കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, May 19, 2020

May 19, 2020

രണ്ടാം ലക്കം എഡിറ്റോറിയല്‍



എഡിറ്റോറിയല്‍



ജീവിതത്തിനു മേൽ നാം അടയിരിക്കാൻ തുടങ്ങി ദിവസങ്ങളേറെ കഴിഞ്ഞു പോയി.
പ്യൂപ്പയിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന ശലഭങ്ങൾ പേലെ, മുട്ടകൾക്കുള്ളിൽ
നിന്ന് പുറത്തുവരുന്ന കിളിക്കൊഞ്ചൽ പോലെ, മഴയത്ത് പുതുമണ്ണിൽ
പൊട്ടിമുളക്കുന്ന വിത്തുകൾ പോലെ. നാം ഒരു പുനർജനിയിലാണ്. അറിവുകളിൽ
നിന്ന് തിരിച്ചറിവുകളിലേക്ക്, ‍കൂടുതൽ കൂടുതൽ മനുഷ്യത്വത്തിലേക്ക് നാം
നടന്നു തുടങ്ങി. പെരിവെയിലത്ത് അങ്ങോട്ടുമിങ്ങോട്ടും തണൽ പകരുന്ന
മരങ്ങളിൽ നിന്ന് നാം കരുതലുകൾ പഠിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം
മലിനീകരണങ്ങളിൽ നിന്ന് മോചനം നേടിയ പ്രകൃതിയും പുനർജനിയിലാണ്. നമ്മുടെ
മനസ്സുകളുടെ ഈ നൈർമല്യവും പ്രകൃതിയുടെ നവജീവനും നമുക്ക്
കാക്കേണ്ടിയിരിക്കുന്നു. മഹാമാരിയുടെ വർത്തമാനകാലത്തെ നാം പിന്നീട്
ഒാർക്കുന്നത് നമ്മുടെ ഒരുമയുടേയും കരുതലുകളുടെയും പോരാട്ടത്തിന്റെയും
നാളു കളുടേ തായിരിക്കണം. നാമോരോരുത്തരും പടയാളികളായ മഹായുദ്ധം.
              ലോക്ക് ഡൗണിന്റെ അടയിരുപ്പുകാലത്താണ് കവിഭാഷയുടെയും ജനനം.
ഒന്നാം ലക്കത്തിൽ  പ്രശസ്തരും പുതുമുഖങ്ങളുമായ എഴുത്തുകാർ. എഴുതി വളരുന്ന
കുട്ടികളെയും നമുക്ക് പരിചയപ്പെടുത്താനായി. സഹൃദയരായ വായനക്കാർ നവ
മാധ്യമങ്ങളിൽ  കവിഭാഷയെ ഏറ്റുവാങ്ങി. മികച്ച രചനകളും വായനക്കാരുടെ
പ്രതികരണങ്ങളും കവിഭാഷയെ തേടിയെത്തി. ആദ്യലക്കത്തിന് കിട്ടിയ പിന്തുണ
നൽകിയ ഊർജത്തിൽ നിന്നാണ് രണ്ടാം ലക്കം പിറക്കുന്നത് . ജൂൺ ലക്കം
നേരത്തെത്തന്നെ വായനക്കാർക്കായി സമർപ്പിക്കുകയാണ്. മാസികയുടെ പിഡിഎഫ്
രൂപവും ഫ്ളിപ്പ് ബുക്ക് ലിങ്കും സൗഹൃദങ്ങൾക്കിടയിൽ പങ്കിട്ട്
പ്രചരിപ്പിക്കുക. പ്രസിദ്ധീകരണ രംഗത്തെ  കുത്തക വത്കരണങ്ങൾക്കെതിരെയുള്ള
സമാന്തര അക്ഷര പ്രതിരോധം കൂടിയാണ് കവിഭാഷ .

