കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 21, 2020

May 21, 2020

ആൾമാറാട്ടം സുനീതി ദിവാകരൻ

കവിത

സുനീതി ദിവാകരൻ 

ആൾമാറാട്ടം 


ആളുകളറിയാതെ ആൾക്കൂട്ടത്തിൽ 

ഇറങ്ങി ഒന്നു കറങ്ങണം 

അപരിചിതർക്കിടയിലല്ല – അറിയുന്നവർക്കിടയിൽ 

മുഖപുസ്തകത്തിൽ നിന്ന് ഒരു മുഖം 

കടമെടുത്ത്‌ ഇറങ്ങിത്തിരിക്കണം 

ഇതാരാണപ്പാ.......എവിടെയോ കണ്ട്......? 

കണ്ണുകളാൽ ചോദ്യങ്ങളെറിയുമ്പോൾ 

ദേഹത്ത് തട്ടാതെ ഒഴിഞ്ഞു മാറണം 

വട്ടം കൂടാൻ ആളുകളെ കിട്ടിയാൽ 

തത്വചിന്തകൾ വെച്ചു കാച്ചണം 

വാട്സ് ആപ്പ് ഗുഡ്മോർണിംഗ് മെസ്സേജുകളുടെ 

ആഴത്തിലുള്ള അർത്ഥങ്ങളും 

ടിക് ടോക് ആശയങ്ങളും ആശയക്കുഴപ്പങ്ങളും 

അമേരിക്കയും ചൈനയും കൊറിയയും 

സാമ്പത്തിക മാന്ദ്യവും 

വർക്ക്‌ ഫ്രം ഹോമിന്റെ  മെച്ചവും ദോഷവും 

ഒക്കെ വിഷയങ്ങളാക്കണം 

നാലാൾ കൂടി നില്ക്കുന്നുണ്ടെങ്കിൽ 

ഇടയിൽ കേറി തലയൊന്നിടണം 

വിഷയം അറിയാത്തതാണെങ്കിലും 

അഭിപ്രായം പറഞ്ഞ് കൂട്ടത്തിൽ കേമനാവണം 

പിന്നെ ഉറക്കെ ചിരിക്കണം 

കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറി 

ഉഴന്നു നിൽക്കുന്ന ഒരുവനെ കണ്ടാൽ 

വെറുതെ വിടരുത് 

അവന്റെ ഷിർട്ടിന്റെ ചുളിവിലേക്കും 

തേഞ്ഞു തീരാറായ ചെരുപ്പിലേക്കും നോക്കി 

ആക്കി ഒന്നു ചിരിക്കണം 

പിരിഞ്ഞു പോരും വരെ 

ഇവരെയും അവരെയും 

അറിയുന്നവരെയും അറിയാത്തവരെയും 

ജീവനോടെ കീറി മുറിക്കണം 

മടങ്ങി സ്വന്തം താവളത്തിലെത്തുമ്പോൾ 

മുഖം മൂടി അഴിച്ചുവെച്ച് 

കണ്ണാടിയിൽ സ്വന്തം മുഖമൊന്നുനോക്കണം 

എവിടെയായിരുന്നു ഈ ഞാൻ? 

തിരക്കിലാരും ഒന്നു തിരക്കുകപോലും ചെയ്തില്ലല്ലോ 

മുഖവും പേരുമൊക്കെ മറന്നു തുടങ്ങിയോ 

അതോ ജീവൻ ബാക്കിയിരിക്കേ 

ദയാവധം നടത്തിയോ 

അധികം ചിന്തിക്കണ്ടാ......അറിഞ്ഞിരുന്നാൽ മാത്രം മതി 

.ആൾമാറാട്ടം ഒരനുഗ്രഹം തന്നെയാണ്. 





