കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, June 8, 2020

June 08, 2020

ഓർമ്മയിലെ കാന്താരിമധുരം 14 കെ.സി. അലി ഇക്ബാല്‍

പറയാതെ പോയത്
ഓർമ്മയിലെ കാന്താരിമധുരം 14 കെ.സി. അലി ഇക്ബാല്‍


“ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ട്” ''
ഗോപിയാണ് എന്നോടത് പറഞ്ഞത്. എനിക്കന്നു പതിനൊന്നു വയസ്സ്.  പറയുന്നത് ഗോപി. ഗോപി പ്രായത്തില്‍ മുതിര്‍ന്ന എന്‍റെ കൂട്ടുകാരനാണ്, വെറും കൂട്ടല്ല,  എന്തെങ്കിലും കാര്യത്തില്‍ ഉപദേശം തേടുന്നതും  ഒരിക്കലും മറ്റൊരാളും പറഞ്ഞുതന്നിട്ടില്ലാത്ത ഓരോ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നതും ഗോപിയാണ്. അതുകൊണ്ടവന്‍ പറഞ്ഞത്  തെറ്റാകാനിടയില്ല. അവനെങ്ങനെ മനസ്സിലായി എന്നു ചോദി ക്കണമെന്നുണ്ടായിരുന്നു.  ചോദിച്ചാലവനെന്തു തോന്നും എന്ന ഒരു തരം ലജ്ജ വന്നു മൂടിയതിനാല്‍ അന്നെന്നല്ല പിന്നീടൊരിക്കലും ആ ചോദ്യം ചോദിക്കാനായില്ല . പക്ഷേ അന്നുമുതല്‍ എനിക്ക് വല്ലാത്ത മാറ്റങ്ങളുണ്ടായി.  എങ്ങനെയെങ്കിലും അവളുടെ ശ്രദ്ധയില്‍പെടണം. ഉള്ളതില്‍ നല്ല കുപ്പായങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് എന്നുമതുതന്നെയിടും. പൌഡറിടാനും കണ്ണാടിക്കു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും തുടങ്ങി.അല്പം പൌഡര്‍ കടലാസില്‍ പൊതിഞ്ഞു പോക്കറ്റിലിടുകയും ചെയ്യും. അവളുടെ വരവും നോക്കി സ്കൂളിലേക്ക്പുറപ്പെടും. നേരത്തെയായിപ്പോയാല്‍ സമയം അഡ്ജസ്റ്റ് ചെയ്യാന്‍ ചില സ്ഥലങ്ങളില്‍ ആരുടേയും ശ്രദ്ധയില്‍പെടാതെ ഒളിഞ്ഞു നില്ക്കും. അവള്‍ കൂട്ടുകാരോടൊത്തു നടക്കുന്നതിന് അല്പം പുറകിലായി എന്നും ഞാനുണ്ടാകും. രണ്ടായി പിന്നിയിട്ട മുടി അതില്‍ ചൂടിയ പനിനീര്‍ പൂ അതെല്ലാം ഏറെ മനോഹരമായി എനിക്കന്നു തോന്നിയിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവളെന്നെ നോക്കിയിരുന്നതായി ഞാന്‍ കണ്ടില്ല.


