കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, May 27, 2020

May 27, 2020

പൊൻ പുലരി ഉദിക്കട്ടെ ഇ.എസ്. പ്രീതി കിഴൂർ

പൊൻ പുലരി ഉദിക്കട്ടെ
ഇ.എസ്. പ്രീതി 
കിഴൂർ

മാനവരാശിയെ കൊന്നൊടുക്കും
കൊറോണ വൈറസിനെ 
ഇല്ലായ്മ ചെയ്യാനായ് ഒത്തു പിടിക്ക നാം
ലോക്ക് ഡൗൺ എന്നൊരു മാർഗ്ഗരൂപേ 
മാസ്ക്ക് ധരിച്ചിടാം അകലം പാലിച്ചിടാം
നല്ലൊരു നാളേക്ക് വേണ്ടിയല്ലോ 
സാനിറ്റൈസറും സോപ്പുമായ് നമ്മൾ
കൈകൾ ഇടയ്ക്കിടെ ശുദ്ധിയാക്കാം 
ശുചിത്വം പാലിച്ചും നിയമങ്ങൾ പാലിച്ചും
ഒറ്റമനസ്സുമായ് മുന്നേറിടാം
ഇരന്നു വാങ്ങാതെ ഒതുങ്ങികൂടി നാം
ഈ രോഗത്തിൻ ലോകവ്യാപ്തി തടഞ്ഞിടാം 
കൈകൾ കൂപ്പുന്നു നമുക്കു കരുതലായ് 
നില്ക്കുന്ന ആരോഗ്യ പോലീസ് പ്രവർത്തകരെ 
നമിക്കുന്നു ഞാനീ ജനകീയ സർക്കാറിനെയും 
ലോകത്തിൻ മാതൃകയാം എൻ നാടിനേയും 


May 27, 2020

വെള്ളം(കവിത) അക്ബർ അണ്ടത്തോട്



കവിത 
വെള്ളം
                                         അക്ബർ അണ്ടത്തോട്





ജീവൻ്റെ ഓരോ തുടിപ്പിനും
പ്രകൃതി ചുരത്തുന്ന മുലപ്പാലിൻ്റെ നൈർമല്ല്യം.

ഭൂമിയുടെ ആത്മാവു തേടി
ആഴത്തിൽ വകഞ്ഞു ചെല്ലുന്നവർക്കു
മുമ്പിലൊഴുകാനൊരുറവ.

മറഞ്ഞ വിത്തിനു നാമ്പെടുക്കാനൊരു തുള്ളി
തീരം നനച്ചു പുഴക്കൊഴുകാനൊരു വഴി
പുഴകൾക്കൊടുവിൽ ഒഴുകിക്കറയാൻ
മഴത്തറവാടായൊരു കടൽ
കടലിനു നിരാവിയായ് 
മേഘമേറാനൊരു വേനൽ
ദാഹാർത്തരുടെ ആകാശങ്ങളിൽ
മേഘങ്ങൾക്കു പെയ്യാനൊരു മഴ..........

ഈ സുതാര്യ ജലച്ചക്രം കൊണ്ടളന്നെടുക്കാം
ഭൂമിയിലും പ്രപഞ്ചത്തിലും ജീവസാന്നിധ്യം.

എങ്കിലും നമ്മൾ
വരൾച്ചയുടെ ആഴംകൊണ്ടല്ലാതെ
വെള്ളത്തിൻ്റെ മഹത്വം കോരുന്നേയില്ല.

ഒഴുകാൻ നദികളെല്ലാം
കൊടുമുടികളിൽ നിന്നാണിറങ്ങുന്നതെങ്കിലും
നാം വെള്ളത്തിനു കിണർ കുഴിച്ചതോ
ഭൂമിക്കടിയിലേക്ക്!

അറിവിന്നപ്പുറത്തെ ഉൺമയെക്കാണാനിനി
ബോധ്യങ്ങളെ തലകീഴാക്കിയെത്ര തപസ്സു വേണം?


May 27, 2020

സംഗമം (കവിത) ജ്യോതിരാജ് തെക്കൂട്ട്



സംഗമം
          .
ജ്യോതിരാജ് തെക്കൂട്ട്


ചില പോരാട്ടങ്ങളുണ്ട്
കണ്ണും ,കണ്ണും തമ്മിൽ
മനസ്സും, മനസ്സും തമ്മിൽ
കരളും, കരളും തമ്മിൽ

ഇതിലേതായിരിക്കാം
ചിത്രങ്ങൾ കോറിയ
പച്ചില പടർപ്പുകളിൽ
ഏകാകിയായി തപിക്കുന്നത് .

പ്രണയത്തിൻ്റെ തോടിനുള്ളിലേക്ക്
വികാരങ്ങളെ വിറക്കൊള്ളിക്കുന്നത്.

