കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, May 25, 2020

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.

                        വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ

വിദ്യാരംഗം മുൻ പത്രാധിപർ കെസി.അലി ഇക്ബാൽ എഴുതുന്ന                                                                              പരമ്പര
     ഓർമ്മയിലെ കാന്താരി മധുരം



 ഒരു കാലഘട്ടത്തെ ഓർത്തെടുക്കുമ്പോൾ ദേശം അതിൻ്റെ തെളിമയോടെ കടന്നു വരും.സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ രേഖപ്പെടുത്തലായത് ചരിത്രമെഴുതും

                                                     ഓർമ്മകൾക്ക് മധുരമുണ്ട്. ജീവിതത്തിൻ്റെ അനുഭവസാക്ഷ്യങ്ങളാണവ. കഴിഞ്ഞ കാലത്തെ നോവും ചിരിയും  പകപ്പും ഓർത്തെടുക്കുമ്പോൾ ഉള്ള് തുടികൊട്ടുന്നുണ്ട്. ഞാനാദ്യം ഞാനാദ്യം എന്നു പറഞ്ഞ് അനുഭവങ്ങൾ തിക്കിത്തിരക്കുന്നുണ്ട്.ഇതിൽ തട്ടിക്കിഴിച്ചെടുക്കുന്ന ഓർമ്മകളിൽ പലതും കണ്ണുനനച്ച് ഇന്നും കൂടെ നടക്കുന്നു .ചിലത് ഉള്ളിലൊരു തീരാ നീറ്റലാണ്.  എങ്കിലും കാറ്റിൻ്റെ ഗതിവേഗങ്ങൾ പോലെ മഴയുടെ താളപ്പെരുക്കം പോലെ സൂര്യൻ്റെ ഉച്ചത്തിളപ്പു പോലെ
ഇവിടെ ഞാനെൻ്റെ ബാല്യത്തെ ചേർത്ത് വയ്ക്കട്ടെ.
   ഞാനെന്ന കുട്ടി. തന്നിലേയ്ക്ക് ചുരുണ്ടൊതുങ്ങിയ കാലം .എന്നിട്ടും സംഭവബഹുലമായ ഒരു കുട്ടിക്കാലം എനിയ്ക്കുമുണ്ടായി.അപ്രതീക്ഷിതമായി അതെന്നെ ഉന്തിയും തള്ളിയും ജീവിതത്തിൻ്റെ ചൂരും ചൂടും പകർന്ന് വളർത്തി. എൻ്റെ ബാല്യം ആദ്യമൊക്കെ വാത്സല്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പരിലാളനമേറ്റിരുന്നെങ്കിലും പത്തോ പന്ത്രണ്ടോ വയസാകുമ്പോഴേയ്ക്കത് ഏറെ ദുഷ്ക്കരമായി മാറിയിരുന്നു. സുഭിക്ഷതയുടെ ആഘോഷത്തിമിർപ്പിൽ നിന്ന് വിശപ്പിൻ്റെ ദുരന്തകാലത്തേയ്ക്ക് എറിയപ്പെട്ട കാലം. ഈ അനുഭവങ്ങൾ  ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് ഒരു പക്ഷേ  കെട്ടുകഥകളായി തോന്നാം. ചില ബാല്യ കാലാനുഭവങ്ങൾ ഞാനെൻ്റെ മകളോട് പറഞ്ഞിട്ടുണ്ട്.  അന്നത് അവളിൽ കൗതുകമുണർത്തിയോ എന്നെനിക്കറിയില്ല. തന്നെ അടയാളപ്പെടുത്തിയ ബാല്യ കാലാനുഭവങ്ങളെ നിധിപോലെ ഓർത്തു വച്ച് കഥ പോലെ പറയുന്നതിൽ അനൽപ്പമായ അഭിമാനമുണ്ട്.
      അറുപതുകളുടെ അവസാനത്തിൽ എൻ്റെ ഉപ്പ മൂന്നോ നാലോ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അവയിൽ 'പാത്തുമ്മയുടെ മകൻ' എന്ന ആത്മകഥാ സ്വഭാവമുള്ള ഒരു നോവലുണ്ട്. അന്നത്തേതിൽ നിന്ന് നമ്മുടെയെല്ലാം വായനയിലും എഴുത്തിലും ഭാഷാപ്രയോഗ രീതികൾ മാറിയിട്ടുണ്ടെങ്കിലും 'പാത്തുമ്മയുടെ മകൻ്റെ 'കഥ പറച്ചിൽ രീതിയുടെ ഒരു മിന്നലാട്ടം എൻ്റെ എഴുത്തിലുമുണ്ടെന്ന് തോന്നുന്നു.

