കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, September 4, 2020

September 04, 2020

കവിത മാതൃകാധ്യാപകൻ ജുബി ജുവൈരിയത്

 

 



കവിത
 

 മാതൃകാധ്യാപകൻ

 ജുബി ജുവൈരിയത്

 

 

അറിവിൻ
 ആവനാഴിയിലെ
അക്ഷരപൂവമ്പുകളെയ്ത്
ഹൃദയകാവടം തുറന്ന്
സ്നേഹത്തിൻ
കടലാഴങ്ങൾ തീർക്കണം..
ഒഴുക്കറ്റ നീരിൽ അഴുക്കൂറി നിൽക്കെ
ഒഴുക്കുള്ളോളമായ് അഴുക്കറ്റൊഴുകണം...
ഒഴുക്കിനൊത്തു നീന്തി
ത്തുടിയ്ക്കാനായക്കാതെ
എതിരെത്തുഴയുവാൻ
കരുത്തേക്കും തുഴയാകണം...
ഇടറുന്ന പാദങ്ങൾ
അടരാതെ നോക്കണം
വിടരുന്ന സ്വപ്നങ്ങൾ
കൊഴിയാതെ കാക്കണം.
പുസ്തകം മാത്രം
പകർത്താതിരിക്കണം
ഹൃദയത്തിൽ
നിന്നുമൊഴുക്കി
ക്കൊടുക്കണം...
വീഴ്ചയ്ക്കിടം കൊടുക്കാതെ താങ്ങീടണം
കാഴ്ചയ്ക്ക് കണ്ണാടിയായി
മാറീടണം...
വിനയത്തിൻ വെണ്തിരി
യായ് നിന്നുരുകണം
വിജ്ഞാന തീജ്വാല
കത്തിപ്പടർത്തണം...
ആദിത്യനായിന്നൊ-
രച്ഛനായ് മാറണം
പൂനിലാവമ്മയായ്
പുഞ്ചിരി തൂകണം..
കൂടെക്കളിക്കുന്ന
കൂട്ടായിത്തീരണം
കാട്ടിൻ നടുവിലും
ചൂട്ടായി മാറണം...
ഉയരെപ്പറക്കാൻ
ചിറകു കൊടുക്കണം
അതിരു മുറിക്കാതെ
ചരടു പിടിക്കണം...
ശിൽപം മെനയുന്ന
ശില്പിയായ് തീരണം
ശില്പത്തിൻ ചാരുത
ശാശ്വതമാക്കണം..






September 04, 2020

ഗുരുവേ നമ: മണികണ്ഠന്‍ കാരാകുര്‍ശി

 

ഗുരുവേ നമ:
മണികണ്ഠന്‍ കാരാകുര്‍ശി



ഐരാവതം വെളുപ്പ് .....
പറയടോ ....
എന്നു പറഞ്ഞ് ഊരി വടി കൊണ്ട് ചന്തിക്ക് പെരുമാറുമ്പോൾ ചിരിയടക്കിപ്പിടിച്ച് കുടുക്കു പൊട്ടിയ ട്രവസറും കൂട്ടിപ്പിടിച്ച് നിൽക്കും...
വയറു വേദന വരുമ്പൊ ചിലപ്പോൾ അമ്മ വച്ചു തരാറുള്ള കഷായത്തിൽ ഇടാറുള്ള അയമോദകം എനിക്ക് സുപരിചിതമായിരുന്നു... ഐരാവതം എന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നത്തെ വിദ്യാഭ്യാസ രീതി അതനുവദിച്ചിരുന്നില്ല.

വിക്ടോറിയയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എസ്. ഗുപ്തൻ നായരുടെ മകൻ എം.ജി.ശശിഭൂഷൺ സർ
കാശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രന്റെ വാഹനമാണ് ഇതെന്നും ഇന്ദ്രന്റെ ആനയായ ഇരാവതിയുടെ സന്താനമാണ് ഐരാവതം എന്നും പറഞ്ഞു തരുന്നവരെ എനിക്ക് ഐരാവതം ഒരു ചിരിമരുന്നു തന്നെയായിരുന്നു.