 ആ കൊല്ലം ക്ലാസ് ലീഡറും പിന്നെ സ്കൂള്‍ ലീഡറുമായി എന്നെയാണ് തെരഞ്ഞെടുത്തിരു ന്നത്. സ്കൂള്‍ അസ്സംബ്ലി എനിക്കന്നു ഷോയിങ്ങ് ഓഫിനുള്ള വേദിയായിരുന്നു. ഗ്രൌണ്ടില്‍ എല്ലാവരും അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍,ഹെഡ്മാസ്റ്ററുടെ കൂടെയാകും എന്‍റെ നില്‍പ്പ്. പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുമ്പോള്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ അവളെന്നെ നോക്കുന്നുണ്ടോ എന്നാകും എന്‍റെ ശ്രദ്ധ. ഒരിയ്ക്കലും അതുണ്ടായില്ല എന്നു മാത്രം. അവള്‍ക്കുവേണ്ടി നെല്ലിക്ക,നല്ല മധുരമുള്ള ഒട്ടുമാവിലുണ്ടായ മാങ്ങ, കായലില്‍ നിന്ന് കൂട്ടുകാര്‍ കൊണ്ടുവന്ന ആമ്പല്‍ പൂവ് എന്നിങ്ങനെ കുറേ സംഗതികള്‍ കൊണ്ടുനടന്നു. ഒന്നുമവളറിഞ്ഞില്ല. കൈമാറാനവസരം കിട്ടിയതുമില്ല. അവളൊന്നു നോക്കുകപോലും ചെയ്തില്ല, എന്നിട്ടല്ലേ...
       ഒരിക്കല്‍ ഗോപിയോട് എനിക്കു താല്‍പര്യമൊന്നുമില്ല എന്ന മട്ടില്‍ ഉദാസീനത ഭാവിച്ച് ഞാനിക്കാര്യം പറഞ്ഞു. അവന്‍ പറഞ്ഞ മറുപടി കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. ”പെണ്ണുങ്ങള്‍ അങ്ങനെയാണ്” എന്നുമാത്രമാണവന്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ പെണ്ണുങ്ങളുടെ മന:ശാസ്ത്രമൊന്നും അറിയില്ലല്ലോ. ആകൊല്ലം പൂര്‍ത്തിയായി. സ്കൂള്‍ അടച്ചു. അടുത്തകൊല്ലം ഹൈസ്കൂളിലാണ്. ഭാഗ്യവശാല്‍ അവിടെയും അവളുണ്ടായിരുന്നു. 
വേറെ ഡിവിഷനിലാണെന്ന് മാത്രം .പാടവരമ്പിലൂടെ നടക്കുമ്പോള്‍, തോണികാത്ത് നില്‍ക്കുമ്പോള്‍ അവളെന്നെ നോക്കി ചിരിക്കുമെന്ന് ഞാന്‍ കരുതി. കടവില്‍ നേരത്തെയെത്തിയാല്‍ അവള്‍ നടന്നെത്തും വരെ കാത്തുനില്‍ക്കാനും അവള്‍ കയറുന്ന തോണിട്രിപ്പിള്‍ തന്നെ കയറാനും  ശ്രദ്ധിച്ചു. എന്നിട്ടും അവളൊന്നുമറിഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ഉപദേശം നല്കാന്‍ ഇപ്പോള്‍ ഗോപിയില്ല. അവന്‍ വീണ്ടും തോറ്റുപോയി.
         ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു. എന്‍റെ പ്രണയമൊട്ടുകള്‍ കരിഞ്ഞു. ക്ലാസുകള്‍ കയറി ക്കൊണ്ടിരുന്നു. ഇഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കത്തയക്കുന്നതിനെക്കുറിച്ച് ക്ലാസിലെ ചില ബേക്ക് ബെഞ്ചുകാര്‍ കാര്യമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ ചെവി കൂര്‍പ്പിച്ചു. അങ്ങനെ ഞാൻ ഒരു കത്തെഴുത്തുകയും ചെയ്തു. കുറെനാളത് കൊണ്ടുനടന്നു. പിന്നെ കുനുകുനാ കീറി തോണിയിലിരുന്നു കൊണ്ടുതന്നെ പുഴയിലെ ഒഴുക്കില്‍ നിക്ഷേപിച്ചു. അവള്‍ ആ തോണി യിലുണ്ടായിരുന്നു .ആദ്യത്തെ പ്രണയലേഖനം വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് അവള്‍ കണ്ടിട്ടുണ്ടായിരിക്കുമോ?  ഞാനവളെ ഒട്ടും പ്രതീക്ഷയില്ലാതെ വെറുതെയൊന്നു നോക്കിയിരുന്നു. ചിലപ്പഴെന്‍റെ തോന്നാലാകാം.ആ സമയം അവളെന്നെ നോക്കി ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. തോന്നല്‍ തന്നെയാകാനാണ് സാധ്യത. പിന്നീടൊരിക്കലും എത്ര ശ്രമിച്ചിട്ടും അതുണ്ടായില്ല .നാലുനാലര പതിറ്റാണ്ടുകള്‍ പിന്നേയും കടന്നുപോയിരിക്കുന്നു. പത്താം ക്ലാസിനു ശേഷം കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചതുമില്ല.. ബാല്യകാലം ഓര്‍ത്തെടുത്തപ്പോള്‍ ഇതു വിട്ടുപോകരുതല്ലോ എന്നോര്‍ത്തു കുറിച്ചതാണ്. പരസ്പരം കണ്ടാല്‍ തിരിച്ചറിണമെന്നുപോലുമില്ല. എനിക്കെന്ന പോലെ പ്രായം അവള്‍ക്കുമായിക്കാണുമല്ലോ. പക്ഷേ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കിട്ടുന്ന ചിത്രം പഴയതുതന്നെയാണ്. ബാല്യകാലസഖി എന്നവളെ  വിളിക്കാമോ ? അതിനു പോലും സാധ്യതയില്ല. പറയാതെ പോയ ഒരിഷ്ടം എന്നുമാത്രം കരുതാമല്ലേ...

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.