കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 3, 2020

June 03, 2020

വേനൽ പൂട്ട്‌ ഷർമിള ചിറ്റഴി


വേനൽ പൂട്ട്‌   

ഷർമിള ചിറ്റഴി


വേനലവധി തൻ കാലമിതെങ്കിലും
വേവലാതിപ്പൂട്ടിലായി നമ്മൾ !
വേഗേന വ്യാപിക്കും വ്യാധിതന്നാധിയിൽ
വേപഥു പൂണ്ടു കഴിഞ്ഞിടുന്നു _ ലോകർ
ഭേദങ്ങളേതും മറന്നീടുന്നു.
കോവിഡ് പത്തൊമ്പതെന്ന പേരിൽ ദൂരെ
കൊറോണ വൈറസ് വേഷമിട്ടു. 
കോടാനുകോടി മനുഷ്യർ വാഴും ഏഴു_.     
ഭൂഖണ്ഡമൊക്കെയും കീഴടക്കാൻ, വാഴ്‌വിൻ
ശാന്തിയെ വേരോടറുത്തെറിയാൻ.!
 വാതിലു കൊട്ടിയടച്ചു നമ്മൾ മനോ_
വാതായനങ്ങൾ തുറന്നുവച്ചു. 
വാതോരാതോതും വിശേഷമൊക്കെ _സദാ
വാട്സ് ആപ്പിലൂടങ്ങു പങ്കു വച്ചു. _ ഏറെ
വാചാലരായി നാം മൗനങ്ങളിൽ..
വ്യായാമമെന്നത് സ്വപ്നമായി ,നാട്ടിൽ
വ്യാപാരമെന്നതോ നഷ്ടമായി!
ആയവ്യയങ്ങൾ  ചുരുക്കമായി പിന്നെ
ആഘോഷധൂർത്തുമദൃശ്യമായി ,ജനം
ആചാരമെല്ലാം മറന്നേ പോയി!
നാലുമണിയായാൽ ഗ്രൂപ്പിൽ തുടങ്ങീടും 
നാനാവിധപലഹാരമേളം 
നാടനും ചൈനീസും  ചെട്ടിനാടും നൽകും
നാവിൻരുചികൾതൻ ആന്ദോളനം പൊയ്പ്പോയ്
നാണമില്ലാത്ത പകലുറക്കം !
ഗൂഗിളിൽ, യൂട്യൂബിൽ മാറിമാറി പലർ
ഊളിയിട്ടൊപ്പിച്ച നൈപുണികൾ 
എണ്ണയിൽ ആവിയിൽ വെന്തുപൊങ്ങി
കിണ്ണത്തിലായതോ നൽചിത്രമായ്‌
എണ്ണമില്ലാത്തതാം ഫോർവേർഡുകൾ !
ചാലഞ്ചുകൾ എന്ന പേരിൽ കാട്ടും ചില
ചാപല്യങ്ങൾ  എത്ര നിന്ദനീയം !
ചാവിന്റെ വായിലും ചന്തം തിരയുന്ന
ചണ്ടിത്തരത്തിനിതെന്തുപേരു ? ആര്
കാ ൺമതിവരുടെ   മൂഢതകൾ ?
ഒട്ടേറേയൊട്ടേറെ സോദരങ്ങൾ ദൂരെ
അജ്ഞാത നാട്ടിൽ , മൃതി മുഖത്തായ്‌
അപ്പാടെ പ്രത്യാശയറ്റ് ,പറ്റെ നോവിൻ
നേരിപ്പോടിൽ പെട്ടു നിൽക്കെ, പാവം
കണ്ണീരു മപ്പാടെ വറ്റി നിൽക്കെ
ഒത്തു പ്രാർത്ഥിച്ചിടാം ഇന്ന്  നമ്മൾ, അവർ_
ക്കത്തല് തീർന്നു സുഖം ലഭിക്കാൻ  ,വേഗം
ഉറ്റവർക്കൊപ്പമായൊത്തു  വാഴാൻ,മണ്ണിൽ
ശാശ്വതശാന്തിപുലർന്നുകാണാൻ,വിശ്വം
സ്നേഹനാളത്താൽ  പ്രദീപ്തമാകാൻ !