ഉച്ചത്തിൽ ഉച്ഛാരണ ശുദ്ധിയോടെ ഭാഷ പറയാൻ പഠിപ്പിച്ച എന്റെ ഒന്നാം ക്ലാസ് അധ്യാപിക മാഞ്ചുരുണ്ട ദേവകി ടീച്ചറെ ഈ അധ്യാപക ദിനത്തിൽ സ്നേഹത്തോടെ ബഹുമാനത്തോടെ ഞാൻ ഓർമ്മിക്കുന്നു.
എന്നെ കൃഷ്ണന്റെ മകൻ, സുരേഷിനെ രാമൻകുട്ടിയുടെ മകൻ ബാബുവിനെ നാണപ്പാശാരിയുടെ പേരക്കുട്ടി ശ്രീജയെ മ്മടെ കുഞ്ഞു കുട്ടി ടീച്ചറുടെ മകൾ എന്നിങ്ങനെയാണ് മറ്റ് അധ്യാപകരോട് പറയുക. ഓരോ കുടുംബങ്ങളിലും തലമുറകളായുള്ള അടുത്ത പരിചയവും ആത്മബന്ധവും ടീച്ചറുടെ ഒരു സവിശേഷത തന്നെയായിരുന്നു

ഇടക്ക് കാണുമ്പോൾ ഓർമ്മയുണ്ടോ ടീച്ചറേ.... എന്നു ഞാൻ ചോദിക്കുന്നതിനു മുമ്പു തന്നെ
എന്താടോ മണികണ്ഠാ ... അമ്മക്കൊക്കെ സുഖം? എന്ന് ഇങ്ങോട്ട് ചോദിച്ച് അതിശയിപ്പിച്ചിട്ടുണ്ട്.
ഓർമ്മയും കാഴ്ചയും ടീച്ചർക്ക് ഒരു അനുഗ്രഹംന്നെയാണ്. ......
ഏവർക്കും അധ്യാപക ദിനാശംസകൾ
September 04, 2020

ചായക്കാശിന്റെ വില സി.സുരേഷ് സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.

ചായക്കാശിന്റെ വില
സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.


ഇന്ന് അധ്യാപക ദിനം ... നമ്മളെ നമ്മളാക്കിയവരെ ഓർക്കാനും ആദരിക്കാനുമായി ഒരു ദിവസം.... !
പഠിക്കുന്ന കാലത്ത് പല അധ്യാപകരോടും നമുക്ക് സ്നേഹവും ബഹുമാനവുമൊക്കെ തോന്നുമെങ്കിലും അവരുടെ യഥാർത്ഥ മഹത്വം തിരിച്ചറിയാൻ കഴിയുന്നത് പലപ്പോഴും മുതിർന്ന ശേഷമായിരിക്കും.
അത്തരം ശ്രേഷ്ഠ ജീവിതങ്ങളെ മാതൃകയാക്കാൻ ശ്രമം നടത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന എൻ്റെ അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവം എൻ്റെ പ്രിയപ്പെട്ട മുഴുവൻ ഗുരുക്കന്മാരേയും സ്മരിച്ചു കൊണ്ട് ഞാനിവിടെ ഈ അധ്യാപക ദിനത്തിൽ പങ്കുവെക്കട്ടെ...

അഞ്ചാറ് വർഷങ്ങൾക്കു മുമ്പ് ഒരു ഒഴിവുദിവസം രാവിലെ വീടിനടുത്തുള്ള ഒരു ചായക്കടയിലേക്ക് രണ്ടുമൂന്ന് ചെറുപ്പക്കാർ വന്നു കയറി.
ചായയും കുടിച്ച് പത്രവായനയിൽ മുഴുകിയിരുന്ന ഞാൻ അവരെ കാര്യമായി ശ്രദ്ധിച്ചതേയില്ല. കടയിൽ തിരക്കുകൂടിയതിനാൽ ഞാൻ പത്രവുമെടുത്ത് അവിടെ നിന്നും പുറത്തിറങ്ങി വായന തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്നെ ആരോ പിന്നിൽ നിന്നും തോണ്ടിയതായി തോന്നി, ഞാൻ തിരിഞ്ഞു നോക്കി...
ഇരുപത് വയസ്സിനു താഴെ മാത്രം പ്രായം മതിക്കുന്ന, ലുങ്കിയും ഷർട്ടും ധരിച്ച,ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിക്കുകയാണ്...!
കുറ്റിത്തലമുടി...!ഉയരം കുറഞ്ഞതെങ്കിലും ആരോഗ്യമുള്ള വെളുത്ത ശരീരം.. !ജീവിതത്തോടുള്ള സകല പ്രതീക്ഷയും തിളങ്ങി നിൽക്കുന്ന വെള്ളാരംകണ്ണുകൾ...!

