കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, July 16, 2020

July 16, 2020

ചെറുകഥ. കർണ്ണശപഥം ജിൻഷ ഗംഗ


ചെറുകഥ.
കർണ്ണശപഥം


ജിൻഷ ഗംഗ


അമ്പലത്തിൽ ഉത്സവം ആണ്...ചെണ്ടമേളങ്ങളുടെയും തിടമ്പ് നൃത്തത്തിന്റെയും ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു.... താൻ വർഷങ്ങളായി തേടുന്ന ആ മുഖം  ആളുകൾക്കിടയിൽ   കണ്ടെന്നു  ഒരു പരിചയക്കാരൻ വന്നു പറഞ്ഞപ്പോഴാണ്... പ്രായത്തിന്റെ അവശതയ്ക്കിടയിലും കൃഷ്ണൻ നായർ ആൾക്കൂട്ടത്തിനിടയിലേക്ക് വന്നത്... അധികം നടക്കും മുൻപേ അദ്ദേഹം കണ്ടു.. അമ്പലത്തിന്റെ ചുറ്റുമതിൽ ചാരി ഇരിക്കുന്ന ഒരു സ്ത്രീ.. അടുത്ത് പത്തു വയസ്സിന്റെ പോലും ബുദ്ധിയില്ലാത്ത എന്നാൽ ഇരുപത് വയസ്സോളം ഉള്ള തന്റെ മകനെ ചേർത്തു പിടിച്ചിരിക്കുന്നു... കൃഷ്‌ണൻ നായർ പതുക്കെ അവർക്കരികിലേക്ക് നടന്നു...

" ഗൗരിക്കുഞ്ഞേ "

കണ്ണുമടച്ചു ഇരിക്കുകയായിരുന്ന ഗൗരി കണ്ണ് തുറന്നു, മുന്നിൽ നിൽക്കുന്ന വൃദ്ധനെ കണ്ടതും അവർ ധൃതിയിൽ എഴുന്നേറ്റു... മകൻ ഇതൊന്നും ശ്രദ്ധിക്കാതെ തിരശ്ലീല താഴ്ത്തിയ വേദിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.
  
" കൃഷ്ണൻ മാമാ.. എന്നെ.. എന്നെ മനസ്സിലായി അല്ലെ "

" ഞാൻ അവിടെ ഇരിക്കുകയായിരുന്നു കുഞ്ഞേ,  തെക്കേതിലെ കുഞ്ഞിരാമനാ വന്നു പറഞ്ഞത് ഗൗരിക്കുഞ്ഞും മോനും വന്നിട്ടുണ്ടെന്ന് "

" ഉം... ഇതാണ് മോൻ.. അനന്തൻ... എന്നാലാവും വിധം കുറേ ചികിത്സ നോക്കി... മാറ്റൊന്നുല്ല്യ... തറവാട്ടിന്ന് പടിയിറക്കി വിട്ടപ്പോൾ എനിക്കെഴുതി തന്ന വീതമൊക്കെ ഇവന്റെ ചികിത്സക്ക് വിറ്റു തുലച്ചത് മാത്രം മിച്ചം..."

വേദിയിൽ തിരശ്ലീല  ഉയരുന്നതും  നോക്കി രണ്ടു വിരലുകൾ വായിലേക്കിട്ടും, ഒലിച്ചിറങ്ങുന്ന ഉമിനീർ നക്കിക്കുടിക്കുകയും ചെയ്യുന്ന അനന്തനെ കണ്ടപ്പോൾ കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിഞ്ഞു...

വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പ്രിയപ്പെട്ട ഗൗരി അയാളുടെ മനസ്സിലേക്കെത്തി... നൃത്തത്തിലും  സംഗീതത്തിലും  ഗൗരിയെ വെല്ലാൻ അന്നാട്ടിൽ ആരും ഉണ്ടായിരുന്നില്ല... അതി സുന്ദരി....നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി...  ഇരുപത്തിയൊന്നാം വയസ്സിൽ അവിഹിത ഗർഭത്തിന്റെ പേരിൽ അമ്മാവന്മാർ പടിയിറക്കിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചിറങ്ങിയ ആ കുട്ടിയാണ്, ഇന്ന്  മുഷിഞ്ഞ സാരിയിലും ഒഴിഞ്ഞ കഴുത്തും കൈയുമായി ഒരു പേക്കോലമായി തന്റെ മുന്നിൽ നിൽക്കുന്നത്...

" കുഞ്ഞേ...എവിടെയായിരുന്നു ഇത്രേം കാലം? "

ഗൗരി ഒന്നു ചിരിച്ചു... അമ്പലത്തിലെ പല തരം പ്രകാശത്തിന്റെ ഇടയിലെ ഏറ്റവും മങ്ങിയ തെളിച്ചമുള്ള ചിരി...

" അന്ന് നേരെ പോയത്.. അച്ഛന്റെ തൃശ്ശൂരുള്ള ഒരു പഴയ സുഹൃത്തിന്റെ അടുത്തേക്കാണ്.. അവിടെ ഒരു വാടകവീട്ടിൽ കുറച്ച് കാലം.. പിന്നെ പ്രസവശേഷം ഞാൻ അത്യാവശ്യം തയ്യൽ ഒക്കെ പഠിച്ചു.. ഒരു തുന്നൽക്കടയിൽ ഒക്കെ ജോലിക്ക് പോയി... നാല് വയറിനു കഴിഞ്ഞു കൂടാനുള്ളത് കിട്ടാറുണ്ടായിരുന്നു കൃഷ്ണൻ മാമേ... "

ഗൗരി വീണ്ടും പറഞ്ഞു തുടങ്ങി.. അനന്തന്റെ അസുഖത്തെക്കുറിച്ചും.. അച്ഛന്റെ മരണത്തെക്കുറിച്ചും.. അമ്മ തളർന്നു കിടപ്പിലായതും ഒക്കെ ഗൗരി പറയുമ്പോഴൊക്കെയും കൃഷ്ണൻ നായരുടെ ഉള്ളൂ പിടഞ്ഞു കൊണ്ടിരുന്നു...

" മരിക്കുന്നെന് മുന്നേ ഒന്നൂടെ അമ്പലത്തിൽ വരണമെന്നു തോന്നി മാമേ... വൈകിട്ടത്തെ തീവണ്ടിക്ക് വന്നതാ...പരിചയക്കാർക്കു  പലർക്കും മനസ്സിലായിട്ടില്ല ഭാഗ്യം... ഭഗവാനെ തൊഴുതു... നാളെ പുലർച്ചയ്ക്കുള്ള വണ്ടിക്ക് പോണം.. അമ്മയെ അവിടെ അടുത്തുള്ള ഒരു വീട്ടിൽ ആക്കിയിട്ടു വന്നതാ "

കൃഷ്ണൻ നായർ ഗൗരിയുടെ മകനിലേക്ക് വീണ്ടും നോട്ടമെയ്തു.... നെഞ്ചിൽ ഇത്രയും കാലം തടഞ്ഞു വച്ച ഒരു കടൽ ഇരമ്പിയാർക്കുന്നത് പോലെ അയാൾക്ക് തോന്നി....

അനന്തൻ... തന്റെ അനന്തിരവൻ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ മൂത്ത പുത്രൻ... കഥകളി പഠിക്കുന്ന സമയത്തു നർത്തകിയായ ഗൗരിയുമായുള്ള പ്രണയത്തിന്റെ ബാക്കി പത്രം.... ഉണ്ണികൃഷ്ണനിൽ നിന്നും ഗൗരി ഗർഭം ധരിച്ചത് ഗൗരിയുടെ അമ്മ ആദ്യം പറഞ്ഞത് തന്നോടാണ്.. .....ഗൗരിയെ എങ്ങനെങ്കിലും തലയിൽ നിന്നും ഒഴിവാക്കി തരണമെന്നും,  ഇത് മറ്റുള്ളവർ അറിഞ്ഞാൽ തന്റെ ഭാവി ഇല്ലാതാകും എന്നും ഉണ്ണി കരഞ്ഞുപറഞ്ഞപ്പോൾ താനും മൗനം ഭാവിച്ചു...അമ്മാവന്മാർ ഗൗരിയെ പടിയിറക്കി വിടുന്നതിനും താൻ മൂകസാക്ഷിയായി...  എല്ലാത്തിനുമുള്ള ശിക്ഷയാകാം.. ഉണ്ണിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത തന്റെ മകൾ രണ്ടാമത്തെ പ്രസവത്തോടെ മരിച്ചു പോയത്....