                             
June 03, 2020

വിഷുക്കിളി വന്നു.. ◆ജയന്തി ശശിധരൻ◆


.വിഷുക്കിളി വന്നു..
 ◆ജയന്തി ശശിധരൻ◆



മേട വരവറിയിച്ചു വന്നൂ വിഷുക്കിളി 
പാടമിതു കേട്ടു, കേട്ടില്ലേ ?
വിത്തു ചാലുഴുകാതെ, വളമേറിഞ്ഞീടാതെ,
ഉഴറി നിൽക്കുന്നൂ കൃഷീശൻ !!

നാടായ നാടൊക്കെ വൈറസു ഭീതിയിൽ,
പാടേ പണിപ്പെട്ടിരിക്കേ
നഗര മധ്യങ്ങളിൽ താഴിട്ടു പൂട്ടിയ -
കോട്ട, കൊട്ടാരങ്ങൾ കണ്ടോ ?
വിപണികളൊക്കെയും അണി നിരന്നീടുന്ന -
മനുജർ ഗൃഹസ്ഥാശ്രമക്കാർ !!

ഒന്നു പുറത്തിറങ്ങീടാതെ, മിണ്ടാതെ
കൂട്ടിലടച്ച കിളികൾ...
വെല്ലുവിളികളും, കൊല്ലും കൊലകളും
തെല്ലുമില്ലാത്ത രാഷ്ട്രീയം...
കാണുന്നതില്ലേ? വയൽക്കിളി നീ ചൊല്ലൂ
കാണാത്ത സ്നേഹച്ചരട് !!
പാടാത്ത വീണയും പാടുന്നൂ, ജീവിത -
രാഗങ്ങളോരോന്നു മീട്ടി...
മേഘമൽഹാറു പാടുന്നൂ, നഭസ്സിലെ
മേഘവും പെയ്തൊഴിയുന്നു...
പൊന്നിൻ കണിക്കൊന്ന മിന്നുകെട്ടാൻ ദൂരെ-
യാളൊഴിഞ്ഞകലത്തിൽ നിൽപ്പൂ...
വന്നു ചാർത്തീടൂ വിഷുക്കിളി തെല്ലുമേ-
ശങ്ക വേണ്ടൂഴി മാതാവു നൽകി...
വെയിലൂറ്റി, വറ്റിച്ചു ഹൃദയക്കിതപ്പോടെ-
പൊന്നതു സ്ത്രീധനമായി...
നാളെയതിൻ പേരിലക്കണിമോളുടെ-
കഥ കഴിച്ചിടാതിരിക്കാൻ...
നിയമം നിഴൽച്ചിത്രമാടികളിച്ചിട്ടും,
നിയതി നിദ്രാവത്വം പൂളും...
നിൽക്ക! വയൽക്കിളി നീ പറന്നകലായ്ക,
വൈറസ് നിന്നെയും കൊല്ലും...
കേട്ടല്ലോ വാർത്തയിൽ കരടിക്കകത്തുമേ,
വൈറസ്സിരിപ്പാണതത്രെ !!!
നിന്നെ നീ കാക്കുക, ലോക്ക്ഡൗണുമില്ലാത്ത-
വിണ്ണിന്റെ പാതയിലൊക്കെ...
മാറിവന്നെത്തും ഋതുകളിലൊക്കെയും
നീ കാണ്മൂ ദൈന്യതയെങ്ങും!!
നിപ, കൊറോണ, കുരങ്ങുപനികളാൽ,
നില്ക്കപ്പൊറുതിയില്ലല്ലോ..
നേരുകെൻ നാടിനു മുക്തിയും ശക്തിയും
നേരിന്റെ ശബ്ദത്തിലെന്നും...
ഇനി നിന്റെ പാട്ടു കേൾക്കാൻ, 
വരും കൊല്ലത്തിലിവിടെ ഞാനുണ്ടാവുകില്ല...*