May 21, 2020

പുത്തൻ കാഴ്ചകൾ (കവിത) രശ്മി തോട്ടത്തിൽ

                 
                                          
                                          രശ്മി തോട്ടത്തിൽ 
               പുത്തൻ കാഴ്ചകൾ

ലോക്ക്‌ഡൌൺ കാലം തുറന്നിട്ട
പുത്തൻ കാഴ്ചകളെത്ര മനോഹരം
അയൽപക്കത്തെ ചേച്ചിയുടെ പേര് 
അമ്മിണിയെന്നത്രെ
അമ്മിണി ചേച്ചിക്കുണ്ടത്രെ പൂവാലിപ്പശുക്കൾ
നാലെണ്ണം
അതിൽ കറുത്ത പൂവാലിതൻ 
വെളുത്ത പാലത്രെ എന്നുമെൻ
കറുത്ത കാപ്പിയിൽ ചേരുന്നത്
കായ്ക്കുന്ന മൂവാണ്ടൻ മാവൊന്ന്
കായ്ക്കാത്ത രണ്ടെണ്ണം വേറെ
നല്ല വരിക്കച്ചക്കകൾ കായ്ക്കുന്ന
പ്‌ളാവും ഒത്തൊരു പുളിയും നെല്ലിയും 
അങ്ങിനെയെന്തെല്ലാം തൊടിയിൽ
രാവിലെ വെള്ളം കുടിച്ച് കൊത്തി-
പ്പെറുക്കാനെത്തുന്ന കാക്കയും മൈനയും
വാലാട്ടിപ്പക്ഷിയും കൌതുകക്കാഴ്ചകൾ
മക്കൾ രണ്ടുപേരിലൊരാൾ നന്നായി
വരക്കുമത്രെ, മറ്റെയാൾ പാഴ്വസ്തുക്കൾ
ചേർത്തുവെച്ചനേകരൂപങ്ങൾ നെയ്യും
എല്ലാമെനിക്ക് പുത്തനറിവുകൾ
തിടുക്കമിട്ട് ബാഗിലെന്തൊക്കെയോ
കുത്തിനിറച്ചൊമ്പത് മണിതൻ 
ബസിനായ് നിലം തൊടാതെ ഓടുന്ന
എന്നോട് വിശേഷങ്ങൾ ചോദിക്കാ-
നെത്തിയിരുന്നത് അയൽക്കാരനാണത്രെ
അടുക്കളക്കോലായിലെ മൂലയിൽ
ഇന്നുവരെ കാണാത്തൊരമ്മിയും
ചിരവയും അടുക്കളക്കുള്ളിലെ തീ പുകയാത്തൊരടുപ്പും
മുന്നിലെത്തുന്നൊരായിരം ചോദ്യങ്ങളുമായി
ചക്കപ്പുഴുക്കും മുരിങ്ങയിലത്തോരനും
വാഴപ്പഴവും മാങ്ങയും ആവോള-
മകത്താക്കി എന്ത് സ്വാദെന്നോതി 
ഏമ്പക്കം വിട്ടെഴുനേൽക്കും ഗൃഹനാഥനും
ലോക്ക്‌ഡൌൺ കാലം തുറന്നിട്ട
മനം നിറക്കുന്ന പുത്തൻ കാഴ്ചകൾ

.
May 21, 2020

ചലനനിയമം സിദ്ദീഖ് ചെത്തല്ലൂർ

കവിത

സിദ്ദീഖ് ചെത്തല്ലൂർ

ചലനനിയമം 

നിശ്ചലതയും നിശബ്ദതയും
പേറുന്ന നട്ടുച്ചയിൽ 
ഒരു ഇല 
അതിന്റെ ഞെട്ടുമായുള്ള 
ബന്ധമങ്ങുവേർപ്പെടുത്തി.... 

ഭൂമിയും മരവും 
ഇലയുടെമേൽ പ്രയോഗിച്ചിരുന്ന 
ബലാബലത്തിൽ 
വന്ന വ്യതിയാനം 
ന്യൂട്ടന്റെ 
ഒന്നാം ചലനനിയമത്തിലൂടെ 
വിശദീകരിക്കപ്പെട്ടു.

