കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 28, 2020

ആർദ്രം (കഥ) ഉഷ മണലായ


ആർദ്രം 
 ഉഷ മണലായ

ഒരു മാസം മുമ്പാണ് എനിക്ക് ആ കത്തു കിട്ടിയത്.
   " പ്രിയപ്പെട്ട രാമു ,
മാധവൻ സാർ കാണണമെന്നു പറയുന്നു. തീർച്ചയായും വരണം. ഉപേക്ഷ കാണിക്കരുത്.
             സ്വന്തം
              ശ്രീമതി ചേച്ചി. "
പോകണമെന്നുറപ്പിച്ചതാണ്. കെട്ടിച്ചമച്ച യാന്ത്രികത്തിരക്കിൽ മനസ്സൊന്നുഴറിപ്പോയി. പിന്നതപ്പോഴോ മനസ്സിൽ നിന്നും മാഞ്ഞും പോയി.
     
       ഇന്ന് ഒരു അവധി ദിനം. മേശവലിപ്പിനുള്ളിൽ കുന്നുകൂടിക്കിടക്കുന്ന കടലാസുകൾ നീക്കം ചെയ്യുന്നതിനിടയിൽ തികച്ചും അവിചാരിതമായാണ് ആ കത്ത് വീണ്ടും ദൃഷ്ടിയിൽപ്പെട്ടത്  . രണ്ടു ദിവസത്തെ അവധി വാങ്ങി മറ്റൊന്നിനും കാതോർക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.


വണ്ടി ലേറ്റാണ്. സ്റ്റേഷനിലെ മായാക്കാഴ്ച്ചകളിലൊന്നും തന്നെ മനസ്സ് വ്യാപരിച്ചില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സ്മരണകളുടെ ഭാണ്ഡവും പേറി പ്ലാറ്റുഫോമിലൂടെ വെറുതെ നടന്നു.
                      'മടക്കേത്തറ ' അവിടെയായിരുന്നു എൻ്റെ ആദ്യത്തെ പോസ്റ്ററിംഗ്.  ഉൾനാടൻ ഗ്രാമങ്ങൾക്കിടയിലെ  ചെറിയ ഒരു പട്ടണം. മേലുദ്യോഗസ്ഥൻ്റെ ജാഡയേതുമില്ലാത്ത ഓഫീസർ മാധവൻ സാർ. നാൽപ്പതിനോടടുത്ത പ്രായം. യൗവ്വനം വിട പറയാൻ പോകുന്നതിൻ്റെ സൂചകമായി ഉയർത്തിക്കാട്ടുന്ന വെള്ളിക്കൊടികൾ തലയിലങ്ങിങ്ങായി കാണാം. നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി  സെറ്റിലായതാണ് സാറിൻ്റെ കുടുംബം. ഓഫീസിൻ്റെ വളരെയടുത്തായാണ് അദ്ദേഹത്തിൻ്റെ വീട്.

      ഒരു വീട് കണ്ടെത്തണം. ഒന്ന് രണ്ട് ദിവസം ഓഫീസ് സമയം കഴിഞ്ഞാൽ വീടന്വേഷണവുമായി ഞങ്ങൾ ഇറങ്ങും നടത്തത്തിനിടയിൽ എൻ്റെ വീട്ടീലെ അവസ്ഥ സാർ ചോദിച്ചറിഞ്ഞു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായാണ് സാർ ആ കാര്യം പറഞ്ഞത്.
"രാമൂന് ഓഫീസിൽ കിടത്തം തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടോ " ?
" ഇല്ല" യെന്നു ഞാൻ.
"എങ്കിൽ കിടത്തം അവിടെ തന്നെയാവട്ടെ. കഴിക്കാൻ ശ്രീമതിയുടെ കൈപുണ്യം. ഇനി മടുത്തൂന്ന് തോന്ന്വാണെങ്കിൽ അബൂക്കാൻ്റെ ചായക്കടേന്നും ആവാം. രാമൂന് എതിരഭിപ്രായം ഉണ്ട്ച്ചാൽ പറയണം ട്ടോ."
"ഇല്ല ". ഞാൻ തീർത്തു പറഞ്ഞു. അങ്ങനെ സാറും ശ്രീമതിചേച്ചീം മക്കളും ഉള്ള കുടുംബത്തിലെ ഒരംഗമായി ഞാനും മാറുകയായിരുന്നു.
                      തീവണ്ടി ഒരു ഫൂൽക്കാര ശബ്ദത്തോടെ സ്റ്റേഷനണഞ്ഞു. ഞാൻ എൻ്റെ ചിന്തകൾക്ക് വിരാമമിട്ട് അധികം തിരക്കില്ലാത്തൊരു കം ബാർട്ട്മെൻറിൽ കയറിക്കൂടി ഒരു വിൻഡോ സീറ്റ് തരപ്പെടുത്തി. ജാലകത്തിലൂടെ പുറം കാഴ്ച്ചകളിലേക്ക് തലയാഴ്ത്തി, ഒപ്പം എൻ്റെ ചിന്തകളുടെ വാതായനവും മലർക്കെ തുറന്നിട്ടു.

