൺകുട്ടിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളിലൊരാണ് തന്റെ മകൻ എന്ന വാർത്ത ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും എത്രയോ അധികം ആയിരുന്നു .... വണ്ടിയിൽ ഇരിക്കുന്ന ഉത്തജിനെ നോക്കി കുമുദം പോലീസുകാരോട് പറഞ്ഞത്... ഇവനെ ഇനി എനിക്ക് കാണണ്ട എന്നായിരുന്നു....... അന്ന് പോലീസ് വണ്ടി കടന്നു പോയ രാത്രിയിൽ അവർ തന്റെ ഗര്ഭപാത്രത്തെ ശപിച്ചു... അവനു പാലൂട്ടിയ തന്റെ മാറിടങ്ങൾ അറുത്തു കളയാൻ ആ അമ്മ ആഗ്രഹിച്ചു..



വരും ദിവസങ്ങളിൽ പെണ്മക്കൾ ഉള്ള അമ്മമാർ ഒക്കെ കുമുദത്തെ അകറ്റി.. ആരും വീട്ടു പണിക്ക് കയറ്റതായി....തന്റെ കൂരയിൽ ആരാരും സഹായിക്കാൻ ഇല്ലാതെ കഴിയുന്ന നാളുകളിൽ ഒക്കെ അവർ സ്വയം ശപിച്ചു കൊണ്ട് മരിച്ചു ജീവിച്ചു... ആ പെൺകുട്ടി കൊല ചെയ്യപ്പെട്ട രീതി മറ്റുള്ളവർ പറഞ്ഞു കേട്ടപ്പോഴൊക്കെ അവർ വെന്തുരുകിപ്പോയി... മകനെ തൂക്കിലേറ്റാൻ വിധിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ കുമുദം അവിടുള്ള രാഷ്ട്രീയ നേതാവിനോട് പറഞ്ഞു.. എനിക്കവനെ ഒന്നു കാണണം എന്ന്... അയാളുടെ സഹായത്തോടെ കുമുദം മകനെ ജയിലിൽ പോയി കണ്ടു...... കരഞ്ഞു കരഞ്ഞു കണ്ണീർ കലങ്ങിയ കണ്ണുകളോടെ അവൻ അമ്മയ്ക്ക് മുൻപിൽ മാപ്പ് അപേക്ഷിച്ചപ്പോഴും കുമുദം നിർവികാര ആയിരുന്നു...... ആ അവസാന കൂടി കാഴ്ചയിൽ ആ അമ്മ അവനോട് പറഞ്ഞത് ഒന്നു മാത്രമായിരുന്നു.... വധശിക്ഷ യെക്കാളും അവനു കിട്ടിയ ശിക്ഷ കുമുദത്തിന്റെ ആ വാക്കുകൾ ആയിരുന്നു.... "ഇത്രയും നാളും ഒരു വീട്ടിൽ കഴിഞ്ഞിട്ടും നിന്റെ കയ്യിൽ നിന്നും എനിക്ക് എന്റെ മാനം രക്ഷിക്കാൻ കഴിഞ്ഞല്ലോ" എന്നുള്ള അമ്മയുടെ വാക്കുകൾ ഉത്തജിനെ ചുട്ടു പൊള്ളിച്ചു....

കുമുദം ഓർമകളിൽ നിന്നും ഉണർന്നു... കയ്യിലെ ഫോട്ടോ അവർ തീവണ്ടി പാളത്തിലേക്ക് വലിച്ചെറിഞ്ഞു.... ദ്രവിച്ച ചുമരിൽ തൂക്കിയ ക്ലോക്കിൽ അവർ സമയം നോക്കി... 1 മണി... അതെ 4 മണിക്കൂർ കൂടി കഴിഞ്ഞാൽ ആ പെൺകുട്ടിക്ക് നീതി കിട്ടും.. ഉത്തജ് അടക്കം അഞ്ചു പേരെ തൂക്കിലേറ്റും.......നാളുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആ പെൺകുട്ടിക്ക് അവളുടെ അമ്മയും അഭിഭാഷകയും കൂടി നീതി വാങ്ങി കൊടുത്തിരിക്കുന്നു....... .. കുമുദം പതിയെ എഴുന്നേറ്റു അകത്തേക്ക് കടന്നു.. മനസ്സിൽ എന്തൊക്കെയോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ.... .

പിറ്റേന്നുള്ള പ്രഭാതം ഇന്ത്യ മുഴുവൻ ഉണർന്നത് ആ സന്തോഷ വാർത്തയും കേട്ടാണ്.... അവൾക്ക് നീതി കിട്ടിയിരിക്കുന്നു .. ഗുജറാത്ത്‌ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയിരിക്കുന്നു .....

കോടതിക്ക് പുറത്ത് മകളുടെ മാനത്തിനു നീതി വാങ്ങിക്കൊടുത്ത ആ അമ്മയുടെ ചുറ്റും മാധ്യമങ്ങൾ പൊതിഞ്ഞു... കണ്ണീരിന്റെ നനവിനിടയിലും ആ അമ്മയുടെ കണ്ണിൽ തീയാളുന്നുണ്ടായിരുന്നു....തന്റെ എല്ലാമെല്ലാമായ മകളുടെ ആത്മാവിനു ശാന്തി കിട്ടിയതിനു ദൈവത്തോടും നീതിപീഠത്തോടും നന്ദി പറഞ്ഞുകൊണ്ട് ആ അമ്മയുടെ പോരാട്ടം അവസാനിപ്പിച്ചപ്പോഴും........ അങ്ങ് ദൂരെ റെയിൽവേ പുറമ്പോക്കിലെ ഒരു വീട്ടിൽ ഒരു പഴകിയ സാരിയിൽ തൂങ്ങിയാടുന്ന മറ്റൊരമ്മയെ ഒരു മാധ്യമങ്ങളും കണ്ടില്ല ...... സ്വന്തം ഗര്ഭപാത്രത്തെ ശപിക്കേണ്ടി വന്ന ആ അമ്മ മകന്റെ ജീവൻ ഈ ലോകം വിട്ടു പോകുന്നതിനു മുൻപേ സ്വന്തം ജീവൻ അവസാനിപ്പിച്ചു .. അവനെ പെറ്റു പോയി എന്നായൊരൊറ്റ കാരണം കൊണ്ട് മാത്രം.....

കോടതി വരാന്തയിൽ ഒരമ്മ മകൾക്ക് വേണ്ടി പോരാടി, അവളുടെ ഓർമയിൽ തളർന്നിരുന്നപ്പോൾ... മറ്റൊരമ്മ തന്റെ ഗർഭ പാത്രത്തെ ശപിച്ചു കൊണ്ട് ഈ ലോകത്തു നിന്നും പോയിരിക്കുന്നു..

ജിൻഷ ഗംഗ

8157844729
8606814927

June 10, 2020

ഗഡുക്കൾ ശിവപ്രസാദ് കെ വാനൂർ.

കവിത

                                           ശിവപ്രസാദ് കെ വാനൂർ.