കൃത്യവും താളാത്മകവുമായി 
താഴേക്കുതന്നെ  
വരുന്നതിനിടയിൽ 
ബലപ്രയോഗത്തിന്റെ 
ദിശയിൽ തന്നെ 
ചലനവും സംഭവിക്കുമ്പോൾ 
ആക്കം സുഗമമായിരിക്കുമെന്നത് 
രണ്ടാം നിയമത്തിലൂടെ 
വിശദീകരിക്കപ്പെട്ടു. 

പതിയെ നിലത്ത് 
പതിക്കുന്നതിനിടയിൽ 
ഓരോ പ്രവർത്തനത്തിനും 
തുല്യവും വിപരീതവുമായ 
ഒരു പ്രതിപ്രവർത്തനം 
ഉണ്ടായിരിക്കുമെന്ന 
മൂന്നാം നിയമവും 
വിശദീകരിക്കപ്പെട്ടു.
May 21, 2020

മറുപക്ഷം ഉണ്ണികൃഷ്ണൻ കരിമ്പുഴ

കവിത

ഉണ്ണികൃഷ്ണ കരിമ്പുഴ




മറുപക്ഷം 

എല്ലാരും കൊറോണയെ
കൊല്ലാൻ പറയുന്നു,
സർക്കാരും കൊറോണയെ
കൊല്ലാൻ ശ്രമിക്കുന്നു.
എല്ലാരും ചേർന്നിട്ടും
കൊറോണകൾ ചത്തിട്ടും
കരയുന്നൂ ചിലരെല്ലാം 
ചത്ത കൊറോണക്കായ്.
കൊറോണക്കുമുണ്ടത്രേ
വൈറസാവകാശം!
കൊല്ലുന്നതെന്തിനും
ക്വാറൻറൈൻ പോരേന്നും!
കുറ്റങ്ങൾ നമ്മുടെ, 
ശുചിത്വവും പോരാത്രേ!
കണ്ടാലേ കൊറോണക്ക്
കേറുവാൻ തോന്നൂത്രേ.!
അടങ്ങിയിരിക്കണ്ടേ
കുടുംബത്തിൽ പോരാഞ്ഞ്,
കാലവും നേരവും 
നോക്കാതെ കറങ്ങാമോ?
എന്തിനു പറയുന്നൂ, 
പക്ഷങ്ങൾ രണ്ടില്ലേ,
അമ്മയെ തല്ലിപ്പിരിഞ്ഞാലും
പൊൻ മകൻ!
"തള്ളയ്ക്കു കൊള്ളണം
തല്ലുകൾ രണ്ടെണ്ണം,
ഞാനായിപ്പോയാലും
ചെയ്തേനെ" എന്നൊരാൾ!
ഹന്ത.! കഷ്ടം ലോക
മെങ്ങോട്ടു പോണുനീ,
നിന്നിലെ എന്നെ 
തിരയുന്നു ഞാനെന്നും.!



May 21, 2020

ബുദ്ധൻ ചിരിക്കുന്നു കവിത മോഹൻ കുമാർ കുഴിത്തുറ

കവിത
മോഹ കുമാർ കുഴിത്തുറ

                           
                                                  