                  ശിവപ്രസാദ് പാലോട്

                         എഡിറ്റർ
May 19, 2020

ഒന്നാം ലക്കം എഡിറ്റോറിയല്‍


എഡിറ്റോറിയല്‍


ലോകം ഇന്ന് അകലത്തിന്റേതാണ്. അപ്പോൾത്തന്നെ അടുപ്പത്തിന്റേതുമാകുന്നു.
വിലക്കുകളുടെതാണ്. അതേസമയം കരുതലുകളുടേതുമാകുന്നു. സാമൂഹിക അകലം സമ്പർക്കവിലക്ക് തുടങ്ങിയവ തന്നെയാണ് ഇന്ന് നമ്മെ നിലനിർത്തുന്നത്. എല്ലാ
പ്രശ്നങ്ങളിൽ നിന്നും നാം നിരന്തരം കൈ കഴുകിക്കൊണ്ടിരിക്കുന്നു.
ഭൗതികമായി നാം കൂടുതൽ കൂടുതൽ അവനവനിലേക്ക് ചുരുങ്ങേണ്ടിയിരിക്കുന്നു.
            ആതുരകാലത്തെ മനുഷ്യരാശി മറികടക്കാൻ ശ്രമിക്കുന്നത് ചങ്ങലകൾ
മുറിക്കുന്നതിലൂടെയും കൂട്ടായ്മകൾ കുറയ്ക്കുന്നതിലൂടെയുമാണ്.  അപ്പോൾ
മാനവസമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി എങ്ങിനെ സാമൂഹ്യജീവിയായി
നിലനില്ക്കാം എന്നതു തന്നെയാണ്. മഹാമാരിയോടൊപ്പം തന്നെ എങ്ങിനെ
ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്നു തന്നെയാണ്. അകലം
സൂക്ഷിച്ചുകൊണ്ടുതന്നെ അടുപ്പം കാണിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.
അതാണ് പ്രതിരോധത്തിന്റെ കേരളീയ മുഖം. ഇവിടെ എല്ലാരും അകന്നിരിക്കുമ്പോഴും
ഒപ്പമാണ്. ഒറ്റപ്പെടുമ്പോളും ഒന്നിച്ചാകുമ്പോളും അക്ഷരവും വായനയുമാണ്
നല്ല പ്രതിരോധവും സാന്ത്വനവും.
                             

എഡിറ്റർ

         ശിവപ്രസാദ് പാലോട്

May 19, 2020

വേരുകൾ മഴയോട്/ ബിന്ദു പരിയാപുരത്ത്


വേരുകൾ മഴയോട്




ബിന്ദു പരിയാപുരത്ത്



പ്രിയമുള്ളവളേ നീ
 എന്നമ്മയെ വെറുതെ 
തഴുകി തലോടി പോവരുതേ
ഗാഢമായി ആശ്ലേഷിക്കണം,
കെട്ടിപുണർന്ന് 
തെരു തെരെ ചുംബിക്കണം ,
ആ നഗ്നമായ മേനിയിൽ 
താണ്ഡവ നൃത്തമാടണം.
പരിശുദ്ധമായ ജലം 
നീണ്ട നൃത്തത്തിനൊടുവിൽ
വിശാലമായ ആ മേനിയിൽ
മുഴുവൻ .. പടർന്നൊഴുകണം....
പോരാ.... ഉള്ളിലേക്ക് ആഴ്ന്നിറങ്ങണം
അങ്ങിനെ എന്നമ്മ ഋതുമതിയാവണം
ഉള്ളം കുളിർക്കണം ... മൃദുവാകണം
അപ്പൊഴേ എനിക്ക് കൂടുതൽ ആഴങ്ങളിലേക്ക് 
ആഴ്ന്നിറങ്ങാൻ  പറ്റൂ
എന്നമ്മയെ സംരക്ഷിക്കാനും


  
 
