കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, June 7, 2020

June 07, 2020

കല്പന റഹിം പേരേ പറമ്പിൽ

കല്പന





റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ

"എന്റെ അനുമതിയില്ലാതെ പൂവിട്ടതെന്തിന്?"
വസന്തം മരത്തോട് .
കൊമ്പു നിറയെ കുയിലുകൾ പാടുമ്പോൾ,
ചാറ്റലിനൊപ്പം മഴവില്ലു കുലയ്ക്കുമ്പോൾ, 
ചക്രവാളം വെറ്റ ചവച്ച് കടലിൽ വിരൽ വീശുമ്പോൾ, 
പടിഞ്ഞാറെ ധ്രുവതാരകം ജ്ഞാനപ്പാന ചൊല്ലുമ്പോൾ:
സോറി
അറിയാതെ പൂത്തതാ!   
ഒരു സെൽഫിയെടുക്കാൻ കൂടുന്നോ?


റഹിം പേരേ പറമ്പിൽ
ജി.എച്ച്.എസ്.എസ്.നൊച്ചിമ
June 07, 2020

നീ ഇല്ലായിരുന്നെങ്കിൽ സജിത മുഹമ്മദ്

നീ ഇല്ലായിരുന്നെങ്കിൽ













സജിത മുഹമ്മദ്






















എങ്ങനെയാണ് അവൾ സുന്ദരി ആവാതിരിക്കുക?
നിൻറെ സ്നേഹം അവൾക്കു ഭൂഷണം ആവുമ്പോൾ?

എങ്ങനെയാണ് അവൾ അവൾ മനം നിറഞ്ഞു ചിരിക്കാതിരിക്കുക?
 നിൻറെ ഓർമ്മകൾ അവളിൽ നിറയുമ്പോൾ?

എങ്ങനെയാണ് അവൾ പാടാതിരിക്കുക?
നിന്റെ ശ്വാസം പോലും അവൾക്ക് ഹൃദയ താളം ആയിരിക്കെ?

എങ്ങനെയാണ് അവൾ‌  ആടാതിരിക്കുക?
നിന്റെ മിഴികളിൽ   ഭാവവും താളവും കണ്ടിരിക്കെ?

എങ്ങനെയാണ് അവൾ കഥാകാരി ആവാതിരിക്കുക?
നിന്റെ ചരിതങ്ങൾ മനസ്സിൽ ഒരു മായാലോകം തീർക്കുമ്പോൾ?

എങ്ങനെയാണ് അവൾ സ്വപ്നം കാണാതിരിക്കുക?
നിന്റെ വാക്കുകൾ അവളെ വാനോളം ഉയർത്തുമ്പോൾ?

എങ്ങനെയാണ്  അവൾ വായിക്കാതിരിക്കുക?
അക്ഷരം പഠിച്ചത് നിന്നെ വായിച്ചു കൊണ്ടായിരിക്കെ?

 എങ്ങനെയാണ് അവൾ മിടുക്കിയല്ലാതാവുക?
നിന്റെ കരുതൽ അവളുടെ വിശ്വാസം ആയിരിക്കെ? 

എങ്ങനെയാണ് അവൾ വിജയി അല്ലാതാവുന്നത്?
നിന്റെ പ്രാർത്ഥന അവൾക്ക് വീര്യം പകരുമ്പോൾ?

എങ്ങനെയാണ് അവൾ പാചക റാണി അല്ലാതെ ആവുന്നത്?
ഓരോ വിഭവവും നിന്റെ ആത്മാവിൽ തൊടുന്നത് അറിഞ്ഞിരിക്കെ?

എങ്ങനെയാണ് അവൾ പറക്കാതിരിക്കുക ?  
 കടലിനും മേഘങ്ങൾക്കും അപ്പുറം നീ ഉണ്ടായിരിക്കെ?

 നീ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ...
അവളും ഉണ്ടാവില്ലായിരിക്കാം.
അല്ലെങ്കിൽ ശാപ മോക്ഷം തേടി 
അഹല്യയായി കാത്തിരുന്നിരിക്കാം.

സജിത മുഹമ്മദ്
ജി.യു.പി.എസ്.കണ്ടത്തറ
June 07, 2020

വാർത്തകൾ വായിക്കുന്നത് ബിപിൻ ആറങ്ങോട്ടുകര


വാർത്തകൾ വായിക്കുന്നത്


ബിപിൻ ആറങ്ങോട്ടുകര




Add caption


1. 
എം.പി. വീരേന്ദ്രകുമാർ വിട പറഞ്ഞു. 
ഒരു യുഗം അവസാനിച്ചു:

ഹൈമവതഭൂവിലെ ബുദ്ധന്റെ ചിരി 
ചോര ചിന്തിയ സോഷ്യലിസത്തിന്റെ ഒരു താൾ!

2.
സ്ക്കൂളുകളിൽഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ജൂൺ ഒന്നിനു തന്നെ ആരംഭിച്ചു
 
അദ്ധ്യാപകർ താരമായ ഓൺലൈൻ ഉത്സവം !

3.
  ആരാധനാലയങ്ങൾ കേന്ദ്ര നിർദ്ദേശമനുസരിച്ച്
 ജൂൺ 8നു ശേഷം
 തുറന്നേക്കുമെന്ന് വാർത്ത:

വിശ്വാസികൾക്കല്ല
മത രാഷ്ട്രീയക്കാർക്കാണത്രേ ധൃതി ....
( നിലനിൽപ്പ് നിലനിൽപ്പേയ്...! )







4.
പി. എം.കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക് വിവരാവകാശ രേഖയായി നൽകാനാകില്ല എന്ന് വാർത്ത:

അല്ലെങ്കിലും ഈ കെയറൊന്നും  പാവംജനത്തിന്നുള്ളതല്ലല്ലോ!

5.
ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപികയെ അശ്ശീല കമന്റുകളുമായി  അധിക്ഷേപിച്ചവർക്കെതിരെ കേസെടുത്തു... വാർത്ത:

മുള്ളു മുരിക്കിൻമേൽ കയ റുന്നതിനു പകരം ഇവൻമാരൊക്കെ സോഷ്യൽ മീഡിയയിലാണ് കയറുക  !
 
6.
പൈനാപ്പിളിന്നുള്ളിൽപടക്കം വെച്ച്  ഗർഭിണിയായ കാട്ടാനയെ കൊന്ന കേസ് പ്രതിഷേധങ്ങൾക്കുംവിവാദങ്ങൾക്കും കാരണമായി... വാർത്ത:

മരിച്ചത് കാട്ടാന
മദിക്കുന്നത് നാട്ടുമൃഗങ്ങൾ!

7.
ജൂൺ: 5 ലോക പരിസ്ഥിതി ദിനം.
കോവിഡ് കാലത്തെ ദിനാചരണം ചടങ്ങ് മാത്രമായി:

 മരം നടൽ @ഓൺലൈൻ . 
(കഴിഞ്ഞ കൊല്ലം മരംനട്ട കുഴികളൊക്കെ അവിടെത്തന്നെയുണ്ടല്ലോ
അല്ലേ!)