                                                ബുദ്ധൻ ചിരിക്കുന്നു 


ബുദ്ധൻ ചിരിക്കുന്നു 
പൊട്ടിത്തെറികൾ പിന്നെയും തുടരുന്നു 
പൊട്ടിയ നാടിന്റെ പെരുമയെ നോക്കി 
ബാദരായണനും വാല്മീകിയും പിറന്ന 
ഭാരതമീ പുണ്യഭൂമി തന്നിൽ 
യുഗങ്ങൾ താണ്ടിയും വീണ്ടും കേൾക്കുന്നു 
യുദ്ധകാഹളങ്ങൾ 
ഹിമാദ്രി സാനുവിൽ പുകയുന്നു 
ഗംഗാതീരങ്ങളിൽ, വിഷമാത്ര ചിന്തകൾ 
പ്രഥിയിലൂർജ്ജ രേണുക്കൾ ചിതറുന്നു 
പടരുന്നു തീ, ഹരിത ഭൂമിതൻ ദീപ്തികൾ 
ഭാരതാംബതൻ ഹൃത്തടം പിളരുന്നോ 
ഭരണമാനസ വികൃതിതൻ പൂമരം 
ഗദ്ഗദമങ്ങു ഹിരോഷിമയിൽ കേൾപ്പു 
കുരുതിതൻ വികല
 ബിംബങ്ങൾ വളരുന്നു 
ഹരിത കവചങ്ങൾ ജപ്പാനിൽ കരിയവേ 
ധൂമങ്ങൾ ഉയരുന്നു നാഗസാക്കിയിൽ 
കൊടുംവിഷം ചുരത്തുന്ന മുലകൾ നുണയുവാൻ 
കണ്ണില്ലാകിടാങ്ങൾ വാ പിളർന്നീടുന്നു 
കുടില രാഷ്ട്രങ്ങൾ പിന്നെ, ചിറി തുടക്കുന്നു 
കൂടെ ജനിക്കുന്നു ദേശാന്ത വൈരവും 
അണുപരീക്ഷണം വേണമോ ലോകത്തിൽ 
അഹിംസാ പരമ ധർമ്മമെന്നല്ലേ 
അഹിംസാ വചനങ്ങൾ പിന്നെയും തകരുന്നു 
അകംപൊട്ടി വീണ്ടും ബുദ്ധൻ ചിരിക്കുന്നു 
ബുദ്ധൻ ചിരിക്കുന്നു
May 21, 2020

പുനർജനി കവിത ഡോ സുകേഷ്

 
കവിത

പുനർജനി  

ഡോ. സുകേഷ്

പ്രാണൻ നിറുത്താൻ ജലത്തിൽ വീണു 
പണിപ്പെടുന്നോരെറുമ്പു പോൽ,. 
കരഞ്ഞുകരഞ്ഞു ഉൾക്കണ്ണീരു
പതിച്ചെരിയാ കനൽ നിലനില്കവേ!
നിഷേധങ്ങൾ വാശിയായ് മാറിയതു 
വിഷമം മറയ്ക്കാനായിരുന്നു !

കൂരമ്പേറ്റു പിളർക്കാത്ത നെഞ്ചതാ
കരിങ്കല്ലായി തീർന്നിരുന്നു, 
കൺകളിൽ ഉള്ളിലൊരുകുടം നീര് 
തുളുമ്പാതെ മൂടിവച്ചു, 
വന്യമായൊരാഴി കൂട്ടി അകമേ 
പുനർജ്ജനികാൻ കേണിരുന്നു.
മന്ത്രവടിയാൽ ആരോ ഒരിക്കലൊരു 
താന്ത്രിക ജാലം തീർത്തിരുന്നു.

ആ പുനർജ്ജന്മം തീർത്തൊരു ലോകേ 
അപ്സരസ്സായവൾ മാറി !
ഗന്ധർവവാടിയാം ആ പറുദീസയിൽ 
ഗന്ധംപരത്തും പുഷ്പമായി. 
ഉണരാതെ കാണും സ്വപ്നമെന്നാകിലും 
ഉണ്മയാണെന്നവൾ കാത്തു:
കടമകളെല്ലാം ഇട്ടെറിഞ്ഞുംകൊണ്ട് 
ആടിയും പാടിയും നിന്നു :
താന്ത്രികശക്തിക്കൊരന്ത്യമുണ്ടെന്നറിഞ്ഞീലാ :
കൈക്കുമ്പിളിൽനിന്നൂർന്നിറങ്ങുന്ന
സകലമാകും  പ്രത്യാശകളും !
പരന്നു കിടക്കുമീ ഭൂമിപ്രതലത്തിൽ 
തീരാകനവുകൾ ബാക്കിയാക്കി, 
പുനർജ്ജനിക്കുന്നോരു ലോകത്തിലും 
ഹനിക്കപ്പെടും മനോരാജ്യങ്ങൾ !!
             ഡോ. സുകേഷ്...
May 21, 2020