ഗഡുക്കൾ 
ഈ കാലവും കടന്നുപോകാം
ധൃതിയിൽ നാമറിയാതെ.!
ഈ വ്യാധിയും കടന്നു പോകും 
പതുക്കെ, പതുക്കെ നാമറിയാതെ !

കുമ്പിളുകൾ നീട്ടുക തന്നെ വേണം
കുടിച്ചു തീർക്കാൻ നമുക്കു കഞ്ഞികൾ
പ്രതീക്ഷയൊട്ടുമരുത്
പ്രതിദിനം ദിവാസ്വപ്നങ്ങളൊടൊത്ത്

മുഖങ്ങളിൽ നിറങ്ങൾ ചാർത്തിയ നേരങ്ങളിൽ
മൂവന്തി  മനോഹരമായി
നഖങ്ങളിൽ ചാർത്തിയ നിറങ്ങളിൽ  നഖക്ഷത -
രേഖകൾ കളിയാക്കി നിന്നു

ദാരിദ്യ രേഖകളിൽ നിറഞ്ഞു നിന്നു പല-
പടുരേഖകളും
വൈഡൂര്യങ്ങളൊ
വൈറസൊയെന്നറിയാതെ
പതുങ്ങി നില്ക്കുന്നു
പാമരനും, പണ്ഡിതനും.

മുഖവിലയില്ലാതായി
മുഖപത്രങ്ങളിലെ
വാർത്തകൾക്കിന്നും,
മൂകമായി ജീവിക്കുന്നു
മനുഷ്യഗണങ്ങളിന്നും. !

-ശിവപ്രസാദ് കെ വാനൂർ.
June 10, 2020

ഓർമ്മയിലെ കാന്താരിമധുരം 16 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 16 കെ.സി. അലി ഇക്ബാല്‍


പാട്ടുപെട്ടി
             


നീലക്കവറുള്ള ഒരു ചെറിയ ഡയറി എന്‍റെ ബാല്യകാല സ്മരണകളിലുണ്ട്. നാലരപ്പതിറ്റാണ്ടു മുമ്പത്തെ കാര്യമല്ലേ, അക്കാലത്ത് ഡയറി എന്നെപോലുള്ളവര്‍ക്ക് അത്ഭുതം തന്നെയായിരുന്നു . ഡയറിയ്ക്കകത്ത് ചിട്ടയായി എഴുതിവച്ച സിനിമാഗാനങ്ങള്‍..... 
      പത്തുപന്ത്രണ്ടു വയസ്സുപ്രായക്കാലത്ത് അതിലെ ഓരോ പാട്ടും ഞാന്‍ മൂളി നടക്കുമായിരുന്നു. ആദ്യ ഗാനം “ഓമലാളെ കണ്ടൂ ഞാന്‍...” രണ്ടാമത്തേത് സുമംഗലീ നീ ഓര്‍മ്മിക്കുമോ... അങ്ങനെയെത്രയെത്ര പാട്ടുകൾ .ഡയറി  “കുഞ്ഞളാപ്പ”  എന്നു  വിളിക്കുന്ന എൻ്റെ ഉപ്പയുടെ അനിയൻ്റേതാണ്. അന്നത്തെ പൊടിമീശക്കാരന്‍  എന്‍റെ അക്കാലത്തെ ഹീറോ ആയിരുന്നു. പട്ടാമ്പി കോളേജിലെ പ്രീ -ഡിഗ്രീ വിദ്യാര്‍ഥിയാ യിരുന്നു അന്ന് കുഞ്ഞളാപ്പ . നിറയെ പാട്ടുകള്‍ എഴുതി വച്ച ആ ഡയറി അക്കാലത്തെ പ്രധാന  കൌതു കമായിരുന്നു.കുഞ്ഞളാപ്പ നാട്ടില്‍ പോകു മ്പോഴും കോളേജില്‍ പോകുമ്പോള്‍ ഡയറി കൊണ്ടുപോകാത്ത ദിവസ ങ്ങളിലും അതെന്‍റേതാകും. കുഞ്ഞളാപ്പ അന്നേ നന്നായി പാടുമായിരുന്നു. വിദേശത്ത് തൊഴില്‍ തേടി പോയ ശേഷം ഞങ്ങള്‍ക്ക് അദേഹത്തിന്‍റെ പാട്ടു കേള്‍ക്കാന്‍ അവസരമില്ലാതായി. ഇപ്പോഴും പ്രായം അറുപതിന് മേല്‍പോയിട്ടും ആ ശബ്ദം ഘനഗംഭീരം തന്നെ. കുടുംബ സദസ്സു 
37
കളില്‍ അദേഹത്തെ കൊണ്ട് നിര്‍ബ്ബന്ധിച്ചു പാട്ടുപാടിക്കാന്‍ ഞങ്ങളൊക്കെ എന്നും ശ്രദ്ധിച്ചിരുന്നു.
ഓടക്കുഴല്‍ വിദഗ്ദ്ധനായ മുഹമ്മദാലി എന്നുപേരുള്ള “മോന്‍” പിന്നെ നന്നായി പാടുന്ന ബേബി എന്ന വിളിപ്പേരുള്ള ആസാദ് എന്നിവര്‍ ഉപ്പയുടെ ജ്യേഷ്ടന്‍റെ മക്കളാണ്.രണ്ടുപേരും ഈ കഴിവുകളുമായി ഏറെ കാലം നാട്ടിലുണ്ടായില്ല.വിദേശത്തെ സാംസ്കാരിക സംഘടനകളുടെ ഭാഗമായി അവര്‍ മാറിയെന്നത് അഭിമാനകരം തന്നെ.എനിക്ക് കിട്ടിയില്ലെങ്കിലും പാട്ടിന്‍റെ ഒരു പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിലുണ്ട് എന്നാണ് പറഞ്ഞു വന്നത്.


      കാദരിക്കായുടെ ചായക്കടയില്‍ അക്കാലത്ത് ചായക്കുറിക്ക് പെട്ടിപ്പാട്ട് വയ്ക്കും. ചായക്കുറി എന്നാല്‍ നാട്ടിന്‍പുറത്തെ ഒരു സാമ്പത്തിക ക്രമീകരണമാണ്. ചിലയിടത്ത് 'പണപ്പയറ്റ് 'എന്നു പറയുന്നത് ഇതാണെന്ന് തോന്നുന്നു. സാമ്പത്തിക പ്രയാസമുള്ള ഏതെങ്കിലും വ്യക്തി കാദരിക്കായുടെ ചായക്കടയില്‍ ചായക്കുറി നടത്തും. എഴുതി തയ്യാറാക്കിയ കത്തു മുഖേനയോ (പില്‍ക്കാലത്ത്  അച്ചടിച്ച കത്തും ഉണ്ടായിരുന്നു) നേരിട്ടോ ആളുക ളെ ചായക്കുറിക്ക് ക്ഷണിക്കും. കുറിയ്ക്കു ക്ഷണം സ്വീകരിച്ചു വരുന്നവര്‍ അഞ്ചു മുതല്‍ ഇരുപത്തഞ്ചു രൂപ വരെയൊക്കെ പണം നല്കണം .പകരം ചായയും കടിയും കാദരിക്ക നല്കും. ഒരാള്‍ നോട്ടുപുസ്തകത്തില്‍ പണം നല്‍കുന്നവരുടെ പേര് എഴുതിവയ്ക്കും. ഈ ക്ഷണിച്ചു വന്നയാള്‍ നേരത്തെ ചായക്കുറി നടത്തിയപ്പോള്‍ ഇക്കുറി നടത്തുന്നയാള്‍ കൊടുത്ത പണം തിരിച്ചു നല്‍കുകയുമാകാം. 

