ചെറുകഥ.
കർണ്ണശപഥം
ജിൻഷ ഗംഗ
അമ്പലത്തിൽ ഉത്സവം ആണ്...ചെണ്ടമേളങ്ങളുടെയും തിടമ്പ് നൃത്തത്തിന്റെയും ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു.... താൻ വർഷങ്ങളായി തേടുന്ന ആ മുഖം ആളുകൾക്കിടയിൽ കണ്ടെന്നു ഒരു പരിചയക്കാരൻ വന്നു പറഞ്ഞപ്പോഴാണ്... പ്രായത്തിന്റെ അവശതയ്ക്കിടയിലും കൃഷ്ണൻ നായർ ആൾക്കൂട്ടത്തിനിടയിലേക്ക് വന്നത്... അധികം നടക്കും മുൻപേ അദ്ദേഹം കണ്ടു.. അമ്പലത്തിന്റെ ചുറ്റുമതിൽ ചാരി ഇരിക്കുന്ന ഒരു സ്ത്രീ.. അടുത്ത് പത്തു വയസ്സിന്റെ പോലും ബുദ്ധിയില്ലാത്ത എന്നാൽ ഇരുപത് വയസ്സോളം ഉള്ള തന്റെ മകനെ ചേർത്തു പിടിച്ചിരിക്കുന്നു... കൃഷ്‌ണൻ നായർ പതുക്കെ അവർക്കരികിലേക്ക് നടന്നു...
" ഗൗരിക്കുഞ്ഞേ "
കണ്ണുമടച്ചു ഇരിക്കുകയായിരുന്ന ഗൗരി കണ്ണ് തുറന്നു, മുന്നിൽ
നിൽക്കുന്ന വൃദ്ധനെ കണ്ടതും അവർ ധൃതിയിൽ എഴുന്നേറ്റു... മകൻ ഇതൊന്നും
ശ്രദ്ധിക്കാതെ തിരശ്ലീല താഴ്ത്തിയ വേദിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.
" കൃഷ്ണൻ മാമാ.. എന്നെ.. എന്നെ മനസ്സിലായി അല്ലെ "
" ഞാൻ അവിടെ ഇരിക്കുകയായിരുന്നു കുഞ്ഞേ, തെക്കേതിലെ കുഞ്ഞിരാമനാ വന്നു പറഞ്ഞത് ഗൗരിക്കുഞ്ഞും മോനും വന്നിട്ടുണ്ടെന്ന് "
" ഉം... ഇതാണ് മോൻ.. അനന്തൻ... എന്നാലാവും വിധം കുറേ ചികിത്സ
നോക്കി... മാറ്റൊന്നുല്ല്യ... തറവാട്ടിന്ന് പടിയിറക്കി വിട്ടപ്പോൾ
എനിക്കെഴുതി തന്ന വീതമൊക്കെ ഇവന്റെ ചികിത്സക്ക് വിറ്റു തുലച്ചത് മാത്രം
മിച്ചം..."
വേദിയിൽ തിരശ്ലീല ഉയരുന്നതും നോക്കി രണ്ടു വിരലുകൾ വായിലേക്കിട്ടും,
ഒലിച്ചിറങ്ങുന്ന ഉമിനീർ നക്കിക്കുടിക്കുകയും ചെയ്യുന്ന അനന്തനെ കണ്ടപ്പോൾ
കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിഞ്ഞു...
വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പ്രിയപ്പെട്ട ഗൗരി അയാളുടെ മനസ്സിലേക്കെത്തി... നൃത്തത്തിലും സംഗീതത്തിലും ഗൗരിയെ വെല്ലാൻ അന്നാട്ടിൽ ആരും ഉണ്ടായിരുന്നില്ല... അതി സുന്ദരി....നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി... ഇരുപത്തിയൊന്നാം വയസ്സിൽ അവിഹിത ഗർഭത്തിന്റെ പേരിൽ അമ്മാവന്മാർ പടിയിറക്കിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചിറങ്ങിയ ആ കുട്ടിയാണ്, ഇന്ന് മുഷിഞ്ഞ സാരിയിലും ഒഴിഞ്ഞ കഴുത്തും കൈയുമായി ഒരു പേക്കോലമായി തന്റെ മുന്നിൽ നിൽക്കുന്നത്...