"മാശേ, ചായടെ പൈസ ഞമ്മള് കൊടുക്കട്ടേ...!"ഞാൻ അത്ഭുതത്തോടെ അവനെ  സൂക്ഷിച്ചു നോക്കി.

"മാശ്ക്ക് മനസ്സിലായില്ലേ..? ഞാൻ കാശിമാ... കാശിം...!"
"മാശടെ ക്ലാസില്ണ്ടായിരുന്നു... മാശെന്നെ പഠിപ്പിച്ചിട്ടുണ്ട് ... "
ഇത്രയും പറഞ്ഞ് തൊട്ടടുത്തുള്ള തൊടിയിൽ നിറയെ കണ്ണിമാങ്ങകളുമായി നിൽക്കുന്ന വലിയ മാവിലേക്ക് ചൂണ്ടി അവൻ പറഞ്ഞു... " ഞങ്ങള് മാങ്ങ പറിക്കാൻ വന്നതാ..."
ഇത്രയുമായപ്പോഴേക്കും എൻ്റെ അധികം പഴക്കംതട്ടാത്ത ഓർമ്മകളിൽ നിന്ന് ഞാനവനെ ചികഞ്ഞ് പുറത്തെടുത്തു ....!
ഏകദേശം 10 വർഷം മുമ്പുള്ള ഒരഞ്ചാം ക്ലാസ് എൻ്റെ മുന്നിലപ്പോൾ തെളിഞ്ഞു നിവർന്നു...അവിടെ മാനസികാരോഗ്യം അല്പം കുറവുള്ളവനും ഇക്കാലത്താണെങ്കിൽ ഭിന്നശേഷി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നവനുമായ ഒരാൺകുട്ടിക്ക് ചുറ്റും നിന്ന് മറ്റു കുട്ടികളെല്ലാം  ആർത്തുവിളിക്കുകയാണ്....
അവൻ്റെ പഴക്കമുള്ള ഒരു ചെരിപ്പ് ഒരുത്തൻ നീളമുള്ള ഒരു വടിയിൽ കോർത്ത് ഉയർത്തിപ്പിടിച്ചിരിക്കുന്നു...!
" കാസിമിൻ്റെ ചെരുപ്പ് .. കാസിമിൻ്റെ ചെരുപ്പ്..." എന്ന് അവർ കൂവിയാർക്കുമ്പോൾ ഏതോ വിചിത്രലോകത്തിലെത്തിപ്പെട്ടവനേപ്പോലെ ആ കുട്ടി ആകെ പരിഭ്രമിച്ച് ഇരിക്കുകയാണ്...
കുട്ടികളെയെല്ലാം ശാസനയോടെ അടക്കിയിരുത്തിയ ശേഷം ഞാൻ കരുണയോടെ അവനെ നോക്കി. എന്നെ ഒന്ന് പാളി നോക്കിയ ശേഷം അവൻ വിദൂരമായ ഏതോ ബിന്ദുവിലേക്ക് കണ്ണും നട്ടിരുന്നു... ഭയവും സങ്കടവും കാരണം അവൻ്റെ മുഖം വിങ്ങിത്തുടുത്തിരുന്നു..
" ഓന് ഉമ്മേം കൂടപ്പിറപ്പോളും ആരൂല്ല മാഷേ.... ഞമ്മള് പണിക്ക്വോവുമ്പോ ഓനെ എവിടേം ആക്കാൻ നിവൃത്തില്ല.. ബുത്തി ലേശം കമ്മ്യല്ലേ.... അതോണ്ട്, ഞമ്മടെ കുട്ട്യേ, ബടെ ചേർക്കണം... "കണ്ണിൽ വെള്ളം നിറച്ച്, അവൻ്റെ പാവം ഉപ്പ അവനെ അഞ്ചാം ക്ലാസിൽ ചേർക്കാൻ വന്നപ്പോൾ ഹെഡ്മാസ്റ്ററോട് പറഞ്ഞത് എനിക്കോർമ്മ വന്നു.
" കാസിമിൻ്റെ ചെരിപ്പ് " എന്ന അഞ്ചാം ക്ലാസിൽ അന്ന് പഠിക്കാനുണ്ടായിരുന്ന നാടോടിക്കഥയിലെ കഥാപാത്രമായി അവനെ സങ്കല്പിച്ചു കൊണ്ടുള്ള ആഘോഷമായിരുന്നു ക്ലാസിൽ നടന്നത്.