              ഈ കുറിപ്പുകളിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളിൽ പലരും ഇപ്പോഴും എൻ്റെ ചുറ്റുവട്ടത്തുണ്ട്.അതുകൊണ്ട് എഴുതിക്കഴിഞ്ഞ ശേഷം അവരെ വായിച്ചു കേൾപ്പിക്കാനോ തിരുത്തി വാങ്ങിക്കാനോ അവസരം ലഭിച്ചു.ഒരു ഓർമ്മ സഞ്ചാരം അവർക്കും രസകരമായിരുന്നു. കുറിപ്പുകളിലെ ചില പേരുകളൊഴിച്ചാൽ മറ്റെല്ലാം സത്യസന്ധമായ പറച്ചിലുതന്നെയാണ്.  ഒരു കാലഘട്ടത്തെ ഓർത്തെടുക്കുമ്പോൾ ദേശം അതിൻ്റെ തെളിമയോടെ കടന്നു വരും.സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ രേഖപ്പെടുത്തലായത് ചരിത്രമെഴുതും
                           ഓരോ ഓർമ്മകളും ഫേസ്ബുക്കിൽ കുറിച്ചിട്ടപ്പോൾ പല സുഹൃത്തുക്കളും ഇതെല്ലാം എഡിറ്റ് ചെയ്ത് പുസ്തകമാക്കണമെന്ന അഭിപ്രായമറിയിച്ചിരുന്നു. എൻ്റെ ഓർമ്മകൾക്കൊപ്പം നടന്നവർക്ക് സ്നേഹമറിയിക്കുന്നു.ഇതിലെ ഓരോ അനുഭവത്തിനും സമാനമായ അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടാകും. പക്ഷെ, ഞാൻ കരുതുന്നത് ഇവയ്ക്കിടയിൽ എവിടെയൊക്കെയോ ചില പാഠങ്ങളുണ്ടെന്നാണ് ; പ്രത്യേകിച്ച് കുട്ടികൾക്ക് .ചിലതൊക്കെ കുട്ടിക്കാലത്തെ വെറും തമാശകളായി തോന്നുന്നുണ്ടെങ്കിലും, ചുറ്റുപാടുകൾ അന്നത്തേതിനേക്കാൾ മാറിയിട്ടുണ്ടെങ്കിലും.....
                                                                        എൻ്റെ ഈ അരിക്കിലാമ്പ് വെട്ടത്തിരുന്ന്
സ്വന്തം ജീവിതവുമായി ഈ അനുഭവങ്ങളെ താരതമ്യം ചെയ്യുന്നത് രസകരമായിരിക്കും.  അങ്ങനെ നിങ്ങളെ സ്വന്തം കുട്ടിക്കാലത്തേക്ക്  കൊണ്ടു പോകാൻ ഈ കുറിപ്പുകൾ സഹായിച്ചേക്കും .

ഒന്ന്

പത്തിരിയുടെ കാല്
  എനിക്കന്നൊരു മൂന്നര നാലു വയസ്സായിക്കാണും.അക്കാലത്ത് മുസ്ലിം വീടുകളില്‍ കല്യാണങ്ങളേറെയും രാത്രികളിലാണ് നടന്നിരുന്നത്.അത്തരം ഒരു കല്യാണരാവിലാണ് പത്തിരിക്ക് കാലുണ്ടാവുന്നത്.അത് ഞാനാണ് കണ്ടെത്തിയത്.
      ഒരു കല്യാണസംഘം കാല്‍നടയായി യാത്ര ചെയ്യുകയാണ്. കുറ്റാകുറ്റിരുട്ടൊന്നുമല്ല,നല്ല വെണ്‍ നിലാവ്.എങ്കിലും പെട്രോമാക്സ് ചുമലിലേറ്റി വെളിച്ചം കാണിച്ച് ചിലര്‍... മുന്നില്‍,പിന്നില്‍,മദ്ധ്യത്തില്‍...എല്ലാം വെളിച്ച തൊഴിലാളികള്‍.....പില്‍ക്കാലത്ത് ടോര്‍ച്ച് എന്ന്പേരുകേട്ട ഞെക്കു വിളക്ക് അന്ന് പ്രചാരത്തിലില്ല. 


