ചായക്കാശിന്റെ വില
സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
ഇന്ന് അധ്യാപക ദിനം ... നമ്മളെ നമ്മളാക്കിയവരെ ഓർക്കാനും ആദരിക്കാനുമായി ഒരു ദിവസം.... !
പഠിക്കുന്ന കാലത്ത് പല അധ്യാപകരോടും നമുക്ക് സ്നേഹവും ബഹുമാനവുമൊക്കെ തോന്നുമെങ്കിലും അവരുടെ യഥാർത്ഥ മഹത്വം തിരിച്ചറിയാൻ കഴിയുന്നത് പലപ്പോഴും മുതിർന്ന ശേഷമായിരിക്കും.
അത്തരം ശ്രേഷ്ഠ ജീവിതങ്ങളെ മാതൃകയാക്കാൻ ശ്രമം നടത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന എൻ്റെ അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവം എൻ്റെ പ്രിയപ്പെട്ട മുഴുവൻ ഗുരുക്കന്മാരേയും സ്മരിച്ചു കൊണ്ട് ഞാനിവിടെ ഈ അധ്യാപക ദിനത്തിൽ പങ്കുവെക്കട്ടെ...
അഞ്ചാറ് വർഷങ്ങൾക്കു മുമ്പ് ഒരു ഒഴിവുദിവസം രാവിലെ വീടിനടുത്തുള്ള ഒരു ചായക്കടയിലേക്ക് രണ്ടുമൂന്ന് ചെറുപ്പക്കാർ വന്നു കയറി.
ചായയും കുടിച്ച് പത്രവായനയിൽ മുഴുകിയിരുന്ന ഞാൻ അവരെ കാര്യമായി ശ്രദ്ധിച്ചതേയില്ല. കടയിൽ തിരക്കുകൂടിയതിനാൽ ഞാൻ പത്രവുമെടുത്ത് അവിടെ നിന്നും പുറത്തിറങ്ങി വായന തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്നെ ആരോ പിന്നിൽ നിന്നും തോണ്ടിയതായി തോന്നി, ഞാൻ തിരിഞ്ഞു നോക്കി...
ഇരുപത് വയസ്സിനു താഴെ മാത്രം പ്രായം മതിക്കുന്ന, ലുങ്കിയും ഷർട്ടും ധരിച്ച,ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിക്കുകയാണ്...!
കുറ്റിത്തലമുടി...!ഉയരം കുറഞ്ഞതെങ്കിലും ആരോഗ്യമുള്ള വെളുത്ത ശരീരം.. !ജീവിതത്തോടുള്ള സകല പ്രതീക്ഷയും തിളങ്ങി നിൽക്കുന്ന വെള്ളാരംകണ്ണുകൾ...!
"മാശേ, ചായടെ പൈസ ഞമ്മള് കൊടുക്കട്ടേ...!"ഞാൻ അത്ഭുതത്തോടെ അവനെ സൂക്ഷിച്ചു നോക്കി.
"മാശ്ക്ക് മനസ്സിലായില്ലേ..? ഞാൻ കാശിമാ... കാശിം...!"
"മാശടെ ക്ലാസില്ണ്ടായിരുന്നു... മാശെന്നെ പഠിപ്പിച്ചിട്ടുണ്ട് ... "
ഇത്രയും പറഞ്ഞ് തൊട്ടടുത്തുള്ള തൊടിയിൽ നിറയെ കണ്ണിമാങ്ങകളുമായി നിൽക്കുന്ന വലിയ മാവിലേക്ക് ചൂണ്ടി അവൻ പറഞ്ഞു... " ഞങ്ങള് മാങ്ങ പറിക്കാൻ വന്നതാ..."
ഇത്രയുമായപ്പോഴേക്കും എൻ്റെ അധികം പഴക്കംതട്ടാത്ത ഓർമ്മകളിൽ നിന്ന് ഞാനവനെ ചികഞ്ഞ് പുറത്തെടുത്തു ....!
ഏകദേശം 10 വർഷം മുമ്പുള്ള ഒരഞ്ചാം ക്ലാസ് എൻ്റെ മുന്നിലപ്പോൾ തെളിഞ്ഞു നിവർന്നു...അവിടെ മാനസികാരോഗ്യം അല്പം കുറവുള്ളവനും ഇക്കാലത്താണെങ്കിൽ ഭിന്നശേഷി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നവനുമായ ഒരാൺകുട്ടിക്ക് ചുറ്റും നിന്ന് മറ്റു കുട്ടികളെല്ലാം ആർത്തുവിളിക്കുകയാണ്....
അവൻ്റെ പഴക്കമുള്ള ഒരു ചെരിപ്പ് ഒരുത്തൻ നീളമുള്ള ഒരു വടിയിൽ കോർത്ത് ഉയർത്തിപ്പിടിച്ചിരിക്കുന്നു...!
