![]() |
ഓർമ്മയിലെ കാന്താരിമധുരം 17 കെ.സി. അലി ഇക്ബാല്‍
അരിക്കിലാമ്പ്
ഒരു റാന്തല്‍ വിളക്കുണ്ടായിരുന്നു വീട്ടിലന്ന്.സൈഡില്‍ നിന്ന് താഴേക്ക് അമര്‍ത്തുന്ന ഒരു കമ്പി.അതിലമര്‍ത്തിയാല്‍ റാന്തലിന്‍റെ കമ്പിക്കൂട് ചില്ലോടു കൂടി ഉയരും.പിന്നെയാ ചില്ല്(ഗ്ലാസ്)ഊരിയെടുക്കാം.തുടച്ചുവൃത്തിയാക്കാം.സൈഡില്‍ മണ്ണെണ്ണ നിറയ്ക്കാനുള്ള സ്ഥലം,അവിടെയുള്ള അടപ്പ് ഊരിയെടുത്ത് കുപ്പിയില്‍നിന്ന് മണ്ണെണ്ണ നിറയ്ക്കുന്നതും ഗ്ലാസ് തുട യ്ക്കുന്നതും ഉപ്പയാണ്.അടുത്തിരുന്ന് ഈ മെക്കാനിസം ഏറെ പ്രാവശ്യം കണ്ടായാള്‍ എന്ന നിലയ്ക്ക് ഇതൊക്കെ ഒന്ന് ചെയ്തുനോക്കാം എന്നു കരു തിയിരുന്നെങ്കിലും ഗ്ലാസ് പൊട്ടിപ്പോകുമെന്ന കാരണത്താലും മണ്ണെണ്ണ താഴെ പോകുമെന്നതിനാലും തൊടാന്‍ പോലും അനുവാദമില്ലായിരുന്നു. ഒന്നല്ല ഗ്ലാസു പൊട്ടിയും തൂക്കുന്ന കമ്പി കേടുവന്നും വേറെയും കമ്പിറാന്തലുകള്‍ അവിടെയുണ്ടായിരുന്നു.ഉമ്മറത്തെ ഒരു കമ്പിയില്‍ ആണ് സ്ഥിരമായി കമ്പിറാന്തല്‍ തൂങ്ങിക്കിടക്കുക.വെളിച്ചം കുറയ്ക്കേണ്ടപ്പോള്‍ തിരി താഴ്ത്തി അങ്ങനെ ചെയ്യാനാകും എന്ന ഒരു ഗുണം കമ്പിറാന്തലിന്നുണ്ട്.
അകത്തെ മുറികളില്‍ അലൂമിനിയം കൊണ്ടുണ്ടാക്കിയ വിളക്കുകളാണു ണ്ടാകുക.ചിമ്മിനി വിളക്ക് എന്നാണതിന്‍റെ പേര്.അക്കൂട്ടത്തിലും ചിലതിന് ചില്ലുണ്ടാകും,തിരി നീട്ടി വെളിച്ചം കൂട്ടാനാകും.മറ്റൊരിനം ഉമ്മയുണ്ടാ ക്കുന്ന വിളക്കുകളാണ്.ചെറിയ കുപ്പികളുടെ അടപ്പില്‍ തുളയുണ്ടാക്കി അതിലൂടെ തിരിയിട്ട് മണ്ണെണ്ണയൊഴിച്ചാല്‍ വിളക്കായി. മെഴുകുതിരി അക്കാ ലത്തുണ്ടായിരുന്നില്ലേ?.കണ്ട ഓര്‍മ്മയില്ല.എന്തായാലും അക്കാലത്ത് വെളിച്ചത്തിനിതേ വഴിയുള്ളൂ.എന്നിട്ടും അതുകൊണ്ടന്നു തൃപ്തിപ്പെട്ടിരുന്നല്ലോ എന്നോര്‍ക്കുമ്പോഴാണ് അത്ഭുതം.