" കുഞ്ഞേ...എവിടെയായിരുന്നു ഇത്രേം കാലം? "
ഗൗരി ഒന്നു ചിരിച്ചു... അമ്പലത്തിലെ പല തരം പ്രകാശത്തിന്റെ ഇടയിലെ ഏറ്റവും മങ്ങിയ തെളിച്ചമുള്ള ചിരി...
" അന്ന് നേരെ പോയത്.. അച്ഛന്റെ തൃശ്ശൂരുള്ള ഒരു പഴയ സുഹൃത്തിന്റെ അടുത്തേക്കാണ്.. അവിടെ ഒരു വാടകവീട്ടിൽ കുറച്ച് കാലം.. പിന്നെ പ്രസവശേഷം ഞാൻ അത്യാവശ്യം തയ്യൽ ഒക്കെ പഠിച്ചു.. ഒരു തുന്നൽക്കടയിൽ ഒക്കെ ജോലിക്ക് പോയി... നാല് വയറിനു കഴിഞ്ഞു കൂടാനുള്ളത് കിട്ടാറുണ്ടായിരുന്നു കൃഷ്ണൻ മാമേ... "
ഗൗരി വീണ്ടും പറഞ്ഞു തുടങ്ങി.. അനന്തന്റെ അസുഖത്തെക്കുറിച്ചും.. അച്ഛന്റെ മരണത്തെക്കുറിച്ചും.. അമ്മ തളർന്നു കിടപ്പിലായതും ഒക്കെ ഗൗരി പറയുമ്പോഴൊക്കെയും കൃഷ്ണൻ നായരുടെ ഉള്ളൂ പിടഞ്ഞു കൊണ്ടിരുന്നു...
" മരിക്കുന്നെന് മുന്നേ ഒന്നൂടെ അമ്പലത്തിൽ വരണമെന്നു തോന്നി
മാമേ... വൈകിട്ടത്തെ തീവണ്ടിക്ക് വന്നതാ...പരിചയക്കാർക്കു പലർക്കും
മനസ്സിലായിട്ടില്ല ഭാഗ്യം... ഭഗവാനെ തൊഴുതു... നാളെ പുലർച്ചയ്ക്കുള്ള
വണ്ടിക്ക് പോണം.. അമ്മയെ അവിടെ അടുത്തുള്ള ഒരു വീട്ടിൽ ആക്കിയിട്ടു വന്നതാ "
കൃഷ്ണൻ നായർ ഗൗരിയുടെ മകനിലേക്ക് വീണ്ടും നോട്ടമെയ്തു.... നെഞ്ചിൽ ഇത്രയും
കാലം തടഞ്ഞു വച്ച ഒരു കടൽ ഇരമ്പിയാർക്കുന്നത് പോലെ അയാൾക്ക് തോന്നി....
അനന്തൻ... തന്റെ അനന്തിരവൻ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ മൂത്ത പുത്രൻ... കഥകളി പഠിക്കുന്ന സമയത്തു നർത്തകിയായ ഗൗരിയുമായുള്ള പ്രണയത്തിന്റെ ബാക്കി പത്രം.... ഉണ്ണികൃഷ്ണനിൽ നിന്നും ഗൗരി ഗർഭം ധരിച്ചത് ഗൗരിയുടെ അമ്മ ആദ്യം പറഞ്ഞത് തന്നോടാണ്.. .....ഗൗരിയെ എങ്ങനെങ്കിലും തലയിൽ നിന്നും ഒഴിവാക്കി തരണമെന്നും, ഇത് മറ്റുള്ളവർ അറിഞ്ഞാൽ തന്റെ ഭാവി ഇല്ലാതാകും എന്നും ഉണ്ണി കരഞ്ഞുപറഞ്ഞപ്പോൾ താനും മൗനം ഭാവിച്ചു...അമ്മാവന്മാർ ഗൗരിയെ പടിയിറക്കി വിടുന്നതിനും താൻ മൂകസാക്ഷിയായി... എല്ലാത്തിനുമുള്ള ശിക്ഷയാകാം.. ഉണ്ണിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത തന്റെ മകൾ രണ്ടാമത്തെ പ്രസവത്തോടെ മരിച്ചു പോയത്....
