വിദ്യാസാഹിതി

kavibasha online

കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, April 9, 2021

April 09, 2021

വിഷു തുല്യതയുടെ ആഘോഷം

                                    വിഷു തുല്യതയുടെ  ആഘോഷം
                                        

                           വിഷു എന്ന പദത്തിന് അര്‍ത്ഥം  തുല്യമായത് എന്നാണ്. രാത്രിയും പകലും തുല്യമായി വരുന്ന ദിനം, സമരാത്രദിനം എന്നും  ഉത്തരായന ത്തിലേക്കുളള സൂര്യന്റെ സംക്രമം എന്നും  വിളിക്കാം. നമ്മുടെ വിഷു പഞ്ചാബിലെ ത്തിയാല്‍‍ വൈശാഖിയാണ്, ആസാമില്‍ അത് ബിഹു, ബംഗാളില്‍ നവ വര്‍ഷ, കര്‍ണാടകയില്‍ ബിസുവായും മാറുന്നു. ഒറീസയില്‍ വിഷുവ സംക്രാന്തി, തമിഴ്‌നാട്ടില്‍ പുത്താണ്ടു തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്നുണ്ട് തുല്യതയുടെ ഈ  ആഘോഷം. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. ഈടുറ്റതും ഇഴയടുപ്പമുളളതുമായ ബന്ധത്തിന്റെ സാമൂഹിക വശംകൂടി വിഷു  നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ എന്നാണല്ലോ.
                    കാര്‍ഷിക കലണ്ടര്‍ ‍പ്രകാരം  വിഷു പുതുവര്‍ഷപ്പിറവിയായും കണക്കാക്കുന്നു.  എ.ഡി. 962 - 1021  ഭാസ്ക്കര രവിവര്‍മ്മന്റേതായി തൃക്കൊടിത്താ നത്തുള്ള  ശാസനത്തില്‍ ചിത്തിര വിഷു' വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു എന്നാണ് ‍ വില്യം ലോഗന്‍  മലബാര്‍ മാന്വലില്‍ വിഷുവിനെക്കുറിച്ച്പറയുന്നത്. മേ‍ടം തുടങ്ങി രാശിചക്രം വരയക്കുന്ന ജ്യോതിഷവര്‍ഷത്തിന്റെ ആരംഭവവും  വിഷുതന്നെ . സൂര്യനെ കേന്ദ്രീകരിച്ചാണ് വിഷു.  മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം ഒന്ന് മുതല്‍ പത്ത് വരെയാണ് സൂര്യന്റെ ഉച്ചാവസ്ഥ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഇത് പ്രകൃതിയില്‍ വളരെയധികം ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൂര്യനാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ മേടരാശിയിലേക്കുളള സൂര്യന്റെ പ്രവേശനം പുതുവര്‍ഷമായി കണക്കാക്കുന്നു. എങ്കിലും പൊതുവെ അംഗീകരിക്കപ്പെടുന്ന മലയാള വര്‍ഷാരംഭം ചിങ്ങത്തിലാണ്.