" കാസിമിൻ്റെ ചെരുപ്പ് .. കാസിമിൻ്റെ ചെരുപ്പ്..." എന്ന് അവർ കൂവിയാർക്കുമ്പോൾ ഏതോ വിചിത്രലോകത്തിലെത്തിപ്പെട്ടവനേപ്പോലെ ആ കുട്ടി ആകെ പരിഭ്രമിച്ച് ഇരിക്കുകയാണ്...
കുട്ടികളെയെല്ലാം ശാസനയോടെ അടക്കിയിരുത്തിയ ശേഷം ഞാൻ കരുണയോടെ അവനെ നോക്കി. എന്നെ ഒന്ന് പാളി നോക്കിയ ശേഷം അവൻ വിദൂരമായ ഏതോ ബിന്ദുവിലേക്ക് കണ്ണും നട്ടിരുന്നു... ഭയവും സങ്കടവും കാരണം അവൻ്റെ മുഖം വിങ്ങിത്തുടുത്തിരുന്നു..
" ഓന് ഉമ്മേം കൂടപ്പിറപ്പോളും ആരൂല്ല മാഷേ.... ഞമ്മള് പണിക്ക്വോവുമ്പോ ഓനെ എവിടേം ആക്കാൻ നിവൃത്തില്ല.. ബുത്തി ലേശം കമ്മ്യല്ലേ.... അതോണ്ട്, ഞമ്മടെ കുട്ട്യേ, ബടെ ചേർക്കണം... "കണ്ണിൽ വെള്ളം നിറച്ച്, അവൻ്റെ പാവം ഉപ്പ അവനെ അഞ്ചാം ക്ലാസിൽ ചേർക്കാൻ വന്നപ്പോൾ ഹെഡ്മാസ്റ്ററോട് പറഞ്ഞത് എനിക്കോർമ്മ വന്നു.
" കാസിമിൻ്റെ ചെരിപ്പ് " എന്ന അഞ്ചാം ക്ലാസിൽ അന്ന് പഠിക്കാനുണ്ടായിരുന്ന നാടോടിക്കഥയിലെ കഥാപാത്രമായി അവനെ സങ്കല്പിച്ചു കൊണ്ടുള്ള ആഘോഷമായിരുന്നു ക്ലാസിൽ നടന്നത്.
"സാരല്ല്യ... ഇനി ഇവരാരും നിന്നെ ഒന്നും ചെയ്യില്ല്യ..." എന്നും പറഞ്ഞ് അവനെ അടുത്ത് ചേർത്തുനിർത്തിയപ്പോൾ അവൻ്റെ കുഞ്ഞിക്കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു..!
അവിടുന്നങ്ങോട്ട് അവൻ്റെ കുസൃതികളും കരച്ചിലും മറ്റു കുട്ടികളുടെ അവനെക്കുറിച്ചുള്ള പരാതികളുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞടർന്നു ... കുട്ടികളെ തുപ്പുകയും ചിലപ്പോൾ കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്ന അവനെക്കുറിച്ചുള്ള പരാതികൾ തീർക്കാൻ മാത്രം മലയാളം പീര്യേഡിൻ്റെ ആദ്യത്തെ പത്ത് മിനിട്ട് ദിവസവും എനിക്ക് മാറ്റിവെക്കേണ്ടി വന്നു...
"നല്ല പുത്തൻ പൂശ കൊടുക്കാഞ്ഞിട്ടാ..." എന്ന രീതിയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളൊന്നും എന്തുകൊണ്ടോ ചെവിക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല.
കുട്ടികൾ അവനെ തിരിച്ചും ഉപദ്രവിച്ചിരുന്നുവെങ്കിലും അവന് പാവം പരാതിപ്പെടാൻ പോലും അറിയില്ലായിരുന്നു ...
എന്തായാലും ക്ലാസിലെ കുട്ടികളെയെല്ലാം അവൻ്റെ അവസ്ഥ ഞാൻ പലരീതിയിൽ പറഞ്ഞ് ബോധ്യപ്പെടുത്തി.ദിവസങ്ങൾ കഴിയുന്തോറും പരാതികൾ കുറഞ്ഞ് കുറഞ്ഞ് വരുന്നതും പകരം അവിടെ സ്നേഹത്തിൻ്റെ മുകുളങ്ങൾ പൊട്ടി വരുന്നതും എനിക്ക് കാണാനായി ..!