      ◆ജയന്തി ശശിധരൻ◆
June 03, 2020

ഓർമ്മയിലെ കാന്താരി മധുരം 9 കാർഷികം കെ.സി.അലി ഇക്ബാല്‍


ഓർമ്മയിലെ കാന്താരി മധുരം 9  
   കെ.സി.അലി ഇക്ബാല്‍
കാർഷികം
ഇടവപ്പാതിയോടടുത്ത കാലത്ത് പാടം നിറയെ പണിക്കാര്‍ നിറഞ്ഞ് തിരക്കുകൂട്ടുന്ന കാലം ഓര്‍ത്തെടുക്കാനാകുന്നുണ്ടോ?ചന്നം പിന്നം പെയ്യുന്ന മഴ.തൊപ്പിക്കുട ചൂടിയ ആണുങ്ങളും കുണ്ടൻകുട ഏന്തിയ പെണ്ണുങ്ങളും.ചിലര്‍ പാടവരമ്പ് മിനുക്കുന്നു. കഴുത്തില്‍ നുകം പേറുന്ന കാളകളുടെ(പോത്തുകളും)പുറകില്‍ നിന്ന് നുകത്തില്‍ വച്ചുകെട്ടിയ കരിയുടെ(കലപ്പ)കൊഴു ആഴ്ന്നിറങ്ങി മണ്ണിനെ ഇളക്കിമറിക്കുമ്പോള്‍ ഉഴവുചാലുകള്‍ രൂപപ്പെടും. (ഉഴവുചാലില്‍ നിന്നാണ് ജനകരാജാവിന് സീതയെ കിട്ടിയതെന്ന് വര്‍ണ്ണിക്കു മ്പോള്‍ ഇപ്പോള്‍ കുട്ടികളുടെ മനസ്സിലു ണ്ടാകുന്ന ചിത്രം എന്താകുമോ ?)ഇങ്ങനെ ഉഴുതു മറിച്ചിട്ട കണ്ടത്തില്‍ വെള്ളം തേവിനിറച്ച് കഴിഞ്ഞാല്‍ പിന്നെ കാളയ്ക്ക്പിന്നില്‍ കലപ്പയ്ക്ക് പകരം പലക രൂപത്തിലുള്ള ഊര്‍ച്ചമരമാണ് ഉപയോഗിക്കുക. ചാലുകള്‍ നിരപ്പാക്കി മണ്ണുനിരത്തി അതിനെ കുഴമ്പു രൂപത്തിലാക്കി ഞാറുനടാന്‍ പരുവപ്പെടുത്തുന്നതാണ് ഈ ഘട്ടം. ഈ ഘട്ടത്തില്‍ ത്തന്നെയാണ് വരമ്പു പണി.ആദ്യം കൈക്കോട്ട് കൊണ്ട് വരമ്പിലെ പുല്ലുകള്‍ ചെത്തിയെടു ക്കും.കണ്ടത്തിലെ കുഴമ്പുരൂപത്തിലുള്ള ചേറെടുത്ത്  വരമ്പില്‍ തേച്ച് പിടി പ്പിച്ച് മിനുക്കിയെടുക്കും. കണ്ടത്തില്‍ ഞാറുനടുന്ന പെണ്ണുങ്ങള്‍ നട്ടുനട്ട് പുറകോട്ടാണ് നടക്കുക.വിളഞ്ഞ കൊയ്യുമ്പോള്‍ തിരി ച്ച് മുന്നോട്ടും. (പെണ്ണുങ്ങളാണ് നടാനും കൊയ്യാനും ഏറെയുണ്ടാകുക) നെല്‍ച്ചെടികള്‍ക്കിടയില്‍ വളര്‍ന്ന കള പറിക്കല്‍,ചാഴിയെ തുണിവീശി പിടിക്കല്‍ തുടങ്ങിയവയൊക്കെ കുട്ടിക്കാലത്തെ കാര്‍ഷിക കാഴ്ചകളായിരുന്നു. 