"സാരല്ല്യ... ഇനി ഇവരാരും നിന്നെ ഒന്നും ചെയ്യില്ല്യ..." എന്നും പറഞ്ഞ് അവനെ അടുത്ത് ചേർത്തുനിർത്തിയപ്പോൾ അവൻ്റെ കുഞ്ഞിക്കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു..!
അവിടുന്നങ്ങോട്ട് അവൻ്റെ കുസൃതികളും കരച്ചിലും മറ്റു കുട്ടികളുടെ അവനെക്കുറിച്ചുള്ള പരാതികളുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞടർന്നു ... കുട്ടികളെ തുപ്പുകയും ചിലപ്പോൾ കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്ന അവനെക്കുറിച്ചുള്ള പരാതികൾ തീർക്കാൻ മാത്രം മലയാളം പീര്യേഡിൻ്റെ ആദ്യത്തെ പത്ത് മിനിട്ട് ദിവസവും എനിക്ക് മാറ്റിവെക്കേണ്ടി വന്നു...
"നല്ല പുത്തൻ പൂശ കൊടുക്കാഞ്ഞിട്ടാ..." എന്ന രീതിയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളൊന്നും എന്തുകൊണ്ടോ ചെവിക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല.
കുട്ടികൾ അവനെ തിരിച്ചും ഉപദ്രവിച്ചിരുന്നുവെങ്കിലും അവന് പാവം പരാതിപ്പെടാൻ പോലും അറിയില്ലായിരുന്നു ...
എന്തായാലും ക്ലാസിലെ കുട്ടികളെയെല്ലാം അവൻ്റെ അവസ്ഥ ഞാൻ പലരീതിയിൽ പറഞ്ഞ് ബോധ്യപ്പെടുത്തി.ദിവസങ്ങൾ കഴിയുന്തോറും പരാതികൾ കുറഞ്ഞ് കുറഞ്ഞ് വരുന്നതും പകരം അവിടെ സ്നേഹത്തിൻ്റെ മുകുളങ്ങൾ പൊട്ടി വരുന്നതും എനിക്ക് കാണാനായി ..!
ക്ലാസിൽ ,കഥയിലെ പിശുക്കനും മരുന്നു വില്പനക്കാരനുമായ കാസിമിന് അയാളുടെ പഴകിയ ചെരിപ്പുമായി ബന്ധപ്പെട്ട് വന്നു പിണയുന്ന അബദ്ധങ്ങളിൽ കുട്ടികളെല്ലാം ആർത്തു ചിരിക്കുമ്പോൾ, കൂടെ അവൻ്റെ ചുണ്ടുകളിലും ചെറുപുഞ്ചിരി മിന്നിമറയുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു.  നിഷ്കളങ്കമായ കൂട്ടുകാരുടെ സ്നേഹലാളനകളും പരിഗണനയും ക്രമേണ,അവനിൽ വരുത്തിത്തീർത്ത അത്ഭുതകരമായ മാറ്റങ്ങൾക്ക് ഞാനും സാക്ഷിയായി ..! കളിക്കാനും ചിരിക്കാനും കരയാനുമൊക്കെ കഴിയുന്ന ഒരു കുട്ടിയായി, പതുക്കെയാണെങ്കിലും, കാസിം മാറിക്കൊണ്ടിരുന്നു...

