കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, June 7, 2020

June 07, 2020

ഓർമ്മയിലെ കാന്താരിമധുരം 13 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 13
കെ.സി. അലി ഇക്ബാല്‍
 

 എൻ്റെ ഉപ്പ      

ഒരു പദയാത്ര ഗ്രാമത്തിലൂടെ കടന്നുപോകുകയാണ്.ഗ്രാമം മുഴുവന്‍ പര്യടനം നടത്താനാണ് പരിപാടി.ആകെ അഞ്ചു പേരാണ് നടത്തക്കാര്‍. നാലര എന്നുപറയുന്നതാണ് ശരി.ഒരാള്‍ കുട്ടിയാണ്.അത് ഞാനാണ്.മുമ്പില്‍ നടക്കുന്നയാള് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പിടിച്ചിട്ടുണ്ട്.അതെന്‍റെ ഉപ്പയാ ണ്.മറ്റെല്ലാവരുടെയും കയ്യില്‍ പ്ലക്കാര്‍ഡുകളാണ്.രണ്ടാമതായി നടക്കുന്ന താണ് കുട്ടിയായ ഞാന്‍ .അതിൽ ഇന്ന് ഉപ്പയുള്‍പ്പെടെ രണ്ടു പേര്‍ ജീവിച്ചിരിപ്പില്ല.മറ്റു രണ്ടു പേര്‍ എന്‍റെ ചുറ്റുവട്ടത്തുതന്നെയുണ്ട്.
     അടിയന്തിരാവസ്ഥ കഴിഞ്ഞ് അധികമാകും മുമ്പ് കേരളത്തില്‍ കോണ്‍ ഗ്രസ് രണ്ടായി പിളര്‍ന്നു. ഒരു പക്ഷത്ത് കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം. മറുപുറത്ത് എ.കെ.ആന്‍റണിയുടെ എ കോണ്‍ ഗ്രസ്.ഉപ്പ ആന്‍റണിയുടെ പക്ഷത്താണ്. സ്വാഭാവികമായി ഞാനും.ഞങ്ങളുടെ നാട്ടില്‍ ആന്‍റണി കോണ്‍ഗ്രസിന് ശ ക്തിയുണ്ടാക്കാനാണ് പദയാത്ര.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആന്‍റണി മാതൃപാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നു.പക്ഷേ ഉപ്പ ലയിച്ചില്ല. പി.സി.ചാക്കോ, കടന്നപ്പള്ളി, ഷണ്‍മു ഖദാസ്,വി.സി.കബീര്‍ തുടങ്ങിയവരുടെ പക്ഷത്തായി ഉപ്പ.പിന്നെ കുറേ പേര്‍ കൂടി മാതൃ പാര്‍ട്ടിയില്‍ പോയി.എന്നിട്ടും ഉപ്പമാത്രം പോയില്ല. ജീവിതത്തിലുടനീളം റിബലായിരിക്കുകയും അതിന്‍റെ ഭാഗമായ നഷ്ടങ്ങള്‍ സ്വയം എടുത്തണിയുകയും ചെയ്തു ഉപ്പ എന്നാണെണിക്ക് തോന്നിയിട്ടു ള്ളത്. 
     പള്ളികമ്മിറ്റിയിലിരിക്കുമ്പോഴും പഞ്ചായത്ത് ഭരണസമിതിയി ലിരിക്കുമ്പോഴും ഈ റിബല്‍ കയര്‍ത്തുകൊണ്ടിരുന്നു. വേണ്ടത്ര തിരിച്ചറിയാതെ പോയ ഒരു വിപ്ലവകാരി ഉപ്പയില്‍ ഒളിച്ചിരുന്നിരുന്നു എന്നാണ് പിന്നീട് പലപ്പോഴും തോന്നിയത്.