ടെമ്പിൾ റൺ കാലത്തിന്റെ കാലൊച്ചകൾ

ടെമ്പിൾ റൺ 
കാലത്തിന്റെ കാലൊച്ചകൾ

 കെ.കെ. മണികണ്ഠൻ,

കാരാകുറുശ്ശി 
            
കാലത്തിന്റെ കാലൊച്ചകൾ ലിപി വിന്യാസങ്ങളായി വായനക്കാരോട്
നേരിട്ട് സംവദിക്കുന്നതാണ് ശിവപ്രസാദ് പാലോടിന്റെ കവിതാ സമാഹാരമായ ടെമ്പിൾ റണ്ണിലെ    രചനകൾ. .തർക്കമവസാനിക്കാതെ നിശ്ചലമാകുന്ന മീനിനെപ്പോലെ നിത്യതയിലേക്കാഴ്ന്നിറങ്ങിപ്പോകുന്ന ദാമ്പത്യങ്ങളെ ക്കുറിച്ച് മനസ്സുകൊണ്ടും തലച്ചോറു കൊണ്ടും വായിക്കപ്പെടുന്ന വായന, മൗനവും ഭ്രാന്തും വീർപ്പുമുട്ടലിന്റെ ഇരുട്ടുകളിൽ ഇണ ചേരുമ്പോൾ ഒരു ദംശനത്തിനായി കാത്തിരി ക്കുന്നത്,  ചത്തതിനെപ്പോലും ബാക്കി വയ്ക്കാതെ തിന്നു തീർക്കുന്ന ചിതലായി ഞാൻ,

