കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 28, 2020

May 28, 2020

ബ്രേക്കിങ്ങ് ന്യൂസ് ബിപിൻ ആറങ്ങോട്ടുകര


ബ്രേക്കിങ്ങ് ന്യൂസ്


ബിപിൻ ആറങ്ങോട്ടുകര
29.05.2020

1. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
രാവിലെ 9 മുതൽ 1 വരെ
ഉച്ചയ്ക്ക് 3മുതൽ 7വരെ  ... വാർത്ത:

 മലയാളി കോവിഡിനെ
 നേരിട്ടആത്മവിശ്വാസം! 

2.
പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസകൾ നേർന്നു സന്ദേശമയച്ചു... വാർത്ത:
 
അടുത്ത പിറന്നാളും ഇതേ സ്ഥാനത്തിരുന്നുതന്ന ആഘോഷിക്കുമെന്ന്
 സോഷ്യൽ മീഡിയ!

3. 
ഭാര്യയെ രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വിശദമായഅന്വേഷണം നടക്കുന്നു... വാർത്ത:

വിഷപാമ്പുകൾ പോലും നാണിച്ചു പോകും!

4.
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഇതാടെ കോവിഡ് മരണസംഖ്യ ആറ്ആയി.
രോഗികളുടെ എണ്ണം ആയിരം കടന്നു....വാർത്ത:

കൈകൾകഴുകി  മുഖം
മസ്ക് കൊണ്ട് മറയ്ക്കാൻ മടിക്കരുതേ!

5.
ബെവ്കോ ആപ്പ് പ്രവർത്തനക്ഷമമായി 
മദ്യശാലകൾ തുറന്നു
മദ്യപാനികൾക്ക് സന്തോഷം:

ആ 50 പൈസയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണേ രമേശ്ജി.
(ആരാണാവോ മൂപ്പരെ ഇങ്ങിനെയാക്കുന്നത്!)

6.
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.
സമൂഹ വ്യാപന ഭീഷണിയെന്നും വാർത്ത:

ചിലരെ ഓർമ്മിക്കാതെ വയ്യ!

7.
ഇനി മുതൽ പ്രവാസികൾ ക്വാറന്റയിൻ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം
പ്രവാസികളോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം:
 
ആ പത്തു ലക്ഷത്തിന്റെ മാറാത്ത ചെക്കുകൾ രംഗത്തിറക്കണം സർ!

8.
ആരാധനാലയങ്ങൾ തുറക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുസ്ലീംലീഗിന്റെ ആവശ്യം... വാർത്ത:

ങ്ങാ 
മനസിലായി, മനസിലായി!


9.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.ജി.പി.
ആർ. ശ്രീലേഖ ഐ.പി.എസ് .

സ്ത്രീശക്തി ....
അഭിനന്ദനങ്ങൾ!

10.
ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ കൈയിൽ രേഖയുണ്ടെന്നും  പ്രതിപക്ഷ നേതാവ്  പത്രസമ്മേളനത്തിൽ:

പ്രതിപക്ഷ നേതാവ് ഈ വാർത്താ അവലോകനത്തിന്റെ ഐശ്വര്യം!

May 28, 2020

തിരിച്ചിറക്കം വിദ്യ കാറൽമണ്ണ

തിരിച്ചിറക്കം

വിദ്യ കാറൽമണ്ണ



ഒരിക്കൽ കൂടി 
പൊട്ടിയ വളപ്പൊട്ടുകൾ ചേർത്തുവെക്കണം..
മയിൽപ്പീലി പെറ്റുപെരുകുമെന്നോർത്ത്  
പുസ്തകത്താളുകൾ മറിക്കണം..

എന്നും എണ്ണിയെണ്ണിഎടുത്തു വെച്ച 
മഞ്ചാടിക്കുരു ച്ചെപ്പ് തുറക്കണം..
മുങ്ങാംകുളിയിട്ട് കൂട്ടുകാരെ പറ്റിച്ച 
കുളക്കടവിൽ മുങ്ങി നിവരണം..

പുസ്തകക്കെട്ടുകൾ മാറോടണച്ചോടിയ 
വഴികളെ ദൂരെ നിന്ന് നോക്കണം..
പച്ചതെങ്ങോല കൊണ്ട് 
കാറ്റാടി പമ്പരമുണ്ടാക്കി ഓടിക്കളിക്കണം..

ഊഞ്ഞാലുകെട്ടിയാടിയ 
പ്ലാവിന്റെ ചോട്ടിൽ ഒന്നിരിക്കണം..
മഴയത്ത് ചളിവെള്ളം തെറിപ്പിച്ച, 
എന്റെ കടലാസുതോണി മുക്കിയ
പഴയ കളി കൂട്ടുകാരനെ തിരയണം..
എന്നെ അറിയാമോ എന്ന് 
പതുക്കെ ചെവിയിൽ ചോദിക്കണം..

