പൊരുത്തം
ടി.പി.ശശികുമാർ
അമരമ്പലം .
വൈറ്റ് ഹൗസിൽ വൈറ്റ് വാഷ് കഴിഞ്ഞ ഉടൻതന്നെ പ്രത്യക്ഷപ്പെട്ട് അവിടത്തെ അന്തേവാസികളുടെ മനസ്സിൽ ഭീതി ജനിപ്പിച്ച ഒരു എട്ടുകാലിയുടെ കാണാച്ചരടുകളെ ചിത്രീകരിക്കുന്നതായിരുന്നു ആ കഥാകാരന്റെ ആദ്യത്തെ കഥ.
ഏതാണ്ട് അതു പോലെയുള്ള ഒരെട്ടുകാലിയെതന്നെയാണ് ഇന്നും അയാൾ തന്റെ പുത്തൻ പെയിന്റടിച്ച ചുമരിൽ കണ്ടത്.
ഒരു വ്യത്യാസം മാത്രം - ചുറ്റുപാടിൽ നിന്ന് ആക്രമിക്കപ്പെട്ട്, ഉള്ളിൽ ഭീതി ജനിച്ച കണ്ണുമായി എല്ലാവരുടെയും നോട്ടപ്പുള്ളിയായ ഒരു വൈറസ്സിനെയാണ് അത് ഓർമിപ്പിച്ചത്!
അന്നയാൾ ആ എട്ടുകാലിയെ നന്നായി ഭയപ്പെട്ടിരുന്നു.
തന്റെ നെറും തലയിൽ ഒരിടിത്തീയായി വീണ് സാഹചര്യങ്ങളെല്ലാം തനിക്ക് പ്രതികൂലമായി മാറിയതിന്റെ തുടക്കമായിരുന്നല്ലോ ആ സംഭവം?!
പിന്നീട് എട്ടുകാലിയെ കാണുന്നതു തന്നെ ഒരു ലക്ഷണക്കേടായി അയാൾ കണ്ടു.
അയാളുടെ ആത്മവിശ്വാസക്കുറവ് മുതലെടുത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും, തക്ക സമയത്ത് പ്രത്യക്ഷപ്പെട്ട് ഭീതി സൃഷ്ടിക്കാനും അതിനു സാധിച്ചിരുന്നുവെന്നത് നേര്.
എന്നാൽ ഇന്ന് സാഹചര്യം കുറെയൊക്കെ മാറിയിരിക്കുന്നു.
നിരന്തര നിരീക്ഷണത്തിലൂടെയും പ്രതിരോധത്തിലൂടെയും എട്ടുകാലികൾക്കെതിരെ ജാഗ്രത പാലിക്കാൻ അയാൾ ശീലിച്ചിരിക്കുന്നു.
ആപത്തിനെ ഭയപ്പെടാതെ പൊരുത്തപ്പെടാനും ഒരു പക്ഷെ ,അതിനെ മറികടക്കാനുമുള്ള ഭാവനാ ലോകം അയാളിലുണർന്നു കഴിഞ്ഞു.
അതുകൊണ്ടായിരിക്കണം ആഎട്ടുകാലി ,നിറമുള്ള പുതിയ ചുമരിലെ ഒരു മൂലയിൽസുരക്ഷിതമായ അകലം പാലിച്ച് പരുങ്ങിയിരിക്കുന്നത്!
ആ ജീവിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു.
മാത്രമല്ല തന്റെ അസ്തിത്വം എന്നു വേണ മെങ്കിലും നഷ്ടപ്പെടാം എന്ന വേദനിപ്പിക്കുന്ന ബോധമുണർത്താൻ പര്യാപ്തമായ കൂർത്ത് മൂർച്ചയുള്ള ഈർക്കിൽ ശകലങ്ങൾ അതിനെ അലട്ടാൻ തുടങ്ങിയിട്ടുമുണ്ട്.
എങ്ങും അതിജീവന മന്ത്രം !!
ആയിടയ്ക്ക് കഥാകാരനും തന്റെ മനോഭാവം മാറ്റിയ ചിലദർശനങ്ങളുണ്ടായി.
പണ്ടൊക്കെ മഞ്ഞക്കിളികളെ കണ്ട് മധുരം നുണഞ്ഞിരുന്ന അയാൾ എട്ടുകാലിയെ കണികണ്ടുണർന്ന ദിനം തനെഴുതിയ കഥയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത് എന്ന് തിരിച്ചറിഞ്ഞു!
ഇപ്പോൾ ആ കഥാകാരൻ എട്ടുകാലിയുമായുള്ള തന്റെ മ(മാ) ധ്യമപ്പൊരുത്തം ഉത്തമമായതിന്റെ മന:ശാസ്ത്രതലം വിശകലനം ചെയ്യുന്ന മറ്റൊരു കഥയുടെ പണിപ്പുരയിലാണത്രെ.!
No comments:
Post a Comment