കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, June 14, 2020

June 14, 2020

ഗർഭഛിദ്രം ഡോ.സുകേഷ്...

കവിത
ഗർഭഛിദ്രം
ഡോ.സുകേഷ്...


കാട്ടാന പിഴച്ചവൾ ആയിരുന്നത്രേ... 
കാട്ടിൽ നിന്ന് നാട്ടിലേക്കാട്ടി :
അപമാനഭാരത്താൽ തലയുയർത്താതെ 
അടിവച്ചടിവച്ചു നടനടന്നു :
വഴിവക്കിലാരോ ചൊല്ലികൊടുത്തേ, 
വൈദ്യനൊരാളുണ്ടങ്ങു നാട്ടിൽ :
ആരുമറിയില്ലയീയുണ്ടായ ഗർഭം 
അലസിപ്പിക്കുവാൻ കേമനത്രെ:
വേഗം നടന്നങ്ങു കാട്ടുവക്കിൽച്ചെന്നു 
വൈദ്യനെ കണ്ടു വ്യഥപറഞ്ഞു :
കൈതച്ചക്കയിൽ ചേർത്തുകൊടുത്തു 
കയ്‌പ്പേറിയോരൗഷധമെന്ന് ചൊല്ലി, 
വെള്ളം നിറയെ കുടിക്കണമെന്നും 
വിളർച്ചയൊരല്പം കാണുമെന്നും :
വിശ്വസിച്ചാനയതെടുത്തു വിഴുങ്ങി 
വെടിപൊട്ടി മസ്തകം തകർന്നുതെന്നി, 
വ്രണങ്ങളുമായ് വേദനിച്ചെന്നിട്ടായാന-
വെള്ളം കുടിക്കുവാൻ പുഴയിൽച്ചാടി, 
വഴിവക്കിൽ ആനയെ ചതിച്ചൊരാ ദല്ലാൾ-
വ്യാജവൈദ്യന്റെ എന്നത് ആരറിഞ്ഞു? 
           
June 14, 2020

ഓർമ്മയിലെ കാന്താരിമധുരം 18 കെ.സി. അലി ഇക്ബാല്‍

                        ഒരു മരണം

      സെപ്തംപര്‍ ഒക്ടോബര്‍ മാസങ്ങളിലായി വന്നെത്തുന്ന സ്കൂളിലെ യുവജനോത്സവ ദിനങ്ങള്‍  ഞങ്ങള്‍ക്കന്നു വിരസമായ പഠനപ്രക്രിയയില്‍ നിന്നൊഴിവായി അടിച്ചുപൊ ളിക്കാനുള്ള അവസരമായിരുന്നു. മഴയൊക്കെ പോയി മാനം തെളിഞ്ഞുവരുന്ന കാലം. സാധാരണയായി പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്ന രീതിയാണെ ന്‍റേത്. ഒരുതരം അന്തര്‍മുഖത്വം എനിക്കന്നുണ്ട്. കുറച്ചൊക്കെ പിന്നെപ്പോഴൊക്കെയോ മുതിര്‍ന്ന ശേഷവും വലിയ ആള്‍ക്കൂട്ടത്തിനിടയ്ക്ക് നിറഞ്ഞു നില്‍ക്കുമ്പോള്‍  ഈ സ്വഭാവം മെല്ലെ തലനീട്ടുന്നത് സ്വയം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
           പക്ഷേ അന്ന് എന്‍റെ ക്ലാസ് അവതരിപ്പിക്കുന്ന നാടകത്തിന് ഞാനുമുണ്ട്. പ്രഹ്ലാദ ചരിതമാണ് നാടകം. ശുക്രാചാര്യന്‍ പ്രഹ്ലാദനോട് ഹിരണ്യനാമം ചൊല്ലാന്‍ പറയുന്നതും അനുസരിക്കാതെ പ്രഹ്ലാദന്‍ നാരായണ നാമം തന്നെ ചൊല്ലുന്നതും  മുതല്‍ ഹിരണ്യകശിപുവിനെ കൊല്ലാന്‍ തൂണുപിളര്‍ന്ന് നരസിംഹം വരുന്നത് വരെയുള്ള കഥയാണ് സ്റ്റേജിൽ അവതരിപ്പിക്കേണ്ടത്.  പ്രഹ്ലാദനായി അഭിനയിക്കുന്നത് ഞാനാണ്. ക്ലാസ്സില്‍ വച്ചുള്ള ചെറിയ റിഹേഴ്സലേ ഉണ്ടായിട്ടുള്ളൂ.  അത്ര നന്നായില്ല എന്നല്ല നാടകം മൊത്തം പൊളിഞ്ഞു പാളീസായി. സഭാകമ്പം കൊണ്ടാകണം  ഡയലോഗോക്കെ മിക്കവരും മറന്നുപോയിരുന്നു. 