       ചായക്കുറിയുടെ കാര്യം അതില്‍ പങ്കെടുക്കേണ്ടവരെ ഓര്‍മ്മിപ്പിക്കാനാണ് കാദരിക്ക പെട്ടിപ്പാട്ട് വയ്ക്കുന്നത്. ഇന്നത്തെ പോലെ ബോക് സൊന്നുമില്ല. കാളന്‍ മൈക്ക്. ഒരു പെട്ടി തുറന്നാല്‍ ഇപ്പോഴത്തെ സി.ഡി.യുടെ അല്‍പ്പം കൂടി  വലിയ വട്ടത്തിലുള്ള ഒരു ഡിസ്ക്. അതില്‍ ഏതു സിനിമയിലെ പാട്ടാണെന്ന് സിനിമാരംഗത്തിന്‍റെ ചിത്രം സഹിതം ഉണ്ടാകും. ഡിസ്ക്കിലേക്ക് റെകാര്‍ഡ് പ്ലെയറിലെ ഒരു സൂചിമുന തട്ടിച്ചു വച്ചാല്‍ പാട്ടുകേള്‍ക്കാം. 
     കാദരിക്ക മരിച്ചിട്ട് കാലം കുറെയായി. ചായക്കടയുടെ സ്ഥാനത്ത് ടെലഫോണ്‍  എക്സ് ചേഞ്ചാണിപ്പോള്‍. പാട്ടുപെട്ടിയുടെ മുകളിലുള്ള എം.ജി.ആറിന്‍റെ ഫോട്ടോയും കാദരിക്കായുടെ ഷര്‍ട്ടിടാത്ത രൂപവും ഇപ്പൊഴും എൻ്റെ ഓര്‍മ്മയിലുണ്ട്.മാത്രമല്ല കാദരിക്ക സഖാവുമാ യിരുന്നു. ചായക്കുറിയുള്ള ദിവസംഎനിക്കിഷ്ടപ്പെട്ടപാട്ടു വച്ചുതരാ ന്‍ അദേഹത്തിന് ആര്‍ദ്രതയുള്ള മനസ്സുണ്ടായിരുന്നല്ലോ എന്ന് ഞാനിപ്പഴോ ര്‍ക്കുന്നു.

Tuesday, June 9, 2020

June 09, 2020

ഓർമ്മയിലെ കാന്താരിമധുരം 15 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 15 കെ.സി. അലി ഇക്ബാല്‍

     ഒരു ഏലസ്സും കുറേ ചിന്തകളും     



        ആശാന്‍ എവിടെനിന്നാണ് എപ്പോഴാണ്  വന്നതെന്നറിയില്ല. ഒരു ദിവസം ഞാന്‍ മൂത്തമ്മയെ കാണുമ്പോള്‍ ആശാന്‍ അവിടെയുണ്ട്.ലോകത്തെ മുഴുവന്‍ കാര്യങ്ങളിലും ആധികാരിക വാക്ക് തന്‍റെയാണെന്നനാട്യമുള്ള ഒരു വൃദ്ധന്‍. ഒട്ടേറെ കാര്യങ്ങള്‍ അറിയാവുന്ന ആളെപോലെ മൂത്തമ്മയുടെ മുമ്പില്‍ ഇരിക്കുന്നു. ആശാനെന്നാല്‍ സാക്ഷാല്‍ ശ്രീധരനുണ്ണി ആശാന്‍. അങ്ങനെയാണത് ചെയ്യേണ്ടത് ഇങ്ങനെ ചെയ്താല്‍ ദോഷമാണ് എന്നൊ ക്കെ അദ്ദേഹം നിര്‍ദേശിക്കുന്നുണ്ടായിരുന്നു.


