കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, June 4, 2020

June 04, 2020

ഓർമ്മയിലെ കാന്താരി മധുരം 10 കെ.സി.അലി ഇക്ബാല്‍


കൂട്ടുകാര്‍      




സുകുവാണ് അവനെ എനിക്കു തന്നത്.
ഒരു അണ്ണാന്‍ കുഞ്ഞ്!
വെറുതെ തന്നതല്ല. വിലയായി അഞ്ചു പൈസ വാങ്ങിക്കുകയും ചെയ്തു. പാല്, പഴം,അരി (നെല്ലുമാകാം) ഒക്കെ കൊടുത്താണ് വളര്‍ത്തേണ്ടതെന്നും പൂച്ചപിടിക്കാതെ നോക്കണ മെന്നും ഒരു കൂടുണ്ടാക്കി അതില്‍ ഭക്ഷണം വെച്ചുകൊടുത്താല്‍ തന്നത്താന്‍ കഴിച്ചുകൊ ള്ളുമെന്നും അവന്‍ പറഞ്ഞി രുന്നു. സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചു വന്നപ്പോഴാണ് അതിനെ കൊണ്ടുവന്നത്. വൈകുന്നേരം വരെ ചന്ദ്രവല്ലി ടീച്ചര്‍ കാണാതെ സുകുവിന്‍റെ ട്രൌസര്‍ പോക്കറ്റില്‍ തന്നെയാണത്തിനെ സൂക്ഷിച്ചത്. ഇടയ്ക്ക് പോക്കറ്റില്‍ നിന്നവന്‍ തല പുറത്തേക്കി ടുന്നുണ്ടെ ന്നും അവന്‍ ടീച്ചര്‍ കേള്‍ക്കാതെ ചെവിയില്‍ പറഞ്ഞു. ശ്വാസം കിട്ടാനാ ണത്രേ. സ്കൂള്‍ വിട്ടുപോരുമ്പോള്‍ വഴിയില്‍ വച്ചാണ് എന്‍റെ പോക്കറ്റില്‍ ഇട്ടുതന്നത്. വിലയായി നിശ്ചയിച്ചിരുന്ന അഞ്ചു പൈസ ഉച്ചയ്ക്ക് തന്നെ വാങ്ങിക്കുകയും അപ്പോള്‍ തന്നെ ചെലവഴിക്കുകയും ചെയ്തിരുന്നു. പോക്കറ്റില്‍ നിന്നു പുറത്തുവരാതെയും പരിക്കൊന്നും പറ്റാതെയും എന്നാല്‍ ശ്വാസം കിട്ടുന്നു എന്നുറപ്പാക്കിയും ഏറെ കരുതലോടുതന്നെ യാണ് അവനെ അതോ അവളോ വീട്ടില്‍ കൊണ്ടുവന്നത്. ഉപ്പ വഴക്കി ടുമെന്ന പേടിയൊക്കെയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ”വളര്‍ത്തി ക്കോ, 

പൂച്ച പിടിയ്ക്കാതെ നോക്കണം” എന്നു മാത്രമേ പറഞ്ഞുള്ളൂ. 
ഉമ്മ ഒരു പാത്രത്തില്‍ കുറച്ച് പാല് കൊണ്ടുവന്നെങ്കിലും അതവന്‍ കുടിച്ചില്ല.കണ്ണു മിഴിഞ്ഞു വരുന്നേയുള്ളൂ എന്ന് അയലത്തെ താത്ത പറഞ്ഞു.പിന്നേയും ഒന്നുരണ്ട് ദിവസം കഴിഞ്ഞേ അതെന്തെങ്കിലും തിന്നാന്‍ ശ്രമിച്ചുള്ളൂ. ഇങ്ങനെപോയാല്‍ ചത്തുപോകുകയേ ഉള്ളൂ എന്ന് ഉപ്പ പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.     സാവധാനത്തില്‍ പാലു കുടിക്കാനും പഴം കയ്യില്‍ വച്ച് തിന്നാനും എന്‍റെ കൈവെള്ളയിലിരി ക്കാനും ചിലപ്പോള്‍ ചുമലിലേക്ക് വലിഞ്ഞു കയറിയിരുന്ന് സാധാരണ അണ്ണാന്‍മാരെ പോലെ ചില്‍ ചില്‍ ശബ്ദമുണ്ടാക്കാനും ഒക്കെ അവന് കഴിയുന്നുണ്ടായിരുന്നു. പുറത്തെ മൂന്നു വരകള്‍ തെളിഞ്ഞു വന്നു. 