8.

ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകിപീഡിപ്പിച്ചു എന്ന് വാർത്ത:

പാമ്പുകളും ചെകുത്താൻമാരും വാഴുന്ന ഭർത്താക്കൻമാരുടെ ലോകം!

9.
തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല പള്ളികൾ തുറക്കേണ്ടതില്ലെന്ന് പാളയം പള്ളി അടക്കമുള്ള മുസ്ലീം പള്ളികമ്മിറ്റികൾ  തീരുമാനിച്ചതായി വാർത്ത:

'പറ്റില്ല, പറ്റില്ല
ഞങ്ങൾ സമ്മതിക്കൂലാ'
എന്ന് മറ്റു ചിലർ!

10.
  സംസ്ഥാനത്ത് സെഞ്ചുറിയും കടന്ന് കോവിഡ് പോസിറ്റീവ് കേസുകൾ ,
പാലക്കാട് ജില്ലയിൽ 40 ലധികം കേസുകൾ:

സന്തോഷമായില്ലേ
ചേട്ടൻമാരേ...!





ബിപിൻ ആറങ്ങോട്ടുകര
10.06.2020

Saturday, June 6, 2020

June 06, 2020

ദർശനം നജീബ് ഹുസൈൻ



ദർശനം 
നജീബ് ഹുസൈൻ


           കർത്താവേ...

              ഒന്ന്

ഞാൻപ്രണയിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്..
ഞാൻ രമിക്കപ്പെട്ടിട്ടുണ്ട്...
ഞാൻനശിപ്പിക്കപ്പെട്ടിട്ടുണ്ട്
.

                 രണ്ട്

ഞാൻപ്രണയം നടിച്ചിട്ടുണ്ട്
ഞാൻ ചതിച്ചിട്ടുണ്ട് .....
ഞാൻ രമിച്ചിട്ടുണ്ട് ...
ഞാൻ നശിപ്പിച്ചിട്ടുണ്ട്....
.........
                  മൂന്ന്
 
എനിക്ക് നശിപ്പിക്കണ്ട...
എനിക്ക് രമിക്കണ്ട...
എനിക്ക് ചതിക്കണ്ട..
എനിക്ക് പ്രണയിക്കണം...
.............

വിട്ടു കളയണം......
കുഞ്ഞാടേ.... 
എങ്കിൽ നീയെന്നെ പ്രണയിക്കൂ...
നമുക്കൊരൊറ്റ മായയിൽ ലയിക്കാം.....

        
June 06, 2020

ബിന്ദു പത്മകുമാർ (കവിത) പുനർജ്ജനി

കവിത

ബിന്ദു പത്മകുമാർ




പുനർജ്ജനി 





പാറിപ്പറക്കുവാനാകാശം തന്നു നീ
പാരതന്ത്ര്യത്തിന്റെ
ചങ്ങലപ്പൂട്ടും...

പാടുവാനായിരം
രാഗങ്ങൾ തന്നിട്ട്
പാഴെന്നു ചൊല്ലി
എൻ നാവടച്ചു ...

കൺമുമ്പിൽ
നൂറു വർണ്ണങ്ങൾ വിതറി ...
എൻ കാഴ്ചയെ
മൂടി മറച്ചുവെച്ചു...

മോഹത്തിൻ വിത്തുകൾ ..
കരളിൽ മുളപ്പിച്ച്
വേട്ടക്കിറങ്ങി
അവ കൊയ്തെടുത്തു ...

ഓർമ്മകളുടെ
പ്രളയ പ്രവാഹമെത്തിച്ച്
എന്റെ പ്രജ്ഞയെ
കൊന്നു വലിച്ചെറിഞ്ഞു...

കിനാവള്ളികൾ
തീർത്തൊരു
പായ്ക്കപ്പലിൽ കേറ്റി ..
നൊമ്പരക്കടലിൽ
ആഴ്ത്തി വിട്ടു..

അനുഭവച്ചുഴികളിൽ
വട്ടം കറങ്ങി ഞാൻ
പുനർജ്ജനിതീരത്ത്
വന്നടിഞ്ഞു ....

കരൾത്തീരങ്ങളിൽ
പുത്തൻ തിരയടിച്ച്
മാറ്റത്തിൻ കാഹളം
മുഴങ്ങി നിന്നൂ...

ജീവന്റെ തൂലികയിൽ
പുതുരക്തത്തിലൊരു
നവഗീതമിവിടെ..
പിറന്നു വീണു...'


June 06, 2020

ഓർമ്മയിലെ കാന്താരി മധുരം 12 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 12 കെ.സി.അലി ഇക്ബാല്‍
നന്മയുടെ മാലാഖമാര്‍