 പലതരം ലക്ഷണങ്ങളെ കുറിച്ചും അദേഹത്തിന് അപാര പാണ്ഡിത്യമാണ്. ഗൌളി ചിലച്ചാല്‍,തലയില്‍ വീണാല്‍, ചുമലില്‍ വീണാല്‍, കറുത്തപൂച്ച കുറുകെ ചാടിയാല്‍,അതു വെളുത്തതാണെങ്കില്‍ ......എന്നു തുടങ്ങി രാവിലെ ഉണര്‍ന്ന് ആദ്യം കണ്ണുതുറന്ന് കാണുന്നതിലുള്ള ലക്ഷണക്കേടു വരെ ആശാനറി യാം .കഥ കേള്‍ക്കുന്നത് പണ്ടേ ഇഷ്ടമുള്ളതിനാല്‍ ആശാനും മൂത്തമ്മയും ഗഹനമായി ഇത്തരം കാ ര്യങ്ങള്‍ യുദ്ധഭൂമിയിലെ ആസൂത്രണം പോലെ ചര്‍ച്ചചെയ്യുമ്പോള്‍ ഞാനും ശ്രോതാവായി. പലതും ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു. അത്രമാത്രം ആധികാരികമായാണ് ആശാന്‍ പറയുന്നത്. സ്വന്തം അനുഭവത്തില്‍നിന്ന് ഉദാഹരണങ്ങള്‍ നിരത്തിയിട്ടാണ് പറയുന്നത്.ആര്‍ക്കാണ് നിഷേധിക്കാനാകുക.
      അങ്ങനെയൊരു നാളില്‍ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അലസമായ ഒരൊഴി വുദിനത്തില്‍ ചുമ്മാ ഒരു സന്ദര്‍ശനം എന്ന നിലയ്ക്ക് ഞാന്‍ ചെല്ലുമ്പോളുണ്ട് പടര്‍ന്ന് പന്തലിച്ച നിറയെ കായ്ച്ചു നിന്ന മുറ്റത്തെ കടപ്ലാവ്(ശീമ പ്ലാവ്) വെട്ടിതളളിയിട്ടിരിക്കുന്നു. എന്തിനായിരിക്കുമത് വെട്ടിയത് എന്ന തരത്തില്‍ അന്വേഷിക്കാനോ അക്കാര്യത്തില്‍ ഇടപെടാനോ ഒന്നുമുള്ള പ്രായമൊന്നും അന്നെനിക്കായിട്ടില്ല. കടപ്ലാവ് വെട്ടിയിട്ടതത്ര ശരിയായില്ല എന്ന ഒരു തോന്നലുണ്ടായത് പോലും പുറത്തുപറഞ്ഞില്ല.ആശാന്‍റെ നിര്‍ദേശപ്രകാരമാണ് കടപ്ലാവ് വെട്ടിയത് .ആ പ്ലാവ് നിന്നാല്‍ കുടുംബം കടം കയറി മുടിഞ്ഞു പോകും എന്ന് അദ്ദേഹം കട്ടായം പറഞ്ഞു. അതിന്‍റെ ലക്ഷണങ്ങള്‍ ഒന്നുരണ്ടെണ്ണം കാണുകയും ചെയ്തുവത്രേ..നിഷ്കളങ്കയായ എന്‍റെ മൂത്തമ്മയെ കബളിപ്പിക്കാന്‍ അതുമാത്രം മതിയാ യിരുന്നു. പാവം കടപ്ലാവിന് ശാപമായത് അതിന്‍റെ പേരാണെന്ന യുക്തി പിന്നേയും ഏറെ കാലം പിന്നിട്ടിട്ടാണ് എനിക്ക് വെളിപ്പെട്ടത്.
           ആശാന്‍ പിന്നീടെന്നാണ് സ്ഥലം വിട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ ഞാനറിഞ്ഞിരുന്നില്ല എന്നോ ഇപ്പഴത് ഓര്‍മ്മിച്ചെടുക്കാനാകുന്നില്ലെന്നോ പറയാം. ഏതായാലും ഏറെ നാള്‍ അദ്ദേഹം പിന്നീടവിടെ ഉണ്ടായിരുന്നില്ല. ആശാന്‍ പോയ ദിവസം മൂത്തമ്മ എന്നെ വിളിച്ച് ഒരു സ്വകാര്യം പറഞ്ഞു.ആരുമറിയരുത് .നമുക്ക് ഒരു സാധനം പരിശോധിക്കാനുണ്ട് എന്നായിരുന്നു അത്.ആശാന്‍ മൂത്തമ്മയ്ക്ക് കൊടുത്ത ഒരു ഏലസ്സ്(ഏലസ്സിന് അയിക്കല്ല്,ഉറുക്ക് എന്നൊക്കെ പേരുണ്ട്.മന്ത്രം,മാന്ത്രിക ചിഹ്നങ്ങള്‍ എന്നിവ എഴുതിയ തകിട് /കടലാസ് സ്വര്‍ണം,ചെമ്പ്,വെള്ളി,ഈയ്യം എന്നിവയിലേതെങ്കിലും കൊണ്ടുണ്ടാക്കിയ കൂടില്‍ വച്ച് ചരടില്‍ കോര്‍ത്ത് കഴുത്തിലോ,കയ്യിലോ,അരയിലോ കെട്ടുന്നതോടെ പ്രശ്നങ്ങള്‍ മാറും എന്നാണ് കരുതുന്നത്)അത് തുറന്ന് പരിശോധിക്കണം എന്നതാണ് ആവശ്യം. 
എന്നെക്കൊണ്ടു തുറപ്പിക്കുന്നതില്‍ രണ്ടു കാര്യമുണ്ട്. ഒന്ന് ഞാനിക്കാര്യം രഹസ്യമായി വയ്ക്കും എന്നതാണ്.രണ്ടാമത്തേത് ഞാന്‍ കുട്ടിയല്ലേ,നിഷ്കളങ്കന്‍. അയിക്കല്ല് തുറക്കുക എന്നതു ദൈവകോപം ഉണ്ടാക്കുന്ന കാര്യമാണ് .കുട്ടികള്‍ ചെയ്താല്‍ പടച്ചോന്‍ പൊറു ത്തോളും എന്നതാണ് യുക്തി. എനിക്കും ആകാംഷ അടക്കാനാകുന്നുണ്ടായിരുന്നില്ല. ചെമ്പ് തകിട് ചുരുട്ടി രണ്ടറ്റത്തും ഓരോ അടപ്പിട്ടിരിക്കുന്നു. ഉള്ളിലുണ്ടാകേണ്ടത് മന്ത്രത്തകി ടാണ് .അതുണ്ടാകുമെന്നതില്‍ തുറന്നുകാണും വരെ ഞങ്ങള്‍ക്കിരുവര്‍ക്കും സംശയമുണ്ടാ യിരുന്നില്ല. തുറന്നപ്പോള്‍ പക്ഷേ ഞെട്ടിപ്പോയി.പാസിങ്ങ്ഷോ എന്ന പേരില്‍ അക്കാലത്ത് കിട്ടിയിരുന്ന സിഗരറ്റിന്‍റെ കൂട് അകത്ത് ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു.
           മുതിര്‍ന്ന  ശേഷവും ഇത്തരം ചില കബളിപ്പിക്കലുകാരെ കണ്ടുമുട്ടിയിട്ടുണ്ട്.ചിലര്‍ ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ എന്തുമാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറായ മനുഷ്യന്‍റെ ഭയചകിത മനസ്സിനെ ഇരയാക്കുകയായിരുന്നു ഈ കപടവേഷക്കാര്‍. പക്ഷേ ഒരിക്കല്‍പോലും ഇതൊന്നും തടയാനായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സുപിടയുന്നുണ്ട്. ഇരകളെ പലപ്പോഴും കാര്യകാരണ സഹിതം സംസാരിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ഒരാശ്വാസം.പിന്നീട് പ്രസ്ഥാനം ഉണ്ടാകിയ പോരാട്ട വീറു അക്കാലത്തുണ്ടാ യിരുന്നില്ലല്ലോ എന്നതാണ് സ്വയം ആശ്വസിക്കാനുള്ള മറ്റൊരു ന്യായം.