ഞങ്ങള്‍ നാലര കോണ്‍ഗ്രസ്സുകാര്‍ അക്കാലത്ത് ഒരു സമരം നടത്തി. ഒരര്‍ഥ ത്തില്‍ ഉപ്പയുടെ ഒറ്റയാള്‍ സമരമെന്ന് പറയുന്നതാണ് ശരി.ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുകളെല്ലാം തടഞ്ഞിട്ടു. ഞങ്ങള്‍ക്കുപുറമെ ഉപ്പപറഞ്ഞാല്‍ എതിര്‍വാക്കു പറയാത്ത കുറച്ചു പേരും കൂടി സമരത്തില്‍ പങ്കെടുത്തു. മുന്‍ കൂട്ടി തീരുമാനിച്ചതായിരുന്നോ അതോ അന്ന് രാവിലെ തോന്നിയ ഉല്‍വിളിയാണോ എന്നറിയില്ല.ചില മണ്ണെണ്ണ വീപ്പകളും അടുത്തുള്ള ട്യൂട്ടോറിയല്‍ കോളേജിലെ ബെഞ്ചുകളും റോഡില്‍ നിരത്തിയിട്ടു.അന്ന് ഞങ്ങളുടെ നാട്ടിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ബസുകളെല്ലാം മയില്‍ വാഹനം മുതലാളിയുടേതാണ്.പോരേ പൂരം. പോലീസ് ഇരച്ചെത്തി.ബെഞ്ചുകളെയും വീപ്പകളെയും ഞങ്ങളേയും കസ്റ്റഡിയിലെടുത്തു.കേസ് കുറേ കാലം നടന്നു.മൈനറായത് എനിക്കുമാത്രം രക്ഷയായി.ഉപ്പയുടെ കാശ് എമ്പാടും പോയി.ആകെ സമരനേട്ടം എന്ന് പറയാവുന്നത് മയില്‍വാഹനം മുതലാളി വാങ്ങുന്ന ചാര്‍ജ് അന്യായമാണ് എന്ന ഒരു പൊതുബോധം ഉണ്ടായതു മാത്രമാണ് എന്നു തോന്നുന്നു.
     ഇതെല്ലാം ഒറ്റയാള്‍ പോരാട്ടത്തിന്‍റെ സാമ്പിളുകള്‍ മാത്രം.നാട്ടിലെ പള്ളി പണിയുന്ന കമ്മിറ്റിയുടെ നേതാവായിരുന്നത് ഓര്‍മ്മയിലുണ്ട്.അക്കാലത്ത് സമ്പത്തും അധ്വാനവും പൂര്‍ണ്ണമായി അതിലര്‍പ്പിച്ചിരുന്നു.എങ്ങനെയാണ് തെറ്റിയതെന്നറിയില്ല. പള്ളികമ്മിറ്റി ക്ക് നീണ്ട കത്തെഴുതി അവരോട് സലാം പറഞ്ഞു.അക്കാലത്ത് സ്വാഭാവികമായി നടക്കേണ്ട എന്‍റെ മതപഠനം അലോസരപ്പെടാനും പൂര്‍ത്തിയാക്കാതെ നിര്‍ത്താനും ഈ വഴക്കൊരു കാരണമായി.


        ഒരു വൃത്തത്തിനകത്തും ഒതുങ്ങാതെ ഒരിസത്തോടും ചേരാതെ എല്ലാവരോടും നീതിക്കു വേണ്ടി കലഹിച്ച് എന്നിട്ടും എല്ലാവരിലും നിറഞ്ഞ് കടന്നുപോയ ഒരാളെന്ന് ഓര്‍മ്മിക്കാനാകുന്നത്  തികഞ്ഞ അഭിമാനത്തോടെ തന്നെയാണ്.രണ്ടു മക്കളും തന്‍റെ രാഷ്ട്രീയാഭിപ്രായ ങ്ങളില്‍ നിന്ന് അകന്നുപോയപ്പോഴും അതദേഹത്തെ തെല്ലും അലോസര പ്പെടുത്തി യിട്ടില്ലായിരുന്നു.പ്രസവിച്ച് നാല്‍പ്പതാം നാള്‍ ഉമ്മ നഷ്ടപ്പെട്ട മുതല്‍ ആരംഭിച്ച ക്ലേശകരമായ ജീവിത പോരാട്ടം പൂര്‍ത്തിയായിട്ട് ഇപ്പോള്‍ പത്തു വര്‍ഷമായിരിക്കുന്നു.
June 07, 2020

