കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, May 18, 2020

May 18, 2020

പറ്റിയതാർക്ക്...? ലേഖനം രേഖ ആർ താങ്കൾ

ലേഖനം


രേഖ ആർ താങ്കൾ




പറ്റിയതാർക്ക്...?

                      സാമൂഹ്യമാധ്യമങ്ങളുമായി അപ്പപ്പോൾ സംവദിക്കാത്തതിനാലും  പത്രവായനഒരുദിവസത്തെ ഏറ്റവും അവസാനത്തെ കർമ്മമായതിനാലും (സ്വസ്ഥമാകുമ്പോൾ മാത്രം സ്വന്തമാകു ന്നത് ) ദൈനംദിന വാർത്തകൾ മണിക്കൂറുകൾ പിന്നിലാണ് എന്നിലേക്ക്
എത്താറുള്ളത്.  ലോകത്തിനൊപ്പം സഞ്ചരിക്കണം എന്നറിയാത്തതിനാലല്ല,
ഓടിയെത്താൻ കഴിയാത്തതിനാലാണ്.
       നിത്യസംഭവങ്ങളായി കഴിഞ്ഞിട്ടുള്ള പല വാർത്തകളും വളരെ  പാസ്സീവായി
വായിച്ചു പോകാനിപ്പോൾ കഴിയാറുണ്ട്. ഇരയോ പ്രതിയോ കുട്ടികളാണെങ്കിൽ അത്
ഉണ്ടാക്കുന്ന നീറ്റൽ വളരെ വലുതാണ്. ഒന്നും ചെയ്യാനാകാത്തതിന്റെ
കുറ്റബോധവും നിരാശയും അമർഷവും ദിവസങ്ങളോളം എന്നിൽ നീണ്ടു നിൽക്കും.
പലപ്പോഴും അത് സ്വന്തം പ്രവർത്തികളുടെ താളം തെറ്റിക്കും. പുതിയ പല
തീരുമാനങ്ങളും എടുക്കും. കഴിയുന്നതൊക്കെ നടപ്പാക്കും. തൊട്ടടുത്ത ദിവസം
ക്ലാസ്സിൽ കുഞ്ഞുങ്ങളുമായി ചർച്ച ചെയ്യും. ഇതൊക്കെയാണ് പതിവ്
        പത്താം ക്ലാസുകാരനെ രണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ
വെട്ടിക്കൊന്നുവെ ന്ന വാർത്തയേൽപ്പിച്ച ആഘാതത്തിൽ നിന്ന് എങ്ങനെയാണ്
മോചനം നേടുക എന്നറിയില്ല. എന്റെ കുഞ്ഞുങ്ങളെ  (പ തിനൊന്നാം ക്ലാസ്സുകാരെ)
കാണാനും അവരുമായി സംവദിക്കാനും കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ
എന്തെങ്കിലും കുത്തി കുറിക്കാതെ വയ്യ

      നമ്മുടെ മക്കൾക്ക് എന്തുപറ്റിയെന്ന് ചിന്തിക്കുമ്പോൾ, പറ്റിയത്
നമുക്കല്ലേ  യെന്ന് എനിക്ക് തോന്നുന്നു. കൗമാരക്കാർക്ക് എന്തെങ്കിലും
പറ്റിയാൽ അതിന്റെ  ഉത്തരവാദികൾ അച്ഛനമ്മമാരും അധ്യാപകരും മാത്രമാണ്. അവർ
രൂപപ്പെട്ടു വരുന്നേയുള്ളൂ. അവരുടെ ലോകം കുടുംബവും വിദ്യാലയവും ആണ്. അവരെ
അണച്ചു പിടിക്കാനും ജീവിക്കാൻ കൊള്ളാവുന്നവരായി വളർത്താനും കഴിയേണ്ടത്
രക്ഷിതാക്കൾക്കും അധ്യാപകർക്കുമാ ണ്. മൊബൈലിനോ ലഹരിക്കോ അടിമകളാകാതെ
ഇത്തിരി കൂട്ടുകെട്ടും കുറച്ചു പ്രേമവും കൗമാരചാപല്യങ്ങളും ഒക്കെയായി
കുറെയൊക്കെ പഠിച്ച് നല്ല കുഞ്ഞുങ്ങളായി ജീവിക്കാൻ അവർക്ക് കഴിയാതെ
പോകുന്നത് നമ്മുടെ കുറ്റമ ല്ലേ?