         കല്യാണസംഘത്തിന്‍റെ യാത്ര രസകരമാണ്.കൈകൊട്ടിപ്പാട്ടും ആരവങ്ങളുമുണ്ട്.കാരണവന്‍മാരായ കുറച്ച് ആണുങ്ങള്‍ മുന്നില്‍ വെളിച്ചത്തിന് തൊട്ടുപുറകിലുണ്ടാകും.അക്കൂട്ടത്തിലാണ് ഞാന്‍ ഉപ്പയോടൊപ്പം. അതിനു പുറകില്‍ പെണ്ണുങ്ങളാണ്.അവിടെയും വെളിച്ചക്കാരുണ്ട്.സെക്യൂരിറ്റി നൽകാന്‍ നിയോഗിച്ച ആണുങ്ങളും. അതിനും പിന്നില്‍ ചെറുപ്പക്കാര്‍.കൂട്ടത്തില്‍ വരനുമുണ്ടാകും. പാട്ടും തിമിര്‍ക്കലുമെല്ലാം അവിടെയാണ്.അങ്ങനെ പാട്ടും വര്‍ത്തമാനങ്ങളു മായി രസകരമായ നടത്തത്തിനിടയ്ക്കാണ് പുഴ;സാക്ഷാല്‍ ഭാരതപ്പുഴ.
          പുഴ ഇന്നത്തെപ്പോലെയല്ല. തൂവെള്ള മണല്‍പ്പരപ്പിലൂടെ നടക്കാന്‍ നല്ല സുഖമാണ്.ചെരിപ്പൊന്നും അധികമാര്‍ക്കുമില്ല. അതൊന്നും ആരെയും അലോസരപ്പെടുത്തുന്നുമുണ്ടായിരുന്നില്ല.ചിലഭാഗങ്ങളില്‍ നീര്‍ച്ചാലുകളുണ്ടെങ്കിലും വെളിച്ചത്തിന്‍റെ സഹായമില്ലാതെ തന്നെ നടക്കാനാകും.മണല്‍ വാരി പുഴ നിറയെ കാടുകെട്ടിയത് പിന്നെയുമൊരു മൂന്നു മൂന്നര പാതിറ്റാണ്ടിനു ശേഷമാണ്.അന്ന് മണലെ ടുത്തുണ്ടായ ചതിക്കുഴികളെയോ മറ്റ് തടസ്സങ്ങളെയോ പേടിക്കണ്ട. 
       