പ്രഹ്ളാദനെ കൊല്ലാന്‍ കൊണ്ടുവന്ന റബ്ബര്‍ വിഷപ്പാമ്പ് വച്ചിടത്ത് കണ്ടില്ല. നരസിംഹമാക്കിയ രവീന്ദ്രന്‍ തീരെ ദുര്‍ബ്ബലനായിട്ടാണ് രംഗത്ത് വന്നത്. ആകെ നാണക്കേടായി.  എന്താക്കെയോ കാട്ടിക്കൂട്ടി തിരിച്ചുപോന്നു. പില്‍ക്കാലത്തും നാടകമഭിനയിക്കാന്‍ ശ്രമിച്ച്ട്ട് ഇത്തരം നാണക്കേടൊക്കെ സംഭവി ച്ചിട്ടുണ്ടല്ലോ എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്.അതിനും സാക്ഷിയായിട്ടുള്ള ചില സുഹൃത്തുക്കള്‍ ഇത് വായിക്കുമ്പോൾ ഊറിച്ചിരിക്കുന്നത് കാണാനാകുന്നുമുണ്ട്.
          സ്കൂളില്‍ കലോത്സവം പൊടിപാറുമ്പോള്‍ അതിലൊന്നും പങ്കെടുക്കാതെ മറ്റുപല ഏര്‍പ്പാടുകളുമായി ഉല്ലസിച്ചുനടക്കുന്ന ചിലരുണ്ട്.സൈക്കിള്‍ വാടകയ്ക്കെടുത്ത് ചവിട്ടു ക, പുഴയില്‍ പോയി നീന്തി തിമിര്‍ക്കുക തുടങ്ങിയ ചില കൊച്ചുകൊച്ചു തെറ്റുകള്‍. ഏറിയാല്‍ ഒരുമുറിബീഡി വലിക്കുന്നതിനപ്പുറമില്ല. 
           എന്‍റെ അടുത്ത കൂട്ടുകാരില്‍ പെട്ട കലോത്സവവിരുദ്ധരായ ഒരു സംഘം എന്‍റെ നാടകം അരങ്ങില്‍ ഉഴപ്പുന്ന സമയത്ത് സ്കൂള്‍ അങ്കണം വിട്ട് സൈക്കിളഭ്യസിക്കാന്‍ പോയി.സൈക്കിള്‍ കടകളില്‍ മണിക്കൂറിന് ചെറിയ വാടക നല്‍കിയാല്‍ സൈക്കിള്‍ കിട്ടും.റോഡില്‍ ഇന്നത്തെപ്പോലെ തിരക്കൊന്നുമില്ലാത്തതിനാല്‍ മറ്റുവാഹനങ്ങള്‍ തട്ടുമെന്ന് പേടിക്കാനില്ല. സൈക്കിള്‍ പരിപാടി മടുത്തപ്പോള്‍ അവര്‍ വീട്ടിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഒറ്റയ്ക്കോ കൂട്ടായോ പുഴയിലിറങ്ങി കുളിച്ചിരിക്കണം. ഏതായാലും കൂട്ടത്തിലൊരാള്‍ പുഴയില്‍ അപ്രത്യക്ഷമായി. വെളുത്ത് മെലിഞ്ഞ സുന്ദരനായ പാവം വാസു (ഈ പേര് യഥാര്‍ഥമല്ല എന്ന് ഊഹിക്കുമല്ലോ)എന്താണ് സംഭവിച്ചതെന്ന് അന്നൊന്നും ആര്‍ക്കും മനസ്സിലായില്ല. സാധാരണ സ്കൂള്‍ വിട്ട് വീട്ടിലെത്തുന്ന സമയമായിട്ടും അന്ന് വാസു വീട്ടിലെത്തിയില്ല എന്നാണ് ആദ്യമറിഞ്ഞത്.വാസു ഒറ്റയ്ക്കായിരുന്നോ,മറ്റാരെങ്കിലും കുളിക്കാന്‍ കൂടെയുണ്ടായിരുന്നോ എന്നൊന്നും തീര്‍ച്ചയില്ല.സെപ്തംപര്‍ മാസത്തെ പുഴയില്‍ അത്രവലിയ നീരൊഴുക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് പുഴയില്‍ ആരും ഒരപകടം പ്രതീക്ഷിച്ചില്ല. പക്ഷേ  ആ ചെറിയ ഒഴുക്കില്‍ വാസു ഞങ്ങളുടെ കൂട്ട് പിരിഞ്ഞു പോയി.  മൂന്നാം ദിവസമോ മറ്റോ ആണ് മൃതശരീരം കുറെ പടിഞ്ഞാറ് മാറി കരയ്ക്കടിഞ്ഞത്.
       മരണങ്ങള്‍ എല്ലാം ദു:ഖകരമാണ്.എന്നാല്‍ ചില മരണങ്ങള്‍ നമുക്കൊ ക്കെ വലിയ ആഘാതമേല്‍പ്പിക്കും.അതുവിട്ട് സാധാരണ സ്ഥിതിയിലാകാന്‍ കുറേ നാളുകള്‍ വേണ്ടിവരും.പലപ്പോഴും വാസുവിന്‍റെ കളിചിരി സാന്നിധ്യം തുടര്‍ന്നുള്ള സ്കൂള്‍ ദിനങ്ങളിലും ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. വര്‍ഷമെത്ര കടന്നുപോയിരിക്കുന്നു.
 ഇപ്പോഴും സ്കൂള്‍ യാത്രകളും അനുഭവങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ വാസുവിന്‍റെ വെളുത്ത ചിരി മനസ്സിലൊരു നീറ്റലുണ്ടാക്കിക്കൊണ്ട് കടന്നുവരും.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.