" കൃഷ്ണൻ മാമേ... ഇന്ന് ഇന്നിവിടെ അദ്ദേഹത്തിന്റെ 'കർണ്ണശപഥം ' ഉണ്ടല്ലേ, "

ഗൗരിയുടെ ചോദ്യം വീണ്ടും അയാളെ ചുട്ടുപൊള്ളിച്ചു...

" ഉണ്ണിമാമ പേടിക്കണ്ട ഞാൻ അവകാശം ചോദിച്ചു വന്നതല്ല... രണ്ടാണ്മക്കളെ സമ്മാനിച്ചു ശ്രീദേവി മരിച്ചു പോയതും അദ്ദേഹം വലിയൊരു കഥകളി വിദ്വാനായതും ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു.... പക്ഷെ എന്റെ കുഞ്ഞിന് അതൊന്നും പറഞ്ഞുകൊടുക്കാൻ കഴിയുന്നില്ലല്ലോ...അവനു അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലല്ലോ മാമേ... "

നിറഞ്ഞു വന്ന കണ്ണുകൾ ഗൗരി സാരിത്തുമ്പ് കൊണ്ട് തുടച്ചു...

" ജനിച്ചത് ആണാണെന്നു അറിഞ്ഞപ്പോൾ തൊട്ട് ഞാൻ മോഹിച്ചു അവനെ വലിയൊരു കഥകളി നടനാക്കണമെന്നു.. കലാമണ്ഡലം ഉണ്ണികൃഷ്ണനേക്കാളും വലിയ നടൻ... പക്ഷെ എന്റെ മോൻ.. അവൻ ഇങ്ങനെ ആയിപോയി ഉണ്ണിമാമേ... "

" ലോകം അറിയുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ സന്താനം...സ്വന്തം കാര്യം പോലും ചെയ്യാൻ പറ്റാത്ത ബുദ്ധിമാന്ദ്യമുള്ള കുട്ടി... ദൈവത്തിന്റെ വികൃതി എന്നോട് മാത്രായിട്ട് എന്തിനാ കാട്ടിക്കൊണ്ടിരിക്കണേ മാമേ "

ഹൃദയം നിലച്ചു പോകുന്നത് പോലെ കൃഷ്ണൻ നായർക്ക് തോന്നി....

വേദിക്കടുത്തു നിന്നും അനൗൺസ്‌മെന്റ്

"കളിയരങ്ങിൽ  ' കർണ്ണശപഥം ' കഥകളി ആരംഭിക്കുന്നു... കുന്തിവേഷത്തിൽ കേരളത്തിന്റെ അഭിമാനം കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആട്ടക്കൊട്ടിലിൽ എത്തുന്നു "

തിരശീല ഉയർന്നു ... കളിയരങ്ങിൽ  വിളക്കുകൾ തെളിഞ്ഞു ...  അരങ്ങിലേക്ക് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന മകനെ ഗൗരി പിടിച്ചെഴുന്നേല്പിച്ചു...

അരങ്ങിലെ കുന്തിവേഷത്തിനു നേരെ കൈചൂണ്ടി ഗൗരി മകനോട് പറഞ്ഞു...

" നിന്റച്ഛൻ അതാണ്‌ "....

ഒരു വേള ചുറ്റുമുള്ള കരഘോഷങ്ങളൊന്നും കൃഷ്ണൻ നായർ കേട്ടില്ല....... ഇത് പോലൊരു ദുർവിധി ഇനി ഒരു സ്ത്രീക്കും വരരുതേ എന്ന്  ആ വൃദ്ധമനം നൊന്തിട്ടുണ്ടാകും... ഗൗരിയുടെ കാലിൽ വീണു മാപ്പ് ചോദിക്കാൻ ആ വൃദ്ധന് തോന്നി... അയാൾ ഗൗരിയുടെ മുഖത്തേക്ക് നോക്കി... ചൂണ്ടുവിരൽ അരങ്ങിലേക്ക് തന്നെയായിരുന്നു... കണ്ണുകൾ നിർജ്‌ജീവം .....

മകൻ കുന്തിവേഷത്തെ നോക്കി ക്കൊണ്ട് അച്ഛൻ അച്ഛൻ എന്ന് പിറുപിറുക്കുന്നു... ഇടക്ക് ചിരിക്കുന്നു... കരയുന്നു...

ദൈവമേ... ഇങ്ങനെയൊരു കരളുരുകുന്ന രംഗം കാണാനാണോ നീ ഈ വൃദ്ധനെ ബാക്കിവച്ചത്... കൃഷ്ണൻ നായർ കണ്ണുതുടച്ചു..

" ആദ്യായിട്ട് എൻറെ കുട്ടി അച്ഛനെ കാണുന്നത് കുന്തിവേഷത്തിൽ.... അതൊരു നിമിത്താണ്... മാനക്കേട് ഭയന്ന് കർണ്ണനെ ഉപേക്ഷിച്ച കുന്തിയുടെ വേഷം തന്നെയാണ് അവന്റെ കണ്ണിൽ അവന്റെ അച്ഛന്റേതായി പതിയേണ്ടത് അല്ലെ മാമേ "...

നിലത്തു വച്ചിരുന്ന മുഷിഞ്ഞ ഒരു തുണിബാഗ് എടുത്ത് ഗൗരി തോളിലിട്ടു.. മകന്റെ കൈ പിടിച്ചു...

"എനിക്കൊരാശ ഉണ്ടാർന്നു .. മരിക്കണേനു മുൻപ് ഇവന്റച്ഛനെ ഒരിക്കലെങ്കിലും കാട്ടിക്കൊടുക്കാന്ന്... അത് സാധിച്ചു... ഞങ്ങൾ പോകുവാ....ഇവൻ ആദ്യായിട്ടും അവസാനായിട്ടും ഇവന്റച്ഛനെ കാണുന്നത് ഈ കുന്തിവേഷത്തിൽ തന്നെ മതി മാമേ "..

" മോളെ... നീ ഈ മാമന്... "

" മാപ്പപേക്ഷയാണേൽ വേണ്ട മാമേ... ഗൗരിക്ക് ആരോടും പകയില്ല... ഒരു സങ്കടമേ ഉള്ളൂ.... കർണ്ണനെ പോലൊരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന്.... പോകുന്നു.... ഞങ്ങളുടെ വരവ് അധികമാരും അറിയണ്ട....അരങ്ങിലെ കുന്തിവേഷം അണിഞ്ഞ ആളോട് മാമ പറഞ്ഞേക്ക്... കർണ്ണശപഥം  ചെയ്യാൻ ഗൗരിക്ക് കിട്ടിയത് സർവ്വഗുണ സമ്പന്നനായ ഒരു കർണനെയല്ല.... ഇപ്പോഴും മണ്ണുവാരി തിന്നുന്ന ഉണ്ണിക്കണ്ണനെയാണെന്നും... അതുകൊണ്ട് ഒരിക്കലും ശാപം ഏൽക്കില്ലന്നും...  "

അനന്തുവിന്റെ  കൈയും പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ആ സ്ത്രീരൂപം നടന്നു പോകുമ്പോൾ... കരഘോഷം വീണ്ടും മുഴങ്ങി.... ആ രണ്ടു നിഴലുകൾ ജീവിതത്തിന്റെ കളിയരങ്ങിൽ കാണികളും കരഘോഷവുമില്ലാതെ,  മറയുന്നത് നോക്കി നിൽക്കവേ, കളിയരങ്ങിൽ  നിന്നും കർണ്ണശപഥം  പദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു....