നാട്ടുമാവിൻ ചോട്ടിൽ പുതിയ തൈകൾ 
മുള പൊട്ടിയോ നോക്കണം..
പൂത്തുലഞ്ഞ കൊമ്പിൽ നിന്ന് മഴത്തുള്ളിക്കൊപ്പം
ഉതിരുന്ന പവിഴമല്ലിപ്പൂ പെറുക്കണം..
ഓർമ്മകളുടെ പെരുമഴയത്ത് ഇനീം നനയണം.. 
തിരിച്ച് കിട്ടാത്ത നഷ്ടങ്ങളുടെ, 
പറയാൻ മറന്ന ഇഷ്ടങ്ങളുടെ..
നൊമ്പരങ്ങൾ പേറി, 
കൈകോർത്ത് നടന്ന വഴിയേയെല്ലാം നടക്കണം.
.
വരും ജന്മത്തിലേക്ക് 
ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും കൊടുത്ത്, 
ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചിറങ്ങണം..
May 28, 2020

എം.പി വീരേന്ദ്രകുമാറിന് പ്രണാമം. (മധു അലനല്ലൂർ)

എം.പി വീരേന്ദ്രകുമാറിന് പ്രണാമം.

(മധു അലനല്ലൂർ)


                                                   
      ലോകമെമ്പാടും കോവിഡ് 19 വൈറസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്,മാതൃഭൂമിയോടൊപ്പം ചേർത്തുവെക്കുന്ന ഇന്ത്യയിലെയും, വിശിഷ്യാ കേരളത്തിലെയും ഇപ്പോഴത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ എം.പി വീരേന്ദ്രകുമാറിൻ്റെ ആകസ്മികമായ നിര്യാണം..ദീർഘകാലം ഇടത് സഹയാത്രികനായും,ചുരുങ്ങിയ സമയങ്ങളിൽ പാർലമെൻ്ററി രാഷ്ട്രീയവുമായുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് വലത് രാഷ്ട്രീയത്തിലേക്കും, പിന്നീട് ഇടതു പക്ഷത്തേക്കും തിരികെയെത്തിയ അദ്ദേഹത്തെ കോഴിക്കോട് വെച്ചാണ് ഞാനാദ്യമായി കാണുന്നത്.പാലക്കാട് പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയപ്പോൾ ദയനീയമായ പരാജയം അദ്ദേഹത്തിനേറ്റു വാങ്ങേണ്ടി വന്നു.....ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തി, മുൻ കേന്ദ്രമന്ത്രി, മികച്ച പാർലമെൻ്റേറിയൻ എന്നതിലെല്ലാമുപരി, അദ്ദേഹത്തിലെ എഴുത്തുകാരനോടായിരുന്നു എൻ്റെ ആരാധന..! ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.. സോവിയറ്റ് യൂണിയൻ്റെ പതനത്തെ തുടർന്നുണ്ടായ ആഗോളവൽക്കരണവും ഉദാരവൽക്കരണവുമെല്ലാം ഏറെ പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണല്ലോ 'ഗാട്ടും കാണാചെരടുകളും,അധിനിവേശത്തിൻ്റെ അടിയൊഴുക്കുകൾ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിക്കുന്നത്..!പല വേദികളിലും ഈ വിഷയുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇടപെടലുകളിലും ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഈ പുസ്തകവായനകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്..അതുപോലെ, വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ ശ്രദ്ധേയമായ, യാത്രാ വിവരണത്തിനുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിൻ്റെ , 'ഹൈമതഭൂവിൽ' എന്ന ഗ്രന്ഥമാണ് എനിക്ക് ഹിമാലയൻ യാത്രക്ക് പ്രചോദനമേകിയത്..!സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളായ രാമൻ്റെ ദു:ഖം, ബുദ്ധൻ്റെ ചിരി ,രോഷത്തിൻ്റെ വിത്തുകൾ, ഇരുൾ പരക്കുന്ന ലോകം തുടങ്ങിയവയെല്ലാം വളരെ ശ്രദ്ധേയമായ


നിരീക്ഷണങ്ങളാണ് നമ്മോട് പങ്കുവെച്ചത്... മികച്ച വാഗ്മി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ വേർപാട്, ലോകമെമ്പാടും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി കൂടി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്... അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. 

May 28, 2020

ഓർമ്മയിലെ കാന്താരി മധുരം 3 പിശുക്ക്

പിശുക്ക്
                                             കെ.സി.അലി ഇക്ബാല്‍
              അമ്പതുപൈസ നാണയം നമ്മുടെ ക്രയവിക്രയങ്ങളില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി പിന്‍വാങ്ങിയിരിക്കുന്നു. പക്ഷേ അന്ന് പട്ടാമ്പി അലക്സ് തിയേറ്ററില്‍ തറ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ അമ്പതു പൈസ മതിയാ കും. വീട്ടില്‍ നിന്നു പട്ടാമ്പിയിലേക്കുള്ള 14 കിലോമീറ്റര്‍ ബസ് യാത്ര ചെയ്യാന്‍ മറ്റൊരു അമ്പതു പൈസ.തിരിച്ചും അത്ര തന്നെ.ആകെ ചെലവ് ഒന്നര രൂപ. പിന്നെ മിഠായി വാങ്ങാനും മറ്റുമായി പത്തു പൈസ. എന്നാ ലും മിച്ചം വരും. മൂന്നു രൂപയുണ്ട് കയ്യില്‍,ധാരാളമല്ലേ.