Add caption

എല്ലാം അറിഞ്ഞുകൊണ്ട് സ്വയം ഇരയായ ഒരു സംഗതി കൂടിപറയാം.അതു കുറേ മുതി ര്‍ന്നിട്ടാണ് എന്നുമാത്രം .ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്തിന് അടിയന്തിരമായി ഒരു അയിക്കല്ല് വേണമായിരുന്നു .സ്പോണ്‍സറായ അറബിയുടെ ഭാര്യയും അറബിയും തമ്മിലു ള്ള കുടുംബകലഹം ഇത്തരത്തിലുള്ള ഒരു അയിക്കല്ലിനാല്‍ തീരുമെന്നതിനാല്‍ സുഹൃത്ത് എന്നോട് ഇക്കാര്യത്തില്‍ സഹായിക്കാനാകുമോ എന്ന് ചോദിച്ചതാണ് .എനിക്കാണെങ്കില്‍ അയിക്കല്ല്,പിഞ്ഞാണഴുത്ത്  ഒക്കെ അറിയാവുന്ന മഹാത്മാവിനെ പരിചയമുണ്ടെന്ന് മാത്രമല്ല അയാളെന്‍റെ സുഹൃത്തുകൂടിയായിരുന്നു. പാരസറ്റാമോളും പഞ്ചസാരയും (കല്‍ക്കണ്ടവും)അരിപ്പൊടിയും ചേര്‍ത്തുരുട്ടി ഉണക്കി പത്തോ പതിനഞ്ചോ ഒന്നിച്ച് കഴിപ്പിച്ച് രോഗശാന്തി വരുത്തുന്ന അത്ഭുതവിദ്യ ആ മഹാത്മാവ് എനിക്ക് കാണിച്ചു തന്നിട്ടുണ്ട് .പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതല്‍, മന്ത്രിച്ചൂതിയ വെള്ളം കുടിപ്പിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം നിപുണനായിരുന്നു. രണ്ടു ദിവസം കൊണ്ട് അയിക്കല്ല് കിട്ടുകയും അതിനാല്‍ അറബിയ്ക്കു സന്തോഷമാകുകയും സുഹൃത്തിന്‍റെ ജോലിപ്രശ്നത്തിന് പരിഹാരമാകുകയും ചെയ്തു. അറബിയുടെ കുടുംബ പ്രശ്നം തീര്‍ന്നുവോ എന്നറിയില്ല. എല്ലാ മതത്തിലും ഏറെക്കുറെ സമാന സ്വഭാവത്തില്‍ (അല്പസൊല്‍പ്പം വ്യത്യാസങ്ങളോടെ)ഈ ഏര്‍പ്പാടുകളൊക്കെ ഉണ്ട് എന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യനു പ്രശ്നങ്ങള്‍ ഉള്ളിടത്തോളം അതുതുടരുകയും ചെയ്യും .കാരണം മനുഷ്യനെ മയക്കുന്ന കറുപ്പാണത്. മതം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയവും ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്‍റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പമാണ് അത് പ്രശ്നമനുഭവിക്കുന്ന മനുഷ്യന് താല്‍ക്കാലികാശ്വാസം നല്‍കുന്ന(മയക്കുന്ന) കറുപ്പാണ് എന്ന മാര്‍ക്സിയന്‍ വചനമുള്ളത്. ഈ കാര്യം മതത്തിന് മാത്രമല്ല ഇത്തരം മൂഢവിശ്വാസങ്ങള്‍ക്കും ബാധകമാണ്.

Monday, June 8, 2020

June 08, 2020

ഓർമ്മയിലെ കാന്താരിമധുരം 14 കെ.സി. അലി ഇക്ബാല്‍

പറയാതെ പോയത്
ഓർമ്മയിലെ കാന്താരിമധുരം 14 കെ.സി. അലി ഇക്ബാല്‍


“ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ട്” ''
ഗോപിയാണ് എന്നോടത് പറഞ്ഞത്. എനിക്കന്നു പതിനൊന്നു വയസ്സ്.  പറയുന്നത് ഗോപി. ഗോപി പ്രായത്തില്‍ മുതിര്‍ന്ന എന്‍റെ കൂട്ടുകാരനാണ്, വെറും കൂട്ടല്ല,  എന്തെങ്കിലും കാര്യത്തില്‍ ഉപദേശം തേടുന്നതും  ഒരിക്കലും മറ്റൊരാളും പറഞ്ഞുതന്നിട്ടില്ലാത്ത ഓരോ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നതും ഗോപിയാണ്. അതുകൊണ്ടവന്‍ പറഞ്ഞത്  തെറ്റാകാനിടയില്ല. അവനെങ്ങനെ മനസ്സിലായി എന്നു ചോദി ക്കണമെന്നുണ്ടായിരുന്നു.  ചോദിച്ചാലവനെന്തു തോന്നും എന്ന ഒരു തരം ലജ്ജ വന്നു മൂടിയതിനാല്‍ അന്നെന്നല്ല പിന്നീടൊരിക്കലും ആ ചോദ്യം ചോദിക്കാനായില്ല . പക്ഷേ അന്നുമുതല്‍ എനിക്ക് വല്ലാത്ത മാറ്റങ്ങളുണ്ടായി.  എങ്ങനെയെങ്കിലും അവളുടെ ശ്രദ്ധയില്‍പെടണം. ഉള്ളതില്‍ നല്ല കുപ്പായങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് എന്നുമതുതന്നെയിടും. പൌഡറിടാനും കണ്ണാടിക്കു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും തുടങ്ങി.അല്പം പൌഡര്‍ കടലാസില്‍ പൊതിഞ്ഞു പോക്കറ്റിലിടുകയും ചെയ്യും. അവളുടെ വരവും നോക്കി സ്കൂളിലേക്ക്പുറപ്പെടും. നേരത്തെയായിപ്പോയാല്‍ സമയം അഡ്ജസ്റ്റ് ചെയ്യാന്‍ ചില സ്ഥലങ്ങളില്‍ ആരുടേയും ശ്രദ്ധയില്‍പെടാതെ ഒളിഞ്ഞു നില്ക്കും. അവള്‍ കൂട്ടുകാരോടൊത്തു നടക്കുന്നതിന് അല്പം പുറകിലായി എന്നും ഞാനുണ്ടാകും. രണ്ടായി പിന്നിയിട്ട മുടി അതില്‍ ചൂടിയ പനിനീര്‍ പൂ അതെല്ലാം ഏറെ മനോഹരമായി എനിക്കന്നു തോന്നിയിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവളെന്നെ നോക്കിയിരുന്നതായി ഞാന്‍ കണ്ടില്ല.