ജീവിത സരണിയിലൂടെ
കൂട്ടം തെറ്റി യോടുന്ന കാട്ടുകുതിരകളെ
സ്മരണയുടെ കൊടും വനത്തിൽ
അനുസ്യൂതമായി തളച്ചിടുന്നത്.

രാവിൻ്റെ ഉന്മാദ സ്ഥലികളിൽ
കിനാ പന്തങ്ങൾ കത്തിക്കുന്നത്
ഇളം നിലാവ്
ഹൃദയത്തിൽ നിന്നൂറി വന്നാണ്
പ്രണയത്തെ കുളിപ്പിച്ചെടുക്കുന്നത്.

പ്രണയ ഭിക്ഷുക്കൾ
കണ്ണിലും മനസ്സിലും കരളിലും
പേറ്റുനോവ് തറച്ചവരായിരിക്കും.

രാവെന്നോ പകലെന്നോ പേരില്ലാതെ
ധ്യാന നിമഗ്നമായൊരു തോണി
നോവിലൂടെയും വേവിലൂടെയും
സംഗമത്തിൻ്റെ വേരുകൾ തേടി
ജലാശയങ്ങളിൽ അലയുകയാണിപ്പോൾ.
May 27, 2020

ജീവൻ മണക്കുന്ന കഥകൾ അജേഷ്.പി

പുസ്തക പരിചയം

ജീവൻ മണക്കുന്ന കഥകൾ
അജേഷ്.പി



                        ഒരു പട്ടാമ്പിക്കാരന്റെ വലിയ കഥകളെന്ന് പൂഴിപ്പുഴ എന്ന കഥാസമാഹരത്തെ ഞാൻ വിളിക്കുന്നു.പട്ടാമ്പിക്കാരായ എതൊരാൾക്കും ബാഗു തൂക്കി നടന്നു പോകുന്ന ആ മനുഷ്യനെ പരിചിതമാണ്. പട്ടാമ്പിയുടെ സ്വന്തം ശ്രീ.ടി.വി.എം.അലിയുടെ (അലിമാഷ് ) ഏറ്റവും പുതിയ കഥാസമാഹാരമാണ് ''പൂഴിപ്പുഴ "വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ
13 കഥകൾ അടങ്ങിയ സമാഹത്തിനു കഴിയുന്നു. താൻ നടന്നു വന്ന കാലത്തിനപ്പുറത്തേക്ക് ചിന്തകളുടെ വഴിവെട്ടാൻ  ഈ കഥകൾക്കാവുന്നു.

അസ്വസ്ഥമായ  മനസ്സുമായി നടക്കുന്ന മനുഷ്യന് ഒരിക്കലും എവിടെയും  സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല എന്നു   പറഞ്ഞു വെയ്ക്കുന്ന കഥയാണ് " ബ്രഹ്മപദം ". ബാബുജി കഥാപത്രത്തിന്റെ അശാന്തമായ മനസ്സിലൂടെ യാണ് ഈ കഥ സഞ്ചരിച്ച് നമ്മിലേക്ക് എത്തുന്നത്." പ്രതിമയുടെ മകൻ " എന്ന കഥ വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ്. ഓരോ പ്രതിമകളും ഒരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഈ സ്വപ്നങ്ങൾക്കുമേൽ പുതിയവ കടന്നു കയറുമ്പോൾ പഴയ ചിഹ്നങ്ങളും സാക്ഷാത്കാരങ്ങളും വെറും നോക്കുകുത്തികളും സ്ഥലം മുടക്കികളുമായി മാറുന്നു.ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കഥയിൽ ദർശിക്കാം. ചരിത്രവും ചരിത്ര നിർമിതികളും ഇവിടെ പ്രതിമകളെ പോലെ നിശ്ചലമാകുന്നു ആർക്കും വേണ്ടാത്ത നോക്കുകുത്തികളാകുന്ന.തനിക്കു ഭാഗ്യമേകിയ ഹതഭാഗ്യനായ ബാലനെ തേടിയുള്ള യാത്രയാണ് "സ്വർണനൂലിഴകൾ " എന്ന കഥ. തനിക്കു കിട്ടിയ ഭാഗ്യത്തേക്കാൾ എത്രയോ മുകളിലാണ്, തന്റെ ഔദാര്യം തിരസ്കരിച്ച് പാടം കടന്ന് മറഞ്ഞ ആ ബാലനെന്ന് അയാൾ തിരിച്ചറിയുന്നു. 
                               രാഷ്ട്രീയത്തിന്റെ അപചയം വരച്ചു വെയ്ക്കുന്ന കഥയാണ് "പൂഴിപ്പുഴ" മുന്നിലുള്ള നിരാംലബ ജീവിതങ്ങളെ കാണാൻ നേരമില്ലാത്ത, മുന്നിലുള്ളത് ശത്രുവാണോ, മിത്രമാണോ, ദയതേടി നിൽക്കുന്ന പാവങ്ങളാണോ എന്നു നോക്കാതെ പകരത്തിനു പകരമെന്ന പുതു രാഷ്ട്രീയ മുറകളെ കാണിച്ചു തരുന്നു ഈ കഥ. നിറങ്ങളേതായാലും
നാണം മറക്കാൻ വഴിവക്കിൽ തൂങ്ങി കിടക്കുന്ന ബാനറുകൾ കൊതിയോടെ നോക്കുന്നു സെൽവനും രാശാത്തിമാരും  പുഴിപ്പുഴയുടെ വരണ്ട ചൂടില്ലെന്ന പോലെ നാഗ്നരായി നമുക്കിടയിലൊക്കെയുണ്ട്. മകന്റെ വേർപ്പാടിൽ വെന്തുരുകുന്ന മാതൃഹൃദയത്തെ "മിഴിനാരുകൾ " എന്ന കഥയിൽ കാണാം. വരുന്നവരിലൊക്കെ മകനെ കാണാൻ അമ്മ ഹൃദയങ്ങൾക്കെല്ലാതെ ആർക്കാണാവുക. വർത്തമാന കാലത്തെ പാരിസ്ഥിതിക - ദളിത് രാഷ്ട്രീയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന കഥയാണ് "കോലങ്ങൾ " തങ്ങളുടെ ഇടത്തിലേക്ക് കടന്നു വരുന്ന ശക്തികൾക്കെതിരെ തങ്ങളുടെ സ്വത്വത്തോടെ ചാത്തുണ്ണിയു, ചെമ്പിയും, മലമുത്തപ്പനും അവർക്കു കൂട്ടായ് പ്രകൃതിയും ചെറുത്തു നിൽക്കുന്നു. ദുരന്തപുരിതമായ വർത്തമാനത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