    "പണി തീരാത്ത വീട്” ആണ് സിനിമ. വീട്ടില്‍  വലിയ 'സമരം തന്നെ നടത്തിയിട്ടാണ് സിനിമയ്ക്കു പോകാന്‍ അനുവാദം കിട്ടിയത്. സാമൂ ഹ്യാന്തരീക്ഷം ഇന്നത്തേതിനെക്കാള്‍ മെച്ചമായത് കൊണ്ടായിരിക്കണം അക്കാലത്ത് കുട്ടികള്‍ക്ക് വീട്ടില്‍ നീന്നു പുറത്തിറങ്ങാന്‍ ഇന്നത്തെപോലെ കടുത്ത നിയന്ത്രണങ്ങളില്ലായിരുന്നു.

   ഉച്ചയ്ക്ക് 2.30 നുള്ള മാറ്റിനി ഷോ കാണാന്‍ രാവിലെ തന്നെ പുറപ്പെട്ടു. 
വൈകരുതല്ലോ. മയില്‍വാഹനം മോട്ടോര്‍ സര്‍വീസിന്‍റെ ബസുകളാണ് അക്കാലത്ത് പട്ടാമ്പി യാത്രയ്ക്കുള്ള ഏക ആശ്രയം. പത്തു മണിയോടെ പട്ടാമ്പിയിലിറങ്ങി തിയേറ്ററിലേക്ക് നടന്നു. പോക്കറ്റില്‍ ഇനിയും രണ്ടര രൂപയുണ്ട്. അലക്സ് തിയേറ്ററിന്‍റെ മുന്‍വശം ഇന്നത്തേതു പോലെ തിരക്കു ള്ളതായിരുന്നില്ല അന്ന്. തിയേറ്ററും ഇന്നാകെ മാറി.അന്നും ഇന്നും ഒരു പോലെ അവിടെ ഒരു ഹോട്ടലുണ്ട്. ഹോട്ടല്‍ കാലടി. മറ്റെല്ലാം മാറി. ആധുനിക രീതിയില്‍ നിരവധി കടകള്‍, മാളുകള്‍, ബേക്കറികള്‍, വലിയ തുണിക്കടകള്‍, പെട്രോള്‍ പമ്പ്... 
     തിയേറ്ററിന് മുമ്പില്‍ എതിര്‍ വശത്ത് അന്നൊരു പെട്ടിക്കടയുണ്ട്.കുറെ പ്രായമായ ഒരാള്‍ ആണ് കടക്കാരന്‍. ഭരണികളില്‍ നിരത്തി വച്ച മിഠായികള്‍, ആവശ്യക്കാര്‍ക്ക് ദാഹമക റ്റാന്‍ സര്‍ബത്ത് തട്ട്..ഇതൊന്നുമല്ല ആദ്യം തന്നെഎന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവിടെ നിരനിരയായി തൂക്കിയിട്ട സിനിമാപ്പാട്ട് പുസ്ത കങ്ങളായിരുന്നു അത്.ഞാന്‍ കാണാന്‍ പോകുന്ന 'പണിതീരാത്ത വീട് ' എന്ന സിനിമയിലെ പാട്ടുകള്‍ ഉള്ള  ആറോ ഏഴോ പേജുള്ള  പുസ്തകം. എനിക്കതി ലൊരു പുസ്തകം വേണമാ യിരുന്നു. അതുകൊണ്ട് ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പക്ഷേ ആദ്യം ഞാനവിടന്ന് വാങ്ങിയത് ഒരു മിഠായി ആയിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു സര്‍ബത്ത് കുടിച്ചു. അപ്പോഴൊക്കെ എന്‍റെ ശ്രദ്ധ അവിടെ തൂങ്ങുന്ന പാട്ടുപുസ്തകങ്ങളി ല്‍തന്നെയായിരുന്നു. സാവധാനത്തില്‍ ഞാനാപാട്ടുപുസ്തകത്തിന്‍റെ വില ചോദിച്ചു. എനിക്കു സന്തോഷ മായി.അതിനു മുപ്പതു പൈസ മാത്രമാണ് വില.വാങ്ങിയ ഉടന്‍ വലിയ ആകാംഷയോടെ അതുമുഴുവന്‍ മറിച്ച് നോക്കി.നേരം പിന്നേയും ബാക്കി.മാറ്റിനിയ്ക്കുള്ള ആളുകള്‍ വന്നു തുടങ്ങി.പെട്ടെന്നാണ് ഞാനൊരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.അതുവരെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ്എന്‍റെ പോക്കറ്റില്‍ ഒരു രൂപ തികയില്ല.സിനിമയ്ക്കു ടിക്കറ്റെടുക്കാന്‍ അമ്പതുപൈസായും ബസിന് അമ്പതുപൈ സായും. പതിനഞ്ചു പൈസയുടെ കുറവ്. ഉള്ളില്‍ ഒരു കാളല്‍. എന്താണ് ചെയ്യാനാകുക?. വരിയില്‍ ആളുകള്‍ നിറയുന്നുണ്ട്. വരിയില്‍ ഏറ്റവും മുമ്പില്‍ നിന്ന് ആദ്യമേ  ടിക്കറ്റ് എടുക്കണമെന്ന് കരുതിയതാണ്.വല്ലാത്ത  വേവലാതിയിലായി. 
     ഇക്കാലത്താണെങ്കില്‍ കയ്യിൽ കാശില്ലെങ്കിൽ ഒരു കുട്ടിക്ക് വീട്ടിലേക്ക് 
ഫോണില്‍ വിളിക്കല്‍ മുതല്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടാകും ? അത്തരം ഒന്നും അന്നില്ലല്ലോ. പെട്ടിക്കടക്കാരനെ വീണ്ടും സമീപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അയാളെയാണെങ്കില്‍ ഇപ്പഴത്യാവശ്യം പരിചയമായി.മിഠായിയും സര്‍ബത്തുമൊക്കെയായി കയ്യിലെ പണം മുഴുവന്‍ ചെലവഴിച്ചത് അയാളുടെ കടയിലായിരുന്നല്ലോ. പാട്ടുപുസ്തകം മടക്കിയെടുത്തിട്ട് അതിന്‍റെ പണം മടക്കിത്തരാമോ എന്ന എന്‍റെ ദയനീ യമായ ആവശ്യം അയാള്‍കഠിനമായി നീരാകരിച്ചുകളഞ്ഞു. പുസ്തകം വാങ്ങിനോക്കിയിട്ട് അയാള്‍ ഒന്നുകൂടി പറഞ്ഞു.
"ഇതിനിയാരും വാങ്ങില്ല.മുഷിഞ്ഞു,കേടുവന്നു."
ഏതായാലും സിനിമ കാണുക തന്നെ.ടിക്കറ്റ് എടുത്ത് അകത്തുകയറി. മുന്നില്‍ തന്നെയാണിരിപ്പുറപ്പിച്ചത്.നല്ല സിനിമയാണ്.ഇഷ്ട താരം പ്രേം നസീര്‍ ആണ് നായകന്‍.പക്ഷേ ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല.ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ കുറവുള്ള പൈസയെക്കുറിച്ചു മാത്രമാണ് ചിന്ത.
   സിനിമ കഴിഞ്ഞു.തല കുമ്പിട്ട് പുറത്തിറങ്ങി.കടക്കാരനെ ഒന്നുകൂടി സമീപിക്കുകയല്ലാതെ വഴിയില്ല.അയാള്‍ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. എങ്ങിനെയോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.പിന്നെ എങ്ങിയേങ്ങി കരയാനും. ഒടുക്കം അയാള്‍ അലിഞ്ഞു. പാട്ടുപുസ്തകം തിരിച്ചെടുത്ത് പകുതി പൈസ തരാമെന്നായാള്‍ സമ്മതിച്ചു. കൂടെ മിഠായി യും. എനിക്ക്‌ വലിയ സന്തോഷമായി.