" ഹന്ത മാനസം ആദ്യ സന്താനമേ............."

ജിൻഷ ഗംഗ

July 16, 2020

കുമാർതുളിയിലെ ദുർഗാപ്രതിമകൾ. കഥ ശ്യാംസുന്ദർ പി ഹരിദാസ്

             കുമാർതുളിയിലെ ദുർഗാപ്രതിമകൾ.
                      ശ്യാംസുന്ദർ പി ഹരിദാസ്


    കുമാർതുളിക്ക് സമീപമുള്ള ഇടുങ്ങിയ ഗലികളിലൂടെ ജീവിതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം വിരൽത്തുമ്പിൽ മുറുകെപ്പിടിച്ച്,  മഞ്ഞനിറമുള്ള രാത്രിയിൽ ഓടുമ്പോൾ ‘ഭയം’ നീരയെ പിന്തുടർന്നു. ഭയമായിരുന്നു അവൾക്കു കാവൽ - അവളുടെ പിറവിയിലും പിറവിയ്ക്കു മുൻപും,  പിൻപും. 

    അവൾക്കു തിരിഞ്ഞു നോക്കണമെന്ന് തോന്നി.ദൂരെ ദൂരേയ്ക്ക് മാഞ്ഞുപോകുന്ന സോനാഗച്ചിയുടെ ‘ചുവന്ന ആഴങ്ങളിൽ’ അവളുടെ ആഗ്നിദാദിയുടെ  മുഖം തെളിഞ്ഞു വന്നേക്കാം. അതവളെ വീണ്ടും അവിടേയ്ക്കു തന്നെ വലിച്ചടുപ്പിയ്ക്കും. ഭൂതകാലത്തിന്റെ കെട്ടികിടപ്പുകളെ മായ്ച്ചുകളഞ്ഞ് ചരിത്രത്തിൽ നിന്ന് മോചനമാണ് അവൾക്കു വേണ്ടത്. 
ടക്.. ടക്.. ടക്....ടക്.. തനിക്കു പിറകിൽ കാക്കി  ബൂട്ടുകൾ ഊക്കിൽ  പതിയുന്ന ശബ്ദം അവൾ കേൾക്കുന്നു.ഒരാൾ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ, ഭയന്ന് ഞെട്ടിക്കൊണ്ടേയിരിക്കുന്ന  കേഴമാനിനെപ്പോലെ അവൾ വിറച്ചു. അവളുടെ കണ്ണുകൾ നിഴലുകളിൽ പരതി.ഊറിവന്ന ഭയത്തെ കാലുകളിലെ വേഗമാക്കി മാറ്റി അവൾ ഓടുകയാണ്..ദൂരെ, രവീന്ദ്ര സരണിയിൽ നിന്ന്  ദുർഗാപൂജയുടെ മന്ത്രമുണരുന്നു. “ബോലോ.. ദുർഗാമാ   കീ ജയ്.. ദുർഗാമാ  കീ ജയ്”!
  
     കൽക്കത്തയ്ക്ക് ദുർഗാമായുടെ  മുഖമാണെന്നാണ് ആഗ്നിദാദി  അവൾക്ക് പറഞ്ഞു കൊടുത്തിട്ടുള്ളത്. കാളീഘാട്ടിലെ കാളീ പ്രതിഷ്ഠയാണ് അതിന്റെ ഹൃദയം. അതിന് ചുറ്റും കെട്ടുപിണഞ്ഞ രക്തക്കുഴലുകൾ  പോലെ പടർന്നു പിടിച്ചിരിക്കുകയാണ് സോനാഗച്ചി.
ആഗ്നി ദാദിയെപ്പോലെ,   കടംവീട്ടുന്നതിനു സോനാഗച്ചിയിലേക്ക് വേണ്ടപ്പെട്ടവരാൽ  വിട്ടുകൊടുക്കപ്പെട്ടവളായിരുന്നു രേണുമായും.ചങ്കിലെ മുറിവിൽ നിന്നൂറിയ ആഴമുള്ള നിലവിളികളുമായാണവർ ഉയിർമണ്ണിനെയും വേണ്ടപ്പെട്ടവരെയും വേർപിരിഞ്ഞ് സോനാഗച്ചിയിലെത്തിയത്.  വിലാസ്‌ബാബുവിന്റെ കുറിയ നിഴലിനോട് ചേർന്ന്,  തുറിച്ചു നോക്കുന്ന ആൺകണ്ണുകളെ മറികടന്നു നടക്കുമ്പോൾ ഭയത്താൽ രേണുവിന്റെ തൊണ്ട വരണ്ടിരുന്നു. ഇടുങ്ങിയ വൃത്തിഹീനമായ തെരുവുകളും,  ഓവുചാലുകളുടെയും മനുഷ്യവിസർജ്ജത്തിന്റെയും ദുർഗന്ധവും  അവളെ അസ്വസ്ഥയാക്കി..ശരീരഭാഗങ്ങൾ ഭാഗികമായി കാണിച്ചു ഇടപാടുകാരെ ക്ഷണിക്കുന്ന സ്ത്രീകളും പുതിയൊരുവളെ കാണുമ്പോഴുള്ള അവരുടെ അമർത്തിയ ചിരികളും പാതവക്കത്തെ പൈപ്പുകളിൽ വെള്ളം പിടിക്കുന്ന സ്ത്രീകളുടെ  തെറിവിളികളുമായി സോനാഗച്ചി അതിന്റെ ചുവപ്പുകരങ്ങളാൽ രേണുവിനെ  സ്വീകരിച്ചു..പലവട്ടം അവൾക്കു തിരിഞ്ഞു നടക്കണമെന്ന് തോന്നി. കടന്നു വന്ന വഴികളിലൂടെ സോനഗച്ചിയിൽ നിന്നും ഒരു പെണ്ണിനും തിരിഞ്ഞു നടക്കുക അത്ര എളുപ്പമായിരുന്നില്ല.മുന്നോട്ട് നടക്കുംതോറും തെരുവിന് ആഴം കൂടി വരുന്നതായി രേണുവിന്‌ അനുഭവപ്പെട്ടു.  പൊട്ടിപ്പൊളിഞ്ഞ ഒരു മൂന്നുനില കെട്ടിടമായിരുന്നു അത്, ചാരനിറത്തിലുള്ളത്.അതിനുമേലെ വേരുകൾ പടർന്നിറങ്ങിയിരുന്നു.  സോനാഗച്ചിയിലെ കെട്ടിടങ്ങൾക്ക് ഇരുണ്ടതും മങ്ങിയതുമായ നിറങ്ങളായിരുന്നു- അതിനുള്ളിലെ സ്ത്രീകളുടെ അകംജീവിതങ്ങളുടെ നിറം. ഹൂഗ്ലി നദിക്കുമേലെ ഇരുട്ട് ഒരു കനത്ത പുതപ്പുപോലെ മൂടുമ്പോൾ കടുത്ത നിറങ്ങളുള്ള ഉടയാടകളും ചുണ്ടുകളിൽ ചുവന്ന ചായവും തേച്ചുപിടിപ്പിച്ച്,  അണിഞ്ഞൊരുങ്ങി സോനാഗച്ചിയിലെ ‘ദുർഗാരൂപങ്ങൾ’ ആ കെട്ടിടങ്ങൾക്ക് താഴെ ഇറങ്ങി നിൽക്കും.വശ്യമായ ചില അംഗചേഷ്ടകളോടെ അവർ അവരുടെ ആ രാത്രിയിലെ ഉടമസ്ഥരെ ക്ഷണിച്ചു തുടങ്ങും. ഇടുങ്ങിയ ഗോവണിയിലൂടെ കയറിച്ചെന്ന്, കറുത്ത് തടിച്ച ഒരു സ്ത്രീയുടെ മുൻപിലാണ് വിലാസ്‌ബാബു അവളെ കൊണ്ട് നിറുത്തിയത്.
 “ബിദ്യ മേംസാബ്..”
 അയാൾ ബഹുമാനപൂർവ്വം വിളിച്ചു. അവർ രേണുവിനെ തറപ്പിച്ചു നോക്കി. കണ്ണുകൾകൊണ്ട് അവളുടെയുടൽ  ഉഴിഞ്ഞു.കടവായിൽ നിന്നൊലിച്ചിറങ്ങിയ ഭാങ്കിന്റെ ചാറ് ചൂണ്ടുവിരലിൽ തൂത്തെടുത്ത് അവർ  രേണുവിന്റെ കവിളിൽ തേച്ചു. അവൾക്ക് വെറുപ്പ് തികട്ടി വന്നു.പിന്നെ ഇരുട്ടിലേക്ക് തള്ളപ്പെട്ടു.രേണുവിന്‌ മുൻപിൽ പുറംലോകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.സോനാഗച്ചിയിലെ രേണുവിന്റെ ആദ്യത്തെ ദിനം തൊട്ടടുത്ത നിമിഷം തന്നെ കാത്തിരിക്കുന്നതെന്ത് എന്ന ചിന്തയാൽ അവളെ പേടിപ്പെടുത്തി. ഏത് നിമിഷവും ഒരു കൈ, അവളുടെ മടിക്കുത്തിൽ, ഇളംമാറിൽ പതിയും.ഇരുണ്ടമുറിയിലെ ജാലകത്തിലൂടെ ആ രാത്രി അവൾ പുറത്തെ തെരുവിലേക്ക് നോക്കി. അവിടെ അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും അണിഞ്ഞൊരുങ്ങി നിൽക്കുന്ന അനേകം സ്ത്രീകളെ അവൾ കണ്ടു.സ്വപ്‌നങ്ങൾക്കുമീതെ ജീവിതത്തിന്റെ കടുംചായങ്ങൾ തേച്ചു കൃത്രിമമായി ചിരിച്ചു നിൽക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു അവരിൽ ഏറെയും പേർ. അവർക്കിടയിൽ ആ തെരുവിലേക്ക് വെച്ചേറ്റവും ഒറ്റപ്പെട്ടവൾ താനാണെന്ന് രേണുവിനറിയാമായിരുന്നു.