തിരക്കുകൾ കൂടെക്കൂട്ടി ...ദിവസങ്ങൾ, മാസങ്ങളും വർഷങ്ങളുമായി മുന്നോട്ടു നീങ്ങി... മകനെ നല്ല രീതിയിൽ നോക്കി സംരക്ഷിച്ച വിദ്യാലയത്തോട് സ്നേഹവും കടപ്പാടും അറിയിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ച്, ഏഴാം ക്ലാസ് കഴിഞ്ഞ മകൻ്റെ ടി.സിയും വാങ്ങി പടിയിറങ്ങുന്ന ഉപ്പയുടെ കൂടെ കണ്ണുകൾ നിറച്ച് നടന്നു നീങ്ങുന്ന കാസിം ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അവൻ നടന്നു മറയുന്നത് വെറുതേനോക്കി നിന്ന എൻ്റെ ഉള്ളിലും എന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് ഞാനറിഞ്ഞു .. .!

പിന്നെ, ഇതുവരേയും ഞാൻ കണ്ടിട്ടില്ലാത്ത ആ കാസിമാണ് നല്ല ഒരു  ജീവിതം എത്തിപ്പിടിക്കാനുള്ള തോട്ടിയുമായി മുന്നിൽ നിന്ന് വെളുക്കെ ചിരിക്കുന്നത് ....! ഞാൻ കുടിച്ച ചായയുടെ പൈസ  കൊടുക്കാൻ സന്തോഷത്തോടെ തയ്യാറായി നിൽക്കുന്നത്....!

ഞാൻ അവനെ തടഞ്ഞില്ല.. ഞാൻ കുടിച്ച ചായയുടെ പണവും  നൽകി,യാത്രപറഞ്ഞ് കൂട്ടുകാരോടൊപ്പം തോട്ടിയും കുട്ടയുമെടുത്ത് ചുറുചുറുക്കോടെ  നടന്നു നീങ്ങുന്ന കാസിമിനെ നോക്കി നിൽക്കവേ എനിക്ക് തോന്നി .... പതിനെട്ട് വർഷത്തെ അധ്യാപനത്തിലൂടെ ഞാൻ നേടിയതെല്ലാം കൂടി  ചേർത്തുവെച്ചാലും കാസിം കൊടുത്ത എൻ്റെ ചായക്കാശിന് പകരമാവുന്നില്ലല്ലോ......



ആറ് വർഷങ്ങൾക്കു മുമ്പ് എനിക്കുണ്ടായ  തോന്നൽ ഈ അധ്യാപക ദിനത്തിൽ ഞാൻ വീണ്ടും പുതുക്കുന്നു.

സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.

September 04, 2020

അധ്യാപകദിന ചിന്ത - 2020 എം.വി.ഷാജി




 
അധ്യാപകദിന ചിന്ത - 2020

,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എം.വി.ഷാജി


,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സത്യസന്ധമായി ഒരു കാര്യം പറയട്ടേ...
ഒട്ടും അലങ്കാരമില്ലാത്ത
ഹൃദയപരമാർത്ഥം...

എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയ, പ്രചോദിപ്പിച്ച ,
എന്നിലെ എന്നെ കണ്ടെത്തിയ

എന്നൊക്കെ ആവേശത്തോടെ സ്മരിക്കാവുന്ന അധ്യാപകമുഖങ്ങൾ അധികമൊന്നും ഏതാണ്ടിരുപതു വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.(അദൃശ്യ പ്രചോദനങ്ങളായ ചിലരെക്കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട് )പലവഴി തെണ്ടിയലഞ്ഞ് പലവിധ അവഹേളനങ്ങും ആട്ടും തുപ്പും തിരസ്ക്കാരങ്ങളും സഹിച്ച് രൂപപ്പെട്ട വ്യക്തിത്വത്തിന് ആരോടെങ്കിലും നന്ദി പറയണോ എന്നറിയില്ല.എന്നും പ്രചോദിപ്പിച്ച ഒരധ്യാപകൻ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത എം.എൻ.വിജയൻ മാഷാണ്!

അലച്ചിലുകളും പൊരുത്തപ്പെടാൻ കഴിയാത്ത റിബൽ ചിന്തകളും വ്യവസ്ഥിതിയോടുള്ള കലാപവും പലകാലത്ത് പലതാക്കിയ
ചിതറിയ ചിത്രങ്ങൾ ചേർത്തുവെച്ച് കൊളാഷ് പോലെ ഞാനെന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവിസ്മരണീയനായ ഒരധ്യാപകന്റെ ദൃശ്യമോ അദൃശ്യമോ ആയ കരങ്ങൾ ആ രൂപപ്പെടുത്തലിൽ വല്ലാതെ അനുഭവിച്ചിട്ടില്ല.

സ്കൂൾ ,കോളേജ് കാലത്ത് എന്നെ കേട്ട
എന്നെക്കൊണ്ട് പറയിപ്പിച്ച, എന്നെ അഭിസംബോധന ചെയ്ത അധികം
അധ്യാപകരെയൊന്നും ലഭിച്ചിട്ടില്ല.

എങ്ങനെയുള്ള അധ്യാപകനാവരുതെന്ന് ഹൈസ്കൂൾ ക്ലാസിൽ 3 വർഷം പഠിപ്പിച്ച ഒന്നു രണ്ടധ്യാപകർ കാണിച്ചു തന്നു.

