കെ.സി.അലി ഇക്ബാല്‍
അമ്പതുപൈസ നാണയം നമ്മുടെ ക്രയവിക്രയങ്ങളില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായി പിന്‍വാങ്ങിയിരിക്കുന്നു. പക്ഷേ അന്ന് പട്ടാമ്പി അലക്സ് തിയേറ്ററില്‍ തറ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ അമ്പതു പൈസ മതിയാ കും. വീട്ടില്‍ നിന്നു പട്ടാമ്പിയിലേക്കുള്ള 14 കിലോമീറ്റര്‍ ബസ് യാത്ര ചെയ്യാന്‍ മറ്റൊരു അമ്പതു പൈസ.തിരിച്ചും അത്ര തന്നെ.ആകെ ചെലവ് ഒന്നര രൂപ. പിന്നെ മിഠായി വാങ്ങാനും മറ്റുമായി പത്തു പൈസ. എന്നാ ലും മിച്ചം വരും. മൂന്നു രൂപയുണ്ട് കയ്യില്‍,ധാരാളമല്ലേ.
"പണി തീരാത്ത വീട്” ആണ് സിനിമ. വീട്ടില്‍ വലിയ 'സമരം തന്നെ നടത്തിയിട്ടാണ് സിനിമയ്ക്കു പോകാന്‍ അനുവാദം കിട്ടിയത്. സാമൂ ഹ്യാന്തരീക്ഷം ഇന്നത്തേതിനെക്കാള്‍ മെച്ചമായത് കൊണ്ടായിരിക്കണം അക്കാലത്ത് കുട്ടികള്‍ക്ക് വീട്ടില്‍ നീന്നു പുറത്തിറങ്ങാന്‍ ഇന്നത്തെപോലെ കടുത്ത നിയന്ത്രണങ്ങളില്ലായിരുന്നു.
ഉച്ചയ്ക്ക് 2.30 നുള്ള മാറ്റിനി ഷോ കാണാന്‍ രാവിലെ തന്നെ പുറപ്പെട്ടു.
വൈകരുതല്ലോ. മയില്‍വാഹനം മോട്ടോര്‍ സര്‍വീസിന്‍റെ ബസുകളാണ് അക്കാലത്ത് പട്ടാമ്പി യാത്രയ്ക്കുള്ള ഏക ആശ്രയം. പത്തു മണിയോടെ പട്ടാമ്പിയിലിറങ്ങി തിയേറ്ററിലേക്ക് നടന്നു. പോക്കറ്റില്‍ ഇനിയും രണ്ടര രൂപയുണ്ട്. അലക്സ് തിയേറ്ററിന്‍റെ മുന്‍വശം ഇന്നത്തേതു പോലെ തിരക്കു ള്ളതായിരുന്നില്ല അന്ന്. തിയേറ്ററും ഇന്നാകെ മാറി.അന്നും ഇന്നും ഒരു പോലെ അവിടെ ഒരു ഹോട്ടലുണ്ട്. ഹോട്ടല്‍ കാലടി. മറ്റെല്ലാം മാറി. ആധുനിക രീതിയില്‍ നിരവധി കടകള്‍, മാളുകള്‍, ബേക്കറികള്‍, വലിയ തുണിക്കടകള്‍, പെട്രോള്‍ പമ്പ്...
തിയേറ്ററിന് മുമ്പില്‍ എതിര്‍ വശത്ത് അന്നൊരു പെട്ടിക്കടയുണ്ട്.കുറെ പ്രായമായ ഒരാള്‍ ആണ് കടക്കാരന്‍. ഭരണികളില്‍ നിരത്തി വച്ച മിഠായികള്‍, ആവശ്യക്കാര്‍ക്ക് ദാഹമക റ്റാന്‍ സര്‍ബത്ത് തട്ട്..ഇതൊന്നുമല്ല ആദ്യം തന്നെഎന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവിടെ നിരനിരയായി തൂക്കിയിട്ട സിനിമാപ്പാട്ട് പുസ്ത കങ്ങളായിരുന്നു അത്.ഞാന്‍ കാണാന്‍ പോകുന്ന 'പണിതീരാത്ത വീട് ' എന്ന സിനിമയിലെ പാട്ടുകള്‍ ഉള്ള ആറോ ഏഴോ പേജുള്ള പുസ്തകം. എനിക്കതി ലൊരു പുസ്തകം വേണമാ യിരുന്നു. അതുകൊണ്ട് ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പക്ഷേ ആദ്യം ഞാനവിടന്ന് വാങ്ങിയത് ഒരു മിഠായി ആയിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു സര്‍ബത്ത് കുടിച്ചു. അപ്പോഴൊക്കെ എന്‍റെ ശ്രദ്ധ അവിടെ തൂങ്ങുന്ന പാട്ടുപുസ്തകങ്ങളി ല്‍തന്നെയായിരുന്നു. സാവധാനത്തില്‍ ഞാനാപാട്ടുപുസ്തകത്തിന്‍റെ വില ചോദിച്ചു. എനിക്കു സന്തോഷ മായി.അതിനു മുപ്പതു പൈസ മാത്രമാണ് വില.വാങ്ങിയ ഉടന്‍ വലിയ ആകാംഷയോടെ അതുമുഴുവന്‍ മറിച്ച് നോക്കി.നേരം പിന്നേയും ബാക്കി.മാറ്റിനിയ്ക്കുള്ള ആളുകള്‍ വന്നു തുടങ്ങി.പെട്ടെന്നാണ് ഞാനൊരു കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.അതുവരെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ്എന്‍റെ പോക്കറ്റില്‍ ഒരു രൂപ തികയില്ല.സിനിമയ്ക്കു ടിക്കറ്റെടുക്കാന്‍ അമ്പതുപൈസായും ബസിന് അമ്പതുപൈ സായും. പതിനഞ്ചു പൈസയുടെ കുറവ്. ഉള്ളില്‍ ഒരു കാളല്‍. എന്താണ് ചെയ്യാനാകുക?. വരിയില്‍ ആളുകള്‍ നിറയുന്നുണ്ട്. വരിയില്‍ ഏറ്റവും മുമ്പില്‍ നിന്ന് ആദ്യമേ ടിക്കറ്റ് എടുക്കണമെന്ന് കരുതിയതാണ്.വല്ലാത്ത വേവലാതിയിലായി.
