കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 15, 2020

May 15, 2020

സബ്സ്ക്രൈബ് ചെയ്യാൻ മറന്നവർ

കഥ


സബ്സ്ക്രൈബ് ചെയ്യാൻ മറന്നവർ

ജിഷ.സി.പി

ഇത് ചൊറിയൻചേമ്പല്ലേ അമ്മൂമ്മേ.അമ്മ പറയാറുണ്ടല്ലോ അതിനടുത്ത് പോലും പോവരുതെന്ന്.എന്നിട്ടെന്തിനാ ഇപ്പൊ ഇത് കട്ട് ചെയ്യുന്നെ"
ചേമ്പിൻകണ്ട വൃത്തിയാക്കി മൂന്ന് നാല് പ്രാവശ്യം തിളപ്പിച്ചെടുത്ത് വെള്ളം മറിച്ച് ഉപ്പും മുളകും മഞ്ഞളുമൊക്കെയിട്ട് പുഴുങ്ങിയെടുക്കാൻ തുടങ്ങുമ്പോഴാണ് പ്രീതി അടുക്കളയിലെത്തിയത്.
"ഡാ...ഹരീ നീയെന്താ ഇതിന്റെ വീഡിയോ എടുക്കാതിരുന്നെ.ഛെ....മിസ്സിംഗ്...മിസ്സിംഗ് മൈ നൊസ്റ്റാൾജിയ"
ബാക്കി ഭാഗം ഷൂട്ട് ചെയ്തുകൊണ്ടവൾ മകന്റെ തലയ്ക്ക് ഒരു കിഴുക്ക് വെച്ചു കൊടുത്തു.
ഒന്നുമറിയാതെ കണ്ണ് മിഴിച്ചു നിന്ന ഹരിയോട് അമ്മൂമ്മ പറഞ്ഞു"മോനേ ചൊറിയുന്ന ചേമ്പിനും പറ്റുന്ന ചക്കയ്ക്കുമൊക്കെയാ ഇപ്പൊ വ്യൂവേഴ്സ് കൂടുതൽ."
കിഴുക്ക് കൊണ്ടിടത്ത് തലോടിക്കൊണ്ട് അമ്മൂമ്മ 
ഓർമ്മിപ്പിച്ചു
"വേഗം പോയി  ബെൽബട്ടൻ ക്ലിക്ക് ചെയ്തോളൂ"




May 15, 2020

മിനിക്കഥ. വെളുപ്പ്

        വെളുപ്പ്



ഉഷ മണലായ

     ജനിച്ച അന്നു മുതൽ കേൾക്കാൻ തുടങ്ങീതാ 'കറമ്പിക്കുട്ടി കറമ്പിക്കുട്ടീ 'ന്ന്. അ നിയൻ ജനിച്ചപ്പോൾ ആ വിളി പ്രബലപ്പെടുകയും ചെയ്തു.' ആ മുറിയിൽ വിളക്ക് വെക്കേണ്ടത്രേ അത്ര വെളുപ്പാ'. മുത്തശ്ശിമ്മടെ പറച്ചില് കേൾക്കുമ്പോ കലിവരും. അതു കൊണ്ടിപ്പ എന്തായി? ഇൻ്റെ
കറുപ്പും അനിയെൻ്റെ വെളുപ്പും രണ്ടും ഞാൻ വെറുക്കാൻ തുടങ്ങി.

       "വെളുപ്പാണ് ശ്രേഷ്ഠം
         പഠിച്ചുണ്ണി പാഠം "
ഇളം നെഞ്ചിൽ പാടി പതിഞ്ഞ ഈ കവിവാക്യത്തിനപ്പുറമുള്ള തലം വളർന്നപ്പോളാണ് ഞാൻ  കണ്ടെത്തിയത്. തൊലിപ്പുറത്തെ  വെളുപ്പില് വലിയ കാര്യൊന്നൂല്ല്യ. ഉള്ളാണ് വെളുക്കേണ്ടത്.
  ഈ ലോക് ഡൗൺ കാലം വെളുപ്പിൻ്റെ  മറ്റൊരു രൂപവും കാണിച്ചു തന്നു.
 വെളുപ്പൻമാർ എന്നഹങ്കരിച്ചിരുന്ന രാജ്യങ്ങളിലെ ജീവനുകളെയാണ് ഈ കോവിഡ് മഹാമാരി തൂത്തെറിഞ്ഞത്.
പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ എല്ലാവരുടെ പോക്കറ്റും വെളുക്കും. തീർച്ച.