വിശപ്പ് കരിന്തേളിനെപ്പോലെ ആമാശയത്തിനകത്ത് പിടിമുറുക്കുമ്പോ ഴും അത് പുറത്തറിയിക്കാതെ പുഞ്ചിരിക്കുന്നവരെ കണ്ടിട്ടുണ്ടോ ?
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍പെട്ട് ഉഴലുമ്പോഴും ആത്മാഭിമാനം തരിമ്പു പോ ലും കൈ വിടാതെ നേരായ വഴിമാത്രം യാത്ര ചെയ്യുന്നവരുടെ സഹയാത്രി കനായിരിക്കാന്‍  കഴിഞ്ഞിട്ടുണ്ടെനിക്ക്. അത്തരമൊരനുഭവത്തെ ഓർത്തെടുക്കുമ്പോൾ ,എന്തേ ഞാൻ ഇവരെ മറന്നു പോയത് എന്ന കുറ്റബോധം മനസിലുണ്ട്.
      മുഹമ്മദിന് (പതിവുപോലെ ഈ പേരും യഥാര്‍ഥമല്ല)എന്നെക്കാള്‍ ഒന്നോരണ്ടോ വയസ്സ് ഇളപ്പമാണ്.ഇവിടെ കുറിക്കുന്ന സംഭവം നടക്കു മ്പോള്‍ എന്‍റെ പ്രായം പതിനൊന്നോ പന്ത്രണ്ടോ.ഉപ്പയ്ക്ക് സ്വന്തമായി ഒരു പലവ്യഞ്ജനക്കടയുണ്ടന്ന്.വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ റെയില്‍ പാതയുടെ ഓരത്തായി ഒരു ചെറിയ കട.ഓടിട്ട കെട്ടിടത്തില്‍ മൂന്നു മുറികള്‍.ഒന്നില്‍ ഒരാള്‍ ചായക്കച്ചവടം നടത്തുന്നു. നടുവില്‍ ഉപ്പയുടെ കട. പിന്നെ ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍.
    ഉപ്പ എക്കാലത്തും പലവ്യഞ്ജനക്കട നടത്തുകയായിരുന്നെന്ന് ധരിക്ക രുത്.അത് ഏറിയാല്‍ ഒരാറുമാസക്കാലമേ നിലനിന്നുകാണൂ.അതിനു മുമ്പ് വിറകുകച്ചവടമായിരുന്നു.അത് പൊളിഞ്ഞപ്പോള്‍ കണ്ട സമാശ്വാസ പദ്ധ തിയായിരുന്നു പലവ്യഞ്ജനക്കട.അതും പെട്ടെന്ന് പൊട്ടിപ്പോയി.പിന്നീട് വലിയ പറമ്പുകളില്‍ നിന്ന് പൂളക്കിഴങ്ങും ചക്കരക്കിഴങ്ങും(മരച്ചീനിയും മധുരക്കിഴങ്ങും) ഒന്നിച്ച് വാങ്ങിച്ച് (ലേലത്തില്‍ പിടിച്ചും)ചാക്കുകളില്‍ നിറച്ച് തമിഴ്നാട്ടിലേക്ക് ലോറികളില്‍ കയറ്റി അയക്കുന്ന ബിസിനസ്സ് ആയി രുന്നു.ഇറക്കിയ ലോഡുകള്‍ക്ക് പണം നാല്‍കാതെ ഏതോ തമിഴ്നാട്ടുകാരന്‍ പറ്റിച്ചുപോയെന്ന കഥയും അക്കാലത്ത് കേട്ടിരുന്നു. ചോദിക്കുന്നവരോട് “അണ്ണാച്ചി പറ്റിച്ചു” എന്ന് പറഞ്ഞിരുന്നത് കേട്ടിട്ടുണ്ട്.ആ നാളുകളില്‍ എല്ലാ കാര്യങ്ങളിലും വലിയ ധീരത കാണിച്ചിരുന്ന ഉപ്പ  അക്കാലത്ത് കര ഞ്ഞുപോയിരുന്നു.അന്ന് ഉപ്പ ആത്മഹത്യയെ ക്കുറിച്ചു പോലും പറയുമാ യിരുന്നത്രെ.ബിസിനസ് നടത്തിപ്പ് ഏതാണ്ട് നന്നായിവരുമ്പോള്‍ തെരഞ്ഞെടുപ്പോ മറ്റോ വന്നാല്‍ കടപൂട്ടി രാഷ്ട്രീയക്കാരനാകുന്ന ഏര്‍പ്പാടുമുണ്ടാ യിരുന്നു.ഉപ്പയിലെ ബിസിനസ്സുകാരനെ ഇപ്പഴേതാണ്ടു മനസ്സിലായല്ലോ. 


Add caption

       ഇവിടെ പറഞ്ഞുവരുന്നത് അതല്ല.അത് പലവ്യഞ്ജനക്കട നടത്തി വന്നിരുന്ന കാലത്ത് ഉണ്ടായ ഒരുസംഭവമാണ്.അന്നൊക്കെ അവധിക്കാ ലത്ത് ഉപ്പയോടൊപ്പം രാവിലെ കടയിലേക്ക് പോകും.സാധനങ്ങള്‍ പൊതി ഞ്ഞുകൊടുക്കാനും കണക്കുകൂട്ടാനും പണം വാങ്ങിവയ്ക്കാനും ഉപ്പ ഒറ്റയ്ക്കേ ഉള്ളൂ. എനിക്കു സഹായിക്കാനുള്ളത്രാണിയായിട്ടില്ല. എല്ലാ ദിവസവും ഉച്ചയോടെ ഞാന്‍ വീട്ടിലേക്കു മടങ്ങും.അതൊറ്റയ്ക്കാണ്. പേടിക്കാ നൊന്നുമില്ല.റെയില്‍ പാതയുടെ ഓരം ചേര്‍ന്ന് നടന്നാല്‍ മതി.ചിലപ്പോള്‍ റെയിലിന് മുകളിലൂടെതന്നെ നടക്കും.അക്കാലത്ത് തീവണ്ടി അധികമൊ ന്നും വരാനില്ല.ഇന്നത്തെപ്പോലെയല്ല.വളരെ ദൂരെനിന്ന് കല്‍ക്കരിവണ്ടിയുടെ ശബ്ദം കേള്‍ക്കും.അപ്പോള്‍ മാറിയാല്‍ മതിയാകും.തീവണ്ടികള്‍ ഡീസലായതും പാതകള്‍ വൈദ്യുതീകരിച്ചതുമൊക്കെ പിന്നീടാണ്.
       അന്ന് ഉച്ചയ്ക്ക് വീട്ടിലേക്കു വരുമ്പോള്‍ ഉപ്പ അമ്പതു രൂപ തന്നിരുന്നു. എന്തിനാണത് തന്നിരുന്നതെന്ന് ഇപ്പഴോര്‍ക്കുന്നില്ല. എഴുപതിനാല്-എഴുപ ത്തഞ്ചു കാലമാണ്.അന്നത്തെ അമ്പതു രൂപ എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ ഒരയ്യായിരമെങ്കിലും വരണം.അതോ അതുക്കും മേലയോ? പാന്‍റ്സിന്‍റെ പോക്കറ്റിലാണ് ഭദ്രമായി പണം വച്ചത്.വേനലിന്‍റെ തീഷ്ണമായ ചൂടും കൊണ്ട് പാടത്ത് മേയുന്ന മാടുകളെ കണ്ട് പലതരം മനോരഥങ്ങളുമേറി ഞാനങ്ങനെ വീട്ടിലേക്കു പോകവേ അമ്പതുരൂപാനോട്ട് കളഞ്ഞു പോയി. വീട്ടിലെത്തിയപ്പോള്‍ പോക്കറ്റ് കാലി.എന്തു ചെയ്യും ?എന്തുപറയും? ഒരെത്തും പിടിയുമില്ല. ഉപ്പ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിത്യേന നട ക്കുന്ന വ്യവഹാരങ്ങളില്‍ നിന്നെ നിക്കറിയാം.എന്തെങ്കിലും അത്യാവശ്യ ത്തിനുള്ള പണമാണെന്നുറപ്പ്. ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വന്ന റെയിലിലൂടെ തന്നെ തിരിച്ചു നടന്നു. വഴിമുഴുവന്‍ തിരയുന്നുണ്ട്. ഏങ്ങിയേങ്ങി കരയുന്നുണ്ട്.വഴിയില്‍ പലരും കാര്യം തിരക്കുന്നുണ്ട്. കരച്ചിലിനിടയില്‍ പണം പോയത് എല്ലാവരോടും പറഞ്ഞു.ഉപ്പയുടെ വഴക്ക് ഉറപ്പാണ്.വഴക്കു കേള്‍ക്കുന്നതിനേക്കാള്‍ പറ്റിയ അശ്രദ്ധയെക്കുറിച്ചുള്ള കുറ്റബോധമായിരുന്നു കരയിച്ചത് എന്നു തോന്നുന്നു.ഏങ്ങിക്കരഞ്ഞു കൊണ്ട് പെട്ടെന്ന് തിരിച്ചുവന്ന എന്നോട് കാര്യം ചോദിക്കും മുമ്പ് എല്ലാം
ഉപ്പയോട്പറഞ്ഞു.അന്നത്തെ ഉപ്പയുടെ വിവര്‍ണ്ണമായ മുഖംഇപ്പോഴുമെനിക്ക് കാണാനാകുന്നുണ്ട്.ഉപ്പയുടെ കടുത്ത പ്രശ്നങ്ങള്‍ മനസ്സിലാകുന്ന പ്രായമൊക്കെയായിരുന്നല്ലോ.പക്ഷേ ഉപ്പ പറഞ്ഞത് ഇങ്ങനെയായിരുന്നു   ” സാരമില്ല മോന്‍ കരയണ്ട.നമുക്ക് വേറെ പൈസ ശരിയാക്കാം. ”ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല.അപ്പോള്‍ തന്നെ അടുത്തുള്ള ചായ ക്കടയില്‍ നിന്ന് എന്തോ കഴിക്കാന്‍ വാങ്ങിത്തന്നിരുന്നു.രാത്രി കടയടച്ചിട്ടാണ് ഉപ്പയോടൊപ്പം അന്ന് മടങ്ങിയത്.ഉമ്മ വലിയ അങ്കലാപ്പിലായിരുന്നു.മൊബൈല്‍ ഫോണ്‍ പോയിട്ട് ഫോണെന്ന വസ്തുവെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാ യിരുന്നില്ല.അതുകൊണ്ട് സംഭവി ച്ചതൊന്നും ഉമ്മയറിഞ്ഞിരുന്നില്ല.അന്ന് ഉപ്പയുടെ ആശ്വാസവാക്കുകള്‍ക്കിടയില്‍ സുഖമായി ഉറങ്ങി.
   പക്ഷേ സംഭവത്തിന്‍റെ തുടര്‍ച്ച പിറ്റേന്നാണ്.മുഹമ്മദ് എന്ന എട്ടോ പത്തോ വയസ്സുള്ള ഒരു ബാലന്‍ അവന്‍റെ ഉപ്പയോടൊപ്പം പുലര്‍ച്ചെ തന്നെ വീട്ടിലെത്തിയിരിക്കുന്നു.മുഹമ്മദ് റെയില്‍വക്കത്ത് ആടിനെ മേയ്ക്കു മ്പോള്‍ അവന് അമ്പതുരൂപ വീണു കിട്ടി.പണം കിട്ടിയ വിവരം പലരോടും അവര്‍ പറഞ്ഞിരുന്നു.എന്‍റെ കരഞ്ഞു കൊണ്ടുള്ള തലേന്നത്തെ മടക്കയാത്ര കണ്ട ആരോ അവരോട് പണത്തിന്‍റെ ഉടമസ്ഥനെക്കുറിച്ച് സൂചന നല്‍കിയതാണ്.

