ഒന്നുറങ്ങിയെഴുന്നേറ്റു
ഭിത്തിയിൽ തെല്ലമർത്തി
വെളിച്ചം നിറച്ചപ്പോൾ
ഒപ്പമില്ല കിടക്കയിലവൾ
എങ്ങു പോയെന്നന്തിച്ചു നിൽക്കവേ,
പടമുരിഞ്ഞു കനകാംഗിയായ് നിവരുന്നു
അവൾ കിടന്നൊരാ പാതിക്കിടക്കയിൽ
പിളർന്ന നാവിനാൽ
ചുണ്ടുരുമ്മി
ഉറ പൊഴിഞ്ഞിളം
മേനിത്തുടുപ്പിലൊരു സർപ്പം
ഇരുൾക്കെട്ടു പൊട്ടി
കെട്ടുപോകുന്നു വെട്ടം
അരിച്ചു കേറുന്നവൾ
പാദാദികേശം
തരിച്ചു പൊട്ടുന്നു
രോമകൂപങ്ങൾ
പൊടിഞ്ഞിറങ്ങുന്നു
ഘനജീവരസം
മറഞ്ഞു പോകുന്നു ബോധം
മതികെട്ടുറങ്ങുമ്പോൾ
ചെവിയിൽ മദിക്കും
സീൽക്കാരങ്ങൾ
രാ പുലരെ
കുളിച്ചീറൻ മുടി
ഈരിഴത്തോർത്തിൽ
പൊതിഞ്ഞു കെട്ടി
ചായകൊണ്ടു
വിളിച്ചുണർത്തുമ്പോൾ
നിലത്തു കാൽ കൊണ്ടു
വട്ടം വരച്ചിട്ടവൾ പറയുന്നു
ഇന്നലെ ഒന്നുറങ്ങിയെഴുന്നേറ്റു
നോക്കുമ്പോൾ
നിങ്ങളില്ലാ കിടക്കയിൽ
പകരമുണ്ടു കിടക്കുന്നൊരു സർപ്പം
ഞെട്ടി നിൽക്കുമ്പോൾ
അതരുമയായ് ചുണ്ടിൽ
ചുണ്ടു ചേർത്തു ജപിച്ച മന്ത്രത്തിൽ
പിണഞ്ഞു പോയി ഞാൻ
അഴിച്ചെടുക്കുവാൻ
കഴിയാതലിഞ്ഞു
പോയാ സർപ്പ മേനിയിൽ
മെയ്യുകോർത്തുയർന്നു പൊങ്ങിയും,
ഫണങ്ങളുരുമ്മിയിഴഞ്ഞു നീങ്ങിയും
രാവൊടുങ്ങുമ്പോളുണ്ടുമെയ്യി
ലാഴ്ന്ന പല്ലിൻ നീലച്ചപാടുകൾ
ഏതേതു സ്വപ്നമേതേതു
ജാഗരമെന്നു തീർച്ചയില്ലാത്തതിനാൽ
തമ്മിൽ ചുറ്റിവരിഞ്ഞുപോകുന്നു
പിന്നെയും നൃത്തമാടാൻ
കൊതിപ്പിക്കും പകലുകൾ
No comments:
Post a Comment