May 15, 2020

ആതുര കാലത്തെ സർഗാത്മകത

കെ.കെ. മണികണ്ഠൻ,
          കാരാകുറുശ്ശി.
                                         

                ഇനി ഒരു പക്ഷേ   ലോക ചരിത്രം രേഖപ്പെടുത്തുക BC ( Before covid)
AC (After covid) എന്നിങ്ങനെയായിരിക്കും. സാമ്രാജ്യത്വ ഭരണ വാഴ്ചകളും ലോക മഹായുദ്ധങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ ശാസ്ത്രസാങ്കേതിക പുരോഗതികളും മാനവ ജീവിതവുമൊക്കെ വിലയിരുത്തി പോന്നിരുന്നത്. ക്രമേണ ഭൂമിയുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന പ്രാഥമിക മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറയുകയും എളുപ്പ വഴിയിലൂടെയുള്ള ധനസമ്പാദനമാർഗ്ഗങ്ങളിലേക്ക് സ്വാർത്ഥരായ മനുഷ്യൻ അനുദിനം കടന്നുചെന്നു കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ പ്രാഥമിക മേഖലയിലെ തൊഴിലവസരങ്ങൾ കേവലം ധനസമ്പാദനമാർഗം മാത്രമല്ല ഭൗമസംരക്ഷണം കൂടിയാണെന്ന് നാം ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്
.
        ഇന്നത്തെ വസ്തുനിഷ്ഠമായ വാർത്തകളുടെ രേഖപ്പെടുത്തലാണ് നാളത്തെ ചരിത്രം. അതുകൊണ്ടു തന്നെ നമ്മുടെ രേഖപ്പെടുത്തലുകളും വിശകലനവും കുറ്റമറ്റതാവാൻ നമ്മൾ ശ്രദ്ധിച്ചേ മതിയാവൂ.
          ഭൂമിയുടെ സംതുലിതാവസ്ഥ നിലനിറുത്താൻ ഭൂമിക്കറിയാമെന്നും അമിതമെന്നു തോന്നുന്ന ജനസംഖ്യ പ്രകൃതി ദുരന്തങ്ങൾ മുഖേന ഭൂമി തന്നെ സംതുലിതപ്പെടുത്തുമെന്നുമുള്ള മാൾ ത്യൂസിയൻ സിദ്ധാന്തം തള്ളിക്കളയുന്ന തത്ര ശരിയല്ലെന്നുമാണ് വർത്തമാന കാല സംഭവവികാസങ്ങൾ ചൂണ്ടികാണിക്കുന്നത്.
   അശാസ്ത്രീയമായ സ്ഥലജല വിനിയോഗം നമ്മുടെ കൊച്ചു കേരളത്തിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ചു എന്ന് നമുക്ക് ബോധ്യപ്പെട്ടത് സമീപകാലത്താണ്. പ്രളയാനന്തരം ഒരു നവകേരളം കെട്ടിപ്പടുത്തു കൊണ്ടിരിക്കുമ്പോഴാണ്  കോവിഡ് എന്ന ആഗോള മഹാമാരി കേരള ജനതയെ സ്വൈരവിഹാരം തടസ്സപ്പെടുത്തി ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നത്.  കേവലം സാമ്പത്തിക സുരക്ഷയല്ല  മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമെന്ന് സമ്പന്ന രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. 
അസ്വസ്ഥമാവുന്ന മാനവ ജീവിതത്തെപ്പറ്റി ആഗോള തലത്തിൽ തന്നെ പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ.
         നാം ദുരന്തങ്ങളെ അതിജീവിക്കുക രണ്ടു വിധത്തിലാണ്. പ്രാഥമികമായി ചെയ്യാനുള്ളത്, മുന്നറിയിപ്പും സുരക്ഷയും ആതുര പരിപാലനവും ഉറപ്പു വരുത്തുക എന്നതു തന്നെയാണ്. രണ്ടാമത്തേതാണ് വളരെ പ്രധാനം. ഭൂരിഭാഗ ജനതയുടെ ഭയാശങ്കകൾ മാറ്റി എടുക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ ഒപ്പം നിറുത്തുക എന്നതും ഏറെ ശ്രമകരമായ ജോലിയാണ്. അവിടെയാണ്  സർഗ്ഗാത്മക കൂട്ടായ്മകളുടെ പ്രസക്തി. വിജ്ഞാനവും വിനോദവും ഒരുപോലെ പ്രദാനം ചെയ്ത് ജീവിതത്തിന്റെ പുതിയ വെളിച്ചങ്ങളിലേക്ക് ദിശ കാണിക്കാൻ, ശുഭാപ്തിവിശ്വാസം പകരാൻ സർഗ്ഗാത്മകതക്ക് കഴിയും. ദുരന്തമുഖങ്ങളിൽ മാത്രമല്ല ഇത്തരം സർഗ്ഗാത്മകതകൾ തുടരേണ്ടത്. വാക്കുകളിലും വരികളിലും നിറങ്ങളിലും ഒതുങ്ങി നിൽക്കാതെ ജീവിതമെന്ന ക്യാൻവാസിൽ ' തന്റെ ഇടം' നിറം പിടിപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. അത്തരം ഇടങ്ങൾ കണ്ടെത്താനുതകുന്ന സർഗ്ഗാത്മക കൂട്ടായ്മകൾ ഉണ്ടായി വരേണ്ടത് അനിവാര്യം തന്നെ. യുദ്ധം വിജയിച്ച സാമ്രാജ്യത്വ അധിപൻമാർക്ക് വീരപരിവേഷം നൽകി ചരിത്രം ആദരിക്കുകയും മാനവികതക്ക് പുതിയ രൂപവും ഭാവവും നൽകിയ സർഗ്ഗാത്മക മികവുകളെ,  വഴി കാട്ടികളെ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു എന്ന വസ്തുത ഇനിയും തുടരാൻ കഴിയില്ല.  സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ അമരക്കാരുടെ ജീവിത കഥ പാടി നടക്കണമെന്നല്ല, മറിച്ച് മാനവ പുരോഗതിയുടെ വളർച്ചയിൽ അവരും ഭാഗവക്കായിരുന്നു എന്ന് നിലവിലുള്ള ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
ഇന്ദ്രിയങ്ങൾക്കതീതമായ ഒരനുഭൂതിയാണ് എഴുത്തും അതിന്റെ സർഗാത്മകമായ വായനയുമെന്ന് ' കോളറ കാലത്തെ പ്രണയം ' വർഷങ്ങൾക്കു മുമ്പേ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  'കോവിഡ്' എന്ന ആഗോള മഹാമാരി സംഹാര താണ്ഡവമാടുമ്പോഴും അതിജീവനത്തിന്റെ പാതയിൽ സർഗാത്മക കൂട്ടായ്മകൾ ഇപ്പഴും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് കരുതുന്നതിൽ അതിശയപ്പെടേണ്ടതില്ല. 
          