     “ഇതൊരു മരണക്കിണറാണ് രേണുമെയീ. ഇതിനകത്ത് വട്ടത്തിൽ  കറങ്ങിക്കൊണ്ടേയിരിക്കുക മാത്രമേ ചെയ്യാനാവൂ. ഈ കിണറിന്റെ വായ് വട്ടത്തിനുള്ളിലൂടെ  പുറത്തെ ലോകവും നീലാകാശവും നിന്നെ  കൊതിപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ പുറത്ത് കടക്കാനാവില്ല. വട്ടത്തിൽ വട്ടത്തിൽ ഓടുക ..ജീവിച്ചു തീർക്കുക..അല്ല, ജീവിതം അനുഭവിച്ചു തീർക്കുക.”
കാലംനൽകിയ വടുക്കളും ചുളിവുകളുമായി ആഗ്നിദാദി പറഞ്ഞു. അവരുടെ കൺതടങ്ങളിൽ ജീവിതത്തോടുള്ള അവജ്ഞയും വെറുപ്പും കറുത്ത നിറത്തിൽ കെട്ടിക്കിടന്നു. സോനാഗച്ചിയിൽ   രേണുവിനോട് അനുതാപത്തോടെയും വാത്സല്യത്തോടെയും ഇടപെഴകിയത് ആഗ്നിദാദി മാത്രമായിരുന്നു. ആഗ്നിദാദിയെ സോനാഗച്ചിയിലെ വട്ടപ്പിരിവിന് വരുന്ന  തെരുവ് ദാദാമാരും  വേശ്യാഗൃഹങ്ങളിലെ മേംസാബുകളും ഭയന്നിരുന്നു. അവർ ഒരു പ്രത്യേകതരം സ്ത്രീയായിരുന്നു. ആരെയും ഒന്നിനെയും കൂസാത്തവൾ.പ്രതിരോധമില്ലാത്ത ഒരു ദുർബലയായിരുന്നില്ല അവർ.ഭീഷണികൊണ്ടും അധികാരം കൊണ്ടും തന്നെ കീഴ്പ്പെടുത്താൻ വരുന്നവർക്ക് മുന്നിൽ ഒന്നിനെയും വകവെക്കാതെ ചുളിഞ്ഞചർമ്മവും ഇടുങ്ങിയ ചുവന്ന കണ്ണുകളും കറുത്ത പല്ലുകളുമായി  ഒരു പിശാചിനിയെപ്പോലെ അവർ നിവർന്നു നിന്നു.അവരുടെ കണ്ണുകൾക്ക് തീക്ഷ്ണമായി പ്രഹരിക്കാനറിയാമായിരുന്നു.തണുത്ത് മരവിച്ചതെങ്കിലും മൂർച്ചയുള്ളതായിരുന്നു അവരുടെ ശബ്ദം. ആഗ്നിദാദി സോനാഗച്ചിയുടെ ഇരുണ്ട ആഴങ്ങളെ അവരുടെ കാലംകൊണ്ട് മറികടന്നവളാണ്.. രേണുവിനെ പോലെ സോനാഗച്ചിയിൽ എത്തുന്നവർക്കും നീരയെപ്പോലെ സോനാഗച്ചിയിൽ പിറന്നു വീഴുന്നവർക്കും നാഥയായി, കാവലായി അവർ സോനാഗച്ചിയിലെ ജീവിതം തിരഞ്ഞെടുത്തു...
                മൂന്നാം നാൾ, സോനാഗച്ചിയിലെ ഇരുണ്ട രാത്രിയിൽ , നവവധുവിനെപോലെ അണിഞ്ഞൊരുങ്ങി ചുവന്ന അരണ്ട വെളിച്ചമുള്ള മുറിയിലേക്ക് കടക്കും മുൻപേ ഇരുട്ടിൽ ഒരിടത്ത് മറഞ്ഞു നിന്ന് തന്നെ നോക്കുന്ന ആഗ്നിദാദിയെ രേണു കണ്ടു. ആഗ്നിദാദി കണ്ണുകൾ കൂമ്പിയടച്ചു. അവരുടെ കൺകോണുകളിൽ നനവ് പടർന്നിരുന്നു. ഒടുങ്ങാത്ത കാമവുമായി ആർത്തി മുറ്റി നിൽക്കുന്ന കണ്ണുകളും ഉമിനീരൊലിക്കുന്ന തുറന്നു പിടിച്ച വായുമായി ഒരാൾ തന്നിലേക്ക് നടന്നടുക്കുന്നത് രേണു നടുക്കത്തോടെ നോക്കി നിന്നു.. ‘അരുതേ’ എന്ന നിശബ്ദമായ നിലവിളികൾ അവളുടെ കണ്ണുകളിൽ നിന്നയാൾ വായിച്ചെടുത്തു.വേട്ടമൃഗത്തിനു മുന്നിൽ നിസ്സഹായയായി നിൽക്കുന്ന ഇരയുടെ ഭയം അവളെ പൊതിഞ്ഞു. അവളുടെ മടിക്കുത്തഴിഞ്ഞു, പിന്നെ അയാൾക്കൊപ്പം പതുപതുത്ത കിടക്കയിലേക്ക് മറിഞ്ഞു വീണു, അടക്കിയ നിലവിളികൾ മാത്രം പുറത്തേക്ക് വന്നു.അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു നിർവൃതിയോടെ അയാൾ പുറത്തേക്ക് കടന്ന നിമിഷം ആഗ്നിദാദി അവൾക്കരികിലേക്ക് ചെന്നു. അടർന്നു കിടന്ന ഉടയാടകൾ ദേഹത്തേക്ക് വലിച്ചിട്ട് കലങ്ങിയ കണ്ണുകളോടെ രേണു ആഗ്നിദാദിയുടെ മടിയിലേക്ക് ചായുകയായിരുന്നു. അവളുടെ നെറുകയിൽ തലോടി ദാദി പറഞ്ഞു –

 “ആദ്യത്തെ പൊള്ളലേൽക്കുമ്പോഴേ  നീറ്റലുണ്ടാകൂ. എല്ലാ നീറ്റലുകളും ശീലമായി കഴിയുമ്പോൾ നീറ്റലല്ലാതാകും!”.