    റെയിലോരത്ത് ഒരു കൊച്ചുകുടിലില്‍ താമസിക്കുന്ന മുഹമ്മദിന്‍റെ ഉപ്പയ്ക്ക് ഒരു മാസത്തേക്ക് കുടുംബം നോക്കാന്‍ അമ്പതുരൂപ മതിയാകു മായിരുന്നു.അയാളുടെ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് അത് പരിഹാരമാ കുമായിരുന്നു.എന്നിട്ടും മുഹമ്മദും അവന്‍റെ ഉപ്പയും ഇങ്ങനെയാണ് ചെയ്തത്.ഒരു തുക മുഹമ്മദിന് കൊടുക്കാന്‍ ഉപ്പ ശ്രമിച്ചിരുന്നു.പക്ഷേ അവരൊന്നും വാങ്ങാന്‍ കൂട്ടാക്കിയില്ല.മുഹമ്മദിന്‍റെ ഉപ്പയും എന്‍റെ ഉപ്പ യും ഇന്നില്ല.മുഹമ്മദ് എന്‍റെ ഗ്രാമത്തില്‍ തന്നെ തൊഴില്‍ ചെയ്ത് വലിയ അല്ലലില്ലാതെ ജീവിക്കുന്നുണ്ട്.ഇതെല്ലാം അവനോര്‍ക്കുന്നുണ്ടോ ആവോ? ഇത്തരമൊരു കഥ പ്രസിദ്ധീകരിക്കാന്‍ അന്നവസരമൊന്നുമില്ലായിരുന്നു.
പതിവുപോലെ  ഓര്‍മ്മകളില്‍ പോലുമില്ലാതെ  ഇത് കളഞ്ഞു പോയി രുന്നു. മുഹമ്മദും ഞാനും പിന്നെയും പിന്നെയും കണ്ടുമുട്ടി.കൂട്ടത്തില്‍ ആരാണ് കൂടുതല്‍ നന്‍മയുള്ളവന്‍ എന്ന ഒരു ചോദ്യം എന്‍റെ മനസ്സിലി പ്പോഴുയരുന്നുണ്ട്.അത് കിട്ടിയ പണം അവന്‍റെ ഉപ്പയെ ഏല്‍പ്പിച്ച് നടന്ന കാര്യം കൃത്യമായി പറഞ്ഞ മുഹമ്മദാണോ, പ്രതിസന്ധിജീവിതത്തിനിടയ്ക്ക് ഭാഗ്യം പോലെ കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച അവന്‍റെ ഉപ്പയാണോ, വലിയ പണം നഷ്ടപ്പെടുത്തിയിട്ടും വഴക്കൊന്നും പറയാതെ ”സാരമില്ല.കരയണ്ട”എന്ന് ആശ്വസിപ്പിച്ച എന്‍റെ ഉപ്പയാണോ? ജീവിത ത്തിന്‍റെ ഈ മൂന്നാം പാതിയില്‍ പോലും എനിക്കത് നിര്‍ണ്ണയിക്കാനാകുന്നില്ല.
June 06, 2020

അടിവേരുകൾ അനിത ശരത്

   കവിത










അടിവേരുകൾ 
അനിത ശരത്

എന്റെ കിനാവിന്റെ വാതായനങ്ങളിലൂടെ 
ഇപ്പോൾ ഇരുട്ട് മാത്രമാണ് കടന്നുവരുന്നത് 
എന്റെ ഹൃദയാകാശത്തിൽ 
നഷ്ടസ്വപ്‌നങ്ങൾ വരച്ച മഴവില്ല് 
നിറങ്ങൾ പടർന്ന് വികൃതമാവുന്നു 

ഇലകൾ കൊഴിഞ്ഞ മരവിടവിലൂടെ 
ഒരു ബാലവിധുപോലെ നീ.. 
എന്റെ ഉദരത്തിലെ അതിഥി 

വൃദ്ധിയിലേക്കുള്ള നിന്റെ പ്രയാണം 
പ്രതീക്ഷിക്കുന്ന ഞാൻ 
അമിതാഹ്ലാദവും ആത്മസംഘർഷവും 
ഇപ്പോൾ ഒരുതുണ്ട് ശീലയാൽ മറയ്ക്കുന്നു 

ഇവിടെ,  മനുഷ്യന്റെ മൃഗതൃഷ്ണയ്ക്കുമീതേ 
കണ്ണുകൾ കാണാത്തതെന്തോ  പിടിമുറുക്കിയിരിക്കുന്നു 

എന്റെ താരാട്ടുവരികൾ തെറ്റുന്നു എങ്കിലും 
എന്റെ ദീർഘനിശ്വാസങ്ങൾ നിനക്കുവേണ്ടിയുള്ള 
അർത്ഥനയായിമാറുന്നു 

പൊക്കിൾക്കൊടിയെന്ന അടിവേരാൽ 
നീയെന്നിൽ തളയ്ക്കപ്പെട്ടിട്ടുണ്ടല്ലോ 
ആശ്വാസമതാണ് 

അടിവേരുകൾ അനഘബന്ധത്തിന്റെ 
അടയാളങ്ങളാണ് 
അവ പിണയട്ടെ.... പൊട്ടാതിരിക്കട്ടെ... 
നിന്നെ കാത്തിരിക്കുന്നൊരമ്മ..... 