 ആ കൊല്ലം ക്ലാസ് ലീഡറും പിന്നെ സ്കൂള്‍ ലീഡറുമായി എന്നെയാണ് തെരഞ്ഞെടുത്തിരു ന്നത്. സ്കൂള്‍ അസ്സംബ്ലി എനിക്കന്നു ഷോയിങ്ങ് ഓഫിനുള്ള വേദിയായിരുന്നു. ഗ്രൌണ്ടില്‍ എല്ലാവരും അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍,ഹെഡ്മാസ്റ്ററുടെ കൂടെയാകും എന്‍റെ നില്‍പ്പ്. പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുമ്പോള്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ അവളെന്നെ നോക്കുന്നുണ്ടോ എന്നാകും എന്‍റെ ശ്രദ്ധ. ഒരിയ്ക്കലും അതുണ്ടായില്ല എന്നു മാത്രം. അവള്‍ക്കുവേണ്ടി നെല്ലിക്ക,നല്ല മധുരമുള്ള ഒട്ടുമാവിലുണ്ടായ മാങ്ങ, കായലില്‍ നിന്ന് കൂട്ടുകാര്‍ കൊണ്ടുവന്ന ആമ്പല്‍ പൂവ് എന്നിങ്ങനെ കുറേ സംഗതികള്‍ കൊണ്ടുനടന്നു. ഒന്നുമവളറിഞ്ഞില്ല. കൈമാറാനവസരം കിട്ടിയതുമില്ല. അവളൊന്നു നോക്കുകപോലും ചെയ്തില്ല, എന്നിട്ടല്ലേ...
       ഒരിക്കല്‍ ഗോപിയോട് എനിക്കു താല്‍പര്യമൊന്നുമില്ല എന്ന മട്ടില്‍ ഉദാസീനത ഭാവിച്ച് ഞാനിക്കാര്യം പറഞ്ഞു. അവന്‍ പറഞ്ഞ മറുപടി കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. ”പെണ്ണുങ്ങള്‍ അങ്ങനെയാണ്” എന്നുമാത്രമാണവന്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ പെണ്ണുങ്ങളുടെ മന:ശാസ്ത്രമൊന്നും അറിയില്ലല്ലോ. ആകൊല്ലം പൂര്‍ത്തിയായി. സ്കൂള്‍ അടച്ചു. അടുത്തകൊല്ലം ഹൈസ്കൂളിലാണ്. ഭാഗ്യവശാല്‍ അവിടെയും അവളുണ്ടായിരുന്നു. 
വേറെ ഡിവിഷനിലാണെന്ന് മാത്രം .പാടവരമ്പിലൂടെ നടക്കുമ്പോള്‍, തോണികാത്ത് നില്‍ക്കുമ്പോള്‍ അവളെന്നെ നോക്കി ചിരിക്കുമെന്ന് ഞാന്‍ കരുതി. കടവില്‍ നേരത്തെയെത്തിയാല്‍ അവള്‍ നടന്നെത്തും വരെ കാത്തുനില്‍ക്കാനും അവള്‍ കയറുന്ന തോണിട്രിപ്പിള്‍ തന്നെ കയറാനും  ശ്രദ്ധിച്ചു. എന്നിട്ടും അവളൊന്നുമറിഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ഉപദേശം നല്കാന്‍ ഇപ്പോള്‍ ഗോപിയില്ല. അവന്‍ വീണ്ടും തോറ്റുപോയി.
         ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു. എന്‍റെ പ്രണയമൊട്ടുകള്‍ കരിഞ്ഞു. ക്ലാസുകള്‍ കയറി ക്കൊണ്ടിരുന്നു. ഇഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കത്തയക്കുന്നതിനെക്കുറിച്ച് ക്ലാസിലെ ചില ബേക്ക് ബെഞ്ചുകാര്‍ കാര്യമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ ചെവി കൂര്‍പ്പിച്ചു. അങ്ങനെ ഞാൻ ഒരു കത്തെഴുത്തുകയും ചെയ്തു. കുറെനാളത് കൊണ്ടുനടന്നു. പിന്നെ കുനുകുനാ കീറി തോണിയിലിരുന്നു കൊണ്ടുതന്നെ പുഴയിലെ ഒഴുക്കില്‍ നിക്ഷേപിച്ചു. അവള്‍ ആ തോണി യിലുണ്ടായിരുന്നു .ആദ്യത്തെ പ്രണയലേഖനം വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് അവള്‍ കണ്ടിട്ടുണ്ടായിരിക്കുമോ?  ഞാനവളെ ഒട്ടും പ്രതീക്ഷയില്ലാതെ വെറുതെയൊന്നു നോക്കിയിരുന്നു. ചിലപ്പഴെന്‍റെ തോന്നാലാകാം.ആ സമയം അവളെന്നെ നോക്കി ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. തോന്നല്‍ തന്നെയാകാനാണ് സാധ്യത. പിന്നീടൊരിക്കലും എത്ര ശ്രമിച്ചിട്ടും അതുണ്ടായില്ല .നാലുനാലര പതിറ്റാണ്ടുകള്‍ പിന്നേയും കടന്നുപോയിരിക്കുന്നു. പത്താം ക്ലാസിനു ശേഷം കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചതുമില്ല.. ബാല്യകാലം ഓര്‍ത്തെടുത്തപ്പോള്‍ ഇതു വിട്ടുപോകരുതല്ലോ എന്നോര്‍ത്തു കുറിച്ചതാണ്. പരസ്പരം കണ്ടാല്‍ തിരിച്ചറിണമെന്നുപോലുമില്ല. എനിക്കെന്ന പോലെ പ്രായം അവള്‍ക്കുമായിക്കാണുമല്ലോ. പക്ഷേ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കിട്ടുന്ന ചിത്രം പഴയതുതന്നെയാണ്. ബാല്യകാലസഖി എന്നവളെ  വിളിക്കാമോ ? അതിനു പോലും സാധ്യതയില്ല. പറയാതെ പോയ ഒരിഷ്ടം എന്നുമാത്രം കരുതാമല്ലേ...

Sunday, June 7, 2020

June 07, 2020

ഓർമ്മയിലെ കാന്താരിമധുരം 13 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 13
കെ.സി. അലി ഇക്ബാല്‍
 

 എൻ്റെ ഉപ്പ      

ഒരു പദയാത്ര ഗ്രാമത്തിലൂടെ കടന്നുപോകുകയാണ്.ഗ്രാമം മുഴുവന്‍ പര്യടനം നടത്താനാണ് പരിപാടി.ആകെ അഞ്ചു പേരാണ് നടത്തക്കാര്‍. നാലര എന്നുപറയുന്നതാണ് ശരി.ഒരാള്‍ കുട്ടിയാണ്.അത് ഞാനാണ്.മുമ്പില്‍ നടക്കുന്നയാള് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പിടിച്ചിട്ടുണ്ട്.അതെന്‍റെ ഉപ്പയാ ണ്.മറ്റെല്ലാവരുടെയും കയ്യില്‍ പ്ലക്കാര്‍ഡുകളാണ്.രണ്ടാമതായി നടക്കുന്ന താണ് കുട്ടിയായ ഞാന്‍ .അതിൽ ഇന്ന് ഉപ്പയുള്‍പ്പെടെ രണ്ടു പേര്‍ ജീവിച്ചിരിപ്പില്ല.മറ്റു രണ്ടു പേര്‍ എന്‍റെ ചുറ്റുവട്ടത്തുതന്നെയുണ്ട്.
     അടിയന്തിരാവസ്ഥ കഴിഞ്ഞ് അധികമാകും മുമ്പ് കേരളത്തില്‍ കോണ്‍ ഗ്രസ് രണ്ടായി പിളര്‍ന്നു. ഒരു പക്ഷത്ത് കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം. മറുപുറത്ത് എ.കെ.ആന്‍റണിയുടെ എ കോണ്‍ ഗ്രസ്.ഉപ്പ ആന്‍റണിയുടെ പക്ഷത്താണ്. സ്വാഭാവികമായി ഞാനും.ഞങ്ങളുടെ നാട്ടില്‍ ആന്‍റണി കോണ്‍ഗ്രസിന് ശ ക്തിയുണ്ടാക്കാനാണ് പദയാത്ര.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആന്‍റണി മാതൃപാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നു.പക്ഷേ ഉപ്പ ലയിച്ചില്ല. പി.സി.ചാക്കോ, കടന്നപ്പള്ളി, ഷണ്‍മു ഖദാസ്,വി.സി.കബീര്‍ തുടങ്ങിയവരുടെ പക്ഷത്തായി ഉപ്പ.പിന്നെ കുറേ പേര്‍ കൂടി മാതൃ പാര്‍ട്ടിയില്‍ പോയി.എന്നിട്ടും ഉപ്പമാത്രം പോയില്ല. ജീവിതത്തിലുടനീളം റിബലായിരിക്കുകയും അതിന്‍റെ ഭാഗമായ നഷ്ടങ്ങള്‍ സ്വയം എടുത്തണിയുകയും ചെയ്തു ഉപ്പ എന്നാണെണിക്ക് തോന്നിയിട്ടു ള്ളത്. 
     പള്ളികമ്മിറ്റിയിലിരിക്കുമ്പോഴും പഞ്ചായത്ത് ഭരണസമിതിയി ലിരിക്കുമ്പോഴും ഈ റിബല്‍ കയര്‍ത്തുകൊണ്ടിരുന്നു. വേണ്ടത്ര തിരിച്ചറിയാതെ പോയ ഒരു വിപ്ലവകാരി ഉപ്പയില്‍ ഒളിച്ചിരുന്നിരുന്നു എന്നാണ് പിന്നീട് പലപ്പോഴും തോന്നിയത്.