          ഡോക്ടർക്ക് കൈപ്പിഴ പറ്റിയാൽ ഒരു രോഗിയെ മരിക്കുന്നുള്ളൂ.
അധ്യാപകന്റെ  അശ്രദ്ധകൊണ്ട് ഒരു തലമുറയാണ് മരിക്കുന്നത്. ഈ ലോക്ഡൗൺ
കാലത്ത് വീട്ടിലിരിക്കുന്ന നമ്മൾ അധ്യാപകർ ഇതിനൊക്കെ എന്തു പിഴച്ചു എന്ന്
ചിന്തിക്കുന്നവർ ഉണ്ടാകാം. കുടുംബ സാഹചര്യം കുട്ടിയുടെ സ്വഭാവത്തിൽ
വളരെയേറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും
രക്ഷിതാക്കളുടെ അമിത വാത്സല്യം കുഞ്ഞുങ്ങൾക്ക് വിനയാകുന്നുമുണ്ട്.
എന്നാലും പൂർണ്ണമായി  അധ്യാപകർക്ക് കൈകഴുകാനാകുമോ? നമ്മുടെ മക്കൾ ഇങ്ങനെ
സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരാകുന്നതിൽ നമുക്കും പങ്കില്ലേ? ക്ഷമയും
സ്നേഹവും വാത്സല്യവും കരുതലും  പകർന്നു നൽകാൻ നമുക്ക് കഴിയാതെ
പോകുന്നുണ്ടോ? നമുക്ക് ഇതിൽ പലതും ചെയ്യാനില്ലേ? പരിഹാര
നിർദ്ദേശത്തിനൊന്നും ഞാൻ മുതിരുന്നില്ല . എന്റെ കുഞ്ഞുങ്ങളെ
കാണാനാകാത്തതുകൊണ്ട്   വേദന ഇവിടെ പങ്കുവച്ചു എന്നുമാത്രം
May 18, 2020

പകൽ പറഞ്ഞത് അനിതാ ശരത്

കവിത



പകൽ പറഞ്ഞത്
അനിതാ ശരത്





പകലിന്റെ പഴയപുസ്തകത്തിലെ
ഒരേട്..
യാത്രയിൽ കണ്ടത്..
പട്ടടയിലെരിയും മുൻപ്
എഴുതിയത്..
തിരുത്തൽ വരുത്താത്തത്..
***   ***   ***   ***
അലക്കുകാർ അവരുടെ
പ്രതീക്ഷകളെ
പിഞ്ഞുപോകാതെ
വെളുപ്പിക്കുമ്പോൾ....
വള്ളമൂന്നുകാർ
അവരുടെ സങ്കടങ്ങളെ
കരുതലോടെ
അക്കര കടത്തുമ്പോൾ...
പാറയുടയ്ക്കുന്നവർ
അവരുടെ സ്വപ്നങ്ങളെ
ചെറുകഷണങ്ങളാക്കി
സാക്ഷാത്കരിക്കുമ്പോൾ....

നെയ്ത്തുകാർ
അവരുടെ ജീവിതത്തിന്റെ
ഊടും പാവും
ശ്രദ്ധയോടെ
കോർത്തെടുക്കുമ്പോൾ....

കിണർ കുത്തുന്നവർ അവരുടെ
ആഗ്രഹങ്ങളുടെ തെളിനീരിനായി
ആഴങ്ങൾ തേടുമ്പോൾ....
മീൻപിടുത്തക്കാരുടെ

കണ്ണീർമണികൾ പുതുജീവനായി
ആഴക്കടലിൽ
ചിപ്പികൾ തിരയുമ്പോൾ....
തെങ്ങുകയറ്റക്കാർ
അപ്പോൾമാത്രം
അവരുണ്ടാക്കിയ
ആത്മവിശ്വാസത്തിന്റെ
തളപ്പുകൊണ്ട്
ഉയരങ്ങൾ
കീഴടക്കുമ്പോൾ....
ചിലർ.... ചിലർ മാത്രം..
വിധിയെന്ന് പഴിച്ചുകൊണ്ട്
ജീവിതത്തെ നോക്കി
നെടുവീർപ്പിട്ടുകൊണ്ടേയിരിക്കുന്നു.. !!‌







May 18, 2020

അവിശ്വാസം/എം.കൃഷ്ണദാസ്

കഥ
അവിശ്വാസം
💙
                                                                 
                                                        എം.കൃഷ്ണദാസ്

 അവൾക്ക് അത്‌ഭുതമായി. ഒപ്പം,ഒരേ വണ്ടിയിൽ ആളുകൾ  യാത്ര ചെയ്തിരുന്നെന്നു  പറഞ്ഞത്.മുഖം മറയ്ക്കാതെയാണ് മനുഷ്യർ നടന്നിരുന്നെന്നു പറഞ്ഞപ്പോൾ.
     ആയിരക്കണക്കിനാളുകൾ പങ്കെടുത്തുകൊണ്ടാണ് കല്യാണങ്ങൾ നടന്നിരുന്നെന്നു കേട്ടപ്പോൾ.
പതിനായിരക്കണക്കിനാളുകളുടെ പ്രകടനവും പൊതുയോഗവും നടന്നിരുന്നെന്നു പറഞ്ഞപ്പോൾ,അവൾ ശരിക്കും ചിരിച്ചു.