     
June 06, 2020

കറുത്ത പൂമ്പാറ്റകൾ കവിത ധന്യ ഉണ്ണികൃഷ്ണൻ

കറുത്ത പൂമ്പാറ്റകൾ

ധന്യ ഉണ്ണികൃഷ്ണൻ    

Add caption

ഒടുവിലത്തെ
പ്രഭാതമാണെന്ന്
നമ്മൾ പരസ്പരം
അറിയില്ല
ഒരു പക്ഷേ
ഓർമ്മയുടെ ചിലമ്പലുകൾ
പോലും ഉണ്ടായിക്കോളണമെന്നില്ല
ഉദ്യാനത്തിലെ കറുത്ത ചിത്രശലഭങ്ങൾ
തുറന്നിട്ട ജനലഴികളിലൂടെ
നമ്മുടെ അടുത്തെത്തും
അവ മാറി മാറി
നമ്മുടെ ചുറ്റം പാറി നടക്കും
യാദൃശ്ചികതയെന്ന് നമ്മൾ
അതിനെ തള്ളിക്കളയും
പിന്നീട് അവ
പറന്നകലും ....
ഞാൻ 
കടൽ സന്ധ്യകളെക്കുറിച്ചും
മുല്ലപ്പൂ രാത്രികളെക്കുറിച്ചും
തുലാവർഷ മേഘത്തെക്കുറിച്ചും
ഉറഞ്ഞു പോയ സ്വപ്നങ്ങളെക്കുറിച്ചും
ഓർക്കും...
ആരോടും പറയില്ല
പാതി ചാരിയ
മുറിയിലേക്ക് ആൾ സഞ്ചാരം
വളരെ വിരളം.
ചുമരിലെ
രവിവർമ്മ ചിത്രങ്ങളിലേക്കും
മണ്ണടിഞ്ഞു പോയ
എഴുത്തുകാരുടെ പുസ്തകങ്ങൾ 
അടുക്കി വെച്ച 'അല മാറയിലേക്കും
മാറാല കെട്ടിയ
ഓർമ്മ ചിത്രങ്ങളിലേക്കും
മാറി മാറി നോക്കും...
ഒരു വസന്തകാല തണുപ്പ്
എന്നെ വന്ന് മൂടും
ആ തണുപ്പ് മേലാസകലം
പടരുമ്പോൾ
ഓർമ്മകളിൽ നീ വന്ന്
അന്ത്യ ജലം നൽകും
യഥാർത്ഥ്യങ്ങളിൽ
മറ്റു പലരും
അങ്ങനെ
ഞാനാ തണുപ്പിൽ അലിഞ്ഞു ചേരും....
ഒടുവിലത്തെ
ദർശനത്തിനായി
നീ വരും
നീ അറിയാതെ രണ്ട് തുള്ളി
കണ്ണുനീർ എൻ്റെ കോടി മുണ്ടിൽ
പൊതിഞ്ഞ ശരീരത്ത് വീഴും
കൂടിച്ചേരലിൻ്റെ പുതിയ രീതി
ഒപ്പം
അഴുകിച്ചേരാനായി ഉപ്പുരസത്തിൻ്റെ
ഔചിത്യവും.
നിൻ്റെ കയ്യിൽ കരുതി വെച്ച
ചുമന്ന റോസാപ്പൂക്കൾ
നീ മറ്റാരെയോ 
എൽപ്പിച്ച്
ഏതെങ്കിലും മൂലയിലേക്ക്
മാറും
നീ പൂക്കളിലേക്കും
പൂമ്പാറ്റക്കളിലേക്കും
മാറി മാറി നോക്കും
അപ്പോഴും
ആ കറുത്ത പൂമ്പാറ്റ
അവിടെ പാറിനടക്കുന്നുണ്ടായിരിക്കാം
അപ്പോൾ
നിനക്ക് അതിൻ്റെ ശരീരഭാഷ
മനസ്സിലാവുന്നാണ്ടാവും...
പ്രഭാതത്തിൽ കണ്ട
അതേ പൂമ്പാറ്റ .
ഇന്നലെകളിലെ വർണ്ണശലഭങ്ങൾ,.

Friday, June 5, 2020

June 05, 2020

ലേഖനം പരിസ്ഥിതിദിനം ഒരു പഠന പ്രവർത്തനം ശിവപ്രസാദ് പാലോട്

ലേഖനം
പരിസ്ഥിതിദിനം ഒരു
പഠന പ്രവർത്തനം
ശിവപ്രസാദ് പാലോട്
 

മനുഷ്യൻ്റെ ഇടപെടൽ നിമിത്തം പരിസ്ഥിതിക്ക് കോട്ടം തട്ടുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.
Celebrate biodiversity എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പ്രകൃതിയും ജീവജാലങ്ങളും നിരവധി ഭീഷണികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം. ജീവ വായുവും ജലവുമുള്‍പ്പെടെ മനുഷ്യന് ആവശ്യമായതെല്ലാം നല്‍കുന്നത് പ്രകൃതി. എന്നാല്‍ നമ്മുടെ അത്യാഗ്രഹവും ചൂഷണവും പരിസ്ഥിതി മലിനീകരണവുമാണ് പ്രകൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും നാശത്തിന് കാരണമാവുന്നത്. സസ്യങ്ങളും ജന്തുക്കളുമടക്കം 10 ലക്ഷം ജീവി വര്‍ഗ്ഗങ്ങളാണ് ഇന്ന് വംശനാശ ഭീഷണി നേരിടുന്നത്. പരിസ്ഥിയുടെ നാശത്തിന് കാരണമായ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളാണ്  ഇന്ന് നമ്മള്‍ നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും എന്നും തിരിച്ചറിയേണ്ടതുണ്ട്.