      അങ്ങനെ ഒറ്റയ്ക്കുള്ള ആദ്യത്തെ സിനിമ കാണല്‍ വിജയകര മായിത്തന്നെ പൂര്‍ത്തിയായി. പിന്നേയും തിയേറ്ററുകള്‍ക്ക് മുന്നില്‍ സിനിമാ പാട്ടുപുസ്തകങ്ങള്‍ വില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വാങ്ങണമെന്ന് തോന്നിയിട്ടില്ല. ഒരു പക്ഷേ പണം കരുതലോടെ ചെലവഴിക്കണമെന്ന ഒരു പാഠം ഇത്തരത്തിലുള്ള ചില പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുണ്ടാവുക. ജീവിതത്തിലുടനീളം ഈ കരുതല്‍ ഞാന്‍ പുലര്‍ത്തി യിട്ടുണ്ട്. സ്വന്തം പണമായാലും സംഘടനയുടെ പണമായാലും സര്‍ക്കാര്‍ പണമായാലും അങ്ങനെതന്നെ.ചിലരൊക്കെ പിശുക്കന്‍ എന്നു കളിയാക്കാ റുണ്ട്. അത്രയ്ക്ക് പിശുക്കനൊന്നുമല്ല ഞാന്‍ എന്നാണെന്‍റെയൊരു പക്ഷം

(തുടരും)
May 28, 2020

പൊരുത്തം ടി.പി.ശശികുമാർ അമരമ്പലം .

പൊരുത്തം
ടി.പി.ശശികുമാർ 
അമരമ്പലം .



വൈറ്റ് ഹൗസിൽ വൈറ്റ് വാഷ് കഴിഞ്ഞ ഉടൻതന്നെ പ്രത്യക്ഷപ്പെട്ട് അവിടത്തെ അന്തേവാസികളുടെ മനസ്സിൽ ഭീതി ജനിപ്പിച്ച ഒരു എട്ടുകാലിയുടെ കാണാച്ചരടുകളെ ചിത്രീകരിക്കുന്നതായിരുന്നു ആ കഥാകാരന്റെ ആദ്യത്തെ കഥ.

ഏതാണ്ട് അതു പോലെയുള്ള ഒരെട്ടുകാലിയെതന്നെയാണ് ഇന്നും അയാൾ തന്റെ പുത്തൻ പെയിന്റടിച്ച ചുമരിൽ കണ്ടത്.
ഒരു വ്യത്യാസം മാത്രം - ചുറ്റുപാടിൽ നിന്ന് ആക്രമിക്കപ്പെട്ട്, ഉള്ളിൽ ഭീതി ജനിച്ച കണ്ണുമായി എല്ലാവരുടെയും നോട്ടപ്പുള്ളിയായ ഒരു വൈറസ്സിനെയാണ് അത് ഓർമിപ്പിച്ചത്!