കല്പന റഹിം പേരേ പറമ്പിൽ

കല്പന





റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ

"എന്റെ അനുമതിയില്ലാതെ പൂവിട്ടതെന്തിന്?"
വസന്തം മരത്തോട് .
കൊമ്പു നിറയെ കുയിലുകൾ പാടുമ്പോൾ,
ചാറ്റലിനൊപ്പം മഴവില്ലു കുലയ്ക്കുമ്പോൾ, 
ചക്രവാളം വെറ്റ ചവച്ച് കടലിൽ വിരൽ വീശുമ്പോൾ, 
പടിഞ്ഞാറെ ധ്രുവതാരകം ജ്ഞാനപ്പാന ചൊല്ലുമ്പോൾ:
സോറി
അറിയാതെ പൂത്തതാ!   
ഒരു സെൽഫിയെടുക്കാൻ കൂടുന്നോ?


റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ
June 07, 2020

നീ ഇല്ലായിരുന്നെങ്കിൽ സജിത മുഹമ്മദ്

നീ ഇല്ലായിരുന്നെങ്കിൽ













സജിത മുഹമ്മദ്






















എങ്ങനെയാണ് അവൾ സുന്ദരി ആവാതിരിക്കുക?
നിൻറെ സ്നേഹം അവൾക്കു ഭൂഷണം ആവുമ്പോൾ?

എങ്ങനെയാണ് അവൾ അവൾ മനം നിറഞ്ഞു ചിരിക്കാതിരിക്കുക?
 നിൻറെ ഓർമ്മകൾ അവളിൽ നിറയുമ്പോൾ?

എങ്ങനെയാണ് അവൾ പാടാതിരിക്കുക?
നിന്റെ ശ്വാസം പോലും അവൾക്ക് ഹൃദയ താളം ആയിരിക്കെ?

എങ്ങനെയാണ് അവൾ‌  ആടാതിരിക്കുക?
നിന്റെ മിഴികളിൽ   ഭാവവും താളവും കണ്ടിരിക്കെ?

എങ്ങനെയാണ് അവൾ കഥാകാരി ആവാതിരിക്കുക?
നിന്റെ ചരിതങ്ങൾ മനസ്സിൽ ഒരു മായാലോകം തീർക്കുമ്പോൾ?

എങ്ങനെയാണ് അവൾ സ്വപ്നം കാണാതിരിക്കുക?
നിന്റെ വാക്കുകൾ അവളെ വാനോളം ഉയർത്തുമ്പോൾ?

എങ്ങനെയാണ്  അവൾ വായിക്കാതിരിക്കുക?
അക്ഷരം പഠിച്ചത് നിന്നെ വായിച്ചു കൊണ്ടായിരിക്കെ?

 എങ്ങനെയാണ് അവൾ മിടുക്കിയല്ലാതാവുക?
നിന്റെ കരുതൽ അവളുടെ വിശ്വാസം ആയിരിക്കെ? 

എങ്ങനെയാണ് അവൾ വിജയി അല്ലാതാവുന്നത്?
നിന്റെ പ്രാർത്ഥന അവൾക്ക് വീര്യം പകരുമ്പോൾ?

എങ്ങനെയാണ് അവൾ പാചക റാണി അല്ലാതെ ആവുന്നത്?
ഓരോ വിഭവവും നിന്റെ ആത്മാവിൽ തൊടുന്നത് അറിഞ്ഞിരിക്കെ?

എങ്ങനെയാണ് അവൾ പറക്കാതിരിക്കുക ?  
 കടലിനും മേഘങ്ങൾക്കും അപ്പുറം നീ ഉണ്ടായിരിക്കെ?

 നീ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ...
അവളും ഉണ്ടാവില്ലായിരിക്കാം.
അല്ലെങ്കിൽ ശാപ മോക്ഷം തേടി 
അഹല്യയായി കാത്തിരുന്നിരിക്കാം.