പറഞ്ഞുറപ്പിച്ച പണം ഗോവണികവാടത്തിൽ നിന്നെണ്ണി വാങ്ങിക്കുന്ന ബിദ്യാമേംസാബിനോടയാൾ പറഞ്ഞു –“അവൾ കുറേയൊടും. കന്നിഭൂമിയാണ്.ഉഴുതുമറിക്കാനേറെയുണ്ട് ”! സോനാഗച്ചിയിൽ അത്തരം കന്നിഭൂമികൾ തരിശായി മാറിക്കൊണ്ടിരുന്നു. 
           ഭയത്തിന്റെ മുള്ളാണിമുനയിലായിരുന്നു നീരയുടെ ജനനം, ഒരു മഴക്കാലത്ത്. മഴയിൽ തെരുവുകളിലും ഓടകളിലും വെള്ളം നിറഞ്ഞ് ദുർഗന്ധം പുറംതള്ളി.പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോകണമേയെന്നാണ്  രേണു തീവ്രമായി ആഗ്രഹിച്ചത്. അതൊരു ആണ്കുഞ്ഞാണെങ്കിൽ,  അവൻ സോനാഗച്ചിയിലെ തെരുവ് ദാദാമാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും പുതിയ തലമുറയിൽ ഒരംഗമാകും.മറിച്ച്  പെണ്കുഞ്ഞാണെങ്കിൽ അവൾ തന്റെ തന്നെ  പാത പിന്തുടരും. ഒരു തുടർച്ച അവൾ ആഗ്രഹിക്കുന്നില്ല. രണ്ടായാലും ലാഭം ബിദ്യാമേംസാബിനും നഷ്ടം രേണുവിനുമാണ്. സ്വന്തം കാലടികൾ മായ്ച്ചു കളഞ്ഞ് അവൾക്ക് ചരിത്രത്തെ ഇല്ലാതാക്കണം. കുഞ്ഞിനെ, അവളിൽ നാമ്പിട്ട ജീവന്റെ നിർമലമായ തുടിപ്പിനെ ഏത് വിധവും കൊന്നു കളയാൻ അവൾ പരിശ്രമിച്ചു കൊണ്ടിരുന്നു. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം നിഷേധിക്കപ്പെട്ട് നീര  മരണഭയത്താൽ അതിനകത്ത് കിടന്നു. ഏത് നിമിഷവും താൻ കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയോടെ ഒരു ഭ്രൂണം അമ്മയിൽ വളർന്നു കൊണ്ടിരുന്നു. ജീവനാപത്ത്  വരാതെ ആഗ്നിദാദി അവൾ ജനിക്കും മുൻപേ അവൾക്ക് കൂട്ടിരിക്കാൻ തുടങ്ങി.പ്രസവിച്ചു സോനാഗച്ചിയുടെ ചുവന്ന മണ്ണിലേക്ക് അവളെ ഏറ്റുവാങ്ങിയത് ആഗ്നിദാദിയാണ്. കറപുരണ്ട പല്ലുകളുമായി  വെളുക്കെ ചിരിച്ച് ആഗ്നിദാദി അവളെ ‘നീരാ’ എന്ന് വിളിച്ചു.തന്റെ ജീവന്റെ ഒരംശമായിരുന്നിട്ട് പോലും രേണു  ആ കുഞ്ഞിനെ അഗാധമായി വെറുത്തു . രേണുമായുടെ വെറുപ്പും, ആഗ്നിദാദിയുടെ സ്നേഹവും,  സോനാഗച്ചിയുടെ ഭാവിയുമായി അവൾ തെരുവിലും, ആഗ്നിദാദിയുടെ തട്ടുകടപ്പുറത്തും വളർന്നു. 