മഴക്കാലത്ത് പേടിപ്പിക്കുന്ന നിറപ്പുഴ വല്ലാത്ത രൌദ്രതയോടെ കുത്തിയൊഴുകും. ആരെങ്കിലും പെട്ടാല്‍ പിന്നെ തിരിച്ചുകിട്ടില്ല. വേനലിലങ്ങനെയല്ല. മെലിഞ്ഞ പുഴയിലെ വെള്ളം നീര്‍ച്ചാലുകളിലൂടെ അവിടവിടെയായി ഒഴുകുന്നുണ്ടാകും.  ബാക്കിയെല്ലാം തൂവെള്ള മണല്‍പരപ്പുതന്നെ.പിന്നീട് മണല്‍പ്പരപ്പ് ഇല്ലാതായി. പുഴ നശിച്ചുകൊ ണ്ടേയിരുന്നു.മണല്‍ കയറ്റുന്ന ലോറികള്‍ നാടനും തമിഴനുമൊക്കെയായി പുഴയില്‍ നിരന്നു.മണലെടുത്തിടത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു. പുഴയില്‍ തന്നെ കാടും പടലും വളര്‍ന്നു.എന്തിന് വലിയ മരങ്ങള്‍ പോലു മുണ്ടായി.വെള്ളിയാങ്കല്ലില്‍ കോസ് വേ കം റഗുലേറ്റര്‍ വന്നതോടെ പുഴ യ്ക്ക്  നല്ലകാലമാണ്.മണലെടുപ്പ് മിക്കവാറും അവസാനിച്ചിരിക്കുന്നു. എന്നിട്ടും ഭാരതപ്പുഴ പഴയ പുഴയായില്ല എന്ന സങ്കടം ബാക്കിയാകുന്നു.
   അന്നത്തെ രാത്രിക്കല്യാണവും കാല്‍നടയാത്രയും എന്തെന്ത്  രസാനുഭവ ങ്ങളാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്! .
       പെണ്‍വീട്ടിലേയ്ക്കുള്ള വരന്‍റെയും കൂട്ടരുടെയും യാത്ര തന്നെ ഒരു ചടങ്ങാ ണ്.അതിൽ വീട്ടുകാരുടെ സാമ്പത്തികമനുസരിച്ച് അല്പസ്വല്പം മാറ്റങ്ങൾ വരുമെന്ന് മാത്രം. കല്യാണസംഘത്തില്‍  ഉപ്പയോടോത്തുള്ള യാത്ര എനിക്കും നല്ല രസമാണ്.നിലാവുള്ള രാത്രി. കൈകൊട്ടിപ്പാട്ടുമായി രസം പറഞ്ഞുചിരിച്ച് ഉല്ലസിച്ച് ഒരു സംഘം.പെട്രോമാക്സ് കയറ്റിവച്ച പ്പോലെ കുറെനേരം ആരുടെയോ ചുമലിലിരുന്ന ഞാന്‍ പിന്നീട് ഊര്‍ന്നി റങ്ങി നടക്കാന്‍ തുടങ്ങി.
      പുഴ കടന്ന് സംഘം അങ്ങാടിയിലെത്തി.തൃത്താല അങ്ങാടി ഇന്ന ത്തെപ്പോലെയല്ല. വീതികൂടിയ റോഡുകളോ മനോഹരമായി അലങ്കരിച്ച കടകളോ ഒന്നുമില്ല.അങ്ങിങ്ങായി ചില പുരാതന കടകള്‍.. എല്ലാരും രാത്രിയുടെ ആദ്യയാമം പിന്നീടവേ ഉറക്കത്തിലാണ്. വാഹനങ്ങള്‍ തിരക്കുകൂട്ടാത്ത റോഡിലൂടെ കാല്‍നടയായിത്തന്നെ ഞങ്ങള്‍ കല്യാണ വീട്ടിലെത്തിചേര്‍ന്നു.ഒരുക്കങ്ങള്‍ അവിടെയുമുണ്ട്. തെങ്ങോല കൊണ്ടു മറച്ച പന്തലിന്‍റെ തൂണുകള്‍ ഈന്തപ്പനയോലകുത്തിനാട്ടി അലങ്കരിച്ചി രിക്കുന്നു.പന്തല്‍ മേഞ്ഞ ഓലകള്‍ പുറത്തുകാണാതിരിക്കാന്‍ സാരികള്‍ കൊണ്ട് സീലിങ്ങ് നടത്തിയിരിക്കുന്നു. വരനും സംഘവും ഇരിക്കുന്നതിന് മുകളില്‍ സാരികള്‍ ഞൊറിഞ്ഞു കലാവിരുത് കാണിച്ചിരിക്കുന്നു ഏതോ മിടുക്കന്‍മാ ര്‍.ഇന്നത്തെപ്പോലെ ഇവന്‍റ് മനേജ്മെന്‍റ് ടീമൊന്നും അക്കാലത്തില്ല എന്നോര്‍ക്കണം.