" കൃഷ്ണൻ മാമേ... ഇന്ന് ഇന്നിവിടെ അദ്ദേഹത്തിന്റെ 'കർണ്ണശപഥം ' ഉണ്ടല്ലേ, "
ഗൗരിയുടെ ചോദ്യം വീണ്ടും അയാളെ ചുട്ടുപൊള്ളിച്ചു...
" ഉണ്ണിമാമ പേടിക്കണ്ട ഞാൻ അവകാശം ചോദിച്ചു വന്നതല്ല... രണ്ടാണ്മക്കളെ സമ്മാനിച്ചു ശ്രീദേവി മരിച്ചു പോയതും അദ്ദേഹം വലിയൊരു കഥകളി വിദ്വാനായതും ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു.... പക്ഷെ എന്റെ കുഞ്ഞിന് അതൊന്നും പറഞ്ഞുകൊടുക്കാൻ കഴിയുന്നില്ലല്ലോ...അവനു അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലല്ലോ മാമേ... "
നിറഞ്ഞു വന്ന കണ്ണുകൾ ഗൗരി സാരിത്തുമ്പ് കൊണ്ട് തുടച്ചു...
" ജനിച്ചത് ആണാണെന്നു അറിഞ്ഞപ്പോൾ തൊട്ട് ഞാൻ മോഹിച്ചു അവനെ വലിയൊരു കഥകളി നടനാക്കണമെന്നു.. കലാമണ്ഡലം ഉണ്ണികൃഷ്ണനേക്കാളും വലിയ നടൻ... പക്ഷെ എന്റെ മോൻ.. അവൻ ഇങ്ങനെ ആയിപോയി ഉണ്ണിമാമേ... "
" ലോകം അറിയുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ സന്താനം...സ്വന്തം കാര്യം പോലും ചെയ്യാൻ പറ്റാത്ത ബുദ്ധിമാന്ദ്യമുള്ള കുട്ടി... ദൈവത്തിന്റെ വികൃതി എന്നോട് മാത്രായിട്ട് എന്തിനാ കാട്ടിക്കൊണ്ടിരിക്കണേ മാമേ "
ഹൃദയം നിലച്ചു പോകുന്നത് പോലെ കൃഷ്ണൻ നായർക്ക് തോന്നി....
വേദിക്കടുത്തു നിന്നും അനൗൺസ്‌മെന്റ്
"കളിയരങ്ങിൽ ' കർണ്ണശപഥം ' കഥകളി ആരംഭിക്കുന്നു... കുന്തിവേഷത്തിൽ കേരളത്തിന്റെ അഭിമാനം കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആട്ടക്കൊട്ടിലിൽ എത്തുന്നു "
തിരശീല ഉയർന്നു ... കളിയരങ്ങിൽ വിളക്കുകൾ തെളിഞ്ഞു ... അരങ്ങിലേക്ക് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന മകനെ ഗൗരി പിടിച്ചെഴുന്നേല്പിച്ചു...
അരങ്ങിലെ കുന്തിവേഷത്തിനു നേരെ കൈചൂണ്ടി ഗൗരി മകനോട് പറഞ്ഞു...
" നിന്റച്ഛൻ അതാണ് "....
ഒരു വേള ചുറ്റുമുള്ള കരഘോഷങ്ങളൊന്നും കൃഷ്ണൻ നായർ കേട്ടില്ല....... ഇത് പോലൊരു ദുർവിധി ഇനി ഒരു സ്ത്രീക്കും വരരുതേ എന്ന് ആ വൃദ്ധമനം നൊന്തിട്ടുണ്ടാകും... ഗൗരിയുടെ കാലിൽ വീണു മാപ്പ് ചോദിക്കാൻ ആ വൃദ്ധന് തോന്നി... അയാൾ ഗൗരിയുടെ മുഖത്തേക്ക് നോക്കി... ചൂണ്ടുവിരൽ അരങ്ങിലേക്ക് തന്നെയായിരുന്നു... കണ്ണുകൾ നിർജ്‌ജീവം .....