        ഓടിത്തളർന്ന്, സാന്ദ്രഗച്ചി റെയിൽവേസ്റ്റേഷൻ  പ്ലാറ്റ്ഫോമിലെ സിമന്റടർന്ന ഒരുരിപ്പിടത്തിൽ ഇരുന്നുറങ്ങവേ തന്റെ കാൽപാദങ്ങളിലൂടെ അപരിചതമായ ഒരു സ്പർശം ഇഴഞ്ഞുകയറുന്നതറിഞ്ഞ് നീര ഞെട്ടിപ്പിടണഞ്ഞുണർന്നു.അഴുകിയ ചിരിയുമായൊരാൾ അവളുടെ നഗ്നമാക്കപ്പെട്ട  പാദങ്ങളിലേക്ക് തുറിച്ചു നോക്കുകയാണ്. അയാളുടെ കൈകൾ മേലോട്ട് മേലോട്ട് ചലിച്ചു കൊണ്ടിരുന്നു. ‘വരൂ ചോട്ടീ.. ഒറ്റയ്ക്ക് പേടിയാവുന്നില്ലേ നിനക്ക്.. വരൂ.. ഒരു സ്ഥലം കാണിച്ചു തരാം’ എന്നവളെ വിളിക്കുകയാണയാൾ.
അവളുടെ കണ്ണുകളിൽ മേഘ്‌നേശ്‌സാബിന്റെ  മുഖം തെളിഞ്ഞു വന്നു.ആഗ്നിദാദിയെ ഒറ്റത്തൊഴിയിൽ കൊന്നുകളഞ്ഞു തന്നിലേക്ക് അമർന്നു കയറാൻ ഓടിയടുത്ത പുരുഷസത്വം അവളെ ഭയപ്പെടുത്തി.ഭയം ഒരു ഭീമാകാരനായ ചിലന്തിയുടെ നീളൻ കാലുകളെപ്പോലെ അവളുടെ ഉടലിലും പിന്നെ ആത്മാവിലും അരിച്ചു നടന്നു. അവൾ പിടഞ്ഞെഴുന്നേറ്റ് എണ്ണമറിയാത്ത  പ്ലാറ്റ്‌ഫോമുകളിലൂടെ ഓടി, ചലിച്ചു തുടങ്ങിയ ഏതോ ഒരു തീവണ്ടികമ്പാർട്മെന്റിൽ അള്ളിപ്പിടിച്ചു കയറി.പിറകോട്ടു പായുന്ന രാത്രിയുടെ നുറുങ്ങു വെളിച്ചങ്ങളിലേക്ക് അവൾ ഉൾക്കിടിലത്തോടെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 
ഉണ്ട്.. ഒരാൾ പിന്തുടരുന്നുണ്ട്. ഏത് നിമിഷവും ആക്രമിക്കെപ്പെട്ടേക്കാം, 
“ജാഗരൂകയാവുക”! ആഗ്നിദാദിയുടെ ശബ്ദമാണത്,  അവളുടെ ഉള്ളിലിരുന്നാണ് ആഗ്നിദാദി അത് പറയുന്നത് .ആഗ്നിദാദി.. ശിരസ്സ് തകർന്ന് ചോരയൊലിക്കുന്ന അവരുടെ അവസാനത്തെ മുഖം ഓർമ്മവന്നപ്പോൾ നീരക്ക് കരച്ചിൽ വന്നു.ഇരുട്ടിലേക്ക് നോക്കിയവൾ കരഞ്ഞു. തീവണ്ടി അതിവേഗം മുന്നോട്ട് കുതിച്ചു. 
          രേണുമാ ഒരിക്കലുമവളോട് സംസാരിച്ചില്ല ,ഒരു നോട്ടംകൊണ്ടുപോലും അവളെ സ്പർശിച്ചില്ല.പൂർണ്ണമായി അവഗണിക്കപ്പെട്ടിട്ടും,  നീര അവളുടെ അമ്മയെ സ്നേഹിച്ചു. “എന്നെങ്കിലുമൊരിക്കൽ നിന്റെ രേണുമാ നിന്നെ വാരിപ്പുണരും” എന്ന ആഗ്നിദാദിയുടെ സാന്ത്വനങ്ങളെ അവൾ ഉറച്ചു വിശ്വസിച്ചു. സോനാഗച്ചിയിൽ നടക്കുന്നതെന്താണെന്നുള്ളത് അക്കാലത്ത് നീരയ്ക്ക് ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു.അവളുടെ രേണുമാ ഉൾപ്പെടെ ഒട്ടനവധി സ്ത്രീകൾ വൈകുന്നേരങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. അപരിചിതരായ, ചിലപ്പോൾ സ്ഥിരം കണ്ടു പരിചയമുള്ളവരും അവിടെ വന്നു പോകുന്നു. സ്വന്തം ബുദ്ധിക്കനുസരിച്ച് അവൾ ആ ദൃശ്യങ്ങളെ കുറിച്ച്  പുതിയ കഥകൾ മെനഞ്ഞ്  സ്വയം സമാധാനിച്ചു.അവൾ,  അവളുടെ സംശയങ്ങൾ പകൽ നേരങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ കടവരാന്തയിൽ കൽക്കരി അടുപ്പുകൾ കൂട്ടി ചെറിയ മൺപാത്രങ്ങളിൽ ചായയും പാനിപൂരിയും കാത്തിറോളുകളും വിറ്റുകൊണ്ടിരുന്ന  ആഗ്നിദാദിയോട് മാത്രം ചോദിച്ചു.
അവളുടെ ചോദ്യങ്ങൾക്കുള്ള വ്യകതമായ  ഉത്തരങ്ങളൊന്നും ആഗ്നിദാദിയുടെ പക്കലുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിസ്സംഗതയും നിസ്സഹായതയും തികട്ടി വന്ന ഹൃദയത്തോടെ ആഗ്നിദാദി അവൾക്ക് ഹിൽസമത്സ്യം മുളകില്ലാത്ത കടുകെണ്ണയിൽ പൊരിച്ചെടുത്ത് സ്നേഹത്തോടെ വിളമ്പി. ദുർഗന്ധം വമിക്കുന്ന ബക്കറ്റുകൾ തലയിലേറ്റി നടക്കുന്ന തോട്ടികളെ അനുഗമിക്കുന്ന,  കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച,  ദൈന്യത തുളുമ്പിയ മുഖമുള്ള കുട്ടികളെ അവൾ നോക്കിയിരുന്നു. സോനാഗച്ചിയുടെ സന്തതികളാണത്. അവരുടേതാണീ ഭൂമിക. വളരുംതോറും അവളുടെ സംശയങ്ങൾ നിലച്ചു. അവൾ കഥകൾ മെനയുന്നത് അവസാനിപ്പിച്ചു.മൗനമല്ല, ഉത്തരങ്ങളായിരുന്നു അവൾ തേടിയത്.  ആഗ്നിദാദിയുടെ കടവരാന്തയോട് ചേർന്നുള്ള മണ്ണിൽ അവൾ മണ്ണപ്പം ചുട്ടുകളിച്ചു.അവയിൽ ചിലത് പൊടിഞ്ഞു പോയി. സോനാഗച്ചിയിലെ മണ്ണ് അവൾ കൈകളിലെടുത്തു.പുണ്യങ്ങളുടെ മണ്ണ്. എത്രയോ സ്ത്രീകളുടെ കണ്ണുനീർ വീണ മണ്ണ്.! 

"ചോട്ടീ.... നീരാ.. 

നീ കുമാർതുളിയിലെ ദുർഗാ പ്രതിമകളെ കണ്ടിട്ടില്ലേ ?.. തിളങ്ങുന്ന വലിയ കണ്ണുകളും ചുവന്ന ചുണ്ടുകളും ഉയർന്ന മൂക്കുകളുമുള്ളവ..  
കടുത്ത നിറങ്ങൾ കൊടുത്ത് ആടകൾ നൽകി ഒരുക്കി നിർത്തിയിരിക്കുന്നവ...സോനാഗച്ചിയിലെ മണ്ണുകൊണ്ടാണ് അവ നിർമ്മിക്കപ്പെടുന്നത്. നിഷിദ്ധോപള്ളിയിൽ നിന്ന് ശേഖരിക്കുന്ന പുണ്യമാട്ടിയും ഹൂഗ്ലി നദിയിലെ കളിമണ്ണും ചേർത്താണ് അവ കുഴച്ചെടുക്കുന്നത് .ആദ്യം വൈക്കോൽ. പിന്നീട് തടിക്കഷ്ണങ്ങൾ ചേർത്തു കെട്ടി ആകൃതിയുണ്ടാക്കുന്നു .പിന്നെ മണ്ണ് കുഴച്ചു തേച്ചു പിടിപ്പിക്കുന്നു.മണ്ണ്..  സോനാഗച്ചിയുടെ മണ്ണ്,  കണ്ണീർ വീണ മണ്ണ്..” 

നീര ആ മണ്ണിന്റെ ഗന്ധം ഉള്ളിലേക്കെടുത്തു. 

"തലയും ഉടലും വേറെ വേറെയായാണ് അവയെ നിർമ്മിക്കുക. തലയില്ലാതെ ഉടൽ മാത്രമായി നിൽക്കുന്ന ദുർഗാപ്രതിമകളെ  കാണുമ്പോൾ എനിക്കു  സോനാഗച്ചിയെയാണ് ഓർമവരിക.  നിന്റെ രേണുമായെയും  എന്റെ കെട്ടുപോയ കാലത്തെയും ഓർമവരും.. 
ഉടൽ മാത്രമുള്ള പെണ്ണുങ്ങൾ...അവയ്ക്ക് ചുറ്റും കണ്ണുകളിൽ ആർത്തിയുമായി ആണുങ്ങൾ.."

ആഗ്നി ദാദി ഭൂതകാലത്തിലേക്ക് നീട്ടി തുപ്പി. 

ഇന്ന് ഇന്നലെകളേക്കാൾ മോശമാണെന്ന് നീരയ്ക്ക് തോന്നി. നാളെ എന്തായി തീരണമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്നും അവൾക്ക് ധാരണയുണ്ടായിരുന്നു.