      നെറികേടുകളെ ചവിട്ടിമെതിച്ച് ഗറില്ലകൾ കോറസ്സായി ആഹ്ലാദ നൃത്തം ചവിട്ടുന്ന ടെമ്പിൾ റൺ,മറവികൾ പെറുക്കി നടക്കുന്ന ആരെയെങ്കിലും കാത്തിരിക്കുന്ന കൂട്,
കോഴികൾക്കു വേണ്ടി കോഴികളാൽ രൂപീകരിക്കുന്ന റിപ്പബ്ലിക്കൻ കൂട്,
പിഴുതെറിയാൻ എത്ര ശ്രമിച്ചാലും മുളച്ചു തഴക്കുന്ന രോഗ വിസ്മയം നിറഞ്ഞ ആതുരം,
കുമ്പസാര കൂടുകളുടെ വായ്നാറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഉൾച്ചുഴികൾ,
മെമ്മറി ഫോർമാറ്റ് ചെയ്ത് റിമോട്ട് ഘടിപ്പിച്ചു കൊടുക്കുന്ന ഭർത്താവ്/ഭാര്യമാരുടെ വിപുലമായ ശേഖരമുള്ള സന്തോഷത്തിന്റെ താക്കോൽ,സമയാസമയം ഉത്തരവാദിത്വങ്ങളുടെ ലൈസൻസ് പുതുക്കി വർഷാവർഷം സ്വപ്നങ്ങളുടെ പുറത്ത് പായലും പൂപ്പലും തൂത്തുവാരലാണ് ജീവിതമെന്നു പറയുന്ന കച്ചോടം,കൈവീശിപ്പോവുന്ന  മഴവില്ലു പോലെ ജീവിതത്തിൽ ബാക്കി വച്ചു പോകുന്ന നിലപ്പുകൾ,വേവുന്ന ചൂടിൽ നിന്നോരിത്തിരി കുളിരിന്റെ ലോലമാം തണലുകൾ തേടിയുള്ള ദേശാടനം,എവിടെയെങ്കിലും വെച്ച് എന്നെത്തന്നെ കൈവിടുമെന്നതിനാൽ അവനവൻ തന്നെ തടവിലാവുന്നത് ,സ്നേഹത്തോടെ അരിഞ്ഞെടുക്കുന്ന ചിറക്കുകൾ,നീ തന്നെ എനിക്കു പേടിയാകുന്ന പെൺ പേടി,വേനലിൽ വെന്തു കിടക്കാനും തോരാമഴയത്ത് ഒട്ടിപ്പിടിച്ചിരിക്കാനും കഴിവുള്ള ഉഭയജീവിയായ മനസ്സ്,പേരറിയാത്ത ദിക്കുകൾ തേടി അലയുന്ന കടലാസുവഞ്ചികൾ,
കവിതയെ പോസ്റ്റ്മോർട്ടത്തിനയക്കുമ്പോൾ വിലങ്ങണിഞ്ഞ് വിചാരണ നേരിടുന്ന കവിയുടെ നാട്ടുനടപ്പ് ,ചൂണ്ടക്കാരനെ കീഴ്പ്പെടുത്തുന്ന മീനുകളുടെ ഓളം,
എല്ലാമറിഞ്ഞാൽ പോലും ഒന്നുമറിയാത്തവരെപ്പോലെ, ഒന്നുമറിയില്ലെങ്കിലും എല്ലാമറിയുന്നവരെപ്പോലെയുള്ള അഭിനവം,കാണാതെ പോവുന്ന കോങ്കണ്ണിനെപ്പറ്റി,
കവണയിൽ കല്ലുകയറ്റുന്ന ചെക്കനോടും ഇഴഞ്ഞുകയറുന്ന പാമ്പിനോടും ദൂരെപ്പോ എന്നു പറയുന്ന കൂടൊരുക്കൽ,ജീവിതത്തിന്റെ ഇരട്ടി ഭാരമുള്ള ശ്മശാന വഴി,
ഗാന്ധിസവും മാവേലിത്തരവും ബാർട്ടർ സിസ്റ്റവും ന്യൂട്ടൺ നിയമവും പാലിക്കുന്ന ഉമ്മ റിപ്പബ്ലിക്,അപകട വളവിൽ തലതല്ലി വീണ് വാക്കുകൾ ഊരിത്തെറിച്ചു പോവുന്ന കവിതാഹുതി,ശില്പിയും ശില്പവും പോലെയാവുന്ന അന്യസംസ്ഥാന തൊഴിലാളികളും പണി സ്ഥലവും,വാങ്ങുന്നതും വിൽക്കുന്നതും തമ്മിലുള്ള ബന്ധം മാത്രമായതു കൊണ്ട് കസ്റ്റമർ ലോകത്തെ സൗഹൃദങ്ങൾ പരിധിക്ക് പുറത്താവുന്നത്,മഞ്ഞച്ച കണ്ണുകളോടെ ചുട്ടുപൊള്ളിയ മുഖത്തോടെ ഒപ്പമിരിക്കുന്നവ, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൗഹൃദ ചാറ്റിങ്ങ്,വേറൊന്നും ചെയ്യാനില്ലാത്ത കാക്കകൾ ഓർമ്മകൾ കൊത്തി തിന്നുന്നത്,ഒരു വിളിയിലും പുഞ്ചിരിയിലും വീഴാതെ മണ്ണിനെ പുണർന്ന് വേരുകളെ ഇറുകെ പിടിച്ച് കാറ്റിനോട് സംവദിക്കുന്ന മരം,സ്വീകരണ മുറിയിലെ ഷെൽഫിലെ ശ്വാസം മുട്ടിക്കുന്ന നോവ്,ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പാലത്തിൽ വച്ച് വിശപ്പടക്കുന്ന എലിയും കെണിയുംഅവസാനം വെട്ടി മാറ്റിയ ഭൂപടത്തിലെ സംരക്ഷണത്തിൽ ഒതുങ്ങുന്ന പശ്ചിമഘട്ടത്തെപ്പറ്റിയുള്ള ലേഖനം,ഇത്തിരിക്കടൽ തികയാതെ പുറത്തുചാടാൻ വെമ്പി നിൽക്കുന്ന പിടിച്ചെടുത്ത മീനുകൾമരുഭുമിയിൽ ശ്മശാനമൊരുക്കി കാടിനെ കാത്തിരിക്കുന്ന മൃഗയവൈവിധ്യമാർന്ന പ്ലോട്ടുകളിലെഭാവനാപൂർണ്ണമായ രചനകളാണ് സമാഹാരത്തിലുള്ളത്.