                         വിശ്വാസങ്ങള്‍ക്കപ്പുറം മേടം ഒന്ന് മുതല്‍ പത്ത് വരെ  കാര്‍ഷികമായ പ്രത്യേകതയുള്ള ദിവസങ്ങളാണ്.   വിഷുവിനെ വിളംബരം ചെയ്യുന്ന വിഷുപ്പക്ഷി പാടുന്നത് തന്നെ  ചക്കയ്ക്കുപ്പുണ്ടോ, വിത്തുംകൈക്കോട്ടും, അച്ഛൻ കൊമ്പത്ത് അമ്മവരമ്പത്ത്  എന്നാണ്. കാര്‍ഷികസമൃദ്ധിയുടെ ഒരാഘാഷമാണ് വിഷു. ആദ്യത്തെ ഞാറ്റുവേലയായ അശ്വതി തുടങ്ങുന്നത് മേടമാസത്തിലാണ്. അന്നാണ് വിഷു ആഘോഷിക്കുന്നത്. വിഷു കാർഷികാരംഭം എന്ന് പറയുന്നത് അതുകൊണ്ടാണ്. ആരും പട്ടിണികിടക്കാത്ത കാലം. മനുഷ്യന്റെ സാമൂഹികമായ കൂട്ടായ്മയുടെ ഉല്‍പാദനപ്രക്രിയയായ കൃൽിയിലൂടെ മനുഷ്യനും പ്രകൃതിയും തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്നു. വിഷുവിന് മുന്നോടിയായെത്തുന്ന മഴ കഴിഞ്ഞ് കൃഷിക്കാര്‍ നിലം ഉഴുന്നത് പതിവാണ് . വിഷുവെടുക്കല്‍ എന്ന‍ പുരാതനമായ  ആചാരത്തിന് ജന്മിത്ത കാലത്തോളം പഴക്കമുണ്ട്. വിഷുദിവസം ജന്മി‍ തന്റെ കൃഷിയിടത്തിലെ പണിക്കാര്‍ക്ക് നെല്ല്, അരി, തേങ്ങ, എണ്ണ മുതലായവ സമ്മാനിക്കുന്നു. അവ വാങ്ങിയാല്‍ ജന്മിയുടെ കീഴില്‍ ആ കാര്‍ഷികവര്‍ഷം മുഴുവന്‍ പണിചെയ്യാന്‍ കുടിയാന്മാര്‍ ബാധ്യസ്ഥരാണ്. ജന്മിയെയും കുടിയാനെയും ഒന്നാക്കിത്തീര്‍ക്കുന്ന  ഈ അവകാശം വാങ്ങുന്നതിനെ വിഷുവെടുക്കുക എന്നാണ് പറഞ്ഞിരുന്നത്.  വിഷുവിനോട് അനുബന്ധിച്ച്  ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ എന്നിങ്ങനെ അനവധി കാര്‍ഷിക ആചാരങ്ങൾ  നിലനിൽക്കുന്നു. . വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതാണ് ചാലിടീൽ കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിച്ച്   നിലം ഉഴുതുമറിക്കുന്നു.  കാർഷികോപകരണങ്ങളെല്ലാം പുതിയതായിരിക്കും. ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗത്തു വെച്ച് പൂജിക്കുകയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ നടുന്നു.  പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നയര്‍ഥത്തിലണ് ഈ ആചാരം നടത്തുന്നത്. വിഷുക്കാലത്ത് പാടങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ് ഇടവിളയായി ഉണ്ടാകുന്ന പച്ചക്കറികള്‍ വീടിന്റെ ഉത്തരത്തിനുമുകളില്‍ ഓലകൊണ്ടോ, വാഴനാരുകൊണ്ടോ കെട്ടിത്തൂക്കി സൂക്ഷിക്കുന്നു.  വിഷു കണ്ട രാവിലെ വിത്തിറക്കണം, തുമ്പ പൂത്താൽ ഓണം കൊന്ന പൂത്താൽ കണി, വിഷുവില്‍ പിന്നെ വേനലില്ല, മേടം വന്നാല്‍ വിഷും വരും, കാണാത്ത വിഷുക്കിളിക്ക് കണ്‍നിറയെ പൂവ്, വിഷുക്കൈനീട്ടം, വിഷുക്കൈനേട്ടം, വിശപ്പിനല്ല വിഷുക്കഞ്ഞി, മണ്ണില്ലാത്തവര്‍ക്ക് എന്ത് വിഷു, കണ്ണില്ലാത്തവര്‍ക്ക് എന്തു കണി, കണി കണ്ടിട്ട് ചക്കവെട്ടുക, വിഷു വന്നോ വര്‍ഷവും വരും, വിഷു വെള്ളരി വടക്കോട്ട്, വിഷുത്തിരി പടിഞ്ഞാട്ട് വിഷുപ്പുടവ കിഴക്കോട്ട്, വിഷമങ്ങള്‍ തെക്കോട്ട്, കൊന്നപൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുതുപൂക്കുമ്പോള്‍ പട്ടിണി എന്നിങ്ങനെ വിഷു ചാലിച്ചെടുത്ത പഴഞ്ചൊല്ലുകള്‍ അനേകം.