May 19, 2020

കരുതൽ/✍ അമീർകണ്ടൽ കഥ

കഥ
കരുതൽ


✍ അമീർകണ്ടൽ

    രാത്രി എട്ടരക്കുള്ള ദുബൈ എയർലൈൻസിലുള്ള തിരിച്ച് പോക്കിന് മുമ്പ് ഒരു സംഗതി കൂടി പൂർത്തിയാക്കാനുണ്ട്.തിരുവല്ലാപുരത്തെ ഓൾഡ് ഏജ് ഹോമിലൊന്ന് തല കാണിക്കണം.
          തൻ്റെ മൊബൈൽ ആപ്പിൽ കുറിച്ചിട്ട ഡെയ്ലി പ്ലാനിംഗിലൂടെ രവി കണ്ണ് പായിച്ചു.രണ്ട് ദിവസത്തെ ലീവിൽ നാട്ടിലെത്തിയാൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഇങ്ങോട്ടുള്ള ഫ്ലൈറ്റ് യാത്രക്കിടെ തയ്യാറാക്കിയിരുന്നു. തറവാട് വീട്ടിലെ വാടകക്കാരുടെ എഗ്രിമെൻ്റ് പുതുക്കണം.ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ട് സംബന്ധമായ ക്ലിയറൻസ് നടത്തണം. വൃദ്ധസദനത്തിലെ മേട്രനെ കണ്ട് ഒരു തുക സംഭാവന നൽകണം.
       തൻ്റെ മെർസിഡസ് ബെൻസ് കാർ തിരുവല്ലാപുരം കവലയിലെ വളവ്  ചുറ്റി കലുങ്ക് കഴിഞ്ഞുള്ള വലത് നിരത്തിലൂടെ കയറ്റം കയറി കുരിശു കാലിൻ ചുവട്ടിൽ കൈവെള്ളയിൽ ഉണ്ണിയേശുവിനെ താലോലിക്കുന്ന കന്യാമറിയത്തിൻ്റെ മുന്നിൽ നേരിയ ശബ്ദത്തോടെ നിന്നു.ഇടത് വശത്തെ മതിൽ കെട്ടിനകത്താണ് ശാന്തി വൃദ്ധസദനം .
രവി കാറിൽ നിന്നിറങ്ങി മുന്നിലെ പടവുകൾ കയറി. വർഷങ്ങൾക്ക് മുമ്പുള്ള അതേ കെട്ടുകാഴ്ചകൾ തന്നെ. പുതുതായി ഗേറ്റിനോട് ചേർന്ന് ഒരു കമാനം പണിതിട്ടുണ്ട്.
          അവസാനമായി അമ്മയുടെ മുഖം ഒന്നു കാണാനോ മരണാനന്തരചടങ്ങിൽ സംബന്ധിക്കാനോ തനിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പടവുകൾ കയറുമ്പോൾ ഉള്ളിൽ ചെറിയൊരു നീറ്റൽ കൊളുത്തി വലിച്ചു. കുട്ടികളുടെ പഠിപ്പും തൻ്റെ ബിസിനസ് തിരക്കുകളും അമ്മക്ക് അറിയാവുന്നതാണല്ലോ. അയാൾ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു.
       " ങാ.. രവി സർ..വരൂ... സാറിനെ ഏല്പിക്കാനായി മരിക്കുന്നതിന് മുമ്പ് അമ്മ ഒരു പൊതി തന്നിരുന്നു. അത് താങ്കളെ ഏല്പിക്കാനാ ഇവിടം വരെ വരാൻ നിർബന്ധിച്ചത്... ബുദ്ധിമുട്ടായതിൽ ക്ഷമിക്കണം." മേട്രൻ രവിയെ അകത്തേക്ക് ക്ഷണിച്ചു.



       അമ്മയുടെ മരണം കഴിഞ്ഞ മാസമായിരുന്നു. ഏഴെട്ട് കൊല്ലമായി ഇവിടെത്തെ അന്തേവാസിയായി കഴിയുകയായിരുന്നു. അഛൻ്റെ മരണശേഷം അവർ കുറേ വർഷം ഒറ്റക്കായിരുന്നല്ലോ.ഏക മകനായ തന്നോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ വന്ന് താമസിക്കാൻ അമ്മക്കാണെങ്കിൽ ഇഷ്ടവുമില്ലായിരുന്നു. ശിഷ്ടകാലം അഛൻ്റെ കാലടികൾ പതിഞ്ഞ മണ്ണിൽ കഴിച്ച് കൂട്ടണം. അത് മാത്രമായിരുന്നു അമ്മയുടെ ഏക ആഗ്രഹം. 
       "സർ... ഇത് താങ്കളെ തന്നെ ഏല്പിക്കണമെന്ന് പറഞ്ഞാ അമ്മ കണ്ണടച്ചത് ... മരിക്കുന്നതിന് മുമ്പ് ആ അമ്മ താങ്കളെ ഒന്നു കാണാൻ വല്ലാതെ കൊതിച്ചിരുന്നു... " ന്യൂസ് പേപ്പറിൽ പൊതിഞ്ഞ റബ്ബറിട്ട പൊതികെട്ട് മേട്രൻ അയാൾക്ക് കൈമാറി.
      തെല്ല് ആകാംക്ഷയോടെ അയാളത് തുറന്നു.
റബ്ബർ ബാൻ്റിട്ട അടുക്കി വെച്ച നോട്ടുകെട്ടുകൾ.
'' മാസാമാസം അമ്മക്ക് കിട്ടി കൊണ്ടിരുന്ന വിധവാ പെൻഷനാ.. "
അയാളുടെ മുഖത്ത് തെളിഞ്ഞ സംശയത്തിൻ്റെ വടുക്കുകൾ ശ്രദ്ധിച്ച് മേട്രൻ പറഞ്ഞു. 
    അയാൾ ആ പൊതിക്കെട്ട് ഒരു കുഞ്ഞിനെയെന്നോണം കൈകളിൽ വാരിയെടുത്തു. അയാളുടെ കൈകളിലിരുന്നു അത് വിറയ്ക്കാൻ തുടങ്ങി. തൊണ്ടയിൽ കുടുങ്ങിയ തേങ്ങലിനെ ചവച്ചിറക്കുന്നതിനിടയിൽ കണ്ണിൽ നിന്ന് ഉറവ പൊട്ടിയ ജലധാരയിൽ നോട്ടുകെട്ടുകൾ കുതിർന്നു.അന്നേരം രവിയുടെ കൈകളിലിരുന്നു വിറകൊണ്ടത് വാത്സല്യം തുടിക്കുന്ന തൻ്റെ അമ്മയുടെ മുഖമായിരുന്നു.
May 19, 2020

വേനൽ മഴയിൽ മുളപൊട്ടുന്നത് / സിന്ധു നാരായണൻ


കവിത

 സിന്ധു നാരായണൻ
വേനൽ മഴയിൽ മുളപൊട്ടുന്നത് 


ഇടവപ്പാതിയിൽ
ഒലിച്ചുപോകാതെ
കാത്തു വെച്ച ഒരു പിടി
ഓർമ്മ വിത്തുകളുണ്ട്
ഉള്ളറകളിൽ....!
വേനൽമഴയിൽ
മുളപൊട്ടുന്നവ.....

