കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, June 5, 2020

ലേഖനം പരിസ്ഥിതിദിനം ഒരു പഠന പ്രവർത്തനം ശിവപ്രസാദ് പാലോട്

ലേഖനം
പരിസ്ഥിതിദിനം ഒരു
പഠന പ്രവർത്തനം
ശിവപ്രസാദ് പാലോട്
 

മനുഷ്യൻ്റെ ഇടപെടൽ നിമിത്തം പരിസ്ഥിതിക്ക് കോട്ടം തട്ടുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.
Celebrate biodiversity എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. പ്രകൃതിയും ജീവജാലങ്ങളും നിരവധി ഭീഷണികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം. ജീവ വായുവും ജലവുമുള്‍പ്പെടെ മനുഷ്യന് ആവശ്യമായതെല്ലാം നല്‍കുന്നത് പ്രകൃതി. എന്നാല്‍ നമ്മുടെ അത്യാഗ്രഹവും ചൂഷണവും പരിസ്ഥിതി മലിനീകരണവുമാണ് പ്രകൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും നാശത്തിന് കാരണമാവുന്നത്. സസ്യങ്ങളും ജന്തുക്കളുമടക്കം 10 ലക്ഷം ജീവി വര്‍ഗ്ഗങ്ങളാണ് ഇന്ന് വംശനാശ ഭീഷണി നേരിടുന്നത്. പരിസ്ഥിയുടെ നാശത്തിന് കാരണമായ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളാണ്  ഇന്ന് നമ്മള്‍ നേരിടുന്ന പല പ്രകൃതി ദുരന്തങ്ങളും എന്നും തിരിച്ചറിയേണ്ടതുണ്ട്.