        ജൈവവൈവിധ്യ സംരക്ഷണം ആഘോഷമാവട്ടെ, ജൈവ വൈവിധ്യ സംരക്ഷണ മെന്നാൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള സ്വാഭാവിക അവസരം കളയാതിരിക്കലാണ്, മുമ്പിൽ കാണുന്ന ചെമ്പരത്തി ചെടി വെട്ടിക്കളഞ്ഞ് പകരം ചട്ടിയിൽ വേറെ ചെടിവച്ചു പിടിപ്പിക്കാറുണ്ട് നാം. അതല്ല ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ കാതൽ, മണ്ണിൽ വളരാൻ സ്വാതന്ത്ര്യം നൽകലാണ്. മരത്തിലെ കിളിക്കൂട് നശിപ്പിക്കുകയും കൂട്ടിൽ ലവ് ബേർഡ്സിനെ ഓമനിച്ചു വളർത്തുകയും ചെയ്യുന്ന കേവലം പൊങ്ങച്ചമല്ല പരിസ്ഥിതി സംരക്ഷണം, മറിച്ച് കൂടുകൂട്ടാനുള്ള ചെടിയും പറക്കാനുള്ള ആകാശവും സ്വതന്ത്രമാക്കലാണ്. ഇടം കൊടുത്താൽ വളരുന്നതാണ് പ്രകൃതി, കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളെ നോക്കൂ,, അവ നിങ്ങളെക്കാൾ ഉയരത്തിൽ വളർന്നിട്ടുണ്ടാകും.  ഭാവിയിലേക്ക് ഒരു പച്ച ത്തുരുത്ത് എന്ന ലക്ഷ്യത്തോടെ യാണ് എൻ്റെ മരം വനവത്കരണ പരിപാടി നടക്കുന്നത് കഴിഞ്ഞ വർഷം നട്ട തൈകളെല്ലാം വേനലും മഴയുമെല്ലാം അതിജീവിച്ച് വേരോടി, ഇലവച്ച് കരുത്തോടെ വളർന്നിട്ടുണ്ടാവുമല്ലോ,അവിടെ ഇന്നലെയും നാം തൈ നട്ടു,, അങ്ങിനെ നാം വച്ച മരങ്ങൾ നമ്മളോടൊപ്പം വളരും. നട്ടു കഴിഞ്ഞാൽ പണി തീർന്നു.പിന്നൊരു നോട്ടവുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനാചരണത്തിലാവാം എന്ന മട്ടാകരുത് എന്ന് മാത്രം
                      കൂട്ടുകാരെ പരിസ്ഥിതി ദിനാചരണം ഒരു പഠന പ്രവർത്തനമാണ്, വിത്ത് എങ്ങിനെ ഉണ്ടാകുന്നു, എപ്പോൾ മുളക്കുന്നു, വേരോ ഇലയോ ആദ്യം ഉണ്ടാവുന്നത്, ബീജ പത്രത്തിൻ്റെ പ്രാധാന്യം, വ്യത്യസ്ത രീതിയിൽ മുളച്ചുണ്ടാകുന്ന ചെടികൾ, മരം നടാനുള്ള മുന്നൊരുക്കങ്ങൾ, മണ്ണൊരുക്കാനുള്ള കാർഷിക ഉപകരണങ്ങൾ, തൈ സംരക്ഷണ പ്രവർത്തനങ്ങൾ, അതിൻ്റെ വളർച്ച, ജീവൻ, ഇലകളുടെ നിറം, ഇലകളുടെ വിന്യാസം, പ്രകാശസംഗ്ലേഷണം, ശ്വസനം, പ്രകാശം കിട്ടുന്ന ഭാഗത്തേക്ക് വളരുന്നത്, വേരുകൾ വെള്ളമള്ളിടത്തേക്ക് വളരുന്നത്, വളർച്ചക്ക് അനുയോജ്യമായ മണ്ണിനങ്ങൾ, മണ്ണിൻ്റെ പ്രത്യേകതകൾ , ചെടിക്ക്  കൊടുക്കേണ്ട പരിചരണങ്ങൾ,  ജൈവവളങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ശാഖകളുടെ പ്രത്യേകതകൾ, പൂക്കൾ, അവയുടെ നിറം, പ്രത്യേകതകൾ, പൂമ്പാറ്റകൾ, മരത്തെ ആശ്രയിക്കുന്ന കിളികൾ, ജന്തുക്കൾക്കും മനുഷ്യനും മരങ്ങളുടെ പ്രയോജനങ്ങൾ, ആഹാര വിഭവങ്ങൾ, തുടങ്ങി അനേകം കാര്യങ്ങൾ പരിസ്ഥിതി ദിനത്തിലെ ഒരു മരം നടീൽ എന്ന പ്രവർത്തനത്തിലൂടെ നിങ്ങൾ പഠിക്കും, 
                                വീട്ടിലെ മുതിർന്നവർ,  കൃഷിക്കാർ എന്നവർ വലിയ വിവരസഞ്ചയങ്ങളാണ്. നിങ്ങൾ അവരെ സമീപിക്കണം എന്നു മാത്രം, നമ്മുടെ
തൊടിയിലെ ചെടികളുടെ പേരുകൾ ശേഖരിച്ചു നോക്കൂ..അനേകം നമ്മളറിയാത്ത പേരുകൾ കിട്ടും.നാട്ടിലെ പഴയകാല കൃഷിരീതികൾ,  ആധുനിക രീതികൾ,  പഴയ വിത്തിനങ്ങൾ, സങ്കരയിനം വിത്തുകൾ,  
പണ്ടുണ്ടായിരുന്ന ചെടികൾ, പ്രാണികൾ, മറ്റു ജന്തുക്കൾ,  മരങ്ങൾ, പിന്നീടിപ്പോൾ അപൂർവമായവ, തീരെ കാണാത്തവ, പുതുതായി നമ്മുടെ പ്രദേശത്ത് കാണാനാകുന്നവ എന്നൊക്കെ തരം തിരിക്കാം. ഒൌഷധ സസ്യങ്ങൾ മാത്രം വലിയ പഠനമേഖലയാണ്. നമ്മുടെ നാട്ടിലെ തോടുകൾ പുഴകൾ, കുളങ്ങൾ, വയലുകൾ എന്നിവയെക്കുറിച്ച് അറിയൂ. പണ്ടുണ്ടായിരുന്ന മീനിനങ്ങൾ ഇപ്പോഴുണ്ടോ അവയിലെ മറ്റു   ജീവികൾ അവയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ഇങ്ങിനെ ശേഖരിച്ച് രേഖപ്പെടുത്തി നോക്കൂ. അത് നിങ്ങളുടെ സ്വന്തം ജൈവവൈവിധ്യ റജിസ്റ്ററായി മാറും. കുന്നിടിക്കലും ജലമലിനീകരണവും, മണ്ണൊലിപ്പും, വരൾച്ചയും, വെള്ളപ്പൊക്കവും, വനനശികരണവും, മഴയുടെ ലഭ്യത, കാലാവസ്ഥാമാറ്റം, മാറിയ ജീവിത ശൈലികൾ ,  വീടു നിർമാണത്തിലുണ്ടായ മാറ്റങ്ങൾ,
രോഗങ്ങളും മാലിന്യം തള്ളലുമെല്ലാം ഈ അന്വഷണത്തിനിടെ നമ്മളറിയും.