വീടിന്നിറത്ത്
നിറഞ്ഞെത്തുന്ന
കലക്ക വെള്ളത്തിൽ
ഒഴുക്കിവിട്ട കടലാസു -
വഞ്ചികളുടെ വർണ്ണം നിറഞ്ഞ
ആദ്യവിത്ത്!

സ്വയം തോറ്റു തന്ന്;
വിജയം എന്നും എനിക്കായി
വെച്ചു നീട്ടുന്ന കളിക്കൂട്ടുകാരന്റെ
സ്നേഹവായ്പ് നിറഞ്ഞ
മറ്റൊരു വിത്ത്!

ചുവന്നു തുടുത്ത തെച്ചിപ്പഴത്തിന്റേയും,
വിരൽ നൊന്തിട്ടും പറിച്ചെടുത്ത്
കൂട്ടരോടൊത്ത് ആർത്തിയിൽ
പങ്കിട്ടു കഴിച്ച കാരപ്പഴത്തിന്റേയും
മാധുര്യം നിറഞ്ഞ ഒരു വിത്ത്!

തിരിച്ചു വരാനാവാത്തിടത്തേക്ക്
പറയാതെ പോയ അച്ഛന്റെ
വാത്സല്യം നിറഞ്ഞതാണൊന്ന്...
മുള പൊട്ടാൻ വെമ്പുന്ന
'വാത്സല്യത്തിൻ വിത്ത്‌ '!

നഷ്ടബോധത്തിന്റെ
കൂട്ടി കുറക്കലുകൾ നിറഞ്ഞ്
മുള പൊട്ടാൻ വഴിയൊരുക്കാതെ
നനയാത്തിടത്തേക്ക് വലിച്ചെറിഞ്ഞതാെണാന്ന്
ഒരു 'കറുത്ത വിത്ത് '!

വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും  
നനവ് പകരുന്ന വേനൽമഴയോടെന്നും
അഗാധ പ്രണയമാണ്...
ഓർമ്മകളിൽ സുഗന്ധം നിറക്കുന്ന
മുള പൊട്ടാൻ കാത്തു നിൽക്കുന്ന
വിത്തുകളോടെന്ന പോലെ!!

     
       

May 19, 2020

ക്വാറന്റൈൻ/ കവിത /സുഹറ പടിപ്പുര

                                   കവിത
                        ക്വാറന്റൈൻ 


                                                                          സുഹറ പടിപ്പുര






ആൾക്കൂട്ടത്തിനിടയിൽ 
നിൽക്കുമ്പോഴും 
മനസിനെ  ക്വാറന്റൈനിലാക്കിയ  
ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ..? 

മനുഷ്യനോളം 
പഴക്കമുണ്ടായിട്ടും,  
ഇതുവരെയും 
തിരിച്ചറിയപ്പെടാത്തൊരു 
വൈറസ്  
ബാധിച്ചതാണത്രേ കാരണം.!

അവരെ
പറഞ്ഞിട്ടും  കാര്യമില്ല ;
ഒറ്റയാളെ മാത്രം പാർപ്പിച്ച   
ഒരു ഐസൊലേഷൻ 
വാർഡായിരിക്കാം  
അവരുടെ ഹൃദയമപ്പോൾ.
ഊണും ഉറക്കവുമൊഴിച്ച് 
 മുഴുവൻ സമയവും അവിടെ 
കൂട്ടിരുന്നിട്ടുണ്ടാവണം..! 

സമൂഹ വ്യാപനത്തിന് 
പഴുതു നൽകാതെ 
ശരീരം മൂടിക്കെട്ടി, 
മാസ്ക്കു കൊണ്ട്  മുഖം മറച്ച്, 
കൃത്യമായ അകലം പാലിച്ചിട്ടും
രോഗം പകർന്നുവെങ്കിൽ  ;
അത് - തുറന്നുകിടന്ന  
കണ്ണുകളിൽ കൂടിയല്ലാതെ 
മറ്റെങ്ങനെ ആവാനാണ്... !! 

സുഹ്‌റ പടിപ്പുര

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.