അന്നയാൾ ആ എട്ടുകാലിയെ നന്നായി ഭയപ്പെട്ടിരുന്നു.
തന്റെ നെറും തലയിൽ ഒരിടിത്തീയായി വീണ് സാഹചര്യങ്ങളെല്ലാം തനിക്ക് പ്രതികൂലമായി മാറിയതിന്റെ തുടക്കമായിരുന്നല്ലോ ആ സംഭവം?!

പിന്നീട് എട്ടുകാലിയെ കാണുന്നതു തന്നെ ഒരു ലക്ഷണക്കേടായി അയാൾ കണ്ടു.
അയാളുടെ ആത്മവിശ്വാസക്കുറവ് മുതലെടുത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും, തക്ക സമയത്ത് പ്രത്യക്ഷപ്പെട്ട് ഭീതി സൃഷ്ടിക്കാനും അതിനു സാധിച്ചിരുന്നുവെന്നത് നേര്.

എന്നാൽ ഇന്ന് സാഹചര്യം കുറെയൊക്കെ മാറിയിരിക്കുന്നു.
നിരന്തര നിരീക്ഷണത്തിലൂടെയും പ്രതിരോധത്തിലൂടെയും എട്ടുകാലികൾക്കെതിരെ ജാഗ്രത പാലിക്കാൻ അയാൾ ശീലിച്ചിരിക്കുന്നു.
ആപത്തിനെ ഭയപ്പെടാതെ പൊരുത്തപ്പെടാനും ഒരു പക്ഷെ ,അതിനെ മറികടക്കാനുമുള്ള ഭാവനാ ലോകം അയാളിലുണർന്നു കഴിഞ്ഞു.
അതുകൊണ്ടായിരിക്കണം ആഎട്ടുകാലി ,നിറമുള്ള പുതിയ ചുമരിലെ ഒരു മൂലയിൽസുരക്ഷിതമായ അകലം പാലിച്ച് പരുങ്ങിയിരിക്കുന്നത്!
ആ ജീവിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു.
മാത്രമല്ല തന്റെ അസ്തിത്വം എന്നു വേണ മെങ്കിലും നഷ്ടപ്പെടാം എന്ന വേദനിപ്പിക്കുന്ന ബോധമുണർത്താൻ പര്യാപ്തമായ കൂർത്ത് മൂർച്ചയുള്ള ഈർക്കിൽ ശകലങ്ങൾ അതിനെ അലട്ടാൻ തുടങ്ങിയിട്ടുമുണ്ട്.

എങ്ങും അതിജീവന മന്ത്രം !!

ആയിടയ്ക്ക് കഥാകാരനും തന്റെ മനോഭാവം മാറ്റിയ ചിലദർശനങ്ങളുണ്ടായി.

പണ്ടൊക്കെ മഞ്ഞക്കിളികളെ കണ്ട് മധുരം നുണഞ്ഞിരുന്ന അയാൾ എട്ടുകാലിയെ കണികണ്ടുണർന്ന ദിനം തനെഴുതിയ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത് എന്ന് തിരിച്ചറിഞ്ഞു!

ഇപ്പോൾ ആ കഥാകാരൻ എട്ടുകാലിയുമായുള്ള തന്റെ മ(മാ) ധ്യമപ്പൊരുത്തം ഉത്തമമായതിന്റെ മന:ശാസ്ത്രതലം വിശകലനം ചെയ്യുന്ന മറ്റൊരു കഥയുടെ പണിപ്പുരയിലാണത്രെ.!


May 28, 2020

സർപ്പസത്രം ശിവപ്രസാദ് പാലോട്


                            സർപ്പസത്രം

                                                 


ഒന്നുറങ്ങിയെഴുന്നേറ്റു 
ഭിത്തിയിൽ തെല്ലമർത്തി
വെളിച്ചം നിറച്ചപ്പോൾ

ഒപ്പമില്ല കിടക്കയിലവൾ
എങ്ങു പോയെന്നന്തിച്ചു നിൽക്കവേ,
പടമുരിഞ്ഞു കനകാംഗിയായ് നിവരുന്നു
അവൾ കിടന്നൊരാ പാതിക്കിടക്കയിൽ
പിളർന്ന നാവിനാൽ 
ചുണ്ടുരുമ്മി 
ഉറ പൊഴിഞ്ഞിളം 
മേനിത്തുടുപ്പിലൊരു സർപ്പം

ഇരുൾക്കെട്ടു പൊട്ടി
കെട്ടുപോകുന്നു വെട്ടം
അരിച്ചു കേറുന്നവൾ
പാദാദികേശം
തരിച്ചു പൊട്ടുന്നു
രോമകൂപങ്ങൾ
പൊടിഞ്ഞിറങ്ങുന്നു
ഘനജീവരസം
മറഞ്ഞു പോകുന്നു ബോധം
മതികെട്ടുറങ്ങുമ്പോൾ
ചെവിയിൽ മദിക്കും
സീൽക്കാരങ്ങൾ

രാ പുലരെ 
കുളിച്ചീറൻ മുടി 
ഈരിഴത്തോർത്തിൽ
പൊതിഞ്ഞു കെട്ടി
ചായകൊണ്ടു
വിളിച്ചുണർത്തുമ്പോൾ
നിലത്തു കാൽ കൊണ്ടു
വട്ടം വരച്ചിട്ടവൾ പറയുന്നു