നാട്ടുകാരും ബന്ധുക്കളും ഒത്തുചേര്‍ന്നു ചെയ്ത അലങ്കാര പ്പണികളാണെല്ലാം. ഇരിക്കാന്‍ കസേരകളൊന്നുമില്ല. ചാണകം മെഴുകിയ മുറ്റത്തു മെത്തപ്പായകള്‍ വിരിച്ചതിലാണിരുത്തം. വെള്ള വിരിച്ചിടത്ത് ഉസ്താദും മുക്രിയും വരനും വധുവിന്‍റെ പിതാവും അടുത്ത ബന്ധുക്കളുമാണിരിക്കുക. ചുറ്റും പെട്രോമാ ക്സുകള്‍ വെളിച്ചതിനായി കമ്പികളില്‍ തൂക്കിയിട്ടിട്ടുണ്ട്. അതാണ് വെളിച്ചതിനുള്ള ഏക ആശ്രയം.എല്ലാം എനിക്ക് വലിയ കൌതുകമായിരുന്നു. ഇടതടവില്ലാതെ ഞാന്‍ ഉപ്പയോട് സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ എന്‍റെ പേരക്കുട്ടിയുടെ തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ക്കു കാതോര്‍ക്കുമ്പോള്‍ അന്നത്തെ എന്നെ ഞാനോര്‍ക്കാറുണ്ട്. സദസ്സിലിരി ക്കുന്നവര്‍ കൌതുകത്തോടെ എന്‍റെ സംശയങ്ങള്‍ ശ്രവിക്കുന്നുണ്ട്. ഊറിചിരിക്കുന്നുണ്ട്. അതൊന്നും എന്നെ ബാധിക്കുണ്ടായിരുന്നില്ല.
            നിക്കാഹ് കഴിഞ്ഞു.ശേഷം ഭക്ഷണമാണ്.മെത്തപ്പായില്‍ തന്നെ പിഞ്ഞാണങ്ങളും ബസികളും(പ്ലേറ്റ്) നിരന്നു.എന്‍റെ മുന്നിലും വന്നു പത്തിരി വിളമ്പിയ ഒരു പ്ലേറ്റ്.പിന്നാലെ കോഴിച്ചാറും.അപ്പോഴാണ് ഉപ്പാടെ പ്ലേറ്റിലേക്ക് ഞാന്‍ നോക്കിയത്.അവിടെ പത്തിരിക്കു മുകളില്‍ ഒരു കാല്.സത്യത്തില്‍ അതെന്താണെന്നെനിക്ക് മനസ്സിലായില്ല. ഞാനങ്ങനെ യൊന്ന് അതുവരെ കണ്ടിട്ടില്ലായിരുന്നു.കോഴിയുടെ കാലിന്‍റെ തുടഭാഗം പ്രധാന അതിഥികള്‍ക്ക് വിളമ്പുന്ന പതിവുണ്ടായിരുന്നു. അടക്കാനാകാത്ത കൌതുകത്തോടെ ഞാന്‍ നിഷ്കളങ്കമായി ചോദിച്ചു.
”ഉപ്പാടെ പത്തിരിക്കെന്താ കാല്,എന്‍റെതിനില്ലല്ലോ..."
എനിക്കതില്‍ അല്പം സങ്കടമുണ്ടായിരുന്നിരിക്കണം. എന്‍റെ ചോദ്യം അടുത്ത് കൂട്ടത്തിലുരുന്ന എല്ലാവരും കേട്ടു. ചിരിയുടെ വലിയ ആരവം.എനിക്കൊന്നും മനസ്സിലായില്ല.
    കാലം കുറെ കഴിഞ്ഞിട്ടും ഏറെ മുതിര്‍ന്നിട്ടും “ഇപ്പഴും കാലുള്ള പത്തി രി തിന്നാറുണ്ടോ” എന്ന് പലരും കളിയാക്കാറുണ്ട്.പല വിരുന്നുകളിലും പങ്കെടുക്കുമ്പോള്‍ പത്തിരിയും കോഴിക്കറിയും കാണുമ്പോള്‍ എന്‍റെ പത്തിരിപ്ലേറ്റിലേക്ക് ഒരു കാല് നീണ്ടു വരുന്നുണ്ടോ എന്ന ഉത്കണ്ഠ ഉണ്ടാകാറുണ്ട്.വിളമ്പുകാരായ ചിലര്‍ കാലുള്ള പത്തിരി വേണോ എന്ന് കളിയാക്കും. കഥയറിയുന്നവര്‍ ചിരിക്കും.അല്ലാത്തവര്‍ മിഴിക്കും.അല്പം ജാള്യതയോടെയാണ് ഞാനിന്നും ആ ചിരിയില്‍ പങ്കുചേരുന്നത്.
                                                         (തുടരും)




3 comments:

Unknown said...

നിറമുള്ള ഓർമ്മകൾക്കായി ഇനിയും കാത്തിരിക്കുന്നു..

Unknown said...

മാഷിൻ്റെ എഴുത്ത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഹൃദ്യമാണ്. ആശംസകൾ

Unknown said...

ഇക്ബാൽ മാഷേ, ആശംസകൾ, അഭിനന്ദനങ്ങൾ

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.