    നീര വളർന്നു. അവളുടെ പെണ്ണുടൽ, ഉടുപ്പിനു പുറത്തേക്ക് അതിന്റെ പൂർണ്ണവളർച്ചയിൽ  വെളിപ്പെട്ടു. ആഗ്നിദാദി കൂടുതൽ അസ്വസ്ഥയായി.കന്യകകളെ ബിദ്യാമേംസാബ്  ആദ്യം കാഴ്‌ചവെക്കുക മേഘ്‌നേശ്‌സാബിനാണെന്ന് അവർക്കറിയാമായിരുന്നു. അതൊരു പ്രത്യുപകാരമാണ്.സോനാഗച്ചിയിൽ ഇടയ്ക്കിടെ പോലീസ് റെയ്ഡ് നടക്കും.റെയ്ഡ് നടക്കുമെന്ന വിവരം മേഘ്‌നേശ്‌സാബ് മുൻകൂട്ടി ബിദ്യാമേംസാബിനെ അറിയിച്ചിരിക്കും. പകരം, ‘കന്നിഭൂമികൾ’ ഉഴുതുമറിക്കാൻ അയാൾക്ക് അവസരം ലഭിക്കുന്നു. ശുഷ്കമായ എല്ലുന്തിയ മാറിടങ്ങളുള്ള സ്ത്രീകളെ അയാൾക്ക് വെറുപ്പായിരുന്നു.ചോരയും നീരുമുള്ള കന്യകകളെ അയാൾ ക്രൂരമായി ഭോഗിച്ചു. അയാളുടെ പോലീസ് ബൂട്ടുകൊണ്ട് പ്രഹരമേൽക്കുമ്പോഴുള്ള നിലവിളികൾ ആഗ്നിദാദിയുടെ മടിയിൽ കിടന്ന് കഥകേട്ടുറങ്ങുന്ന രാത്രികളിൽ നീരയുടെ കാതുകളിൽ വന്നലച്ചിട്ടുണ്ട് . ആ നിലവിളികൾ അവളെ ഭയപ്പെടുത്തിയിരുന്നു.അവളുടെ കുഞ്ഞ് ഹൃദയം ആ നിലവിളികളിൽ അതിന് താങ്ങാവുന്നതിലും കവിഞ്ഞ ഭാരത്തെ അടക്കി,  വിറച്ചിരുന്നു.  സോനാഗച്ചിയിൽ ആരോഗ്യവും സൗന്ദര്യവും മാത്രമാണ് നിലനില്പിനുള്ള യോഗ്യത.അല്ലാത്തവർ ഇരുട്ടുമുറികളിൽ ഉപേക്ഷിക്കപ്പെടുന്നു. അവരുടെ നിലയ്ക്കാത്ത  കണ്ണുനീരും വിയർപ്പും ഇരുട്ടു മുറികളിൽ ഘനീഭവിച്ചു  കിടന്നു.ഒരു രാത്രി അയാളുടെ കഴുകൻ കണ്ണുകളിലെ ആർത്തി നീരയ്ക്കു മേലും  പതിഞ്ഞു. ആഗ്നിദാദി അവളെ അതിൽ നിന്നും  പൊതിഞ്ഞു പിടിക്കുകയായിരുന്നു. നീര അപകടം മണത്തു. ‘പെണ്ണ് മൂക്കട്ടെ.. ദുർഗാപൂജയ്ക്ക് വരൂ സാബ്. അതുവരെ ഇവളെ ആരും തൊടില്ല.ഇത് ബിദ്യയുടെ വാക്ക്.” ബിദ്യാമേംസാബ് അയാൾക്കുറപ്പു കൊടുത്തു . ദുർഗാപൂജ നീരയെ ഭയപ്പെടുത്തുന്നു. അവളുടെ വിധിയാണ് ദുർഗാപൂജയുടെ പത്താം നാൾ എഴുതപ്പെടുക . പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കണ്ണുകളിലെ തുളുമ്പി നിന്ന ഭയം എങ്ങിനെ ഒപ്പിയെടുക്കണമെന്നറിയാതെ ആഗ്നിദാദി നിസഹായയായി. ഇരവിലും പകലിലും അവൾ ആഗ്നിദാദിയുടെ വിരലുകളിൽ മുറുകെപ്പിടിച്ചു. തട്ടുകടയുടെ പൊട്ടിപ്പൊളിഞ്ഞ വരാന്തയിലിരുന്ന് നീര ചോദിച്ചു “ദാദീ.. എനിക്കു സോനാഗച്ചിയിൽ നിന്ന്  രക്ഷപ്പെടാനാകുമോ.?”
“ചോട്ടീ.. നീരാ ചോട്ടീ”..! അവരുടെ ആത്മാവിന് ആഴത്തിൽ മുറിവേറ്റു.  ആഗ്നിദാദിക്ക് ഉത്തരമില്ലെന്നവൾക്കറിയാം.സ്വന്തം ശരീരമാണിപ്പോൾ അവളെ ഭയപ്പെടുത്തുന്നത്.ശരീരത്തിൽ നിന്ന് ആത്മാവിനെ രക്ഷപ്പെടുത്തണമെന്നവൾ ആഗ്രഹിക്കുന്നു .
“ദുർഗാപൂജ..!. എനിക്കു പേടിയാവുന്നു ദാദീ”. അവൾ ഭാവിയെക്കുറിച്ചോർത്ത് വിതുമ്പി. 
“കരയാതെ.. പേടിക്കാതെ. ആഗ്നിദാദിക്ക് ജീവനുണ്ടെങ്കിൽ നീരാ.. നിന്നെ ആരും തൊടില്ല”. 
അവൾക്കതു മതി-ആഗ്നിദാദിയുടെ വാക്കുകളുടെ ഉറപ്പ്. റോഡിൽ പതിച്ച ഇഷ്ടികകളിൽ തെന്നി ഭാരമുള്ള ഉന്തുവണ്ടി ഉന്തിനീക്കാൻ കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ നോക്കി അവളിരുന്നു. അവൾക്കയാളെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ തളർന്നിരുന്നു. ഭയം ഇരച്ചുകയറുകയാണ്. ദിവസങ്ങൾ എണ്ണപ്പെട്ടു. 

     ദുർഗാപൂജയുടെ പത്താം നാൾ, ബിദ്യാമേംസാബ് അവൾക്ക് പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചു. അവളെ ഒരുക്കിയെടുക്കാൻ ആജ്ഞ നൽകി.അവൾ ആഗ്നിദാദിയെ മുറുകെപ്പിടിച്ചു. ആഗ്നിദാദിയുടെ കണ്ണുകൾ ചുവന്നു. സോനാഗച്ചിയിലെ സ്ത്രീകൾ പട്ടുചേലചുറ്റി അവരുടെ വേശ്യാഗൃഹങ്ങൾക്ക് മുൻപിൽ ഒരുങ്ങി നിന്നു. അയാൾ വരികയാണ്.ഗോവണിപ്പടികൾ കയറി നടന്നടുക്കുന്ന മേഘ്‌നേശ്‌സാബിന്റെ ബൂട്ടുകളുടെ ശബ്ദം അവൾ കേട്ടു.  നീരയുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി.മേഘ്‌നേശ്‌ സാബ് അവളെ അടിമുടി ഉഴിഞ്ഞു, അടക്കാനാവാത്ത കാമത്തോടെ അവളിലേക്കടുക്കും മുൻപ് സർവ്വശക്തിയുമൂറ്റി  ആഗ്നിദാദി അയാൾക്കുനേരെ പ്രാകൃതമായ ഒരലർച്ചയോടെ  പാഞ്ഞടുത്തിരുന്നു. അപ്രതീക്ഷിതമായി പെടലിയിലേറ്റ പ്രഹരത്താൽ മേഘ്‌നേശ്‌സാബ് നിലതെറ്റി വീണു.ഞൊടിയിടയിൽ നിലവീണ്ടെടുത്ത അയാൾ അലറിക്കൊണ്ട് ആഗ്നിദാദിയെ തൊഴിച്ചു. ഭിത്തിയിൽ തലതല്ലി ആഗ്നിദാദി താഴേക്കൊടിഞ്ഞു വീഴുന്നത് നടുക്കത്തോടെ നീര കണ്ടു.നടുക്കം വിട്ടുമാറാതെ നിന്ന നീരയെ നോക്കി ശിരസ്സ് പൊട്ടി ചോരയൊലിപ്പിച്ച് കിടന്ന ആഗ്നിദാദിയുടെ ജീവൻ, അതിന്റെ  അവസാനത്തെ പിടച്ചിലിൽ  പറഞ്ഞു –“ചോട്ടീ.. പോ.. രക്ഷപ്പെടൂ”. വിറച്ചു വിറച്ചു അവരുടെ ദേഹം നിശ്ചലമായി, കണ്ണുകളും .ഒരു നിമിഷത്തെ പകപ്പിലും പിടച്ചിലിനുമൊടുവിൽ   മേഘ്‌നേശ്‌സാബിനെ ഉന്തിയിട്ട് കണ്ണിൽ കണ്ണീരില്ലാതെ  നീര ഗോവണിപ്പടികളിറങ്ങിയോടുകയായിരുന്നു. “ആഗ്നിദാദീ”എന്നൊരു നിലവിളി അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു. സോനാഗച്ചിയിലെ മഞ്ഞ നിറമുള്ള രാത്രിയിൽ സ്ഥലകാലങ്ങൾ മറന്ന് നക്ഷത്രങ്ങളെയും നിലാവിനെയും ചവിട്ടിമെതിച്ചു, തികട്ടി വന്ന ഭയവുമായി അവൾ തെരുവിന്റെ തുടക്കത്തിലെ വലിയ കാളീ വിഗ്രഹവും മറികടന്നോടി.... 