മകൻ കുന്തിവേഷത്തെ നോക്കി ക്കൊണ്ട് അച്ഛൻ അച്ഛൻ എന്ന് പിറുപിറുക്കുന്നു... ഇടക്ക് ചിരിക്കുന്നു... കരയുന്നു...
ദൈവമേ... ഇങ്ങനെയൊരു കരളുരുകുന്ന രംഗം കാണാനാണോ നീ ഈ വൃദ്ധനെ ബാക്കിവച്ചത്... കൃഷ്ണൻ നായർ കണ്ണുതുടച്ചു..
" ആദ്യായിട്ട് എൻറെ കുട്ടി അച്ഛനെ കാണുന്നത് കുന്തിവേഷത്തിൽ.... അതൊരു നിമിത്താണ്... മാനക്കേട് ഭയന്ന് കർണ്ണനെ ഉപേക്ഷിച്ച കുന്തിയുടെ വേഷം തന്നെയാണ് അവന്റെ കണ്ണിൽ അവന്റെ അച്ഛന്റേതായി പതിയേണ്ടത് അല്ലെ മാമേ "...
നിലത്തു വച്ചിരുന്ന മുഷിഞ്ഞ ഒരു തുണിബാഗ് എടുത്ത് ഗൗരി തോളിലിട്ടു.. മകന്റെ കൈ പിടിച്ചു...
"എനിക്കൊരാശ ഉണ്ടാർന്നു .. മരിക്കണേനു മുൻപ് ഇവന്റച്ഛനെ ഒരിക്കലെങ്കിലും കാട്ടിക്കൊടുക്കാന്ന്... അത് സാധിച്ചു... ഞങ്ങൾ പോകുവാ....ഇവൻ ആദ്യായിട്ടും അവസാനായിട്ടും ഇവന്റച്ഛനെ കാണുന്നത് ഈ കുന്തിവേഷത്തിൽ തന്നെ മതി മാമേ "..
" മോളെ... നീ ഈ മാമന്... "
" മാപ്പപേക്ഷയാണേൽ വേണ്ട മാമേ... ഗൗരിക്ക് ആരോടും പകയില്ല... ഒരു സങ്കടമേ ഉള്ളൂ.... കർണ്ണനെ പോലൊരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന്.... പോകുന്നു.... ഞങ്ങളുടെ വരവ് അധികമാരും അറിയണ്ട....അരങ്ങിലെ കുന്തിവേഷം അണിഞ്ഞ ആളോട് മാമ പറഞ്ഞേക്ക്... കർണ്ണശപഥം ചെയ്യാൻ ഗൗരിക്ക് കിട്ടിയത് സർവ്വഗുണ സമ്പന്നനായ ഒരു കർണനെയല്ല.... ഇപ്പോഴും മണ്ണുവാരി തിന്നുന്ന ഉണ്ണിക്കണ്ണനെയാണെന്നും... അതുകൊണ്ട് ഒരിക്കലും ശാപം ഏൽക്കില്ലന്നും... "
അനന്തുവിന്റെ കൈയും പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ആ സ്ത്രീരൂപം നടന്നു പോകുമ്പോൾ... കരഘോഷം വീണ്ടും മുഴങ്ങി.... ആ രണ്ടു നിഴലുകൾ ജീവിതത്തിന്റെ കളിയരങ്ങിൽ കാണികളും കരഘോഷവുമില്ലാതെ, മറയുന്നത് നോക്കി നിൽക്കവേ, കളിയരങ്ങിൽ നിന്നും കർണ്ണശപഥം പദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു....
" ഹന്ത മാനസം ആദ്യ സന്താനമേ............."
ജിൻഷ ഗംഗ
1 comment:
മനോഹരമായ കഥ.
Post a Comment