ജനസഞ്ചയങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉത്സവങ്ങൾ നടന്നിരുന്നെന്നു പറഞ്ഞപ്പോൾ,അവൾ തലയറഞ്ഞു ചിരിച്ചു.

   വീട്ടിലൊരു മുറിയിൽ ആളുകൾ ഒന്നിച്ചു കിടന്നിരുന്നെന്നു പറഞ്ഞപ്പോൾ അവൾ എന്നെ വല്ലാതെ കളിയാക്കി ചിരിച്ചു.വീട്ടിലുള്ളവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെന്നു പറഞ്ഞപ്പോൾ അവളെന്നെ അവിശ്വാസത്തോടെ തുറിച്ചുനോക്കി. ദേഷ്യംവന്ന് അവളുടെ കൈയിൽ പിച്ചിയപ്പോൾ ഉടനെ അവൾ,ഞാൻ പിച്ചിയ ഇടത്ത് സാനിറ്റയിസർകൊണ്ട് തുടച്ച്,മറന്ന അകലം പാലിച്ചു കൊണ്ട് നടന്നു.
🔵
May 18, 2020

ഒരിക്കൽ മാത്രം /സി.പത്മിനി

കവിത


സി.പത്മിനി.




ഒരിക്കൽമാത്രം

പുഞ്ചിരിക്കുക

പിഞ്ചുകുഞ്ഞിനെപ്പോലെ,

പൊട്ടിച്ചിരിക്കുക

സ്ഥകാലബോധമില്ലാതെ,

കാത്തുനിൽക്കുക,

വേരുമുളയ്ക്കും  വരെ,

പൊട്ടിക്കരയുക,

പെരുമഴയിലാരും

കാണാതെ,

സൂക്ഷിച്ചു വയ്ക്കുക,

ഒരിക്കൽമാത്രം

നഷ്ടപ്പെടുത്താനായി,

പകർന്നു കൊടുക്കുക,

അളവുപാത്രങ്ങളില്ലാതെ
കൂട്ടാവുക

കൈവിട്ടുപോകുമെന്നറിഞ്ഞു കൊണ്ട്

ഉറങ്ങുക

സ്വപ്നത്തിലെങ്കിലുംസ്വസ്ഥമായി

ഉപേക്ഷിക്കുക,

അഹങ്കാരത്തിൻെറ

കടുന്നൽക്കൂടുകളെ.

കാവലായിരിക്കുക

സത്യത്തിനും,
നന്മയ്ക്കും

വേണ്ടിമാത്രം


ചേർത്തുവെയ്ക്കുക

ജീവിതച്ചുഴികളിൽ

പ്പെട്ടുഴലുമ്പോൾ

താങ്ങായിരുന്നവരെ












May 18, 2020

അങ്ങനെയായതുകൊണ്ട്/കവിത വി.ടി.ജയദേവന്‍

കവിത

വി.ടി.ജയദേവന്‍


അങ്ങനെയായതുകൊണ്ട്

കൊടുങ്കാറ്റുകളും
ഭൂമികുലുക്കങ്ങളും ഉണ്ടാകും.
സംഭവിക്കാനുള്ളതൊക്കെ സംഭവിക്കും.
രോഗവും മാരണവും സംഭവിക്കും.
വരാനുള്ളവര്‍ വരും.
പോകാനുള്ളവര്‍ പോകും.
വിപ്ലവങ്ങളും
പ്രതിവിപ്ലവങ്ങളും നടക്കും.
സ്വേച്ഛാധിപതികള്‍ നമ്മെ
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിട്ട്
ചുട്ടുകൊല്ലും.
നമ്മുടെ മക്കള്‍
അവരുടെ ശവങ്ങളില്‍ തൂറും.
ചെകുത്താന്‍മാരും ദൈവങ്ങളും
ജീവിതം ഊഴംവെച്ചു കൈക്കലാക്കും.
സിദ്ധാന്തങ്ങളും
പ്രത്യയശാസ്ത്രങ്ങളും
പിറന്നാളുണ്ണികളെപ്പോലെ
കുളികഴിഞ്ഞ് കോടിയുടുത്തു വരും.
ആളുകള്‍ പരസ്പരം തല്ലുകൂടും,
കെട്ടിപ്പിടിക്കും.
പിന്നെയും പിണങ്ങിയെന്നും
പിന്നെയും പിരിഞ്ഞു എന്നും വരും,
കാലങ്ങള്‍ ഉദിക്കുകയും
അസ്തമിക്കുകയുംചെയ്യും,
വാ,
നമുക്കിപ്പോള്‍
ഇടവഴിയിലെ കരിയിലകള്‍ അടിച്ചുകൂട്ടാം