    മഞ്ഞുറഞ്ഞ പ്രഭാതങ്ങൾ മുറിയിലേക്ക് എത്തിനോക്കുമ്പോൾ മൂടിപ്പുതച്ച് കിടക്കുന്നതും സൂര്യകിരണങ്ങൾ വെയിൽ നാളങ്ങളെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ഗാഢനിദ്രയിലാകുന്നതും എനിക്ക് പണ്ടേ ഇഷ്ടമാണ്.മാധവൻ സാർ വളരെ നേരത്തെ ഓഫീസണയുന്നതു കൊണ്ട് ഞാൻ ആ ശീലം പാടെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടകങ്ങളേക്കാൾ ഭംഗിയുള്ള ഓഫീസ്  . ഒരോ ഫയലും വെക്കേണ്ടിടത്ത് അഥവാ ഇരിയ്ക്കേണ്ടിടത്ത് .അർജൻറായ ഒരു കടലാസ് ചോദിച്ചാൽ ഞാൻ തപ്പാൻ തുടങ്ങും അവസാനമില്ലാത്ത തപ്പൽ. കണ്ണടക്ക് മുകളിലൂടെ ഒരു പ്രത്യേക നോട്ടം നോക്കി അദ്ദേഹം പറയും ,"പടിഞ്ഞാറേ മൂലയിലെ രണ്ടാമത്തെ ഷെൽഫിലെ മൂന്നാമത്തെ ഡോയറിൽ ". അത് അച്ചട്ടായിരിക്കും.

    എക്കൗണ്ട് എൻഡിംഗ് ദിവസം, ആ വലിയ ലെഡ് ജർ തുറന്നു വെച്ച് മുകളിൽ നിന്നും താഴേക്ക് ദൃഷ്ടികൾ പായിക്കുമ്പോഴേക്കും അത്രയും സംഖ്യകൾ കൂട്ടിക്കഴിഞ്ഞിരിക്കും. 'കാൽക്കുലേറ്റർ തോറ്റോടും വേഗത '. എൻ്റെ മനസ്സറിയാതെ മന്ത്രിക്കും.
    സംഖ്യകൾ,  തീയ്യതികൾ ഒക്കെ ഓർത്തെടുക്കാനുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം  കമ്പ്യൂട്ടറിനേക്കാൾ എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല.
   ചിന്തകൾ കാടുകയറുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. വണ്ടി എനിക്കിറങ്ങാനുള്ള സ്റ്റേഷനടുത്തു. ഞാനിറങ്ങി.
     
     ഒരു ടാക്സി വിളിച്ച് പിൻസീറ്റിൽ ചാരിയിരുന്ന് ഒരിക്കൽക്കൂടി കത്തെടുത്ത് നിവർത്തി. കത്തിൻ്റെ മുകളിലുള്ള ആ സ്ഥലപ്പേര് എന്നെ ഏറ്റവും അധികം ആകർഷിച്ച പ്രദേശം .പച്ചപിടിച്ച കുന്നിൻചരിവുകളും, മൃദുല ധവളമഞ്ഞും  നിറഞ്ഞ , പ്രകൃതി സൗന്ദര്യത്തിൻ്റെ വിലാസ രംഗഭൂമി. അവിടെ വെച്ചാണ് ഞാൻ റബേക്കയെ കാണുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.
സമുദ്രത്തിൻ്റെ തുടിക്കൊട്ടൽ പോലെ എൻ്റെ ചിന്തകൾക്കും കനം വെച്ചു.
കോളിളക്കം സൃഷ്ടിച്ചൊരു കല്ല്യാണം. രണ്ടു വീട്ടുകാരുടെയും തിരസ്കരണം. അന്നും ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോ സാറും കുടുംബവും .

" പൂർവികർ പണിക്കഴിപ്പിച്ച ഈ സങ്കുചിത തറവാടുകൾ പുതുക്കിപ്പണിയാനൊന്നും നമ്മളെക്കൊണ്ടാവില്ല.അതിൻ്റെ ദ്രവിച്ച മേൽക്കൂരയിൽ നിന്നുള്ള മഴച്ചോർച്ചയും യഥാസ്ഥികത്വത്തിൻ്റെ തണുപ്പുമൊക്കെ പതിയെ കുറയും. അപ്പോൾ തിരിച്ചു വരാം.തത്ക്കാലം ദൂരേയ്ക്കൊരു ട്രാൻസ്ഫർ വാങ്ങൂ ".
സാറിൻ്റെ ഈ നിർദേശത്തെ ചേച്ചിയും കൂടി പിൻ താങ്ങിയപ്പോൾ ഒരു ഇൻറർ സ്റ്റേറ്റ് ട്രാൻസ്ഫർ വാങ്ങി പോന്നതാണ്.പിന്നെ ഒരു തിരിച്ചു പോക്കുണ്ടായില്ല.