ഇന്നിപ്പോള്‍ കറണ്ടുണ്ട്.അഥവാ കറണ്ടൊന്നു പോയാലും ഇന്‍വര്‍ട്ടര്‍ കരുതലായുണ്ട്.ചിലരാകട്ടെ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെയൊരു ഇടത്തരം ജീവിത സ്ഥിതിയില്‍ തന്നെ ഇതൊന്നും ഇല്ലാതെ പറ്റില്ല എന്നായി രിക്കുന്നു..കടത്തിണ്ണകളിലും റെയില്‍ പാലത്തിനടിയിലും അന്തിയുറങ്ങുന്ന മനുഷ്യജന്മങ്ങള്‍ റാന്തല്‍ വിളക്കിനോ ഒരു ചിമ്മിനി വിളക്കിനു പോലുമോ അര്‍ഹരായിട്ടില്ല ഇന്നും ഇന്ത്യയില്‍ എന്നത് വേറെ കാര്യം.
കറണ്ടില്ലാതെ വന്നാലത്തെ അവസ്ഥ ഇപ്പോള്‍ നമ്മെ സംബന്ധിച്ച് അതി ഭീകരമാണ്.വെളിച്ചം കിട്ടില്ല എന്നതു മാത്രമാണോ പ്രശ്നം.വെള്ളം പമ്പു ചെയ്യാനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിക്കില്ല.ഓപ്പറേഷന്‍ നടത്താനാകാതെ ആശുപത്രികള്‍ പ്രതിസന്ധിയിലാകും.ടെലഫോണ്‍, കമ്പ്യൂട്ടറുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല.ഇന്ധനം നിറയ്ക്കാനാകാതെ വാഹനങ്ങള്‍ ഓട്ടം നില യ്ക്കും.ഇങ്ങനെയൊന്നോര്‍ത്തുനോക്കിയാല്‍ ഒരെത്തും പിടിയുമില്ല. (ജന റേറ്ററുള്‍പ്പെടെ ബദല്‍ സംവിധാനങ്ങള്‍ പലതും നാം കണ്ടെത്തിയിട്ടുണ്ട്എന്നത് ശരി തന്നെ.അന്ന് ഇതൊന്നുമില്ലല്ലോ)
ഈ ചിന്തയില്‍ നിന്ന് വീണ്ടും ഞാനെന്‍റെ അരിക്കിലാമ്പിന്‍റെ ഇത്തിരി വെട്ടത്തിലേക്ക് (കമ്പി റാന്തല്‍)മടങ്ങുകയാണ്.ഞങ്ങളുടെ ഗ്രാമത്തില്‍ കറണ്ട് വരുന്ന കാലത്ത് എനിക്കൊരു പത്തുപതിനൊന്നു വയസ്സെങ്കിലു മായിക്കാണണം.ഒരു ദിവസം സന്ധ്യയോടെയാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു.. വെളിച്ചത്തിന്‍റെ ഒരു വല്ലാത്ത പൂരം തന്നെ.മനസ്സില്‍ ആഹ്ലാദത്തിന്‍റെ തുടികൊട്ട്. കണക്ഷന് അപേക്ഷിച്ചവര്‍ നന്നേ കുറവായതിന്നാല്‍ ചുറ്റുവട്ടത്തെ എല്ലാ വീട്ടിലും കറണ്ടെത്തിയില്ല. ഉമ്മറത്ത്,അടുക്കളയില്‍,മൂന്ന് മുറികളില് അങ്ങനെ അഞ്ചു പോയിന്‍റാണ് ആകെ ഉള്ളത്. ഇന്നത്തെ പോലെ എല്‍.ഇ.ഡി.യോ ട്യൂബ് ലൈറ്റോ ഒന്നുമില്ലല്ലോ.എല്ലാം നാല്‍പ്പതു വാട്ട്സിന്‍റെ ഫിലമെന്‍റുള്ള ബള്‍ബുകള്‍. വാട്ട്സിന്‍റെ കണക്കനുസരിച്ച് ബള്‍ബില്‍ നിന്ന് കിട്ടുന്ന വെളിച്ചം കൂടുകയും കുറയുകയും ചെയ്യുമെന്ന് ലൈന്‍മാന്‍ കുഞ്ഞന്‍ ഉപ്പയോട് പറയുന്നത് ഞാനന്നുതന്നെ കേട്ടിരുന്നു.