ഇടവഴിയിലൂടെയിറങ്ങി ആളുയരത്തില്‍ കൈതച്ചെടികള്‍ മുറ്റി വളര്‍ന്ന തോട്ടുവര മ്പിലൂടെ ഉപ്പയുടെ കൈപിടിച്ച് പാടത്തേക്കുള്ള യാത്ര ഇന്നും ഓര്‍മ്മളില്‍ പച്ചപ്പു ണ്ടാക്കുന്നു.പാടത്തെത്തിയാല്‍ ചക്കനും കണക്‍റാ യിയും കൊലവനും ചീരുകണ്ടനും വള്ളിയും നീലിയും കുറുമ്പയും തകൃതിയായി താളത്തില്‍ പണിചെയ്യുന്നത് കാണാം. അവിടെ അക്കാലത്ത് വിഷ്ണുവും കൃഷ്ണനും രേവതിയും അശ്വതിയും പണിക്കു 

വന്നിരുന്നില്ല. അദ്ധ്യാപകനായശേഷം ഹാജര്‍ പട്ടികയില്‍ കുട്ടികളുടെ പേരു ചേര്‍ക്കു മ്പോള്‍ ചക്കനേയും കണക്‍റായിയേയും കൊലവനേയും കണ്ടുമുട്ടിയില്ല എന്നത് നാടിന്‍റെ സാമൂഹ്യ മൂന്നേറ്റ ചരിത്രവുമായി ബന്ധപ്പെട്ടതാണല്ലോ. 


           വിളഞ്ഞ നെല്‍ക്കതിരുകള്‍ ചുരുട്ടിക്കെട്ടി  കറ്റയാക്കി തളച്ചുമടായി വീട്ടുമുറ്റത്തെത്തിച്ചാല്‍ പിന്നെ മെതിയായി.മെതിച്ചുകിട്ടിയ നെല്ല് പറയി ലളന്നു പത്തായത്തിലാക്കി വൈക്കോല്‍ കൊണ്ടു കൂനയുണ്ടാക്കി പണി ക്കാര്‍ മടങ്ങിയാല്‍ പിന്നെ വൈക്കോല്‍ കൂന ഞങ്ങടെ കളിയിടമാ യി.കൂനകളില്‍ നിന്ന് മുളച്ചുപൊങ്ങിയ കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല. പാടങ്ങ ളുടെ  വിസ്തൃതി പലയിടത്തും പാതിയായി കുറഞ്ഞിരി ക്കുന്നു.ചിലയിടങ്ങള്‍ പണ്ടു നെല്‍പാടങ്ങളായിരുന്നെന്നതീന് ഒരു തെളിവും ബാക്കിയില്ല.ഞങ്ങള്‍ക്കും നൂറു മേനി വിളഞ്ഞ നെല്‍പ്പാടങ്ങള്‍ നഷ്ടപ്പെട്ടു.വീട്ടില്‍ കറ്റകള്‍ മെതിച്ചില്ല.വൈക്കോല്‍ കൂനകള്‍  ഇല്ലാതാ യി.പാടവും കൃഷിയും ഇല്ലാതായപ്പോള്‍ ജീവിതത്തില്‍ ഗ്രാമ്യതയുടെ താളങ്ങള്‍ നശിച്ചുപോയി.പകരം വന്നെത്തിയ സംസ്കാരത്തിന് കൂടുതല്‍ മികവും ചടുലതയുമുണ്ട്.അത് എന്നെപ്പോലുള്ള ചില പഴഞ്ചന്‍മാര്‍ക്ക് വഴങ്ങുന്നില്ല എന്നു മാത്രം.
June 03, 2020

പുസ്തക പരിചയം നട്ടുച്ചയുടെ വിലാസം ശ്രുതി വൈശാഖ്




പുസ്തക പരിചയം 
ശ്രുതി വൈശാഖ്

നട്ടുച്ചയുടെ വിലാസം 


"പ്രണയ മഴ 
ഒരിക്കൽ പെയ്താൽ മതി 
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ "
പഠിക്കുന്ന കാലത്ത് എന്റെ പല നോട്ടുപുസ്തകത്തിന്റെ പുറകിലും ഞാൻ കുറിച്ചിടാറുള്ള വരികളായിരുന്നു ഇത്. 
പി ആർ രതീഷ് എന്ന കവിയെ അനുവാചകർ ഹൃദയത്തോട് ചേർത്തു വച്ച വരികൾ. അവിടുന്ന് എത്രയോ കാലങ്ങൾക്കിപ്പുറം രതീഷ് ഏട്ടനെ പരിചയപെട്ടപ്പോൾ വല്ലാത്തൊരു കൗതുകമായി തോന്നി അദ്ദേഹത്തിന്റെ കാവ്യായാത്രയോട്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് തന്റെ കവിതകൾ ഓരോന്നും പരിചയപെടുത്തുന്ന കവി, പൊങ്ങച്ചത്തിന്റെ മേമ്പോടി ചാർത്തി നടക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ' ഞാൻ ഞാൻ മാത്രമാണെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും വിളിച്ചോതുന്ന പച്ചയായ മനുഷ്യൻ., അതായിരിന്നു രതീഷ് ഏട്ടൻ. 

