കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, June 6, 2020

June 06, 2020

ദർശനം നജീബ് ഹുസൈൻ



ദർശനം 
നജീബ് ഹുസൈൻ


           കർത്താവേ...

              ഒന്ന്

ഞാൻപ്രണയിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ രമിക്കപ്പെട്ടിട്ടുണ്ട്...
ഞാൻനശിപ്പിക്കപ്പെട്ടിട്ടുണ്ട്
.

                 രണ്ട്

ഞാൻപ്രണയം നടിച്ചിട്ടുണ്ട്
ഞാൻ ചതിച്ചിട്ടുണ്ട് .....
ഞാൻ രമിച്ചിട്ടുണ്ട് ...
ഞാൻ നശിപ്പിച്ചിട്ടുണ്ട്....
.........
                  മൂന്ന്
 
എനിക്ക് നശിപ്പിക്കണ്ട...
എനിക്ക് രമിക്കണ്ട...
എനിക്ക് ചതിക്കണ്ട..
എനിക്ക് പ്രണയിക്കണം...
.............

വിട്ടു കളയണം......
കുഞ്ഞാടേ.... 
എങ്കിൽ നീയെന്നെ പ്രണയിക്കൂ...
നമുക്കൊരൊറ്റ മായയിൽ ലയിക്കാം.....

        
June 06, 2020

ബിന്ദു പത്മകുമാർ (കവിത) പുനർജ്ജനി

കവിത

ബിന്ദു പത്മകുമാർ




പുനർജ്ജനി 





പാറിപ്പറക്കുവാനാകാശം തന്നു നീ
പാരതന്ത്ര്യത്തിന്റെ
ചങ്ങലപ്പൂട്ടും...

പാടുവാനായിരം
രാഗങ്ങൾ തന്നിട്ട്
പാഴെന്നു ചൊല്ലി
എൻ നാവടച്ചു ...

കൺമുമ്പിൽ
നൂറു വർണ്ണങ്ങൾ വിതറി ...
എൻ കാഴ്ചയെ
മൂടി മറച്ചുവെച്ചു...

മോഹത്തിൻ വിത്തുകൾ ..
കരളിൽ മുളപ്പിച്ച്
വേട്ടക്കിറങ്ങി
അവ കൊയ്തെടുത്തു ...

ഓർമ്മകളുടെ
പ്രളയ പ്രവാഹമെത്തിച്ച്
എന്റെ പ്രജ്ഞയെ
കൊന്നു വലിച്ചെറിഞ്ഞു...

കിനാവള്ളികൾ
തീർത്തൊരു
പായ്ക്കപ്പലിൽ കേറ്റി ..
നൊമ്പരക്കടലിൽ
ആഴ്ത്തി വിട്ടു..

അനുഭവച്ചുഴികളിൽ
വട്ടം കറങ്ങി ഞാൻ
പുനർജ്ജനിതീരത്ത്
വന്നടിഞ്ഞു ....

കരൾത്തീരങ്ങളിൽ
പുത്തൻ തിരയടിച്ച്
മാറ്റത്തിൻ കാഹളം
മുഴങ്ങി നിന്നൂ...

ജീവന്റെ തൂലികയിൽ
പുതുരക്തത്തിലൊരു
നവഗീതമിവിടെ..
പിറന്നു വീണു...'


June 06, 2020

ഓർമ്മയിലെ കാന്താരി മധുരം 12 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 12 കെ.സി.അലി ഇക്ബാല്‍
നന്മയുടെ മാലാഖമാര്‍