          നിലക്കാത്ത ഓട്ടം,..! എവിടേക്കെന്നറിയാത്ത ഒരു തീവണ്ടി കംപാർട്മെന്റിൽ താനിപ്പോഴും ശ്വാസമെടുക്കുന്നുണ്ടോ എന്ന്  തീർച്ചപ്പെടുത്താനാവാതെ ഒരു ബെർത്തിനോട്‌ ചേർന്നു നിൽക്കുകയായിരുന്നു അവൾ. അവളുടെ ഹൃദയം ക്ഷീണിതമായിരുന്നു. തളർച്ച അവളെ കീഴടിക്കിയിരുന്നു.നിന്നിരുന്നിടത്ത് നിന്നവൾ  നിലത്തെക്കൂർന്നിറങ്ങിയിരുന്നു.അറിയാതെ  കണ്ണുകളടഞ്ഞു . സോനാഗച്ചിയേക്കാൾ അരക്ഷിതമാണ് പുറത്തെ ലോകമെന്ന് അവൾ തിരിച്ചറിയുന്നതിനു മാത്രകൾ മുൻപ് ഇരുട്ടിൽ നിന്നൊരു കൈ വീണ്ടും  അവളുടെ അരക്കെട്ടിലേക്ക് നീണ്ടു വന്നു. അവളെ വരിഞ്ഞു, പിന്നെ മാറിൽ പിടുത്തമിട്ടു. ഒരലർച്ചയോടെ എഴുന്നേറ്റ്  കംപാർട്മെന്റുകളുടെ തുടർച്ചയിലൂടെ അവൾ ഓടി. ലൈറ്റുകൾ അണഞ്ഞു കിടന്നിരുന്നു, ബർത്തിലുള്ളവർ ഉറക്കംപിടിച്ചിരുന്നു. അവളുടെ നിലവിളികൾ  തീവണ്ടിയുടെ ചൂളം വിളിയിൽ തട്ടിച്ചിതറിത്തെറിച്ചു.ഓട്ടം നിലച്ചു, തുടർച്ചയവസാനിച്ചു. ഇനിയോടാൻ വഴികളില്ല. ഇരുട്ടിൽ നിന്നു നീണ്ടു വന്ന കൈകൾ, അത് തന്റെ തോന്നലായിരുന്നോ സത്യമായിരുന്നോ എന്ന് തിരിച്ചറിയാനാവാതെ നീര നിന്നു കിതച്ചു.ഇരുവശത്തും തുറന്നു കിടന്ന വാതിലുകളിലൂടെ കാറ്റ് ഇരച്ചുകയറി. അവൾ ഒരു വശത്തെ വാതിലിൽ ചാരി പുറത്തേക്ക് നോക്കി നിന്നു ദീർഘശ്വാസമെടുത്തു . പൊടുന്നനെ ഒരു നിഴൽ തന്റെ പുറകിൽ നീങ്ങുകയും കരുത്തുള്ള വിരലുകളുടെ വൃത്തികെട്ട ചലനം തന്റെ ഉടലിൽ അറിയുകയും ചെയ്ത നിമിഷം അവൾ ആ സത്യമറിഞ്ഞു – ഭയം, സോനാഗച്ചിയിലേതിനേക്കാൾ സാന്ദ്രമായി, തന്നെ പൊതിഞ്ഞിരിക്കുന്നു. സോനാഗച്ചിയിലേതിനേക്കാൾ കടുത്ത അരക്ഷിതത്വം തന്നെ പുറം ലോകത്ത് കാത്തിരിക്കുന്നു – അവളുടെ തൊണ്ട വരണ്ടുണങ്ങി. ശ്വാസം മുട്ടൽ കയറി വന്നു. നാക്കു പുറത്തേക്കിട്ട് ചുണ്ടുകൾ നനച്ച് , അടങ്ങാത്ത ആർത്തിയോടെ അവളുടെ ഉടലിനെ അളന്ന് അയാൾ അവളിലേക്കടുക്കുകയാണ്. തീവണ്ടി ഒരു പാലത്തിലേക്ക് കടന്നു. ചക്രങ്ങളും പാളവും ഉരയുന്ന ശബ്ദം അവളുടെ കാതുകളെയടച്ചു. താഴെ അഗാധതയിൽ പുഴ നിലയില്ലാതെ ഒഴുകി.  നിലവിളികൾ ഉള്ളിലടക്കി, മങ്ങിയ കണ്ണുകൾ താഴ്ത്തി, ചിറകുകൾ ഒതുക്കി വേട്ടമൃഗത്തിനു മുന്നിൽ പരാജയപ്പെട്ട ഇരയെപ്പോലെ, ഊറി വന്ന ഭയത്തോടെ അവൾ നിന്നു..തിരിഞ്ഞോടാൻ അവൾക്കിനി ഒരു വഴിയേ ബാക്കിയുള്ളൂ... 
ഡപ് ഡപ് ഡപ് ഡപ്... ഡപ് ഡപ്.. അവളുടെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു... 

     കൽക്കത്ത നഗരത്തിൽ ജനസമുദ്രം ഒഴുകുകയായിരുന്നു-ജീവന്റെ നിലയ്ക്കാത്ത ചലനം. രബീന്ദ്ര സംഗീതത്തിന്റെ ശീലുകളുടെയും ധാക് മേളങ്ങളുടെയും അകമ്പടിയിൽ ഹൂഗ്ലി തീരത്തെ ബാബുഘാട്ടിൽ കുമാർതുളിയിലെ ദുർഗാപ്രതിമകളുടെ ‘വിസർജൻ’ നടക്കുകയാണ്. “അഷ്ച്ചേ ബൊച്ചോർ അബാർ ഹൊബ്ബേ” എന്ന പ്രാർഥനയോടെ  സ്ത്രീകൾ പ്രപഞ്ചമാതാവിനു  വികാരനിർഭരമായ വിട നൽകി... ആദ്യം, ദുർഗാപ്രതിമകളുടെ  പാദങ്ങൾ മുങ്ങി , പിന്നെയുടൽ. ഏറ്റവുമൊടുവിൽ ശിരസ്സ്.അപ്പോൾ,  അവയുടെ തിളങ്ങുന്ന വലിയ കണ്ണുകളിൽ അടിഞ്ഞുകിടന്ന ഭാവം ഭയമായിരുന്നോ, അതോ പ്രതീക്ഷയോ....  ‘ബ്ധും ബ്ധും ബ്ധും ബ്ധും..’ ഒഴുക്കിൽ ഒന്ന് രണ്ട് തവണ മുങ്ങിയും പൊങ്ങിയും അവർ,  കുമാർതുളിയിലെ ദുർഗാപ്രതിമകൾ എന്നെന്നേക്കുമായി മാഞ്ഞു പോവുകയായിരുന്നു. 

ശ്യാംസുന്ദർ പി ഹരിദാസ് 
പൂവൻകര, പാലപ്പെട്ടി,മലപ്പുറം  679579.
ഫോൺ -9947069213

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.