ഇന്നലെ ഒന്നുറങ്ങിയെഴുന്നേറ്റു
നോക്കുമ്പോൾ
നിങ്ങളില്ലാ കിടക്കയിൽ
പകരമുണ്ടു കിടക്കുന്നൊരു സർപ്പം
ഞെട്ടി നിൽക്കുമ്പോൾ
അതരുമയായ് ചുണ്ടിൽ
ചുണ്ടു ചേർത്തു ജപിച്ച മന്ത്രത്തിൽ
പിണഞ്ഞു പോയി ഞാൻ
അഴിച്ചെടുക്കുവാൻ
കഴിയാതലിഞ്ഞു 
പോയാ സർപ്പ മേനിയിൽ

മെയ്യുകോർത്തുയർന്നു  പൊങ്ങിയും, 
ഫണങ്ങളുരുമ്മിയിഴഞ്ഞു നീങ്ങിയും
രാവൊടുങ്ങുമ്പോളുണ്ടുമെയ്യി
ലാഴ്ന്ന പല്ലിൻ  നീലച്ചപാടുകൾ

ഏതേതു സ്വപ്നമേതേതു
ജാഗരമെന്നു തീർച്ചയില്ലാത്തതിനാൽ
തമ്മിൽ ചുറ്റിവരിഞ്ഞുപോകുന്നു
പിന്നെയും നൃത്തമാടാൻ
കൊതിപ്പിക്കും പകലുകൾ



ശിവപ്രസാദ് പാലോട് 

May 28, 2020

ആർദ്രം (കഥ) ഉഷ മണലായ


ആർദ്രം 
 ഉഷ മണലായ

ഒരു മാസം മുമ്പാണ് എനിക്ക് ആ കത്തു കിട്ടിയത്.
   " പ്രിയപ്പെട്ട രാമു ,
മാധവൻ സാർ കാണണമെന്നു പറയുന്നു. തീർച്ചയായും വരണം. ഉപേക്ഷ കാണിക്കരുത്.
             സ്വന്തം
              ശ്രീമതി ചേച്ചി. "
പോകണമെന്നുറപ്പിച്ചതാണ്. കെട്ടിച്ചമച്ച യാന്ത്രികത്തിരക്കിൽ മനസ്സൊന്നുഴറിപ്പോയി. പിന്നതപ്പോഴോ മനസ്സിൽ നിന്നും മാഞ്ഞും പോയി.
     
       ഇന്ന് ഒരു അവധി ദിനം. മേശവലിപ്പിനുള്ളിൽ കുന്നുകൂടിക്കിടക്കുന്ന കടലാസുകൾ നീക്കം ചെയ്യുന്നതിനിടയിൽ തികച്ചും അവിചാരിതമായാണ് ആ കത്ത് വീണ്ടും ദൃഷ്ടിയിൽപ്പെട്ടത്  . രണ്ടു ദിവസത്തെ അവധി വാങ്ങി മറ്റൊന്നിനും കാതോർക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.


വണ്ടി ലേറ്റാണ്. സ്റ്റേഷനിലെ മായാക്കാഴ്ച്ചകളിലൊന്നും തന്നെ മനസ്സ് വ്യാപരിച്ചില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സ്മരണകളുടെ ഭാണ്ഡവും പേറി പ്ലാറ്റുഫോമിലൂടെ വെറുതെ നടന്നു.
                      'മടക്കേത്തറ ' അവിടെയായിരുന്നു എൻ്റെ ആദ്യത്തെ പോസ്റ്ററിംഗ്.  ഉൾനാടൻ ഗ്രാമങ്ങൾക്കിടയിലെ  ചെറിയ ഒരു പട്ടണം. മേലുദ്യോഗസ്ഥൻ്റെ ജാഡയേതുമില്ലാത്ത ഓഫീസർ മാധവൻ സാർ. നാൽപ്പതിനോടടുത്ത പ്രായം. യൗവ്വനം വിട പറയാൻ പോകുന്നതിൻ്റെ സൂചകമായി ഉയർത്തിക്കാട്ടുന്ന വെള്ളിക്കൊടികൾ തലയിലങ്ങിങ്ങായി കാണാം. നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി  സെറ്റിലായതാണ് സാറിൻ്റെ കുടുംബം. ഓഫീസിൻ്റെ വളരെയടുത്തായാണ് അദ്ദേഹത്തിൻ്റെ വീട്.