സജിത മുഹമ്മദ്
ജി.യു.പി.എസ്.കണ്ടത്തറ
June 07, 2020

വാർത്തകൾ വായിക്കുന്നത് ബിപിൻ ആറങ്ങോട്ടുകര


വാർത്തകൾ വായിക്കുന്നത്


ബിപിൻ ആറങ്ങോട്ടുകര




Add caption


1. 
എം.പി. വീരേന്ദ്രകുമാർ വിട പറഞ്ഞു. 
ഒരു യുഗം അവസാനിച്ചു:

ഹൈമവതഭൂവിലെ ബുദ്ധന്റെ ചിരി 
ചോര ചിന്തിയ സോഷ്യലിസത്തിന്റെ ഒരു താൾ!

2.
സ്ക്കൂളുകളിൽഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു
 
അദ്ധ്യാപകർ താരമായ ഓൺലൈൻ ഉത്സവം !

3.
  ആരാധനാലയങ്ങൾ കേന്ദ്ര നിർദ്ദേശമനുസരിച്ച്
 ജൂൺ 8നു ശേഷം
 തുറന്നേക്കുമെന്ന് വാർത്ത:

വിശ്വാസികൾക്കല്ല
മത രാഷ്ട്രീയക്കാർക്കാണത്രേ ധൃതി ....
( നിലനിൽപ്പ് നിലനിൽപ്പേയ്...! )







4.
പി. എം.കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക് വിവരാവകാശ രേഖയായി നൽകാനാകില്ല എന്ന് വാർത്ത:

അല്ലെങ്കിലും ഈ കെയറൊന്നും  പാവംജനത്തിന്നുള്ളതല്ലല്ലോ!

5.
ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപികയെ അശ്ശീല കമന്റുകളുമായി  അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു... വാർത്ത:

മുള്ളു മുരിക്കിൻമേൽ കയ റുന്നതിനു പകരം ഇവൻമാരൊക്കെ സോഷ്യൽ മീഡിയയിലാണ് കയറുക  !
 
6.
പൈനാപ്പിളിന്നുള്ളിൽപടക്കം വെച്ച്  ഗർഭിണിയായ കാട്ടാനയെ കൊന്ന കേസ് പ്രതിഷേധങ്ങൾക്കുംവിവാദങ്ങൾക്കും കാരണമായി... വാർത്ത:

മരിച്ചത് കാട്ടാന
മദിക്കുന്നത് നാട്ടുമൃഗങ്ങൾ!

7.
ജൂൺ: 5 ലോക പരിസ്ഥിതി ദിനം.
കോവിഡ് കാലത്തെ ദിനാചരണം ചടങ്ങ് മാത്രമായി:

 മരം നടൽ @ഓൺലൈൻ . 
(കഴിഞ്ഞ കൊല്ലം മരംനട്ട കുഴികളൊക്കെ അവിടെത്തന്നെയുണ്ടല്ലോ
അല്ലേ!)

8.

ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകിപീഡിപ്പിച്ചു എന്ന് വാർത്ത:

പാമ്പുകളും ചെകുത്താൻമാരും വാഴുന്ന ഭർത്താക്കൻമാരുടെ ലോകം!

9.
തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല പള്ളികൾ തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി അടക്കമുള്ള മുസ്ലീം പള്ളികമ്മിറ്റികൾ  തീരുമാനിച്ചതായി വാർത്ത:

'പറ്റില്ല, പറ്റില്ല
ഞങ്ങൾ സമ്മതിക്കൂലാ'
എന്ന് മറ്റു ചിലർ!

10.
  സംസ്ഥാനത്ത് സെഞ്ചുറിയും കടന്ന് കോവിഡ് പോസിറ്റീവ് കേസുകൾ ,
പാലക്കാട് ജില്ലയിൽ 40 ലധികം കേസുകൾ:

സന്തോഷമായില്ലേ
ചേട്ടൻമാരേ...!





ബിപിൻ ആറങ്ങോട്ടുകര
10.06.2020

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.