വിശപ്പ് കരിന്തേളിനെപ്പോലെ ആമാശയത്തിനകത്ത് പിടിമുറുക്കുമ്പോ ഴും അത് പുറത്തറിയിക്കാതെ പുഞ്ചിരിക്കുന്നവരെ കണ്ടിട്ടുണ്ടോ ?
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍പെട്ട് ഉഴലുമ്പോഴും ആത്മാഭിമാനം തരിമ്പു പോ ലും കൈ വിടാതെ നേരായ വഴിമാത്രം യാത്ര ചെയ്യുന്നവരുടെ സഹയാത്രി കനായിരിക്കാന്‍  കഴിഞ്ഞിട്ടുണ്ടെനിക്ക്. അത്തരമൊരനുഭവത്തെ ഓർത്തെടുക്കുമ്പോൾ ,എന്തേ ഞാൻ ഇവരെ മറന്നു പോയത് എന്ന കുറ്റബോധം മനസിലുണ്ട്.
      മുഹമ്മദിന് (പതിവുപോലെ ഈ പേരും യഥാര്‍ഥമല്ല)എന്നെക്കാള്‍ ഒന്നോരണ്ടോ വയസ്സ് ഇളപ്പമാണ്.ഇവിടെ കുറിക്കുന്ന സംഭവം നടക്കു മ്പോള്‍ എന്‍റെ പ്രായം പതിനൊന്നോ പന്ത്രണ്ടോ.ഉപ്പയ്ക്ക് സ്വന്തമായി ഒരു പലവ്യഞ്ജനക്കടയുണ്ടന്ന്.വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ റെയില്‍ പാതയുടെ ഓരത്തായി ഒരു ചെറിയ കട.ഓടിട്ട കെട്ടിടത്തില്‍ മൂന്നു മുറികള്‍.ഒന്നില്‍ ഒരാള്‍ ചായക്കച്ചവടം നടത്തുന്നു. നടുവില്‍ ഉപ്പയുടെ കട. പിന്നെ ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍.
    ഉപ്പ എക്കാലത്തും പലവ്യഞ്ജനക്കട നടത്തുകയായിരുന്നെന്ന് ധരിക്ക രുത്.അത് ഏറിയാല്‍ ഒരാറുമാസക്കാലമേ നിലനിന്നുകാണൂ.അതിനു മുമ്പ് വിറകുകച്ചവടമായിരുന്നു.അത് പൊളിഞ്ഞപ്പോള്‍ കണ്ട സമാശ്വാസ പദ്ധ തിയായിരുന്നു പലവ്യഞ്ജനക്കട.അതും പെട്ടെന്ന് പൊട്ടിപ്പോയി.പിന്നീട് വലിയ പറമ്പുകളില്‍ നിന്ന് പൂളക്കിഴങ്ങും ചക്കരക്കിഴങ്ങും(മരച്ചീനിയും മധുരക്കിഴങ്ങും) ഒന്നിച്ച് വാങ്ങിച്ച് (ലേലത്തില്‍ പിടിച്ചും)ചാക്കുകളില്‍ നിറച്ച് തമിഴ്നാട്ടിലേക്ക് ലോറികളില്‍ കയറ്റി അയക്കുന്ന ബിസിനസ്സ് ആയി രുന്നു.ഇറക്കിയ ലോഡുകള്‍ക്ക് പണം നാല്‍കാതെ ഏതോ തമിഴ്നാട്ടുകാരന്‍ പറ്റിച്ചുപോയെന്ന കഥയും അക്കാലത്ത് കേട്ടിരുന്നു. ചോദിക്കുന്നവരോട് “അണ്ണാച്ചി പറ്റിച്ചു” എന്ന് പറഞ്ഞിരുന്നത് കേട്ടിട്ടുണ്ട്.ആ നാളുകളില്‍ എല്ലാ കാര്യങ്ങളിലും വലിയ ധീരത കാണിച്ചിരുന്ന ഉപ്പ  അക്കാലത്ത് കര ഞ്ഞുപോയിരുന്നു.അന്ന് ഉപ്പ ആത്മഹത്യയെ ക്കുറിച്ചു പോലും പറയുമാ യിരുന്നത്രെ.ബിസിനസ് നടത്തിപ്പ് ഏതാണ്ട് നന്നായിവരുമ്പോള്‍ തെരഞ്ഞെടുപ്പോ മറ്റോ വന്നാല്‍ കടപൂട്ടി രാഷ്ട്രീയക്കാരനാകുന്ന ഏര്‍പ്പാടുമുണ്ടാ യിരുന്നു.ഉപ്പയിലെ ബിസിനസ്സുകാരനെ ഇപ്പഴേതാണ്ടു മനസ്സിലായല്ലോ. 