കോപ്പികൾക്ക് ബന്ധപ്പെടുക
9249857148

May 21, 2020

ബ്രേക്കിങ്ങ് ന്യൂസ് (ഹാസ്യം) ബിപിൻ ആറങ്ങോട്ടുകര.

ഹാസ്യം


ബ്രേക്കിങ്ങ് ന്യൂസ് 

ബിപിൻ ആറങ്ങോട്ടുകര.

1.
നാലാം ഘട്ട ലോക്ക് ഡൌൺ    കൂടുതൽ ഇളവുകളോടെ മെയ് 31 വരെ...

ഇളവുകൾ വിത്ത് കൊറോണ !

2.
സി.പി.എം സൈബർ ആക്രമണം നേരിടാൻ യുവ എം.എൽ എ മാരുടെ നിരയുമായി കോൺഗ്രസ് സൈബർവിങ്ങ് രൂപീകരിച്ചു... വാർത്ത:

സംഗതിയൊക്കെ കൊള്ളാം
ദയവു ചെയ്ത്  
സട കുടയരുത്!

3.
കേന്ദ്ര ധനമന്ത്രി കോവിഡ് ധനസഹായ പാക്കേജിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു:

അടുത്ത പാക്കേജുമായി വേഗം വരണം
വിൽക്കാൻ വല്ലതും ബാക്കിയുണ്ടെങ്കിൽ,
അതും വിൽക്കണം..!

4.
കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനം നടത്തി:

എന്തിന് എന്ന് ജനം !

5.
മെയ് 19- മുൻ മുഖ്യമന്ത്രി E.K. നായനാർ ദിനം

സരസമായ രാഷ്ട്രീയ നൈർമ്മല്യം...
ചിരിയുതിരും നിഷ്കളങ്കത !

6.
ബീവറേജ് ഔട്ട് ലെറ്റുകൾ തുറക്കുന്നു... വാർത്ത:

തുറന്നാലും കിക്ക്
ഇല്ലെങ്കിലും കിക്ക്!

7.
മാറ്റി വെച്ച പരീക്ഷകൾ നടത്താനുള്ള തീരുമാനം കേന്ദ്ര നിർദ്ദേശ പ്രകാരം മാറ്റുന്നതായി മാധ്യമങ്ങളിൽ അറിയിപ്പ്.
സംസ്ഥാനങ്ങളുടെ അപേക്ഷ പ്രകാരം പരീക്ഷകൾനടത്താൻ കേന്ദ്രാനുമതി എന്ന് വീണ്ടുംവാർത്ത:

ഇതു തന്നെ വലിയ പരീക്ഷയായല്ലോ എന്ന് കുട്ടികൾ !

8.
ലാലേട്ടന് 60 വയസ്.
ആരാധകരുടെ ആശംസാ പ്രവാഹം...

നടന വിസ്മയത്തിന്റെ
അറുപതാണ്ടുകൾ
മലയാളിയുടെ സ്വകാര്യ അഹങ്കാരം!

9.
സേവനങ്ങൾക്കായി ഇനി പഞ്ചായത്ത് ,നഗരസഭ ഓഫിസുകളിലേക്ക് പോകേണ്ടതില്ല.
തദ്ദേശ വകുപ്പ്
എല്ലാം ഓൺലൈൻ സർവീസുകളാക്കുന്നതായി വാർത്ത:

അത് പറ്റില്ല.
നടന്നു നടന്ന് ചെരുപ്പ് തേഞ്ഞാലേ ഒരു സുഖമുള്ളൂ!