കെ.കെ. മണികണ്ഠൻ,
          കാരാകുറുശ്ശി.

May 15, 2020

ദയ ശ്രീജിത്ത് അരിയല്ലൂർ

ദയ

വേനൽ അത്ര ക്രൂരമല്ല...

ഒരു തുള്ളി വെള്ളം
അൽപ്പം പച്ചില
അത് ബാക്കി വെക്കുന്നു;

കൊല്ലപ്പെടും മുൻപുള്ള ആർക്കോ വേണ്ടി...!

                                                             ശ്രീജിത്ത് അരിയല്ലൂർ

May 15, 2020

കവിത യുദ്ധ തന്ത്രം കുരീപ്പുഴ ശ്രീകുമാർ



ന്ത്രപൂര്‍വ്വം തിരിച്ചു പോയാലോ
വന്ന വാക്കിലെ മൈനുകള്‍ പൊട്ടും

തന്ത്രപൂര്‍വ്വം പിടിച്ചു നിന്നാലോ
നെഞ്ചിലേക്ക് തീയുണ്ടകള്‍ പായും

തന്ത്രപൂര്‍വ്വം സ്വയം വധിച്ചാലോ
ജന്മഭൂവിലവാസ്തവം ചൊല്ലും
തന്ത്രമെന്തിനി, യുദ്ധരംഗത്തെ
ബോമ്മയാം ഭടന്‍ വിശ്വാസിയായി


ശത്രുവിന്‍ യന്ത്രത്തോക്കു ഗര്‍ജ്ജിച്ചു
വിശ്വസിച്ചോനരക്ഷിതനായി.










May 15, 2020

കവിഭാഷ പ്രകാശനക്കുറിപ്പ് കുരീപ്പുഴ ശ്രീകുമാർ






കവിഭാഷ എന്ന ഡിജിറ്റല്‍ മാസികയുടെ ഒന്നാം ലക്കമാണിത്.ആദ്യം വിരിഞ്ഞ പൂവ്.


മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന.

പൊതു ഇടത്തില്‍ പന്ത്രണ്ടു കവിതകളും ഏഴു കഥകളും മൂന്നു ലേഖനങ്ങളും ഉണ്ട്.

കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കി വച്ചിട്ടുള്ള താളുകളില്‍ രണ്ടു കവിതകളുണ്ട്.

സ്ക്കൂള്‍ വിദ്യാര്‍ഥികളുടെ രണ്ടു കവിതകളും കവിഭാഷയിലുണ്ട്. സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ രചനകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വ്യവസായ ശാലകളിലെയും വാഹനങ്ങളിലെയും മറ്റും കുഴലുകള്‍ പുക തുപ്പാതായ ഈ അടച്ചിടല്‍ക്കാലത്ത് അന്തരീക്ഷം തെളിഞ്ഞു. പഞ്ചാബില്‍ നിന്ന് നോക്കിയാല്‍ ഹിമാലയം കാണാമെന്നായി. ഈ വര്‍ത്തമാനകാല വാസ്തവമാണ് ഒരു വിദ്യാര്‍ഥിനി മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്.

പുസ്തകപരിചയവും കാരിക്കേച്ചറും ചിത്രാങ്കണവും ഈ ഡിജിറ്റല്‍ മാഗസിനില്‍ ഉണ്ട്.

കവിഭാഷ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിജയമുഖമാണ്.സയന്‍സിനെ സ്നേഹിക്കുന്ന ഒരു എളിയ കവി എന്ന നിലയില്‍ വളരെ സന്തോഷത്തോടെ കവിഭാഷ പ്രകാശനം ചെയ്യുന്നു



കുരീപ്പുഴ ശ്രീകുമാർ.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.