Add caption

       ഇവിടെ പറഞ്ഞുവരുന്നത് അതല്ല.അത് പലവ്യഞ്ജനക്കട നടത്തി വന്നിരുന്ന കാലത്ത് ഉണ്ടായ ഒരുസംഭവമാണ്.അന്നൊക്കെ അവധിക്കാ ലത്ത് ഉപ്പയോടൊപ്പം രാവിലെ കടയിലേക്ക് പോകും.സാധനങ്ങള്‍ പൊതി ഞ്ഞുകൊടുക്കാനും കണക്കുകൂട്ടാനും പണം വാങ്ങിവയ്ക്കാനും ഉപ്പ ഒറ്റയ്ക്കേ ഉള്ളൂ. എനിക്കു സഹായിക്കാനുള്ളത്രാണിയായിട്ടില്ല. എല്ലാ ദിവസവും ഉച്ചയോടെ ഞാന്‍ വീട്ടിലേക്കു മടങ്ങും.അതൊറ്റയ്ക്കാണ്. പേടിക്കാ നൊന്നുമില്ല.റെയില്‍ പാതയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി.ചിലപ്പോള്‍ റെയിലിന് മുകളിലൂടെതന്നെ നടക്കും.അക്കാലത്ത് തീവണ്ടി അധികമൊ ന്നും വരാനില്ല.ഇന്നത്തെപ്പോലെയല്ല.വളരെ ദൂരെനിന്ന് കല്‍ക്കരിവണ്ടിയുടെ ശബ്ദം കേള്‍ക്കും.അപ്പോള്‍ മാറിയാല്‍ മതിയാകും.തീവണ്ടികള്‍ ഡീസലായതും പാതകള്‍ വൈദ്യുതീകരിച്ചതുമൊക്കെ പിന്നീടാണ്.
       അന്ന് ഉച്ചയ്ക്ക് വീട്ടിലേക്കു വരുമ്പോള്‍ ഉപ്പ അമ്പതു രൂപ തന്നിരുന്നു. എന്തിനാണത് തന്നിരുന്നതെന്ന് ഇപ്പഴോര്‍ക്കുന്നില്ല. എഴുപതിനാല്-എഴുപ ത്തഞ്ചു കാലമാണ്.അന്നത്തെ അമ്പതു രൂപ എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ ഒരയ്യായിരമെങ്കിലും വരണം.അതോ അതുക്കും മേലയോ? പാന്‍റ്സിന്‍റെ പോക്കറ്റിലാണ് ഭദ്രമായി പണം വച്ചത്.വേനലിന്‍റെ തീഷ്ണമായ ചൂടും കൊണ്ട് പാടത്ത് മേയുന്ന മാടുകളെ കണ്ട് പലതരം മനോരഥങ്ങളുമേറി ഞാനങ്ങനെ വീട്ടിലേക്കു പോകവേ അമ്പതുരൂപാനോട്ട് കളഞ്ഞു പോയി. വീട്ടിലെത്തിയപ്പോള്‍ പോക്കറ്റ് കാലി.എന്തു ചെയ്യും ?എന്തുപറയും? ഒരെത്തും പിടിയുമില്ല. ഉപ്പ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിത്യേന നട ക്കുന്ന വ്യവഹാരങ്ങളില്‍ നിന്നെ നിക്കറിയാം.എന്തെങ്കിലും അത്യാവശ്യ ത്തിനുള്ള പണമാണെന്നുറപ്പ്. ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വന്ന റെയിലിലൂടെ തന്നെ തിരിച്ചു നടന്നു. വഴിമുഴുവന്‍ തിരയുന്നുണ്ട്. ഏങ്ങിയേങ്ങി കരയുന്നുണ്ട്.വഴിയില്‍ പലരും കാര്യം തിരക്കുന്നുണ്ട്. കരച്ചിലിനിടയില്‍ പണം പോയത് എല്ലാവരോടും പറഞ്ഞു.ഉപ്പയുടെ വഴക്ക് ഉറപ്പാണ്.വഴക്കു കേള്‍ക്കുന്നതിനേക്കാള്‍ പറ്റിയ അശ്രദ്ധയെക്കുറിച്ചുള്ള കുറ്റബോധമായിരുന്നു കരയിച്ചത് എന്നു തോന്നുന്നു.ഏങ്ങിക്കരഞ്ഞു കൊണ്ട് പെട്ടെന്ന് തിരിച്ചുവന്ന എന്നോട് കാര്യം ചോദിക്കും മുമ്പ് എല്ലാം
ഉപ്പയോട്പറഞ്ഞു.അന്നത്തെ ഉപ്പയുടെ വിവര്‍ണ്ണമായ മുഖംഇപ്പോഴുമെനിക്ക് കാണാനാകുന്നുണ്ട്.ഉപ്പയുടെ കടുത്ത പ്രശ്നങ്ങള്‍ മനസ്സിലാകുന്ന പ്രായമൊക്കെയായിരുന്നല്ലോ.പക്ഷേ ഉപ്പ പറഞ്ഞത് ഇങ്ങനെയായിരുന്നു   ” സാരമില്ല മോന്‍ കരയണ്ട.നമുക്ക് വേറെ പൈസ ശരിയാക്കാം. ”ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല.അപ്പോള്‍ തന്നെ അടുത്തുള്ള ചായ ക്കടയില്‍ നിന്ന് എന്തോ കഴിക്കാന്‍ വാങ്ങിത്തന്നിരുന്നു.രാത്രി കടയടച്ചിട്ടാണ് ഉപ്പയോടൊപ്പം അന്ന് മടങ്ങിയത്.ഉമ്മ വലിയ അങ്കലാപ്പിലായിരുന്നു.മൊബൈല്‍ ഫോണ്‍ പോയിട്ട് ഫോണെന്ന വസ്തുവെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാ യിരുന്നില്ല.അതുകൊണ്ട് സംഭവി ച്ചതൊന്നും ഉമ്മയറിഞ്ഞിരുന്നില്ല.അന്ന് ഉപ്പയുടെ ആശ്വാസവാക്കുകള്‍ക്കിടയില്‍ സുഖമായി ഉറങ്ങി.
   പക്ഷേ സംഭവത്തിന്‍റെ തുടര്‍ച്ച പിറ്റേന്നാണ്.മുഹമ്മദ് എന്ന എട്ടോ പത്തോ വയസ്സുള്ള ഒരു ബാലന്‍ അവന്‍റെ ഉപ്പയോടൊപ്പം പുലര്‍ച്ചെ തന്നെ വീട്ടിലെത്തിയിരിക്കുന്നു.മുഹമ്മദ് റെയില്‍വക്കത്ത് ആടിനെ മേയ്ക്കു മ്പോള്‍ അവന് അമ്പതുരൂപ വീണു കിട്ടി.പണം കിട്ടിയ വിവരം പലരോടും അവര്‍ പറഞ്ഞിരുന്നു.എന്‍റെ കരഞ്ഞു കൊണ്ടുള്ള തലേന്നത്തെ മടക്കയാത്ര കണ്ട ആരോ അവരോട് പണത്തിന്‍റെ ഉടമസ്ഥനെക്കുറിച്ച് സൂചന നല്‍കിയതാണ്.