           വിഷുവെന്നാല്‍ കണി തന്നെയായാണ്. വിഷുക്കണിയെന്നാലോ വിഷുദിനത്തിലെ ആദ്യകാഴ്ച എന്നര്‍ത്ഥം.  ഉണക്കലരി, അഷ്ടമംഗല്യം, ഗ്രന്ഥം, വാല്‍കണ്ണാടി, പുതിയ കസവുമുണ്ട്, വെറ്റില, പഴുക്കടയ്ക്ക, കണിവെളളരി, ചക്ക, മാമ്പഴം, നാണയങ്ങള്‍, സ്വര്‍ണം എന്നിവ ഐശ്വര്യത്തിന്റെ പ്രതീകങ്ങളായി ഓട്ടുരുളിയില്‍ തലേദിവസം രാത്രിതന്നെ  മുതിര്‍ന്നവര്‍  ഒരുക്കിവെക്കും. കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കും. കൃഷ്ണവിഗ്രഹമോ  കണ്ണാടിയോ കണിക്കായി സ്ഥാപിക്കും.  വിഷു ദിനത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തില്‍  ആദ്യം കാണുന്നത് സമൃദ്ധിയുടെ ഈ നിറവായിരിക്കണം വരുന്ന  ഒരാണ്ട് മുഴുവന്‍  ജീവിതത്തിലേക്കും സംക്രമിക്കാന്‍  എന്നാണ് സങ്കല്‍പം. വിഷുദിനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് വിഷുക്കൈനീട്ടം. വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ താഴെയുളളവര്‍ക്ക് കൈനീട്ടം കൊടുക്കുന്നു. കുടുംബബന്ധത്തിന്റെ കീഴ്‌വഴക്കത്തെയാണ് കൈനീട്ടം കാണിക്കുന്നത്. അടക്ക, വെറ്റില, കൊന്നപ്പൂ, നാണയം എന്നിവ ഉള്‍പ്പെടുന്നതാണ് വിഷുക്കൈനീട്ടം.                   
                          കണിക്കൊന്നയെക്കുറിച്ചും ഒരു ഐതിഹ്യകഥയുണ്ട്. ഒരിക്കല്‍  യശോദ ഉണ്ണിക്കണ്ണനെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ കണ്ണന്റെ അരയിലെ കിങ്ങിണി കാണാനില്ല. ചോദിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു, അമ്മേ ഒരില്ലത്തെ ഒരുണ്ണി അതേ പ്രായത്തില്‍ അതേ ഇല്ലത്തുതന്നെയുളള മറ്റൊരുണ്ണിയുടെ കിങ്ങിണി കണ്ടു മോഹിച്ച് കിട്ടാന്‍ വഴിയില്ലാതെ കരഞ്ഞുകൊണ്ട് എന്നോടുവന്നു പറഞ്ഞപ്പോള്‍ പാവംതോന്നി, ഞാന്‍ എന്റെ കിങ്ങിണി കൊടുത്തതാണ്. ഉളളവര്‍ വേണം ഇല്ലാത്തവര്‍ക്കു കൊടുക്കാന്‍ എന്ന് അമ്മതന്നെ പറഞ്ഞിട്ടുണ്ടല്ലോ, ഞാന്‍ അതേ ചെയ്തുളളൂ.’ കണ്ണന്റെ ഈ മറുപടി അമ്മയുടെ ഉത്തരം മുട്ടിച്ചു. പക്ഷെ, വിലപിടിച്ച കിങ്ങിണി പോയതില്‍ അമ്മയുടെ വിഷമം മനസ്സിലാക്കിയ കണ്ണന്‍ പറഞ്ഞു, ‘അമ്മേ മുറ്റത്ത് ഒരു കൊന്നമരം നിറയെ പൂത്തുനില്‍ക്കുന്നുണ്ടല്ലോ അതില്‍നിന്ന് ഒരു പൂങ്കുല അറുത്ത് മാലയുണ്ടാക്കി എന്റെ അരയില്‍ കെട്ടിത്തരൂ.’ കണ്ണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അമ്മ അതനുസരിച്ചു. കൊന്നപ്പൂ കിങ്ങിണി കണ്ണന്റെ അരയില്‍ കെട്ടിയപ്പോള്‍ അത് കനകക്കിങ്ങിണി ആയെന്നാണ് കഥ.