      ഒരു വീട് കണ്ടെത്തണം. ഒന്ന് രണ്ട് ദിവസം ഓഫീസ് സമയം കഴിഞ്ഞാൽ വീടന്വേഷണവുമായി ഞങ്ങൾ ഇറങ്ങും നടത്തത്തിനിടയിൽ എൻ്റെ വീട്ടീലെ അവസ്ഥ സാർ ചോദിച്ചറിഞ്ഞു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായാണ് സാർ ആ കാര്യം പറഞ്ഞത്.
"രാമൂന് ഓഫീസിൽ കിടത്തം തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടോ " ?
" ഇല്ല" യെന്നു ഞാൻ.
"എങ്കിൽ കിടത്തം അവിടെ തന്നെയാവട്ടെ. കഴിക്കാൻ ശ്രീമതിയുടെ കൈപുണ്യം. ഇനി മടുത്തൂന്ന് തോന്ന്വാണെങ്കിൽ അബൂക്കാൻ്റെ ചായക്കടേന്നും ആവാം. രാമൂന് എതിരഭിപ്രായം ഉണ്ട്ച്ചാൽ പറയണം ട്ടോ."
"ഇല്ല ". ഞാൻ തീർത്തു പറഞ്ഞു. അങ്ങനെ സാറും ശ്രീമതിചേച്ചീം മക്കളും ഉള്ള കുടുംബത്തിലെ ഒരംഗമായി ഞാനും മാറുകയായിരുന്നു.
                      തീവണ്ടി ഒരു ഫൂൽക്കാര ശബ്ദത്തോടെ സ്റ്റേഷനണഞ്ഞു. ഞാൻ എൻ്റെ ചിന്തകൾക്ക് വിരാമമിട്ട് അധികം തിരക്കില്ലാത്തൊരു കം ബാർട്ട്മെൻറിൽ കയറിക്കൂടി ഒരു വിൻഡോ സീറ്റ് തരപ്പെടുത്തി. ജാലകത്തിലൂടെ പുറം കാഴ്ച്ചകളിലേക്ക് തലയാഴ്ത്തി, ഒപ്പം എൻ്റെ ചിന്തകളുടെ വാതായനവും മലർക്കെ തുറന്നിട്ടു.

    മഞ്ഞുറഞ്ഞ പ്രഭാതങ്ങൾ മുറിയിലേക്ക് എത്തിനോക്കുമ്പോൾ മൂടിപ്പുതച്ച് കിടക്കുന്നതും സൂര്യകിരണങ്ങൾ വെയിൽ നാളങ്ങളെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ഗാഢനിദ്രയിലാകുന്നതും എനിക്ക് പണ്ടേ ഇഷ്ടമാണ്.മാധവൻ സാർ വളരെ നേരത്തെ ഓഫീസണയുന്നതു കൊണ്ട് ഞാൻ ആ ശീലം പാടെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടകങ്ങളേക്കാൾ ഭംഗിയുള്ള ഓഫീസ്  . ഒരോ ഫയലും വെക്കേണ്ടിടത്ത് അഥവാ ഇരിയ്ക്കേണ്ടിടത്ത് .അർജൻറായ ഒരു കടലാസ് ചോദിച്ചാൽ ഞാൻ തപ്പാൻ തുടങ്ങും അവസാനമില്ലാത്ത തപ്പൽ. കണ്ണടക്ക് മുകളിലൂടെ ഒരു പ്രത്യേക നോട്ടം നോക്കി അദ്ദേഹം പറയും ,"പടിഞ്ഞാറേ മൂലയിലെ രണ്ടാമത്തെ ഷെൽഫിലെ മൂന്നാമത്തെ ഡോയറിൽ ". അത് അച്ചട്ടായിരിക്കും.

    എക്കൗണ്ട് എൻഡിംഗ് ദിവസം, ആ വലിയ ലെഡ് ജർ തുറന്നു വെച്ച് മുകളിൽ നിന്നും താഴേക്ക് ദൃഷ്ടികൾ പായിക്കുമ്പോഴേക്കും അത്രയും സംഖ്യകൾ കൂട്ടിക്കഴിഞ്ഞിരിക്കും. 'കാൽക്കുലേറ്റർ തോറ്റോടും വേഗത '. എൻ്റെ മനസ്സറിയാതെ മന്ത്രിക്കും.
    സംഖ്യകൾ,  തീയ്യതികൾ ഒക്കെ ഓർത്തെടുക്കാനുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം  കമ്പ്യൂട്ടറിനേക്കാൾ എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല.
   ചിന്തകൾ കാടുകയറുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. വണ്ടി എനിക്കിറങ്ങാനുള്ള സ്റ്റേഷനടുത്തു. ഞാനിറങ്ങി.
     
     ഒരു ടാക്സി വിളിച്ച് പിൻസീറ്റിൽ ചാരിയിരുന്ന് ഒരിക്കൽക്കൂടി കത്തെടുത്ത് നിവർത്തി. കത്തിൻ്റെ മുകളിലുള്ള ആ സ്ഥലപ്പേര് എന്നെ ഏറ്റവും അധികം ആകർഷിച്ച പ്രദേശം .പച്ചപിടിച്ച കുന്നിൻചരിവുകളും, മൃദുല ധവളമഞ്ഞും  നിറഞ്ഞ , പ്രകൃതി സൗന്ദര്യത്തിൻ്റെ വിലാസ രംഗഭൂമി. അവിടെ വെച്ചാണ് ഞാൻ റബേക്കയെ കാണുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.
സമുദ്രത്തിൻ്റെ തുടിക്കൊട്ടൽ പോലെ എൻ്റെ ചിന്തകൾക്കും കനം വെച്ചു.
കോളിളക്കം സൃഷ്ടിച്ചൊരു കല്ല്യാണം. രണ്ടു വീട്ടുകാരുടെയും തിരസ്കരണം. അന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോ സാറും കുടുംബവും .