ഞങ്ങള്‍ നാലര കോണ്‍ഗ്രസ്സുകാര്‍ അക്കാലത്ത് ഒരു സമരം നടത്തി. ഒരര്‍ഥ ത്തില്‍ ഉപ്പയുടെ ഒറ്റയാള്‍ സമരമെന്ന് പറയുന്നതാണ് ശരി.ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുകളെല്ലാം തടഞ്ഞിട്ടു. ഞങ്ങള്‍ക്കുപുറമെ ഉപ്പപറഞ്ഞാല്‍ എതിര്‍വാക്കു പറയാത്ത കുറച്ചു പേരും കൂടി സമരത്തില്‍ പങ്കെടുത്തു. മുന്‍ കൂട്ടി തീരുമാനിച്ചതായിരുന്നോ അതോ അന്ന് രാവിലെ തോന്നിയ ഉല്‍വിളിയാണോ എന്നറിയില്ല.ചില മണ്ണെണ്ണ വീപ്പകളും അടുത്തുള്ള ട്യൂട്ടോറിയല്‍ കോളേജിലെ ബെഞ്ചുകളും റോഡില്‍ നിരത്തിയിട്ടു.അന്ന് ഞങ്ങളുടെ നാട്ടിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ബസുകളെല്ലാം മയില്‍ വാഹനം മുതലാളിയുടേതാണ്.പോരേ പൂരം. പോലീസ് ഇരച്ചെത്തി.ബെഞ്ചുകളെയും വീപ്പകളെയും ഞങ്ങളേയും കസ്റ്റഡിയിലെടുത്തു.കേസ് കുറേ കാലം നടന്നു.മൈനറായത് എനിക്കുമാത്രം രക്ഷയായി.ഉപ്പയുടെ കാശ് എമ്പാടും പോയി.ആകെ സമരനേട്ടം എന്ന് പറയാവുന്നത് മയില്‍വാഹനം മുതലാളി വാങ്ങുന്ന ചാര്‍ജ് അന്യായമാണ് എന്ന ഒരു പൊതുബോധം ഉണ്ടായതു മാത്രമാണ് എന്നു തോന്നുന്നു.
     ഇതെല്ലാം ഒറ്റയാള്‍ പോരാട്ടത്തിന്‍റെ സാമ്പിളുകള്‍ മാത്രം.നാട്ടിലെ പള്ളി പണിയുന്ന കമ്മിറ്റിയുടെ നേതാവായിരുന്നത് ഓര്‍മ്മയിലുണ്ട്.അക്കാലത്ത് സമ്പത്തും അധ്വാനവും പൂര്‍ണ്ണമായി അതിലര്‍പ്പിച്ചിരുന്നു.എങ്ങനെയാണ് തെറ്റിയതെന്നറിയില്ല. പള്ളികമ്മിറ്റി ക്ക് നീണ്ട കത്തെഴുതി അവരോട് സലാം പറഞ്ഞു.അക്കാലത്ത് സ്വാഭാവികമായി നടക്കേണ്ട എന്‍റെ മതപഠനം അലോസരപ്പെടാനും പൂര്‍ത്തിയാക്കാതെ നിര്‍ത്താനും ഈ വഴക്കൊരു കാരണമായി.


        ഒരു വൃത്തത്തിനകത്തും ഒതുങ്ങാതെ ഒരിസത്തോടും ചേരാതെ എല്ലാവരോടും നീതിക്കു വേണ്ടി കലഹിച്ച് എന്നിട്ടും എല്ലാവരിലും നിറഞ്ഞ് കടന്നുപോയ ഒരാളെന്ന് ഓര്‍മ്മിക്കാനാകുന്നത്  തികഞ്ഞ അഭിമാനത്തോടെ തന്നെയാണ്.രണ്ടു മക്കളും തന്‍റെ രാഷ്ട്രീയാഭിപ്രായ ങ്ങളില്‍ നിന്ന് അകന്നുപോയപ്പോഴും അതദേഹത്തെ തെല്ലും അലോസര പ്പെടുത്തി യിട്ടില്ലായിരുന്നു.പ്രസവിച്ച് നാല്‍പ്പതാം നാള്‍ ഉമ്മ നഷ്ടപ്പെട്ട മുതല്‍ ആരംഭിച്ച ക്ലേശകരമായ ജീവിത പോരാട്ടം പൂര്‍ത്തിയായിട്ട് ഇപ്പോള്‍ പത്തു വര്‍ഷമായിരിക്കുന്നു.
June 07, 2020

കല്പന റഹിം പേരേ പറമ്പിൽ

കല്പന





റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ

"എന്റെ അനുമതിയില്ലാതെ പൂവിട്ടതെന്തിന്?"
വസന്തം മരത്തോട് .
കൊമ്പു നിറയെ കുയിലുകൾ പാടുമ്പോൾ,
ചാറ്റലിനൊപ്പം മഴവില്ലു കുലയ്ക്കുമ്പോൾ, 
ചക്രവാളം വെറ്റ ചവച്ച് കടലിൽ വിരൽ വീശുമ്പോൾ, 
പടിഞ്ഞാറെ ധ്രുവതാരകം ജ്ഞാനപ്പാന ചൊല്ലുമ്പോൾ:
സോറി
അറിയാതെ പൂത്തതാ!   
ഒരു സെൽഫിയെടുക്കാൻ കൂടുന്നോ?


റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ
June 07, 2020

നീ ഇല്ലായിരുന്നെങ്കിൽ സജിത മുഹമ്മദ്

നീ ഇല്ലായിരുന്നെങ്കിൽ













സജിത മുഹമ്മദ്






















എങ്ങനെയാണ് അവൾ സുന്ദരി ആവാതിരിക്കുക?
നിൻറെ സ്നേഹം അവൾക്കു ഭൂഷണം ആവുമ്പോൾ?

എങ്ങനെയാണ് അവൾ അവൾ മനം നിറഞ്ഞു ചിരിക്കാതിരിക്കുക?
 നിൻറെ ഓർമ്മകൾ അവളിൽ നിറയുമ്പോൾ?

എങ്ങനെയാണ് അവൾ പാടാതിരിക്കുക?
നിന്റെ ശ്വാസം പോലും അവൾക്ക് ഹൃദയ താളം ആയിരിക്കെ?

എങ്ങനെയാണ് അവൾ‌  ആടാതിരിക്കുക?
നിന്റെ മിഴികളിൽ   ഭാവവും താളവും കണ്ടിരിക്കെ?