                    പഴമയുടെ കാലം പരിസ്ഥിതി ഒരു ജീവിത ശൈലി യാക്കിയ തലമുറയുടേതാണ്. അവിടെ നിന്നാണ് നാം പരിസ്ഥിതി പാഠം അറിഞ്ഞു തുടങ്ങേണ്ടത് തന്നെ. കൃഷി. മരങ്ങൾ, ജന്തുക്കൾ എല്ലാം വിഷയമായി വരുന്ന എത്രയെത്ര പഴഞ്ചൊല്ലുകളാണ്. അവയെല്ലാം ശേഖരിക്കാം. നാടന് പാട്ടുകളെല്ലാം പരിസ്ഥിതി ഗാനങ്ങളാണ്. അവയുടെ ശേഖരമുണ്ടാക്കാം. അമ്മമാരോട് ചോദിച്ച് ഒാരോ വിഭവത്തിന്റെയും പാചകക്കുറിപ്പ് ശേഖരിക്കാം. നിർമിച്ച് പരിശീലിക്കാം. കാർഷിക സ്വയംപര്യാപ്ത തിരിച്ചറിയുന്നതോടെ നാം സ്വാഭാവികമായി കൃഷിയിലേക്ക് തിരിയും
                  പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കാനുള്ള പാഠം പകരാനാണ് പരിസ്ഥിതി ' ദിനം സ്കൂളുകളിൽ ആചരിക്കുന്നത്, അല്ലാതെ ഒരു ദിവസം കൊണ്ട് യാന്ത്രികമായി ആചരിച്ചു തീർക്കലല്ല. ഇന്നലെ ചെയ്ത കാര്യങ്ങളെല്ലാം കുറിച്ചു വയ്ക്കൂ, രേഖപ്പെടുത്താൻ കഴിയുന്നതും ഒരു പ0ന പ്രവർത്തനമാണ്, കഥകളും കവിതകളും എഴുതൂ, ചിത്രങ്ങൾ വരക്കൂ..പുതിയ കാലത്ത് നിങ്ങളുടെ കയ്യിലുള്ള ഫോണുപയോഗിച്ച് നിങ്ങൾക്ക് ഒരു സിനിമ തന്നെ ഉണ്ടാക്കാനാകും.അതിലൂടെ സർഗാത്മകമായ കഴിവുകൾ വളരും. ഭാഷ വളരും.  പരിസ്ഥിതി അങ്ങിനെ നിങ്ങളിലെ കലാകാരനെ പുറത്തെടുക്കുന്നത് കാണാം.   പരിസ്ഥിതി സംബന്ധമായ പത്രവാർത്തകൾ, ചിത്രങ്ങൾ എന്നിവ ശേഖരിക്കാം. പുസ്തകങ്ങൾ വായിക്കാം. ഒരു കുരുവിയുടെ പതനവും, നിശബ്ദവസന്തവും ഒറ്റ വൈക്കോല് വിപ്ളവവും , കേരളത്തിലെ പക്ഷികളും     എല്ലാം നിങ്ങളുടെ തൊട്ടടുത്തുണ്ട്. രേഖപ്പെടുത്തലുകൾ പലഭാഷകളിലാക്കി നോക്കൂ..അവയെല്ലാം അതാതു ഭാഷകളിലെ സർഗാത്മക പഠനപ്രവർത്തനങ്ങളായി മാറും.സ്കൂളുകളിലെ പരമ്പാരഗത പരിസ്ഥിതി പരിപാടിയായ ക്വിസ് മത്സരം പോലും തള്ളിക്കളയേണ്ടതല്ല. അതിലൂടെ എത്രയോ കാര്യങ്ങൾ നാം പഠിക്കുകയാണ്.. അനന്ത സാധ്യതകളാണ് എല്ലാ ദിനാചരണങ്ങളും.
വിപിഎയുപി സ്കൂൾ കുണ്ടൂർക്കുന്ന്

 ഇന്നലെ  നിങ്ങൾ മരം നട്ടു, അതിൻ്റെ ചിത്രം ക്യാമറയിൽ എടുത്തതും, വാട്സാപ്പിലും ഫേസ് ബുക്കിലും യു ട്യൂബിലും ഷെയർ ചെയ്തതും   പരിസ്ഥിതി കവിത ചൊല്ലിയതും എല്ലാം പഠനപ്രവർത്തനങ്ങളാണ്, ഓൺലൈനാണ് ഇപ്പോൾ പഠനം, അപ്പോൾ അതിൻ്റെ പ്രകടനവും വിലയിരുത്തലും ഓൺലൈനായി ചെയ്യാനും നമുക്ക് സാധിക്കണം, ദിനാചരണത്തോടെ അവസാനിക്കുന്നതല്ല പരിസ്ഥിതി സ്നേഹം,, അത് ശീലമാവണം,, മരം പോലെ വളരുന്ന മനസിൻ്റ ഉടമയാവണം,, അതാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭാസം കിട്ടിയ തലമുറക്കേ സുസ്ഥിര വികസനം  എന്ന കാഴ്ച്ചപ്പാട് മനസ്സിലാകുകയുള്ളു.
June 05, 2020

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍


കണക്ക്


      കണക്കിനെ സ്കൂള്‍ കാലം മുഴുവനും പിന്നെ ജീവിതത്തിലും പേടിച്ച ഒരാളാണ് ഞാന്‍. പലരും രസകരമായി കണക്കു പഠപ്പിക്കാന്‍ ശ്രമിച്ചിട്ടും എന്‍റെ തലച്ചോറിനത് വഴങ്ങാതെ പോയത് അവര്‍ക്ക് തോന്നിയ രസം എനിക്കു തോന്നാത്തതുകൊണ്ടാകണം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ്” എന്ന ഒന്നുണ്ടല്ലോ.അതെനിക്ക് തീരെ കുറവായിക്കണം. കണക്ക് ജീവിതതാളമാണെന്ന് വിശ്വിച്ചിരുന്ന ചാക്കോ മാഷെപ്പോലുള്ള അദ്ധ്യാപകരോട് ബഹുമാനമുണ്ട് എന്നു മാത്രമല്ല അവര്‍ പറയുന്നത് ശരിയാണെന്നും എനിക്കറിയാം.ചിലപ്പോള്‍ നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കണക്കെനിക്ക് വഴങ്ങില്ല എന്ന് ഉപബോധ മനസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും.