"ഉത്തമൻ " എന്ന കഥയിൽ പങ്കുവെയ്ക്കാതെ പോയ ബന്ധങ്ങളുടെ ഊഷ്മളത കാണിച്ചുതരുന്നു. പ്രവാസിയും പിന്നീട് ഉത്തമ കൃഷിക്കാരനുമായി മാറിയ അയാളും, തന്നെ ഉത്തമനായ  കൃഷിക്കാരനായി മാറ്റിയ ഷബാനു എന്ന കൃഷി ഓഫസറും തങ്ങൾക്ക് തങ്ങൾ ആരായിരുന്നു എന്ന് തേടുന്ന കഥയാണിത്.

ജനപ്രിയ നോവലിസ്റ്റ് കൃഷ്ണനുണ്ണിയെന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന "സൂര്യകളങ്കം ''.ദാരിദ്യത്തിന്റെയും മാറി മറയുന്ന സൗന്ദര്യബോധത്തിന്റെ കഥ പറയുന്ന ''നൊങ്ക് ",വസുമതിയിൽ നിന്ന് 'വാസു'മതിയിലേക്ക് കാത്തു നില്പാണ് ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന "മുഖമുദ്ര" എന്ന കഥ."ചക്കി" എന്ന കഥയക്ക് കാലഭേദങ്ങളില്ല, എല്ലാ കാലത്തും സംഭവിക്കാനിടയുള്ളതാണത്. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് അമ്മയുടെ ചൂരും, വർത്താനവും, സ്നേഹവും തൊട്ടുകൂടാത്തതാവുന്ന മനോഭാവത്തിനു മുന്നിൽ ഒറ്റയ്ക്ക്  ഉയർന്നു നിൽക്കുന്നു ചക്കി.കുറത്തി, അർദ്ധവിരാമം ങ്ങിയ കഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം ലോക്ക്ഡൗൺ പിറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കൈകളിലെത്തുന്നത്. കലാത്തിനതീതമായി ഈ കഥകൾ നിലനിൽക്കുന്ന കഥകൾ മനസ്സിൽ വലിയ വലിയ ചോദ്യങ്ങൾ ഉയർത്തും, വൈവിധ്യമായ ആഖ്യാനങ്ങളും ഭാഷാപരമായ മികവും, ഗ്രാമീണതയുടെ ബിംബങ്ങളും ചേരുന്ന ഈ കഥകൾ നല്ല വായനാനുഭവം പകരുന്നു.
കാലത്തിന്റെ അതിരുകൾ ഭേദിച്ച് നിലനിൽക്കും ടി.വി.എം.അലിയെന്ന മനുഷ്യന്റെ ഈ 'വലിയ'കഥകൾ


ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.