തിരിച്ചിറക്കം
വിദ്യ കാറൽമണ്ണ
ഒരിക്കൽ കൂടി
പൊട്ടിയ വളപ്പൊട്ടുകൾ ചേർത്തുവെക്കണം..
മയിൽപ്പീലി പെറ്റുപെരുകുമെന്നോർത്ത്
പുസ്തകത്താളുകൾ മറിക്കണം..
എന്നും എണ്ണിയെണ്ണിഎടുത്തു വെച്ച
മഞ്ചാടിക്കുരു ച്ചെപ്പ് തുറക്കണം..
മുങ്ങാംകുളിയിട്ട് കൂട്ടുകാരെ പറ്റിച്ച
കുളക്കടവിൽ മുങ്ങി നിവരണം..
പുസ്തകക്കെട്ടുകൾ മാറോടണച്ചോടിയ
വഴികളെ ദൂരെ നിന്ന് നോക്കണം..
പച്ചതെങ്ങോല കൊണ്ട്
കാറ്റാടി പമ്പരമുണ്ടാക്കി ഓടിക്കളിക്കണം..
ഊഞ്ഞാലുകെട്ടിയാടിയ
പ്ലാവിന്റെ ചോട്ടിൽ ഒന്നിരിക്കണം..
മഴയത്ത് ചളിവെള്ളം തെറിപ്പിച്ച,
എന്റെ കടലാസുതോണി മുക്കിയ
പഴയ കളി കൂട്ടുകാരനെ തിരയണം..
എന്നെ അറിയാമോ എന്ന്
പതുക്കെ ചെവിയിൽ ചോദിക്കണം..
നാട്ടുമാവിൻ ചോട്ടിൽ പുതിയ തൈകൾ
മുള പൊട്ടിയോ നോക്കണം..
പൂത്തുലഞ്ഞ കൊമ്പിൽ നിന്ന് മഴത്തുള്ളിക്കൊപ്പം
ഉതിരുന്ന പവിഴമല്ലിപ്പൂ പെറുക്കണം..
ഓർമ്മകളുടെ പെരുമഴയത്ത് ഇനീം നനയണം..
തിരിച്ച് കിട്ടാത്ത നഷ്ടങ്ങളുടെ,
പറയാൻ മറന്ന ഇഷ്ടങ്ങളുടെ..
നൊമ്പരങ്ങൾ പേറി,
കൈകോർത്ത് നടന്ന വഴിയേയെല്ലാം നടക്കണം.
.
വരും ജന്മത്തിലേക്ക്
ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും കൊടുത്ത്,
ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചിറങ്ങണം..
No comments:
Post a Comment