        ജൈവവൈവിധ്യ സംരക്ഷണം ആഘോഷമാവട്ടെ, ജൈവ വൈവിധ്യ സംരക്ഷണ മെന്നാൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള സ്വാഭാവിക അവസരം കളയാതിരിക്കലാണ്, മുമ്പിൽ കാണുന്ന ചെമ്പരത്തി ചെടി വെട്ടിക്കളഞ്ഞ് പകരം ചട്ടിയിൽ വേറെ ചെടിവച്ചു പിടിപ്പിക്കാറുണ്ട് നാം. അതല്ല ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ കാതൽ, മണ്ണിൽ വളരാൻ സ്വാതന്ത്ര്യം നൽകലാണ്. മരത്തിലെ കിളിക്കൂട് നശിപ്പിക്കുകയും കൂട്ടിൽ ലവ് ബേർഡ്സിനെ ഓമനിച്ചു വളർത്തുകയും ചെയ്യുന്ന കേവലം പൊങ്ങച്ചമല്ല പരിസ്ഥിതി സംരക്ഷണം, മറിച്ച് കൂടുകൂട്ടാനുള്ള ചെടിയും പറക്കാനുള്ള ആകാശവും സ്വതന്ത്രമാക്കലാണ്. ഇടം കൊടുത്താൽ വളരുന്നതാണ് പ്രകൃതി, കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളെ നോക്കൂ,, അവ നിങ്ങളെക്കാൾ ഉയരത്തിൽ വളർന്നിട്ടുണ്ടാകും.  ഭാവിയിലേക്ക് ഒരു പച്ച ത്തുരുത്ത് എന്ന ലക്ഷ്യത്തോടെ യാണ് എൻ്റെ മരം വനവത്കരണ പരിപാടി നടക്കുന്നത് കഴിഞ്ഞ വർഷം നട്ട തൈകളെല്ലാം വേനലും മഴയുമെല്ലാം അതിജീവിച്ച് വേരോടി, ഇലവച്ച് കരുത്തോടെ വളർന്നിട്ടുണ്ടാവുമല്ലോ,അവിടെ ഇന്നലെയും നാം തൈ നട്ടു,, അങ്ങിനെ നാം വച്ച മരങ്ങൾ നമ്മളോടൊപ്പം വളരും. നട്ടു കഴിഞ്ഞാൽ പണി തീർന്നു.പിന്നൊരു നോട്ടവുമില്ല. പിന്നെ അടുത്ത പരിസ്ഥിതി ദിനാചരണത്തിലാവാം എന്ന മട്ടാകരുത് എന്ന് മാത്രം
                      കൂട്ടുകാരെ പരിസ്ഥിതി ദിനാചരണം ഒരു പഠന പ്രവർത്തനമാണ്, വിത്ത് എങ്ങിനെ ഉണ്ടാകുന്നു, എപ്പോൾ മുളക്കുന്നു, വേരോ ഇലയോ ആദ്യം ഉണ്ടാവുന്നത്, ബീജ പത്രത്തിൻ്റെ പ്രാധാന്യം, വ്യത്യസ്ത രീതിയിൽ മുളച്ചുണ്ടാകുന്ന ചെടികൾ, മരം നടാനുള്ള മുന്നൊരുക്കങ്ങൾ, മണ്ണൊരുക്കാനുള്ള കാർഷിക ഉപകരണങ്ങൾ, തൈ സംരക്ഷണ പ്രവർത്തനങ്ങൾ, അതിൻ്റെ വളർച്ച, ജീവൻ, ഇലകളുടെ നിറം, ഇലകളുടെ വിന്യാസം, പ്രകാശസംഗ്ലേഷണം, ശ്വസനം, പ്രകാശം കിട്ടുന്ന ഭാഗത്തേക്ക് വളരുന്നത്, വേരുകൾ വെള്ളമള്ളിടത്തേക്ക് വളരുന്നത്, വളർച്ചക്ക് അനുയോജ്യമായ മണ്ണിനങ്ങൾ, മണ്ണിൻ്റെ പ്രത്യേകതകൾ , ചെടിക്ക്  കൊടുക്കേണ്ട പരിചരണങ്ങൾ,  ജൈവവളങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ശാഖകളുടെ പ്രത്യേകതകൾ, പൂക്കൾ, അവയുടെ നിറം, പ്രത്യേകതകൾ, പൂമ്പാറ്റകൾ, മരത്തെ ആശ്രയിക്കുന്ന കിളികൾ, ജന്തുക്കൾക്കും മനുഷ്യനും മരങ്ങളുടെ പ്രയോജനങ്ങൾ, ആഹാര വിഭവങ്ങൾ, തുടങ്ങി അനേകം കാര്യങ്ങൾ പരിസ്ഥിതി ദിനത്തിലെ ഒരു മരം നടീൽ എന്ന പ്രവർത്തനത്തിലൂടെ നിങ്ങൾ പഠിക്കും, 
                                വീട്ടിലെ മുതിർന്നവർ,  കൃഷിക്കാർ എന്നവർ വലിയ വിവരസഞ്ചയങ്ങളാണ്. നിങ്ങൾ അവരെ സമീപിക്കണം എന്നു മാത്രം, നമ്മുടെ
തൊടിയിലെ ചെടികളുടെ പേരുകൾ ശേഖരിച്ചു നോക്കൂ..അനേകം നമ്മളറിയാത്ത പേരുകൾ കിട്ടും.നാട്ടിലെ പഴയകാല കൃഷിരീതികൾ,  ആധുനിക രീതികൾ,  പഴയ വിത്തിനങ്ങൾ, സങ്കരയിനം വിത്തുകൾ,  
പണ്ടുണ്ടായിരുന്ന ചെടികൾ, പ്രാണികൾ, മറ്റു ജന്തുക്കൾ,  മരങ്ങൾ, പിന്നീടിപ്പോൾ അപൂർവമായവ, തീരെ കാണാത്തവ, പുതുതായി നമ്മുടെ പ്രദേശത്ത് കാണാനാകുന്നവ എന്നൊക്കെ തരം തിരിക്കാം. ഒൌഷധ സസ്യങ്ങൾ മാത്രം വലിയ പഠനമേഖലയാണ്. നമ്മുടെ നാട്ടിലെ തോടുകൾ പുഴകൾ, കുളങ്ങൾ, വയലുകൾ എന്നിവയെക്കുറിച്ച് അറിയൂ. പണ്ടുണ്ടായിരുന്ന മീനിനങ്ങൾ ഇപ്പോഴുണ്ടോ അവയിലെ മറ്റു   ജീവികൾ അവയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ഇങ്ങിനെ ശേഖരിച്ച് രേഖപ്പെടുത്തി നോക്കൂ. അത് നിങ്ങളുടെ സ്വന്തം ജൈവവൈവിധ്യ റജിസ്റ്ററായി മാറും. കുന്നിടിക്കലും ജലമലിനീകരണവും, മണ്ണൊലിപ്പും, വരൾച്ചയും, വെള്ളപ്പൊക്കവും, വനനശികരണവും, മഴയുടെ ലഭ്യത, കാലാവസ്ഥാമാറ്റം, മാറിയ ജീവിത ശൈലികൾ ,  വീടു നിർമാണത്തിലുണ്ടായ മാറ്റങ്ങൾ,
രോഗങ്ങളും മാലിന്യം തള്ളലുമെല്ലാം ഈ അന്വഷണത്തിനിടെ നമ്മളറിയും.


