കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, August 2, 2020

August 02, 2020

കവി ലൂയി പീറ്ററുടെ കവിതകള്‍





2017 Paintings – Chris Gentes


ശീർഷകം ഇല്ലാത്ത കവിത


ഞാനുണ്ടത്.,

എന്‍റെ വിശപ്പ്...

ഞാൻ കുടിച്ചുതീര്‍ത്തത്.,

എന്‍റെ ദാഹം..

ഞാൻ ഉദിച്ചത്.,

എന്‍റെ ആകാശം അനാഥമാകാതിരിക്കുവാന്‍...

ഞാൻ അസ്തമിച്ചത്.,

എന്‍റെ നിശയ്ക്ക് സ്വപ്നം കണ്ടുറങ്ങുവാന്‍..

ഞാൻ നടന്നത്.,

എന്‍റെ പാതയ്ക്കു കൂട്ടാകുവാന്‍..

ഞാൻ ഇളവേറ്റത്.,

എന്‍റെ വൃക്ഷത്തിനു തണലാകുവാന്‍...

ഞാൻ നീരാടാനെത്തിയത്.,

എന്‍റെ പുഴയ്ക്കു കുളിരാകുവാന്‍...

എന്നിട്ടും ഞാന്‍മാത്രം

എന്നുമിങ്ങനെ

ഞാൻ മാത്രമായ്.....

ഒറ്റയ്ക്ക്.....



ഒരു സത്യം


ഭൂപടം ഒരു നുണയാണു.


എന്റെ കണ്ണുനീർപ്പുഴകളോ

കരളെരിഞ്ഞു തീർന്ന

കനൽ വഴികളോ അതിലില്ല.


ഉച്ചസൂര്യൻ തിന്നു പോയ

എന്റെ നിഴലോ

വ്യഥ കടലായി ഇരമ്പിയ

എന്റെ പ്രിയസഖിയോ ഇല്ല.


ഭൂമി ഒരു സത്യമായിരിക്കെ

ഭൂപടം മാത്രം

എന്തിനാണിങ്ങനെ

നുണയായിപ്പോകുന്നത്‌


തവളകള്‍


തവളകൾ ഒന്നും

പ്രവചിക്കുകയല്ല.

ഞങ്ങൾ ഈ കുളം മാത്രമേ

കണ്ടിട്ടുള്ളു എന്ന്

അവർ വിനയപുരസ്സരം

ഏറ്റുപറയുകയാണ്‌


തവളകൾ ഒന്നും

പ്രവചിക്കുകയല്ല.

പ്രാർത്ഥനയിലും

പ്രണയത്തിലും കലഹത്തിലും

ഞങ്ങള്ക്ക് ഭാഷയിൽ

ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്

അവർ പരിതപിക്കുകയാണ്

അവരുടെ എകാക്ഷരജപം

മേഘഹൃദയങ്ങളെ

ആര്ദ്രമാക്കുന്നു

അഗ്നിയാൽ മെനഞ്ഞ

ഒരു താക്കോൽ വന്നു

ആകാശത്തിന്റെ

വാതിലുകൾ തുറക്കുന്നു

നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു

അവരെ

അവരുടെ കുളങ്ങളോടൊപ്പം

സ്വതന്ത്രരാക്കുന്നു.


എനിക്കറിയാം

ഈ പ്രളയം പോലും

തവളകൾ പ്രവചിച്ചതല്ല

അവർ

പ്രവാചകരേയല്ല.

തവളകൾ മാത്രമാണ്

നമ്മെ പോലെ

നഗരങ്ങളിലല്ല വാസം

എന്ന് മാത്രം.


നരഭോജികള്‍

പണ്ട്....

മനുഷ്യന്‍, മനുഷ്യന്‍റെ മാംസം ഭക്ഷിക്കാറുണ്ടായിരുന്നു..

അതില്‍ ഉപ്പിന്‍റെ രുചി കലര്‍ന്നിരുന്നുവെന്നും.,

വിശപ്പിന് ഉപ്പിന്‍റെ ഗന്ധം അറിയാമായിരുന്നുവെന്നും.,

നമ്മള്‍ ഓര്‍ക്കാത്തതല്ല.....

എവിടെയോ ഒളിച്ചുവച്ചതാണ്.

ഒന്നും ഒളിച്ചുവയ്ക്കാന്‍ അറിയാത്തതിനാലാണ്

ചില മൃഗങ്ങള്‍ നമ്മെ മനുഷ്യരെപ്പോലെ ആകാതെപോയത്...


കവിഭാഷയുടെ ആദരാഞ്ജലികള്‍


ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.