    റെയിലോരത്ത് ഒരു കൊച്ചുകുടിലില്‍ താമസിക്കുന്ന മുഹമ്മദിന്‍റെ ഉപ്പയ്ക്ക് ഒരു മാസത്തേക്ക് കുടുംബം നോക്കാന്‍ അമ്പതുരൂപ മതിയാകു മായിരുന്നു.അയാളുടെ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് അത് പരിഹാരമാ കുമായിരുന്നു.എന്നിട്ടും മുഹമ്മദും അവന്‍റെ ഉപ്പയും ഇങ്ങനെയാണ് ചെയ്തത്.ഒരു തുക മുഹമ്മദിന് കൊടുക്കാന്‍ ഉപ്പ ശ്രമിച്ചിരുന്നു.പക്ഷേ അവരൊന്നും വാങ്ങാന്‍ കൂട്ടാക്കിയില്ല.മുഹമ്മദിന്‍റെ ഉപ്പയും എന്‍റെ ഉപ്പ യും ഇന്നില്ല.മുഹമ്മദ് എന്‍റെ ഗ്രാമത്തില്‍ തന്നെ തൊഴില്‍ ചെയ്ത് വലിയ അല്ലലില്ലാതെ ജീവിക്കുന്നുണ്ട്.ഇതെല്ലാം അവനോര്‍ക്കുന്നുണ്ടോ ആവോ? ഇത്തരമൊരു കഥ പ്രസിദ്ധീകരിക്കാന്‍ അന്നവസരമൊന്നുമില്ലായിരുന്നു.
പതിവുപോലെ  ഓര്‍മ്മകളില്‍ പോലുമില്ലാതെ  ഇത് കളഞ്ഞു പോയി രുന്നു. മുഹമ്മദും ഞാനും പിന്നെയും പിന്നെയും കണ്ടുമുട്ടി.കൂട്ടത്തില്‍ ആരാണ് കൂടുതല്‍ നന്‍മയുള്ളവന്‍ എന്ന ഒരു ചോദ്യം എന്‍റെ മനസ്സിലി പ്പോഴുയരുന്നുണ്ട്.അത് കിട്ടിയ പണം അവന്‍റെ ഉപ്പയെ ഏല്‍പ്പിച്ച് നടന്ന കാര്യം കൃത്യമായി പറഞ്ഞ മുഹമ്മദാണോ, പ്രതിസന്ധിജീവിതത്തിനിടയ്ക്ക് ഭാഗ്യം പോലെ കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച അവന്‍റെ ഉപ്പയാണോ, വലിയ പണം നഷ്ടപ്പെടുത്തിയിട്ടും വഴക്കൊന്നും പറയാതെ ”സാരമില്ല.കരയണ്ട”എന്ന് ആശ്വസിപ്പിച്ച എന്‍റെ ഉപ്പയാണോ? ജീവിത ത്തിന്‍റെ ഈ മൂന്നാം പാതിയില്‍ പോലും എനിക്കത് നിര്‍ണ്ണയിക്കാനാകുന്നില്ല.
June 06, 2020