                    പഴമയുടെ കാലം പരിസ്ഥിതി ഒരു ജീവിത ശൈലി യാക്കിയ തലമുറയുടേതാണ്. അവിടെ നിന്നാണ് നാം പരിസ്ഥിതി പാഠം അറിഞ്ഞു തുടങ്ങേണ്ടത് തന്നെ. കൃഷി. മരങ്ങൾ, ജന്തുക്കൾ എല്ലാം വിഷയമായി വരുന്ന എത്രയെത്ര പഴഞ്ചൊല്ലുകളാണ്. അവയെല്ലാം ശേഖരിക്കാം. നാടന് പാട്ടുകളെല്ലാം പരിസ്ഥിതി ഗാനങ്ങളാണ്. അവയുടെ ശേഖരമുണ്ടാക്കാം. അമ്മമാരോട് ചോദിച്ച് ഒാരോ വിഭവത്തിന്റെയും പാചകക്കുറിപ്പ് ശേഖരിക്കാം. നിർമിച്ച് പരിശീലിക്കാം. കാർഷിക സ്വയംപര്യാപ്ത തിരിച്ചറിയുന്നതോടെ നാം സ്വാഭാവികമായി കൃഷിയിലേക്ക് തിരിയും
                  പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കാനുള്ള പാഠം പകരാനാണ് പരിസ്ഥിതി ' ദിനം സ്കൂളുകളിൽ ആചരിക്കുന്നത്, അല്ലാതെ ഒരു ദിവസം കൊണ്ട് യാന്ത്രികമായി ആചരിച്ചു തീർക്കലല്ല. ഇന്നലെ ചെയ്ത കാര്യങ്ങളെല്ലാം കുറിച്ചു വയ്ക്കൂ, രേഖപ്പെടുത്താൻ കഴിയുന്നതും ഒരു പ0ന പ്രവർത്തനമാണ്, കഥകളും കവിതകളും എഴുതൂ, ചിത്രങ്ങൾ വരക്കൂ..പുതിയ കാലത്ത് നിങ്ങളുടെ കയ്യിലുള്ള ഫോണുപയോഗിച്ച് നിങ്ങൾക്ക് ഒരു സിനിമ തന്നെ ഉണ്ടാക്കാനാകും.അതിലൂടെ സർഗാത്മകമായ കഴിവുകൾ വളരും. ഭാഷ വളരും.  പരിസ്ഥിതി അങ്ങിനെ നിങ്ങളിലെ കലാകാരനെ പുറത്തെടുക്കുന്നത് കാണാം.   പരിസ്ഥിതി സംബന്ധമായ പത്രവാർത്തകൾ, ചിത്രങ്ങൾ എന്നിവ ശേഖരിക്കാം. പുസ്തകങ്ങൾ വായിക്കാം. ഒരു കുരുവിയുടെ പതനവും, നിശബ്ദവസന്തവും ഒറ്റ വൈക്കോല് വിപ്ളവവും , കേരളത്തിലെ പക്ഷികളും     എല്ലാം നിങ്ങളുടെ തൊട്ടടുത്തുണ്ട്. രേഖപ്പെടുത്തലുകൾ പലഭാഷകളിലാക്കി നോക്കൂ..അവയെല്ലാം അതാതു ഭാഷകളിലെ സർഗാത്മക പഠനപ്രവർത്തനങ്ങളായി മാറും.സ്കൂളുകളിലെ പരമ്പാരഗത പരിസ്ഥിതി പരിപാടിയായ ക്വിസ് മത്സരം പോലും തള്ളിക്കളയേണ്ടതല്ല. അതിലൂടെ എത്രയോ കാര്യങ്ങൾ നാം പഠിക്കുകയാണ്.. അനന്ത സാധ്യതകളാണ് എല്ലാ ദിനാചരണങ്ങളും.
വിപിഎയുപി സ്കൂൾ കുണ്ടൂർക്കുന്ന്

 ഇന്നലെ  നിങ്ങൾ മരം നട്ടു, അതിൻ്റെ ചിത്രം ക്യാമറയിൽ എടുത്തതും, വാട്സാപ്പിലും ഫേസ് ബുക്കിലും യു ട്യൂബിലും ഷെയർ ചെയ്തതും   പരിസ്ഥിതി കവിത ചൊല്ലിയതും എല്ലാം പഠനപ്രവർത്തനങ്ങളാണ്, ഓൺലൈനാണ് ഇപ്പോൾ പഠനം, അപ്പോൾ അതിൻ്റെ പ്രകടനവും വിലയിരുത്തലും ഓൺലൈനായി ചെയ്യാനും നമുക്ക് സാധിക്കണം, ദിനാചരണത്തോടെ അവസാനിക്കുന്നതല്ല പരിസ്ഥിതി സ്നേഹം,, അത് ശീലമാവണം,, മരം പോലെ വളരുന്ന മനസിൻ്റ ഉടമയാവണം,, അതാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭാസം കിട്ടിയ തലമുറക്കേ സുസ്ഥിര വികസനം  എന്ന കാഴ്ച്ചപ്പാട് മനസ്സിലാകുകയുള്ളു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.