തളിപ്പറമ്പ് സർ സയ്യദിലെ പ്രീഡിഗ്രിക്കാലമാണ് (First Group) അധ്യാപകർക്ക് എത്ര മനുഷ്യത്വരഹിതമായി കുട്ടികളോട് പെരുമാറാമെന്ന് വ്യാകുലപ്പെടുത്തിയത്.

അധ്യാപക പരിശീലനത്തിന് കണ്ണൂർ ടി.ടി.ഐയിൽ എത്തിയപ്പോഴാണ് ജീവിതത്തിൽ ഏറ്റവുമധികം വെറുത്തു പോയ, അധ്യാപകനെന്ന വിശേഷണത്തിനു പോലും അർഹതയില്ലാത്ത ഒരാളുടെ ക്ലാസിൽ ആത്മനിന്ദയോടെ ഇരിക്കേണ്ടി വന്നത്.

ശ്രീകണ്ഠാപുരം എസ്.ഇ.എസിലെ ഡിഗ്രിക്കാലത്തെ അധ്യാപകർ പലരും നല്ല സൗഹൃദത്തോടെ പെരുമാറിയിരുന്നു.
എങ്കിലും വിദ്യാർത്ഥി സംഘടനയും കോളേജ് യൂണിയനുമൊക്കെയായി അധികവും
ക്ലാസിന് പുറത്തായിരുന്ന ഞാൻ
അന്ന് അവരുടെ സ്വാധീനങ്ങൾക്കൊന്നും തൊടാൻ കഴിയാത്ത 'ഉയരത്തി' ലായിരുന്നു.

ഇരുപതുവർഷം നീണ്ട എന്റെ അധ്യയന കാലത്ത് പലപ്പോഴായി ചില അധ്യാപകർ കുട്ടികളോടു കാണിച്ച ക്രൂരതകൾ ഓർക്കുമ്പോൾ അധ്യാപകനെന്ന നിലയിൽ ഓരോ ദിവസവും എന്നെ നവീകരിക്കാൻ എനിക്ക് കഴിയുന്നുണ്ട്.

സർക്കാരിന്റെ പി.എസ്.സി പരീക്ഷയെഴുതി
ആദ്യം വാച്ച്മാനായും പിന്നെ പല നിയമന ഉത്തരവുകളുടെ കൂട്ടത്തിൽ സാമാന്യം ഭേദപ്പെട്ട പ്രൈമറി അധ്യാപകനായും നിയമനം ലഭിച്ച് ഇസ്പേഡ് ഏഴാം കൂലിയിൽ നിന്ന് ചിട്ടിക്ക് ജാമ്യം നിൽക്കാൻ കൊള്ളാവുന്ന വനായി എന്നെ രൂപപ്പെടുത്തിയ കേരളത്തിന്റെ ഇടതു സാമൂഹ്യവ്യവസ്ഥയ്ക്ക് നന്ദി.

വിദ്യാർത്ഥി സംഘടനയും പൊതു പ്രസ്ഥാനങ്ങളും ഗ്രന്ഥശാലാപ്രവർത്തനവും കലാസമിതികളുമൊക്കെ രൂപപ്പെടുത്തിയതാണ് -
(ശാസ്ത്രസാഹിത്യ പരിഷത്തിലും പത്തു പതിനഞ്ചു വർഷമുണ്ടായിരുന്നു.
പക്ഷെ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവ് - ആത്മനിഷ്ഠമാവാം - അതിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാക്കി) - എന്നിലെ
സാംസ്കാരികബോധം.

അതിനു പിന്നിൽ ആവേശം കൊള്ളിക്കുന്ന അധ്യാപക ഓർമ്മകൾ തുലോം കുറവ്...
സ്വാധീനിച്ച വ്യക്തിത്വങ്ങൾ പലരും അധ്യാപകരായിരുന്നില്ല, അഥവാ ഔപചാരികമായി പഠിപ്പിച്ചവരായിരുന്നില്ല.

പതിനേഴുവർഷമായി അധ്യാപകനാണ്. ഇക്കാലയളവിൽ ഞാൻ പഠിപ്പിച്ച മൂവായിരത്തിലേറെ കുട്ടികളിൽ ഒരാളെങ്കിലും എന്നെ രൂപപ്പെടുത്തിയത് ഷാജി മാഷാണ് എന്ന് പറയാനില്ലെങ്കിൽ
(ഒന്നു രണ്ടുപേർ കാണുമെന്നാണ്
അന്ധവിശ്വാസം!) എന്തൊരു
ദുരന്തമാണ് ഞാൻ!

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.