അടിവേരുകൾ അനിത ശരത്

   കവിത










അടിവേരുകൾ 
അനിത ശരത്

എന്റെ കിനാവിന്റെ വാതായനങ്ങളിലൂടെ 
ഇപ്പോൾ ഇരുട്ട് മാത്രമാണ് കടന്നുവരുന്നത് 
എന്റെ ഹൃദയാകാശത്തിൽ 
നഷ്ടസ്വപ്‌നങ്ങൾ വരച്ച മഴവില്ല് 
നിറങ്ങൾ പടർന്ന് വികൃതമാവുന്നു 

ഇലകൾ കൊഴിഞ്ഞ മരവിടവിലൂടെ 
ഒരു ബാലവിധുപോലെ നീ.. 
എന്റെ ഉദരത്തിലെ അതിഥി 

വൃദ്ധിയിലേക്കുള്ള നിന്റെ പ്രയാണം 
പ്രതീക്ഷിക്കുന്ന ഞാൻ 
അമിതാഹ്ലാദവും ആത്മസംഘർഷവും 
ഇപ്പോൾ ഒരുതുണ്ട് ശീലയാൽ മറയ്ക്കുന്നു 

ഇവിടെ,  മനുഷ്യന്റെ മൃഗതൃഷ്ണയ്ക്കുമീതേ 
കണ്ണുകൾ കാണാത്തതെന്തോ  പിടിമുറുക്കിയിരിക്കുന്നു 

എന്റെ താരാട്ടുവരികൾ തെറ്റുന്നു എങ്കിലും 
എന്റെ ദീർഘനിശ്വാസങ്ങൾ നിനക്കുവേണ്ടിയുള്ള 
അർത്ഥനയായിമാറുന്നു 

പൊക്കിൾക്കൊടിയെന്ന അടിവേരാൽ 
നീയെന്നിൽ തളയ്ക്കപ്പെട്ടിട്ടുണ്ടല്ലോ 
ആശ്വാസമതാണ് 

അടിവേരുകൾ അനഘബന്ധത്തിന്റെ 
അടയാളങ്ങളാണ് 
അവ പിണയട്ടെ.... പൊട്ടാതിരിക്കട്ടെ... 
നിന്നെ കാത്തിരിക്കുന്നൊരമ്മ..... 