ക്ലാസിൽ ,കഥയിലെ പിശുക്കനും മരുന്നു വില്പനക്കാരനുമായ കാസിമിന് അയാളുടെ പഴകിയ ചെരിപ്പുമായി ബന്ധപ്പെട്ട് വന്നു പിണയുന്ന അബദ്ധങ്ങളിൽ കുട്ടികളെല്ലാം ആർത്തു ചിരിക്കുമ്പോൾ, കൂടെ അവൻ്റെ ചുണ്ടുകളിലും ചെറുപുഞ്ചിരി മിന്നിമറയുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. നിഷ്കളങ്കമായ കൂട്ടുകാരുടെ സ്നേഹലാളനകളും പരിഗണനയും ക്രമേണ,അവനിൽ വരുത്തിത്തീർത്ത അത്ഭുതകരമായ മാറ്റങ്ങൾക്ക് ഞാനും സാക്ഷിയായി ..! കളിക്കാനും ചിരിക്കാനും കരയാനുമൊക്കെ കഴിയുന്ന ഒരു കുട്ടിയായി, പതുക്കെയാണെങ്കിലും, കാസിം മാറിക്കൊണ്ടിരുന്നു...
തിരക്കുകൾ കൂടെക്കൂട്ടി ...ദിവസങ്ങൾ, മാസങ്ങളും വർഷങ്ങളുമായി മുന്നോട്ടു നീങ്ങി... മകനെ നല്ല രീതിയിൽ നോക്കി സംരക്ഷിച്ച വിദ്യാലയത്തോട് സ്നേഹവും കടപ്പാടും അറിയിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ച്, ഏഴാം ക്ലാസ് കഴിഞ്ഞ മകൻ്റെ ടി.സിയും വാങ്ങി പടിയിറങ്ങുന്ന ഉപ്പയുടെ കൂടെ കണ്ണുകൾ നിറച്ച് നടന്നു നീങ്ങുന്ന കാസിം ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അവൻ നടന്നു മറയുന്നത് വെറുതേനോക്കി നിന്ന എൻ്റെ ഉള്ളിലും എന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് ഞാനറിഞ്ഞു .. .!
പിന്നെ, ഇതുവരേയും ഞാൻ കണ്ടിട്ടില്ലാത്ത ആ കാസിമാണ് നല്ല ഒരു ജീവിതം എത്തിപ്പിടിക്കാനുള്ള തോട്ടിയുമായി മുന്നിൽ നിന്ന് വെളുക്കെ ചിരിക്കുന്നത് ....! ഞാൻ കുടിച്ച ചായയുടെ പൈസ കൊടുക്കാൻ സന്തോഷത്തോടെ തയ്യാറായി നിൽക്കുന്നത്....!
ഞാൻ അവനെ തടഞ്ഞില്ല.. ഞാൻ കുടിച്ച ചായയുടെ പണവും നൽകി,യാത്രപറഞ്ഞ് കൂട്ടുകാരോടൊപ്പം തോട്ടിയും കുട്ടയുമെടുത്ത് ചുറുചുറുക്കോടെ നടന്നു നീങ്ങുന്ന കാസിമിനെ നോക്കി നിൽക്കവേ എനിക്ക് തോന്നി .... പതിനെട്ട് വർഷത്തെ അധ്യാപനത്തിലൂടെ ഞാൻ നേടിയതെല്ലാം കൂടി ചേർത്തുവെച്ചാലും കാസിം കൊടുത്ത എൻ്റെ ചായക്കാശിന് പകരമാവുന്നില്ലല്ലോ......
ആറ് വർഷങ്ങൾക്കു മുമ്പ് എനിക്കുണ്ടായ തോന്നൽ ഈ അധ്യാപക ദിനത്തിൽ ഞാൻ വീണ്ടും പുതുക്കുന്നു.
സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
Post Top Ad
അക്ഷരം തന്നെ പ്രതിരോധം
Wikipedia
Search results
ഉള്ളടക്കം
എഡിറ്റോറിയല്‍
(2)
കവിത
(65)
കവിഭാഷ പ്രകാശനം
(4)
കാർട്ടൂണ്‍
(2)
കാലികം
(4)
ചെറുകഥകൾ
(19)
പരമ്പരകൾ
(21)
പുസ്തകങ്ങൾ
(3)
മിനിക്കഥകൾ
(2)
ലേഖനം
(5)
വായനക്കാരുടെ പ്രതികരണങ്ങൾ
(1)
വിദ്യാസാഹിതി ഓഡിയോബുക്ക്
(142)
വിവർത്തനം കവിത
(1)
സഹായകം
(214)
സ്ളേറ്റ് കുട്ടികളുടെ പേജ്
(1)
ഹാസ്യം
(4)
Friday, September 4, 2020
ചായക്കാശിന്റെ വില സി.സുരേഷ് സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
Subscribe to:
Post Comments (Atom)
ഏറ്റവും പുതിയ രചന
കവിഭാഷ
സംസ്ഥാനത്തെ എഴുത്തുകാരായ അധ്യാപകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ വിദ്യാസാഹിതിയില് നിന്നും പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ സാഹിത്യ മാസിക.ഇപ്പോള്‍ വെബ് പതിപ്പിലും.
സൃഷ്ടികള്‍ kavibasha2020@gmail.com വിലാസത്തില്‍ അയക്കാം.
എഡിറ്റർ
ശിവപ്രസാദ് പാലോട്
No comments:
Post a Comment