Add caption

May 18, 2020

വിടരുന്ന പൂവുകൾ


മിനിക്കഥ
ടി.പി.ശശികുമാർ 








വിടരുന്ന പൂവുകൾ


ഇതിനു മുമ്പും അയാളിവിടെ ഉണ്ടായിരുന്നല്ലോ?
അന്നൊന്നും എന്തേ അയാളിൽ പ്രണയം തോന്നിയില്ല?
അവളുടെ കണ്ണുകൾ സ്വയം പിറുപിറുത്തു.
അയാളുടെ എന്തു ഗുണമാണ് ഉള്ളിൽ സ്നേഹ സ്ഫുലിംഗങ്ങൾ ഉണർത്തി വിട്ടത്?
ആ മാധുര്യമുള്ള വാക്കുക്കൾ?സുന്ദരരൂപം? അതോ ജോലിയിലെ ആത്മാർത്ഥതയോ?
അതുമല്ലെങ്കിൽ പക്വത ?
ആർക്കറിയാം - ആ കണ്ണുകൾ പരസ്പരം പറഞ്ഞു.
ഉറക്കത്തിലും കൺമുൻപിൽ തെളിയുന്നത് വശ്യമായ ആ രൂപം തന്നെ!
അയാളെ കാണുമ്പോൾ മാത്രം വിടരുന്ന സൂര്യകാന്തികളാണ് നാമിപ്പോൾ .... 
അവർ പരസ്പരം പുഞ്ചിരിച്ചു.. 

അതേ സമയം അയാളുടെ കണ്ണുകൾ ഒരു തത്ത്വജ്ഞാനിയുടെ മട്ടിൽ പറയുന്നുണ്ടായിരുന്നു. :-
'ഒരു കന്യകയുടെ കണ്ണിനു മാത്രമല്ല പ്രണയത്തിന്റെ ഭാഷയുള്ളത്.
അതു കാണാനുള്ള കണ്ണാണ് നമുക്ക് വേണ്ടത് '.
വർത്തമാനത്തിന്റെ തിക്കിത്തിരക്കിനിടയിലും രണ്ടു പേരുടെയും കണ്ണുകൾ ഇടയ്ക്കൊക്കെ വഴിയരികിൽ കണ്ടു മുട്ടും.
അവിടെ കാര്യമായ വാമൊഴികളൊന്നും ഉതിരാറില്ല. ചില അന്വേഷണങ്ങൾ മാത്രം - എന്തേ ഇന്ന് വൈകി ?എന്താണവിടെ എഴുതിക്കൊണ്ടിരുന്നത്?
എന്നിങ്ങനെ ചിലത്.
പരമ്പരാഗത കുറിമാനങ്ങളോ സൈബർ യുഗത്തിലെ വരമൊഴികളോ അവിടെ കണ്ടെത്താനായില്ല.

എങ്കിലും അവരുടെ പൂങ്കാവനത്തിൽ ഓരോ ദിനവും പൂക്കൾ വിടരുന്നത് ആകണ്ണുകൾ കണ്ടു.




 ടി.പി.ശശികുമാർ ,ഉത്രാടം വീട്
അമരമ്പലം - Po
മലപ്പുറം ജില്ല
679332 PIN
May 18, 2020

നിലാവ് ഗൗതം കുമരനല്ലൂര്‍

കവിത













നിലാവ്

ഗൗതം കുമരനല്ലൂര്‍ 











രാവിലെ 
ആകാശം കാണാനില്ല

ഇന്നലെ പെയ്ത മഴയില്‍ കലര്‍ന്ന്
അതു ഭൂമിയിലൂടെ ഒഴുകുന്നു

മഴവെള്ളം കുപ്പിയിലടച്ച്
ഞാന്‍ ഭദ്രമാക്കി

രാത്രി 
എന്‍റെ വീട്ടില്‍മാത്രം
നിലാവു പരന്നു




00000000000000000000000000000
May 18, 2020

ഇന്ത്യാ ചരിത്രത്തിൽ ഗോത്ര സാമ്രാജ്യങ്ങളുടെ തിരോധാനം - കെഎൻ കുട്ടി കടമ്പഴിപ്പുറം

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.