       ഉപ്പ കൊണ്ടുവന്ന ചെറിയ കൂട്ടിലായി പിന്നീടവന്‍റെ താമസം. എന്നോടവന് പ്രത്യേക സ്നേഹമായിരുന്നു. പകല്‍ സ്കൂളില്‍ പോകു മ്പോള്‍ കൂട്ടിലടയ്ക്കും. ഒരു പാത്രത്തില്‍ അല്‍പ്പം പാലും ഒരു കമ്പിയില്‍ കോര്‍ത്തിട്ട് പഴവും കൂട്ടില്‍ വയ്ക്കും. അങ്ങനെ ഞങ്ങള്‍ കൂട്ടുകൂടിക്കഴി ഞ്ഞിരുന്ന ആ നല്ല നാളുകളിലൊന്നിലാണ് അവനെയെനിക്ക് നഷ്ടപ്പെടുന്നത്. സ്കൂളില്ലാത്ത ദിവസമാണോ അതോ വൈകീട്ട് സ്കൂള്‍ വീട്ടുവന്ന നേരമാ ണോ എന്നിപ്പഴോര്‍ക്കുന്നില്ല. അവനെന്‍റെ മേല്‍പാഞ്ഞു കയറുകയും ചില്‍ ചില്‍ ശബ്ദമുണ്ടാക്കുകയും ഇടയ്ക്ക് ഓടിമറയുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്ക് ഭയചകിതമായി ഉച്ചത്തില്‍ അവന്‍റെ ശബ്ദം മാത്രം കേള്‍ക്കുകയും ആ ശബ്ദം അകന്നു പോകുകയും ചെയ്തു. കാക്കയാണോ പരുന്താണോ മറ്റെന്തെങ്കിലുമാണോ അവനെ തട്ടിയെടുത്തത് എന്നറിയില്ല. സങ്കടം സഹിക്കാന്‍ വയ്യാതെ ഞാന്‍ വാവിട്ടു കരഞ്ഞു.ഒരു തരത്തിലും ഒരാളുടെയും ആശ്വാസ വാക്കുകള്‍ എന്നെ സമാധാനിപ്പിച്ചില്ല.കുറേ നാൾ ആ ദു:ഖം നീണ്ടുനിന്നു. പിന്നെ എല്ലാം മറന്നു. പൂച്ചക്കുട്ടി, തത്തമ്മ തുടങ്ങി പല ജീവികളെയും ഇത്തരത്തില്‍ കൂട്ടുകാരാക്കി വളര്‍ത്തിയിരുന്നെങ്കിലും  എങ്ങ നെയൊക്കെയോ ഓരോ ഘട്ടങ്ങളില്‍ അവയെയൊക്കെ നഷ്ടപ്പെട്ടു.
         അമ്മിണി വന്നത് ആയിടയ്ക്കാണ്.അമ്മിണി വന്നതല്ല.അവളുടെ അമ്മ പ്രസവിക്കുക  യായിരുന്നു. നെറ്റിയില്‍ വെള്ളപ്പാണ്ടുള്ള കറുത്ത ഒരാട്ടിന്‍  കുട്ടിയായിരുന്നു അമ്മിണി. ഓമനിക്കാനും ലാളിച്ചു വളര്‍ത്താനും കിട്ടിയ “അമ്മിണി’ യെ ആ പേരിട്ടു വിളിച്ചത് അനിയത്തിയായിരുന്നു. അല്ലെങ്കിലും അമ്മിണിയ്ക്ക് കൂടുതല്‍ പ്രിയം അവളോടായിരുന്നു. വീടിന കത്തുപോലും സ്വാതന്ത്ര്യത്തോടെ അവള്‍ കറങ്ങി നടക്കും. കുഞ്ഞുടുപ്പുമിട്ട് അനിയത്തി അവളെ പ്ലാവില തീറ്റുന്നതും ഓമനിക്കുന്നതും ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. സാധാരണ ആട്ടിന്‍ കുട്ടികള്‍ക്കി ല്ലാത്തവിധം ഒരു നിഷ്കളങ്ക ഭാവം അമ്മിണിയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുമായിരുന്നു. എന്നിട്ടും ഒരു നാള്‍ അവളെ വീട്ടില്‍നിന്നി റക്കി വിട്ടു. ദയനീയമായി ഞങ്ങളെയെല്ലാം നോക്കി നോക്കി വലിയവാ യില്‍ കരഞ്ഞുവിളിച്ച് അവള്‍ പോയി.അല്ല അവളെ വലിച്ചിഴച്ച് കൊണ്ടുപോയി. കരളു പറിച്ചെറിയുന്ന വേദന ഞങ്ങള്‍ക്കോരോ രുത്തര്‍ക്കുമുണ്ടായി. അവള്‍ക്ക് വില പറഞ്ഞു വില്‍ക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നത്രേ.അമ്മിണിയുടെ അമ്മ വീണ്ടും പ്രസവിക്കുകയും ആട്ടിന്‍ കുട്ടികള്‍ വീട്ടുമുറ്റത്ത് തുള്ളിക്കളിക്കുകയും ചെയ്തിരുന്നെങ്കിലും ഞങ്ങള്‍ക്കാര്‍ക്കും  അമ്മിണിയോളം പ്രിയപ്പെട്ടവരായിരുന്നില്ല അവയൊന്നും.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.