കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, June 23, 2020

June 23, 2020

വെറ്റിലച്ചിരി/ധന്യ മനോജ്






ചെറുകഥ 


ന്യ മനോജ്

                           വെറ്റിലച്ചിരി


അങ്ങ് ദൂരെ ആകാശത്ത് വില്ലു പോലെ വളഞ്ഞ് കിടക്കുന്ന മഴവില്ലിനെ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കിയിരിക്കുന്ന മാളുവിന്റെ അരികിൽ വന്നിരുന്ന് അവളുടെ നെറുകിൽ തലോടിക്കൊണ്ട് മുത്തശ്ശി ചോദിച്ചു " മാളുവേ... എന്താ നി നോക്കണത്?
 " .ദേ നോക്കിക്കേ മുത്തശ്ശി എന്ത് ചന്താണ് മഴവില്ല് കാണാൻ.... ആരാ ഈ ആകാശത്തിരുന്ന് ചിത്രം വരക്കണത്? മുത്തശ്ശിക്കറിയോ ?" 
മാളുവിന്റെ കൊച്ചു സംശയം കേട്ട് വെറ്റിലക്കറ പുരണ്ട മോണയും കാട്ടി മുത്തശ്ശി ഉറക്കെച്ചിരിച്ചു...
 " "അത് നിനക്കറിയില്ലെ? .... അവിടെ നല്ലൊരു ചിത്രകാരനുണ്ട്........ വരക്കാനും നിറം കൊടുക്കാനും അറിയുന്ന മിടുക്കനായ ഒരു ചിത്രകാരൻ..... പക്ഷെ നമുക്കൊന്നും കാണാൻ പറ്റില്ല.... അങ്ങുയരത്തിലിരുന്നാ അദ്ദേഹം എല്ലാ വരേം കുറീംനടത്തണ്..."

അവളുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത് മുത്തശ്ശിയായിരുന്നു  ഒട്ടും നിരാശ നൽകാത്ത സരസമായ ഉത്തരങ്ങൾ... അവളുടെ കൂട്ടുകാരിയായിരുന്നു മുത്തശ്ശി..... " മുത്തശ്ശി കണ്ടിട്ടുണ്ടോ ആ ചിത്രകാരനെ? .. "

തൂങ്ങിക്കിടക്കുന്ന ചുളുക്കമുള്ള കവിളിൽ പീച്ചിക്കൊണ്ട് അവൾ കിന്നരിച്ചു.... 

"എന്തു സുഖാണ് മുത്തശ്ശീടെ കവിൾ പീച്ചിക്കൂട്ടാൻ ... നല്ല പിസുപിസാന്ന് ... സ്പോഞ്ചുപോലെ ഉണ്ട്.... "      
മാളു മുത്തശ്ശീടെ തൂങ്ങിക്കിടക്കുന്ന കവിൾ റബ്ബർ ബാൻഡ് കണക്കെ വലിച്ചു.... മുത്തശ്ശി അവളുടെ നെറ്റിയിൽ സ്നേഹം ചൊരിയുന്ന ഉമ്മകൾ കൊണ്ട് മൂടി......

"അമ്മ ഇങ്ങനെ കിന്നരിച്ച് ഈ പെണ്ണ് പിന്നെ പിന്നെ വഷളായി വരുന്നുണ്ട്.... മതി കൊഞ്ചിച്ചത്... "

പശുവിന് അരിഞ്ഞപുല്ല് തൊഴുത്തിലേക്കിട്ട് നെറ്റിയിലെ നീർകണങ്ങൾ മുഷിഞ്ഞ സാരിത്തുമ്പു കൊണ്ട് തുടച്ചു കൊണ്ട് മാളുവിന്റെ അമ്മ ദേവാനി തെല്ല് പരിഭവത്തോടെ പിറുപിറുത്തു......

" പെണ്ണ് വലുതായി വരാണ് .. എന്നും സ്വപ്നലോകത്താ .. പുസ്തകം തുറക്കണില്ല... കൂട്ടിന് മുത്തശ്ശീം.. കൊള്ളാം "

ദേവാനിയുടെ വഴക്ക് കേട്ട് മാളുവിന്റെ പൂ പോൽ വിരിഞ്ഞ മുഖം വാടിക്കരിഞ്ഞു....

 " നീ എന്റെ കുഞ്ഞിനെ വഴക്ക് പറയണ്ട.. അവൾ നല്ല കുട്ടിയാ... മിടുമിടുക്കി.. "
 മുത്തശ്ശി അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.... " 
      മനോഹരമായ നാല് കെട്ട് തറവാടും .. പരന്നു കിടക്കുന്ന മുറ്റവും .... ആമ്പലുകൾ എത്തിനോക്കാറുള്ള തറവാട്ട് കുളവും ....തെക്കിണിയിലെ ജനാല തുറന്നാൽ ദൂരെ കാണുന്ന പാമ്പിൻ കാവും  ഇന്ന് മാളുവിന്റെ ഓർമ്മകളിലെ നക്ഷത്രങ്ങൾ മാത്രമാണ്.... മനോഹരമായി തിളങ്ങുന്ന നക്ഷത്രങ്ങൾ..... വിറങ്ങലിച്ച കാലിൽ വെള്ളത്തുണിക്കഷ്ണം കൂട്ടിക്കെട്ടിവച്ച ആ ദിനം... ചന്ദനത്തിരിയുടെ മണം മൂക്കിലേക്ക് കുത്തിക്കയറിയ ആ ദിനം അത് അവൾക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.... ഓർക്കാനും ഓമനിക്കാനുമായി അവളുടെ മുത്തശ്ശി തന്ന ഓർമ്മകൾ..... മുത്തശ്ശി വായിലേക്ക് സ്നേഹത്തോടെ ഉറുട്ടിത്തന്ന കണ്ണിമാങ്ങാ അച്ചാറുകൂട്ടിയ ഉറുളകളും ... മുടിയിൽ തേച്ച് പിടിപ്പിച്ചുതരുന്ന തുളസിക്കതിരിന്റ മണമുള്ള കാച്ചിയ വെളിച്ചെണ്ണയുടെ അഭൗമ ഗന്ധവും, കർപ്പൂരത്തിന്റെകുളിർമ്മഅലിഞ്ഞുചേർന്നകൺമഷിത്തട്ടും എല്ലാം ഇന്നും ഉണ്ട് അവൾക്ക് കൂട്ടായി....

 അവൾ പതിയെ തലയുയർത്തി ചുമരിലേക്ക് നോക്കി... ചുമരിൽ തൂക്കിവച്ചിരിക്കുന്ന മങ്ങിയ ഫ്രൈയിമിനുള്ളിൽ മോണകാട്ടിക്കൊണ്ടുള്ള ചിരിയുമായി .... അവളുടെ സ്വന്തം മുത്തശ്ശി...... എങ്ങുനിന്നോ ഒരു ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു..

." ഞാൻ ഇവിടുണ്ട് കുട്ടിയേ.. ഇവിടത്തന്നെയുണ്ട് ... നിന്റെ കണ്ണ് നിറയണത് എനിക്ക് സഹിക്കില്ലാട്ടൊ.." 

മാളു അവളുടെ അടർന്നുവീണ കണ്ണുനീർ മുത്തശ്ശി കാണാതിരിക്കാൻ വേഗത്തിൽ തുടച്ചു മാറ്റി...

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.