എങ്ങനെയാണ് അവൾ കഥാകാരി ആവാതിരിക്കുക?
നിന്റെ ചരിതങ്ങൾ മനസ്സിൽ ഒരു മായാലോകം തീർക്കുമ്പോൾ?

എങ്ങനെയാണ് അവൾ സ്വപ്നം കാണാതിരിക്കുക?
നിന്റെ വാക്കുകൾ അവളെ വാനോളം ഉയർത്തുമ്പോൾ?

എങ്ങനെയാണ്  അവൾ വായിക്കാതിരിക്കുക?
അക്ഷരം പഠിച്ചത് നിന്നെ വായിച്ചു കൊണ്ടായിരിക്കെ?

 എങ്ങനെയാണ് അവൾ മിടുക്കിയല്ലാതാവുക?
നിന്റെ കരുതൽ അവളുടെ വിശ്വാസം ആയിരിക്കെ? 

എങ്ങനെയാണ് അവൾ വിജയി അല്ലാതാവുന്നത്?
നിന്റെ പ്രാർത്ഥന അവൾക്ക് വീര്യം പകരുമ്പോൾ?

എങ്ങനെയാണ് അവൾ പാചക റാണി അല്ലാതെ ആവുന്നത്?
ഓരോ വിഭവവും നിന്റെ ആത്മാവിൽ തൊടുന്നത് അറിഞ്ഞിരിക്കെ?

എങ്ങനെയാണ് അവൾ പറക്കാതിരിക്കുക ?  
 കടലിനും മേഘങ്ങൾക്കും അപ്പുറം നീ ഉണ്ടായിരിക്കെ?

 നീ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ...
അവളും ഉണ്ടാവില്ലായിരിക്കാം.
അല്ലെങ്കിൽ ശാപ മോക്ഷം തേടി 
അഹല്യയായി കാത്തിരുന്നിരിക്കാം.

സജിത മുഹമ്മദ്
ജി.യു.പി.എസ്.കണ്ടത്തറ
June 07, 2020

വാർത്തകൾ വായിക്കുന്നത് ബിപിൻ ആറങ്ങോട്ടുകര


വാർത്തകൾ വായിക്കുന്നത്


ബിപിൻ ആറങ്ങോട്ടുകര




Add caption


1. 
എം.പി. വീരേന്ദ്രകുമാർ വിട പറഞ്ഞു. 
ഒരു യുഗം അവസാനിച്ചു:

ഹൈമവതഭൂവിലെ ബുദ്ധന്റെ ചിരി 
ചോര ചിന്തിയ സോഷ്യലിസത്തിന്റെ ഒരു താൾ!

2.
സ്ക്കൂളുകളിൽഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു
 
അദ്ധ്യാപകർ താരമായ ഓൺലൈൻ ഉത്സവം !

3.
  ആരാധനാലയങ്ങൾ കേന്ദ്ര നിർദ്ദേശമനുസരിച്ച്
 ജൂൺ 8നു ശേഷം
 തുറന്നേക്കുമെന്ന് വാർത്ത:

വിശ്വാസികൾക്കല്ല
മത രാഷ്ട്രീയക്കാർക്കാണത്രേ ധൃതി ....
( നിലനിൽപ്പ് നിലനിൽപ്പേയ്...! )







4.
പി. എം.കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക് വിവരാവകാശ രേഖയായി നൽകാനാകില്ല എന്ന് വാർത്ത:

അല്ലെങ്കിലും ഈ കെയറൊന്നും  പാവംജനത്തിന്നുള്ളതല്ലല്ലോ!

5.
ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപികയെ അശ്ശീല കമന്റുകളുമായി  അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു... വാർത്ത:

മുള്ളു മുരിക്കിൻമേൽ കയ റുന്നതിനു പകരം ഇവൻമാരൊക്കെ സോഷ്യൽ മീഡിയയിലാണ് കയറുക  !
 
6.
പൈനാപ്പിളിന്നുള്ളിൽപടക്കം വെച്ച്  ഗർഭിണിയായ കാട്ടാനയെ കൊന്ന കേസ് പ്രതിഷേധങ്ങൾക്കുംവിവാദങ്ങൾക്കും കാരണമായി... വാർത്ത:

മരിച്ചത് കാട്ടാന
മദിക്കുന്നത് നാട്ടുമൃഗങ്ങൾ!

7.
ജൂൺ: 5 ലോക പരിസ്ഥിതി ദിനം.
കോവിഡ് കാലത്തെ ദിനാചരണം ചടങ്ങ് മാത്രമായി:

 മരം നടൽ @ഓൺലൈൻ . 
(കഴിഞ്ഞ കൊല്ലം മരംനട്ട കുഴികളൊക്കെ അവിടെത്തന്നെയുണ്ടല്ലോ
അല്ലേ!)

8.

ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകിപീഡിപ്പിച്ചു എന്ന് വാർത്ത:

പാമ്പുകളും ചെകുത്താൻമാരും വാഴുന്ന ഭർത്താക്കൻമാരുടെ ലോകം!

9.
തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല പള്ളികൾ തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി അടക്കമുള്ള മുസ്ലീം പള്ളികമ്മിറ്റികൾ  തീരുമാനിച്ചതായി വാർത്ത:

'പറ്റില്ല, പറ്റില്ല
ഞങ്ങൾ സമ്മതിക്കൂലാ'
എന്ന് മറ്റു ചിലർ!

10.
  സംസ്ഥാനത്ത് സെഞ്ചുറിയും കടന്ന് കോവിഡ് പോസിറ്റീവ് കേസുകൾ ,
പാലക്കാട് ജില്ലയിൽ 40 ലധികം കേസുകൾ:

സന്തോഷമായില്ലേ
ചേട്ടൻമാരേ...!





ബിപിൻ ആറങ്ങോട്ടുകര
10.06.2020

Saturday, June 6, 2020

June 06, 2020

ദർശനം നജീബ് ഹുസൈൻ



ദർശനം 
നജീബ് ഹുസൈൻ


           കർത്താവേ...

              ഒന്ന്

ഞാൻപ്രണയിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ രമിക്കപ്പെട്ടിട്ടുണ്ട്...
ഞാൻനശിപ്പിക്കപ്പെട്ടിട്ടുണ്ട്
.

                 രണ്ട്

ഞാൻപ്രണയം നടിച്ചിട്ടുണ്ട്
ഞാൻ ചതിച്ചിട്ടുണ്ട് .....
ഞാൻ രമിച്ചിട്ടുണ്ട് ...
ഞാൻ നശിപ്പിച്ചിട്ടുണ്ട്....
.........
                  മൂന്ന്
 
എനിക്ക് നശിപ്പിക്കണ്ട...
എനിക്ക് രമിക്കണ്ട...
എനിക്ക് ചതിക്കണ്ട..
എനിക്ക് പ്രണയിക്കണം...
.............

വിട്ടു കളയണം......
കുഞ്ഞാടേ.... 
എങ്കിൽ നീയെന്നെ പ്രണയിക്കൂ...
നമുക്കൊരൊറ്റ മായയിൽ ലയിക്കാം.....

        

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.