അദ്ദേഹത്തിന്റെ "നട്ടുച്ചയുടെ വിലാസം "വായിച്ചു തുടങ്ങിയപ്പോഴേ കവിതയുടെ / ജീവിതത്തിന്റെ ആഴങ്ങളിലേക്ക് വീണു പോവുന്ന ഒരു പ്രതീതിയായിരുന്നു. സ്വപ്നത്തിലൂടെ സഞ്ചരിക്കുന്നതിനൊപ്പം, കവി ജീവിത യാഥാർഥ്യത്തെ തിരിച്ചറിയുന്നുമുണ്ടെന്ന സത്യം ഓരോ വരികളിലും തെളിഞ്ഞു കാണുന്നു. കവിതയുടെ ചുരത്തിലൂടെ കയറി ഇറങ്ങുമ്പോൾ കവി മനസ്സ് തിരിച്ചറിയുന്നു ' സ്വപ്നം നിറയെ ജീവിതമുള്ള ആഴമാണ് കവിതയെന്ന് ' ആ ആഴത്തിൽ നിറയെ ജീവിതവും പ്രണയവും, വിരഹവും, പ്രതീക്ഷയും തുടങ്ങി ജീവിതത്തിന്റെ നേര് കളങ്കമില്ലാതെ പകർത്തി വച്ചൊരു മനോഹരമായ ചിത്രം നമുക്ക് കാണാം. 

ഉണ്ടായിരിക്കണം 
പണ്ടു രണ്ടാത്മക്കൾ 
അലഞ്ഞതിൻ പാടുകൾ 
നമ്മളിൽ. 
'അടയാളം ' എന്ന 4 വരി കവിതയിൽ പ്രണയത്തെ ഇത്രമേൽ തീവ്രമായി അടയാളപ്പെടുത്തുമ്പോൾ പി ആർ രതീഷിലെ കവിയെ ഓർത്ത് എങ്ങനെ അത്ഭുതപെടാതിരിക്കും. തനിക്കു പറയാൻ ഉള്ളതൊക്കെയും ലാളിത്യവും ആർദ്രതയും കലർന്ന വാക്കുകളിൽ മറ്റു ചിലപ്പോൾ കൂരമ്പിന്റെ മൂർച്ചയുള്ള ചോദ്യങ്ങൾ ആയി കവി ഒഴുക്കി വിടുമ്പോൾ ചിലപ്പോൾ എങ്കിലും ആ വാക്കിന്റെ ഒഴുക്കിൽ പെട്ട് നമുക്ക് ശ്വാസംമുട്ടിയെന്ന് വരാം.... മറ്റ് ചിലപ്പോൾ മനസ്സിൽ ഒരു വിങ്ങലായി മാറിയെന്നും വരാം. 
'പിറക്കാനിരിക്കുന്ന നൂറ്റാണ്ടിന്റെ ഭാരം 
നിന്റെ ഭാഷയോട് കടം ചോദിക്കാതിരിക്കില്ല 
എന്റെ വേരുകളെക്കുറിച്ച് '
എന്ന് 'നട്ടുച്ചയുടെ വിലാസം 'എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് കവിതയുടെ പേര് പോലെ എന്ത്‌ ചിന്തനീയമാണ് ഈ വരികൾ. 
ഇനിയും തോളിൽ തൂക്കിയ തുണിസഞ്ചിയിൽ, ജീവിതം പൊള്ളിച്ചെടുത്ത കവിതകളുമായി മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് നടക്കാൻ പ്രിയപ്പെട്ട കവിയ്ക്ക് കഴിയട്ടെ .

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.