ആദ്യമൊക്കെ മുടങ്ങാതെ കത്തയയ്ക്കുമായിരുന്നു.പിന്നതും കുറഞ്ഞു.
"സാർ മടക്കേത്തറയെത്തി ". ഡ്രൈവറാണ്.
ഞാനിറങ്ങി. ചുറ്റും നോക്കി. അടിമുടി മാറിയിരിക്കുന്നു.
പച്ചക്കിളിർത്ത പാടങ്ങളും വൈക്കോൽ കൂനകളും ചാണകം മെഴുകിയ തറകളും ഒന്നും കാണാനില്ല. ഇരുനില മാളികകൾ മാത്രം.
അബുക്കായുടെ ചായക്കട നിന്നിടത്ത് ഒരു വിദേശമദ്യക്കട. ഒന്നു ചോദിക്കണോ ? വേണ്ട മനസ്സു പറഞ്ഞു ഞാൻ നടത്തം തുടർന്നു.അതേ ഇതു തന്നെ . വീട് പുതുക്കി പണിഞ്ഞിരിക്കുന്നു . മുൻവശത്തേ ഡോർ അടഞ്ഞുകിടക്കുകയായിരുന്നു.
മുല്ലപ്പന്തലിന് ചുവട്ടിലെ ടാപ്പ് തുറന്ന് കാലും  മുഖവും കഴുകി. നനഞ്ഞ കൈ കൊണ്ട്  മുടി ചീകി ഒതുക്കി .
ഒരുപാട് കാലത്തിനു ശേഷം തന്നെ കാണുമ്പോൾ സാറിൻ്റെ മുഖത്ത് മിന്നി മറയുന്ന ഭാവമോർത്ത് ഒരു ചെറു ചിരിയോടെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഡോറ് തുറന്നു.ഒരു യുവതിയും പിന്നാലെ നാലഞ്ചു വയസ്സുള്ള പെൺകുട്ടിയും.
ഞാൻ സ്വയം  പരിചയപ്പെടുത്തി.
"ഇരിക്കൂ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് ".
" സാറെവിടെ "?
"അച്ഛൻ പോയി ".
എങ്ങോട്ടെന്ന് ചോദിക്കാൻ ഒരുങ്ങും മുമ്പ് മറുപടി വന്നു.
" ഒരു മാസം മുമ്പായിരുന്നു അച്ഛൻ്റെ മരണം. അറ്റാക്കായിരുന്നു. 
" ചേച്ചി " ?
"അമ്മ ആറു മാസം മുമ്പും ". ഉള്ളിൽ തികട്ടി വന്ന ഗദ്ഗദം ഇറക്കാൻ ശ്രമിക്കവെ അവർ തുടർന്നു.
"അമ്മയുടെ മരണം പെട്ടെന്നായിരുന്നു. ഒരുറക്കത്തിൽ ആരുമറിയാതെ. അതിന് മുമ്പെ അച്ഛൻ്റ ഓർമ്മകൾ മങ്ങാൻ തുടങ്ങിയിരുന്നു.അമ്മയുടെ മരണത്തോടെ ഏതാണ്ട് പൂർണമായി ". അവരുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ എൻ്റെ തല കുനിഞ്ഞു പോയി. 
"കഴിച്ചതും കുളിച്ചതും മറന്നു പോവുക. പല്ലുതേപ്പും ഷെയ് വ് ചെയ്യലും അറിയാതാവുക .ഈ കുഞ്ഞിനെ പോലും മറന്നു പോവുക ".
കണ്ണിൽ നിന്ന് അടർന്നുവീണ മിഴിനീർ കണങ്ങൾ മായ്ക്കാൻ പാടുപെടുമ്പോൾ ഞാൻ കേട്ടു
"മുത്തശ്ശൻ ഒരീസം 'ജിമ്മീ 'ൻ്റെ ബിസ്ക്കറ്റ് എടുത്ത് തിന്നു".
തുടർന്ന് കേൾക്കാനുള്ള ശക്തിയില്ലാതെ ഞാൻ ഇറങ്ങിയോടി. അപ്പോൾ ഉറക്കെയുള്ള ഒരു തേങ്ങൽ കേട്ടു .അത് എൻ്റെ ഉള്ളിൽ നിന്ന് തന്നെയായിരുന്നു.


No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.