     
June 06, 2020

കറുത്ത പൂമ്പാറ്റകൾ കവിത ധന്യ ഉണ്ണികൃഷ്ണൻ

കറുത്ത പൂമ്പാറ്റകൾ

ധന്യ ഉണ്ണികൃഷ്ണ    

Add caption

ഒടുവിലത്തെ
പ്രഭാതമാണെന്ന്
നമ്മൾ പരസ്പരം
അറിയില്ല
ഒരു പക്ഷേ
ഓർമ്മയുടെ ചിലമ്പലുകൾ
പോലും ഉണ്ടായിക്കോളണമെന്നില്ല
ഉദ്യാനത്തിലെ കറുത്ത ചിത്രശലഭങ്ങൾ
തുറന്നിട്ട ജനലഴികളിലൂടെ
നമ്മുടെ അടുത്തെത്തും
അവ മാറി മാറി
നമ്മുടെ ചുറ്റം പാറി നടക്കും
യാദൃശ്ചികതയെന്ന് നമ്മൾ
അതിനെ തള്ളിക്കളയും
പിന്നീട് അവ
പറന്നകലും ....
ഞാൻ 
കടൽ സന്ധ്യകളെക്കുറിച്ചും
മുല്ലപ്പൂ രാത്രികളെക്കുറിച്ചും
തുലാവർഷ മേഘത്തെക്കുറിച്ചും
ഉറഞ്ഞു പോയ സ്വപ്നങ്ങളെക്കുറിച്ചും
ഓർക്കും...
ആരോടും പറയില്ല
പാതി ചാരിയ
മുറിയിലേക്ക് ആൾ സഞ്ചാരം
വളരെ വിരളം.
ചുമരിലെ
രവിവർമ്മ ചിത്രങ്ങളിലേക്കും
മണ്ണടിഞ്ഞു പോയ
എഴുത്തുകാരുടെ പുസ്തകങ്ങൾ 
അടുക്കി വെച്ച 'അല മാറയിലേക്കും
മാറാല കെട്ടിയ
ഓർമ്മ ചിത്രങ്ങളിലേക്കും
മാറി മാറി നോക്കും...
ഒരു വസന്തകാല തണുപ്പ്
എന്നെ വന്ന് മൂടും
ആ തണുപ്പ് മേലാസകലം
പടരുമ്പോൾ
ഓർമ്മകളിൽ നീ വന്ന്
അന്ത്യ ജലം നൽകും
യഥാർത്ഥ്യങ്ങളിൽ
മറ്റു പലരും
അങ്ങനെ
ഞാനാ തണുപ്പിൽ അലിഞ്ഞു ചേരും....
ഒടുവിലത്തെ
ദർശനത്തിനായി
നീ വരും
നീ അറിയാതെ രണ്ട് തുള്ളി
കണ്ണുനീർ എൻ്റെ കോടി മുണ്ടിൽ
പൊതിഞ്ഞ ശരീരത്ത് വീഴും
കൂടിച്ചേരലിൻ്റെ പുതിയ രീതി
ഒപ്പം
അഴുകിച്ചേരാനായി ഉപ്പുരസത്തിൻ്റെ
ഔചിത്യവും.
നിൻ്റെ കയ്യിൽ കരുതി വെച്ച
ചുമന്ന റോസാപ്പൂക്കൾ
നീ മറ്റാരെയോ 
എൽപ്പിച്ച്
ഏതെങ്കിലും മൂലയിലേക്ക്
മാറും
നീ പൂക്കളിലേക്കും
പൂമ്പാറ്റക്കളിലേക്കും
മാറി മാറി നോക്കും
അപ്പോഴും
ആ കറുത്ത പൂമ്പാറ്റ
അവിടെ പാറിനടക്കുന്നുണ്ടായിരിക്കാം
അപ്പോൾ
നിനക്ക് അതിൻ്റെ ശരീരഭാഷ
മനസ്സിലാവുന്നാണ്ടാവും...
പ്രഭാതത്തിൽ കണ്ട
അതേ പൂമ്പാറ്റ .
ഇന്നലെകളിലെ വർണ്ണശലഭങ്ങൾ,.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.