10.
ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ
ആശുപത്രികളിലും വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങൾ തിക്കിതിരക്കുന്നതായി വാർത്ത: 

''ഞാൻ മുൻപേ
നീ പിമ്പേ"എന്നാണല്ലോ നമ്മുടെ രീതി
കണ്ടാലും കൊണ്ടാലും പഠിക്കരുതേ!

21.05.2020
ബിപിൻ ആറങ്ങോട്ടുകര.
May 21, 2020

കുറുങ്കവിതകൾ ജലജ പ്രസാദ്



ജലജ പ്രസാദ്

മഴ .



കണ്ണിലൊരു കൊള്ളിയാൻ

കിനാവിലൊരു മഴമേഘം

കരളിലൊരിടിനാദം

നാമിപ്പോൾ

 നനയുകയാണ്....!


കുടുംബ'ശ്രീ'


ഏച്ചുകെട്ടാത്ത അഞ്ചു മീറ്റർ തുണി
വലിച്ചു ചുറ്റിയാലും
അടിയിലും അതിനടിയിലും 
വീണ്ടുമടിയിലും
ഏച്ചുകെട്ടിയതും
വെട്ടിച്ചേർത്തതും
ഒട്ടിച്ചു ചേർത്താലും
ഒക്കെത്തിനും മീതെ
കടം കൊണ്ട
ഒരു മുഴുക്കൈയൻ
ആൺ കുപ്പായമിട്ടാലേ
കുടുംബ 'ശ്രീ'
ഒരു പെൺ തൊഴിലാളിയെ സൃഷ്ടിക്കൂ...


Add caption

May 21, 2020

വിയർപ്പ് -ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

                                                          കവിത                            



                                          
                                               വിയർപ്പ്

വിയർത്തുകെട്ടിയ ഉടലിന്മേലെ 
 ആവണകണ്ണ തേച്ചുവെച്ചവൾ
അറുത്തുകെട്ടിയ പോത്തിന്റെ കാലുകളെ
അരിഞ്ഞെടുത്തവൾ അടുപ്പിലിട്ടു

വറ്റിയ തോട്ടിലെ ഒടുവിലത്തെ
വെള്ളവും തേവി
കടത്തനുണ്ണി വിയർപ്പു തുടച്ചു
കറുത്തിരുണ്ട കാർമേഘത്തെ
വിയർപ്പ് കാട്ടി നേർരേഖ പറഞ്ഞു

ഉടുത്തുവെച്ച പൊൻശീലയില്ല
വിയർത്തുകെട്ടിയ കൈകളിൽ
ഓടിയൊളിച്ച മാൻകിടാവിന്റെ
കിതപ്പ് പറ്റിയ ഇലകളുണ്ട്

അസറ് ചൊല്ലാൻ തട്ടമിട്ടവളും
കുർബാനകാണാൻ മുട്ടുമടക്കിയവളും
പൂജചെയ്യാൻ കളംവരച്ച പൂജാരിയും
ഒടുവിൽ ഒന്ന് തുടച്ചു
വിയർപ്പ്

പട്ടിണികൊണ്ട് ആമാശയത്തിലേക്ക്
പൊക്കിൾകോടി കുഴിഞ്ഞവനും
യന്ത്രംകൊണ്ട് ചുമരുകെട്ടിയ
മഹാനും തുടച്ചത് വിയർപ്പാണ്

ഒടിവിൽ വിയർപ്പ്
പരാജയപെട്ടു
ആറടിമണ്ണിലേക്ക് അവനെ
കൊടുക്കാൻ ഒരുങ്ങിയപ്പോൾ

ഐസ് ഇട്ട പെട്ടികളിൽ
കൈവെച്ചു കരഞ്ഞത്
മരിച്ചവന്റെ
പെണ്ണുമാത്രമല്ല

അന്ത്യചുംബനം നഷ്‌ടമായ
വിയർപ്പാണ്
ഇത് വിയർപ്പിന്റെ ലോകം
വിയർപ്പിന്റെ ലോകം




-ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.