ഇക്കാലത്താണെങ്കില്‍ കയ്യിൽ കാശില്ലെങ്കിൽ ഒരു കുട്ടിക്ക് വീട്ടിലേക്ക്
ഫോണില്‍ വിളിക്കല്‍ മുതല്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടാകും ? അത്തരം ഒന്നും അന്നില്ലല്ലോ. പെട്ടിക്കടക്കാരനെ വീണ്ടും സമീപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അയാളെയാണെങ്കില്‍ ഇപ്പഴത്യാവശ്യം പരിചയമായി.മിഠായിയും സര്‍ബത്തുമൊക്കെയായി കയ്യിലെ പണം മുഴുവന്‍ ചെലവഴിച്ചത് അയാളുടെ കടയിലായിരുന്നല്ലോ. പാട്ടുപുസ്തകം മടക്കിയെടുത്തിട്ട് അതിന്‍റെ പണം മടക്കിത്തരാമോ എന്ന എന്‍റെ ദയനീ യമായ ആവശ്യം അയാള്‍കഠിനമായി നീരാകരിച്ചുകളഞ്ഞു. പുസ്തകം വാങ്ങിനോക്കിയിട്ട് അയാള്‍ ഒന്നുകൂടി പറഞ്ഞു.
"ഇതിനിയാരും വാങ്ങില്ല.മുഷിഞ്ഞു,കേടുവന്നു."
ഏതായാലും സിനിമ കാണുക തന്നെ.ടിക്കറ്റ് എടുത്ത് അകത്തുകയറി. മുന്നില്‍ തന്നെയാണിരിപ്പുറപ്പിച്ചത്.നല്ല സിനിമയാണ്.ഇഷ്ട താരം പ്രേം നസീര്‍ ആണ് നായകന്‍.പക്ഷേ ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല.ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ കുറവുള്ള പൈസയെക്കുറിച്ചു മാത്രമാണ് ചിന്ത.
സിനിമ കഴിഞ്ഞു.തല കുമ്പിട്ട് പുറത്തിറങ്ങി.കടക്കാരനെ ഒന്നുകൂടി സമീപിക്കുകയല്ലാതെ വഴിയില്ല.അയാള്‍ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. എങ്ങിനെയോ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.പിന്നെ എങ്ങിയേങ്ങി കരയാനും. ഒടുക്കം അയാള്‍ അലിഞ്ഞു. പാട്ടുപുസ്തകം തിരിച്ചെടുത്ത് പകുതി പൈസ തരാമെന്നായാള്‍ സമ്മതിച്ചു. കൂടെ മിഠായി യും. എനിക്ക് വലിയ സന്തോഷമായി.
അങ്ങനെ ഒറ്റയ്ക്കുള്ള ആദ്യത്തെ സിനിമ കാണല്‍ വിജയകര മായിത്തന്നെ പൂര്‍ത്തിയായി. പിന്നേയും തിയേറ്ററുകള്‍ക്ക് മുന്നില്‍ സിനിമാ പാട്ടുപുസ്തകങ്ങള്‍ വില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വാങ്ങണമെന്ന് തോന്നിയിട്ടില്ല. ഒരു പക്ഷേ പണം കരുതലോടെ ചെലവഴിക്കണമെന്ന ഒരു പാഠം ഇത്തരത്തിലുള്ള ചില പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുണ്ടാവുക. ജീവിതത്തിലുടനീളം ഈ കരുതല്‍ ഞാന്‍ പുലര്‍ത്തി യിട്ടുണ്ട്. സ്വന്തം പണമായാലും സംഘടനയുടെ പണമായാലും സര്‍ക്കാര്‍ പണമായാലും അങ്ങനെതന്നെ.ചിലരൊക്കെ പിശുക്കന്‍ എന്നു കളിയാക്കാ റുണ്ട്. അത്രയ്ക്ക് പിശുക്കനൊന്നുമല്ല ഞാന്‍ എന്നാണെന്‍റെയൊരു പക്ഷം
(തുടരും)
No comments:
Post a Comment