         വിഷുവിനെക്കുറിച്ച് എഴുതാത്ത കവികളോ സാഹിത്യകാരന്മാരോ ഇല്ല. ചിന്നമാം വിഷുവശ്രീയുടെ താലിപോലെ കൊന്നയുടെ ഒറ്റപ്പൊന്നലരിനെ വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപമിച്ചിരിക്കുന്നത് എത്ര മനോഹരമാണ്. എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍, കണികാണുവാന്‍ ഭാവി ഗുണമേകുവാന്‍  മഞ്ഞയണിയുന്ന കണിക്കൊന്നയെക്കുറിച്ച്  എന്ന് അയ്യപ്പപണിക്കര്‍ പാടിയിട്ടുണ്ട്. ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്രവല്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും എന്ന് വൈലോപ്പിള്ളി ഒാര്‍മപ്പെടുത്തുന്നു മേടത്തിന്റെ സൂര്യസംക്രമത്തേരിൽ പൊന്നണിഞ്ഞെത്തുന്ന മണ്ണിന്റെ വിഷുക്കതിരിനെ ആലങ്കോട് ലീലാ കൃഷ്ണന്‍ പ്രതീക്ഷയോടെ കാണുന്നു. കാണുകീക്കണ്ണിൽ കൊന്നപ്പൂക്കളും പൊന്നും കണി ഞാനല്ലോ നിനക്ക് ,നീ- എനിക്കും ,നിന്നിൽ തിരിനാളവും കണ്ണാടിയും  എന്ന് സച്ചിദാനന്ദന്‍ എഴുതുന്നു. കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരുമെന്നൊക്കെയുള്ള വരികളില്‍ പ്രതീക്ഷയുടെ തിരിവെട്ടം മാത്രമല്ല, അപ്പൊഴാരെന്നുമെന്തെന്നും ആര്‍ക്കറിയാം എന്ന അനിശ്ചിതത്വവും എന്‍ എന്‍ കക്കാട് വരച്ചു കാട്ടുന്നു.
            എല്ലാ ആഘോഷങ്ങളും കൂട്ടായ്മയുടെതാണ്. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബത്തെ, സമൂഹത്തെ ഒന്നിപ്പിക്കുന്ന വേദികളാണവ. വിഷുവിന്റെ വര്‍ണം  പൊന്നിന്റെ നിറമാണ്. കണിക്കൊന്ന, വിഷുപ്പക്ഷി, കണിവെളളരി, മാമ്പഴവുമൊക്കെ ചോര്‍ന്ന്  പ്രകൃതിയെ സ്വര്‍ണവര്‍ണമാക്കുന്നു.  കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും അകന്നു പോയ ഇന്നത്തെ സമൂഹത്തിന് വിഷുവെന്നാല്‍ ഒരാഘോഷം മാത്രമായി മാറുന്നു. എന്നാല്‍ പഴമയില്‍ വിഷു ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. കാര്‍ഷിക സ്വയംപര്യാപ്തതയുടെ സമത്വത്തിന്റെ സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു.  ആഗോളതാപനവും മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള ഇടപെടലുകളും കാലവസ്ഥ യുടെ കണക്കുകള്‍ തെറ്റിച്ചിരിക്കുന്നു.  കാലം തെറ്റിപ്പൂക്കുന്ന കൊന്നകള്‍ ഇന്നിന്റെ കാഴ്ചയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോഴാണ് കൊന്നകള്‍ പൂക്കുന്നത്.  പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് മാറ്റം വരുന്നതിന്റെ പ്രകടമായ ലക്ഷണമാണിത്. എങ്കിലും  ഇന്നിന്റെ എല്ലാ യാതനകളെയും വരാന്‍ പോകുന്ന നല്ല കാലത്തിന്റെ പ്രതീക്ഷയില്‍ മറികടന്ന് മലയാളി വിഷു ആഘോഷിക്കും.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.