എന്‍റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ വയസ്സിലാണ് ഞങ്ങളുടെ നാട്ടിലേക്ക് ആദ്യത്തെ ബസ് സര്‍വീസ് വരുന്നത്.ഇന്നത്തെ പോലെ ടാറിട്ട റോഡോന്നുമല്ല.വെറും ചെമ്മണ്ണ്.ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെയൊ ന്നുമല്ല ആ റോഡ്.അതുകൊണ്ട് ബസ് കാണാനൊന്നും പറ്റിയില്ല.വഴിയെ പോകുന്ന ഒരാള്‍ ഉപ്പയോട് “പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തേക്ക് പുതിയ ബസ് ഓടിത്തുടങ്ങി”യെന്ന് വിളിച്ചുപറയു കയായിരുന്നു.സീസി യെന്നോ മറ്റോ ആയിരുന്നു ആ ബസിന്‍റെ പേര്.പിന്നെ പലയിടത്തേക്കും ബസ് സര്‍ വീസായി.പള്ളിപ്പുറത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന മയില്‍ വാഹനക്കാരുടെ ബസിലാണ് അന്നൊക്കെ ഉപ്പയുടെ തറവാട് വീട്
സ്ഥിതി ചെയ്യുന്ന കോട്ടോലിലേക്ക് പോകുക.മുഹമ്മദ് എന്നാണ് അതിലെ ഡ്രൈവറുടെ പേര്.അക്കാലത്ത് ബസിലെ ഡ്രൈവര്‍മാരെയും കണ്ടക്റ്റര്‍ മാരെയും എല്ലാവര്‍ക്കുമറിയാം.ചില ബസുകളാണെങ്കില്‍ ഡ്രൈവര്‍മാരുടെ പേരുകളിലാണ് അറിയപ്പെടുന്നത് തന്നെ.കുഞ്ഞാപ്പുക്കായുടെ ബസിന്‍റെ സീറ്റ് ഇന്നത്തെ പോലെയല്ല.ഇടതുഭാഗത്ത് മുമ്പിലെ വാതില്‍ തൊട്ട് പിന്നിലെ വാതില്‍ വരെ നീണ്ട ഒറ്റ സീറ്റാണ്.ബോട്ടിന്‍റെ സൈഡ് സീറ്റുപോലെ.
എന്‍റെ ഗ്രാമത്തില്‍ ടെലഫോണ്‍ വരുമ്പോഴേക്കും കാലം പിന്നേയും കുറേ കഴിഞ്ഞു.ഞാനപ്പോഴേക്കു മുതിര്‍ന്നു വായനശാലാ പ്രവര്‍ത്തകനൊക്കെ യാകാനുള്ള പ്രായമായിരുന്നു.ഇന്നത്തെപ്പോലെ ബി.എസ്.എന്‍.എല്‍ ഒന്നുമായിട്ടില്ലല്ലോ.സചീന്ദ്രന്‍ എന്ന് പേരുള്ള ഒരാള്‍ വന്ന് വായനശാലയുടെ പേരില്‍ ഒരു കണക്ഷനെടുക്കണമെന്ന് ആവശ്യപ്പെട്ടു.ഇരുപത്തഞ്ചു കണക്ഷ നുണ്ടായാല്‍ പള്ളിപ്പുറത്ത് ഒരു ടെലഫോണ്‍ എക്സ്ചേഞ്ച് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞ കാര്യം.അന്നുണ്ടായ ആ കണക്ഷന്‍ ഇപ്പോഴുമുണ്ടവിടെ. വീട്ടിലേക്കും ഒരു കണക്ഷനെടുത്താലോ എന്നൊക്കെ ഒരാലോചന ഉണ്ടായെ ങ്കിലും അതൊരു ആര്‍ഭാടമായെക്കുമോ എന്ന ശങ്കയാല്‍ വേണ്ടെന്നു വച്ചു. പി.ഡി.സി കാലത്താണ് ഈ കണക്ഷന്‍ കിട്ടുന്നത്.ഒന്നു വിളിക്കാന്‍ വലിയ ആഗ്രഹം.പക്ഷേ ആര്‍ക്കുവിളിക്കും.