" പൂർവികർ പണിക്കഴിപ്പിച്ച ഈ സങ്കുചിത തറവാടുകൾ പുതുക്കിപ്പണിയാനൊന്നും നമ്മളെക്കൊണ്ടാവില്ല.അതിൻ്റെ ദ്രവിച്ച മേൽക്കൂരയിൽ നിന്നുള്ള മഴച്ചോർച്ചയും യഥാസ്ഥികത്വത്തിൻ്റെ തണുപ്പുമൊക്കെ പതിയെ കുറയും. അപ്പോൾ തിരിച്ചു വരാം.തത്ക്കാലം ദൂരേയ്ക്കൊരു ട്രാൻസ്ഫർ വാങ്ങൂ ".
സാറിൻ്റെ ഈ നിർദേശത്തെ ചേച്ചിയും കൂടി പിൻ താങ്ങിയപ്പോൾ ഒരു ഇൻറർ സ്റ്റേറ്റ് ട്രാൻസ്ഫർ വാങ്ങി പോന്നതാണ്.പിന്നെ ഒരു തിരിച്ചു പോക്കുണ്ടായില്ല.

ആദ്യമൊക്കെ മുടങ്ങാതെ കത്തയയ്ക്കുമായിരുന്നു.പിന്നതും കുറഞ്ഞു.
"സാർ മടക്കേത്തറയെത്തി ". ഡ്രൈവറാണ്.
ഞാനിറങ്ങി. ചുറ്റും നോക്കി. അടിമുടി മാറിയിരിക്കുന്നു.
പച്ചക്കിളിർത്ത പാടങ്ങളും വൈക്കോൽ കൂനകളും ചാണകം മെഴുകിയ തറകളും ഒന്നും കാണാനില്ല. ഇരുനില മാളികകൾ മാത്രം.
അബുക്കായുടെ ചായക്കട നിന്നിടത്ത് ഒരു വിദേശമദ്യക്കട. ഒന്നു ചോദിക്കണോ ? വേണ്ട മനസ്സു പറഞ്ഞു ഞാൻ നടത്തം തുടർന്നു.അതേ ഇതു തന്നെ . വീട് പുതുക്കി പണിഞ്ഞിരിക്കുന്നു . മുൻവശത്തേ ഡോർ അടഞ്ഞുകിടക്കുകയായിരുന്നു.
മുല്ലപ്പന്തലിന് ചുവട്ടിലെ ടാപ്പ് തുറന്ന് കാലും  മുഖവും കഴുകി. നനഞ്ഞ കൈ കൊണ്ട്  മുടി ചീകി ഒതുക്കി .
ഒരുപാട് കാലത്തിനു ശേഷം തന്നെ കാണുമ്പോൾ സാറിൻ്റെ മുഖത്ത് മിന്നി മറയുന്ന ഭാവമോർത്ത് ഒരു ചെറു ചിരിയോടെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഡോറ് തുറന്നു.ഒരു യുവതിയും പിന്നാലെ നാലഞ്ചു വയസ്സുള്ള പെൺകുട്ടിയും.
ഞാൻ സ്വയം  പരിചയപ്പെടുത്തി.
"ഇരിക്കൂ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ".
" സാറെവിടെ "?
"അച്ഛൻ പോയി ".
എങ്ങോട്ടെന്ന് ചോദിക്കാൻ ഒരുങ്ങും മുമ്പ് മറുപടി വന്നു.
" ഒരു മാസം മുമ്പായിരുന്നു അച്ഛൻ്റെ മരണം. അറ്റാക്കായിരുന്നു. 
" ചേച്ചി " ?
"അമ്മ ആറു മാസം മുമ്പും ". ഉള്ളിൽ തികട്ടി വന്ന ഗദ്ഗദം ഇറക്കാൻ ശ്രമിക്കവെ അവർ തുടർന്നു.
"അമ്മയുടെ മരണം പെട്ടെന്നായിരുന്നു. ഒരുറക്കത്തിൽ ആരുമറിയാതെ. അതിന് മുമ്പെ അച്ഛൻ്റ ഓർമ്മകൾ മങ്ങാൻ തുടങ്ങിയിരുന്നു.അമ്മയുടെ മരണത്തോടെ ഏതാണ്ട് പൂർണമായി ". അവരുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ എൻ്റെ തല കുനിഞ്ഞു പോയി. 
"കഴിച്ചതും കുളിച്ചതും മറന്നു പോവുക. പല്ലുതേപ്പും ഷെയ് വ് ചെയ്യലും അറിയാതാവുക .ഈ കുഞ്ഞിനെ പോലും മറന്നു പോവുക ".
കണ്ണിൽ നിന്ന് അടർന്നുവീണ മിഴിനീർ കണങ്ങൾ മായ്ക്കാൻ പാടുപെടുമ്പോൾ ഞാൻ കേട്ടു
"മുത്തശ്ശൻ ഒരീസം 'ജിമ്മീ 'ൻ്റെ ബിസ്ക്കറ്റ് എടുത്ത് തിന്നു".
തുടർന്ന് കേൾക്കാനുള്ള ശക്തിയില്ലാതെ ഞാൻ ഇറങ്ങിയോടി. അപ്പോൾ ഉറക്കെയുള്ള ഒരു തേങ്ങൽ കേട്ടു .അത് എൻ്റെ ഉള്ളിൽ നിന്ന് തന്നെയായിരുന്നു.


ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.