      കണക്ക് വഴങ്ങാന്‍ പ്രയാസമാണെന്നും അതിലെനിക്ക് പ്രത്യേക സഹായം വേണ്ടിവരുമെന്നും ആദ്യമേ കണ്ടെത്തിയത് ഉപ്പയാണ്.അതുകൊണ്ട് തൊട്ടടുത്ത വീട്ടിലെ നാരായണന്‍ നായരെന്ന നല്ലവനായ അയല്‍ക്കാരന്‍റെ രണ്ടു മക്കളോടും എനിക്ക് കണക്ക് വഴക്കിയെടുക്കാന്‍ ഉപ്പ ഏല്‍പ്പിച്ചിരുന്നു.നളിനി ചേച്ചിയും മണിയേട്ടനും സ്കൂള്‍ സമയം കഴിഞ്ഞുവന്നിട്ടും ഞായറാഴ്ചകളിലും ട്യൂഷന്‍ വഴി ഉണ്ടാക്കിയ മൂന്നാം ക്ലാസ്സി ലെ കണക്കേ എനിക്കിപ്പഴുമുള്ളൂ.അക്കാലത്തെയൊരു നടപ്പനുസരിച്ച് എന്നെ പ്പോലുള്ള വര്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാന്‍ കഴിയാത്ത ആ തറവാട്ടിലെ മുക്കിലും മൂല യിലും ഓടിനടന്ന് ഞാന്‍ കണക്കഭ്യസിച്ചിരുന്നത് ഇന്നും നല്ല ഓര്‍മയാണ്.എന്നിട്ടും ആര്‍ക്കും മുഷിഞ്ഞില്ലല്ലോ എന്നത് അത്ഭുതവും ഉണ്ടാക്കുന്നു.പിന്നേയും ഏറെ കാലം ചാക്കോ മാഷന്‍മാര്‍ തന്ന കണക്കുകള്‍ കൂട്ടിയിട്ടും കുറച്ചിട്ടും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ...
    കണക്ക് തെറ്റിയതിന്,ഹോം വര്‍ക്ക് ചെയ്യാത്തത്തിന് ഒക്കെയായി കേട്ട ശകാരങ്ങള്‍ ചില കളവുകള്‍ ചെയ്യാനും പ്രേരിപ്പിച്ചു.മലയാളത്തിന് അക്കാലത്ത് രണ്ടുതരം ഹോം വര്‍ക്ക്പ തിവാണ്. രണ്ടുവര കോപ്പിയെഴുത്ത്, ടെക്സ്റ്റ് പുസ്തകം പകര്‍ത്തിയെഴുത്ത് എന്നിവയാ ണവ.ജയപ്രകാശന് കണക്കറിയാം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ് ഉണ്ടെന്ന് ചുരുക്കം. എന്‍റെ കണക്ക് അവന്‍ ചെയ്യും അവന്‍റെ മലയാളം പണികള്‍ ഞാനും എന്ന പകരത്തിനുപകരം പദ്ധതി നടപ്പാക്കി.കാര്യമുണ്ടായില്ല,കളവ് പെട്ടെന്ന് പിടിക്കപ്പെട്ടു. മലയാളം പുസ്തകത്തിലെ കയ്യെഴുത്ത് എന്‍റെയാണെന്ന് ടീച്ചര്‍ കണ്ടെത്തി.ചോദ്യം ചെയ്തതില്‍ എല്ലാം പറയേണ്ടിയും വന്നു.പക്ഷേ വഴങ്ങാത്ത കണക്കും വച്ച് അഞ്ചാം ക്ലാസുവരെയും ഞാന്‍ ക്ലാസില്‍ ഒന്നാമതായിരുന്നു എന്നത് ഇപ്പഴോര്‍ക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമുണ്ടാക്കുന്നു..
ഇതൊരുകാലം .പത്താം ക്ലാസ് കഴിഞ്ഞിട്ടുപിന്നെ കണക്കിനോട് സലാം പറഞ്ഞു.എന്നിട്ടും കാലം ഒരിക്കല്‍ കണക്കുമാഷുടെ ദൌത്യം എന്നെയെല്‍പ്പിച്ചു.എണ്‍പത്തേഴിലാണ്. സംഘടന നടത്തുന്ന പത്താം ക്ലാസ്സുകാര്‍ക്കുള്ള പരിശീലന പരിപാടി. അവധിദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ ആണ്.എന്തുകൊണ്ടോ കണക്കെടുക്കാന്‍ വരേണ്ട ആള്‍ ഒഴിവായി. സംഘാടകന്‍ എന്ന നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ കണക്കു പഠിപ്പിക്കണമെന്നു വന്നു.ഒരുകാലത്തുമില്ലാത്ത ആവേശത്തോടെ കണക്കു പഠിച്ചു. 

കണക്കധ്യാപരില്‍ നീന്ന് സംശയദൂരീകരണം നടത്തി.അന്നൊക്കെ നല്ല അഭിപ്രായം കേട്ടിരുന്നു.പക്ഷേ അതൊന്നും അത്ര ഉള്ളില്‍ തട്ടിയില്ല. ഈ അടുത്ത നാളില്‍  ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയതിനടിയില്‍ വന്ന ഒരു കമന്‍റ് ഞെട്ടിച്ചു കളഞ്ഞു.”മാഷെന്നെ പത്താം ക്ലാസില്‍ കണക്കു പഠിപ്പിച്ചിട്ടുണ്ട്.കണക്ക് തീരെയറിയാത്ത ഞാന്‍ മാഷുടെക്ലാസുകൊണ്ടാണ് പാസായത്.”കളിയാക്കിയതാകാണാനിട.എന്നാലും അതൊരു കോപ്ലിമെന്‍റ് ആയി കരുതി കൊണ്ടു നടക്കുന്നു.
വാല്‍ കഷണം:  പുതിയ പഠനസമീപനം വന്ന കാലം.മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ രണ്ടാം ക്ലാസ് നിരീക്ഷിക്കാന്‍ ക്ലാസിലെത്തി.കണക്കാണ് ക്ലാസ്സില്‍ അരങ്ങേറുന്നത്.ടീച്ചരോട് എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്ന് ഡി.ഡി.ചോദിച്ചു.”സാറേ..ഒരു രക്ഷയുമില്ല.കണക്ക് ഈ പിള്ളേര്‍ക്കൊന്നും മനസ്സിലാകുന്നില്ല.”ഞാനൊന്ന് ശ്രമിക്കട്ടെ എന്നായി ഡി.ഡി.അദ്ദേഹം ഒരു കഥ തുടങ്ങി.ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.രാജാവു നായാട്ടിനായി കാട്ടിലേക്ക് പോയി.കാട്ടില്‍ രാജാവ് ഒറ്റപ്പെട്ടു.ഘോരവനമാണ്.പലതരം മൃഗങ്ങളുണ്ടാകും.രാജാവ് മുന്നോട്ടു തന്നെ നടന്നു.പെട്ടെന്ന് ഒരു മിന്നല്‍.മിന്നലിന്‍റെ വെളിച്ചത്തില്‍ രാജാവത് കണ്ടു.ഒരു പെട്ടി കിടക്കുന്നു.കഥയിലെ ഏറ്റവും ആകാംഷ ജനിപ്പിക്കേണ്ട സമയത്ത് പിന്‍ബെഞ്ചിലെ ഒരുവന്‍ എണീറ്റുനിന്നു.വേണ്ടമാഷെ,ഞങ്ങക്ക് മന സ്സിലായി.കണക്കല്ലേ....പിന്നെ അദ്ദേഹം വിരമിക്കുന്നതു വരെ കഥകൊണ്ടു കണക്കിനെ രസമാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.