ഫോണുള്ളവര്‍ തന്നെ നന്നേ കുറവ ല്ലേ.അങ്ങനെ പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന ശരത്തിനെ വിളിക്കാന്‍ തീരുമാനിച്ചു.പട്ടാമ്പിക്ക് വിളിക്കാന്‍ നേരിട്ട് കിട്ടില്ല.ആദ്യം ഷൊര്‍ണൂ രിലേക്ക് വിളിച്ച് ട്രങ്ക്കാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. കിട്ടിയാല്‍ തന്നെ കോളേജ് ഓഫീസിലാണ് കിട്ടുക.അവിടെനിന്നാരെങ്കിലും ക്ലാസില്‍ പോയി ശരത്തിനെ വിളിക്കുന്നതിലെ അപ്രായോഗികതായൊന്നും ഓര്‍ക്കാനായില്ല.അങ്ങനെകാത്തിരിപ്പിന്‍റെ ഒടുക്കം ഫോണ്‍ കിട്ടി.നെഞ്ച് പടപടാ ഇടിക്കുന്നുണ്ട്.കിട്ടിയത് പക്ഷേ കോളേജായിരുന്നില്ല.പോലീസ് സ്റ്റേഷനായിരുന്നു.കോളേജിന്‍റെ നമ്പര്‍ ഇരുപത്തിമൂന്നും പോലീസ് സ്റ്റേഷന്‍റേത് ഇരുപത്തിനാലുമായിരുന്നു അക്കാലത്ത്.ബുക്ക് ചെയ്യുമ്പോള്‍ നമ്പര്‍ പറഞ്ഞത് തെറ്റിയിരിക്കണം.എസ്.ഐ.തന്നെയാണ് ഫോണെടുത്തത്.അന്നത്തെ ഉള്‍ക്കിടിലം ഇപ്പോഴും ഫീല്‍ ചെയ്യുന്നുണ്ട്.
ആധുനിക സൌകര്യങ്ങളുടെ ഈ നിറവിലിരുന്നുകൊണ്ട് എന്‍റെതന്നെ കുട്ടിക്കാലത്തെ സൌകര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നുന്ന വികാരമെന്താണ്.ഇതേ അവസ്ഥയില്‍ സഞ്ചരിച്ച എല്ലാവരുമെന്ന പോലെ അങ്ങനെയും ഒരു കാലം എന്ന വിസ്മയത്തുംപത്താണ് ഞാനും.പക്ഷേ ചിമ്മിനി വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലും എന്‍റെ തലമുറ ധാരാളം വായിച്ചിരുന്നല്ലോ.സ്കൂളിലേക്കുള്ള ഗൃഹപാഠങ്ങള്‍ പൂര്‍ത്തിയാക്കി യിരുന്നല്ലോ.ഫാനിന്‍റെ കാറ്റില്ലാതെതന്നെ ഉറങ്ങാനായിരുന്നല്ലോ.എന്നിട്ടും ടിവി.കാണാനാകാതെയിരുന്നാല്‍ ഇന്‍റര്‍ നെറ്റുകണക്ഷന്‍ സ്പീഡ് കുറഞ്ഞു പോയാല്‍ ഇന്നിത്ര അസ്വസ്ഥമാകുന്നതെന്താണ്.പുതിയ കാലത്തിലേക്ക് ഞാനും കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു.അതുകൊണ്ട് ഓര്‍മ്മയിലെ ആ അരിക്കിലാമ്പ് വെട്ടത്തിലിരുന്ന് അന്നത്തെ പോലെ ഇന്ന് ജീവിക്കാനാകില്ല എന്ന കണ്ടീഷനിങ്ങിന് വിധേയനായി പഴയ മഷിനിറച്ച അശോക പെന്നു കൊണ്ടെഴുതിയിട്ടൊന്നുമല്ല കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് ഞാനീ പഴമ്പുരാണം പൂര്‍ത്തിയാക്കുന്നു
No comments:
Post a Comment