കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, June 16, 2020

June 16, 2020

ഓർമ്മയിലെ കാന്താരിമധുരം 20 കെ.സി. അലി ഇക്ബാല്‍


ഒരു കുഞ്ഞു പറ്റുപുസ്തകം

കെ.സി. അലി ഇക്ബാല്‍

      സ്കൂള്‍ ജീവിതം ഒരാരവമാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളില്‍. ഇന്നുമങ്ങനെ യൊക്കെയാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസമാണ്. അമ്പതു കൊല്ലം മുമ്പത്തെ ആര്‍പ്പുവിളികള്‍ ഇപ്പോഴും ഉള്ളില്‍ മതിക്കുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഓടിയ അന്നത്തെ ക്ലാസ് മുറികള്‍ ഇപ്പോഴുമവിടെയുണ്ട്. റോഡരികിലും സ്കൂള്‍ മുറ്റത്തും തിമിര്‍ത്ത കളികള്‍ ഇപ്പഴൊരു കുട്ടിക്കൂട്ടവും കളിക്കുന്നില്ലല്ലോ എന്ന് വേവലാതിയൊന്നുമില്ല. ആസ്വാദനതലം കാലത്തിനൊപ്പം മാറിയിരിക്കണമല്ലോ. സ്നേഹ വാത്സല്യങ്ങളുടെ നിറകുടങ്ങളാ യിരുന്ന അക്കാലത്തെ പ്രിയപ്പെട്ട അദ്ധ്യാപകരെ ഇന്നും ഓര്‍ത്തെ ടുക്കാനാകുന്നതെന്തുകൊണ്ടാണ്? ഒരു കൊച്ചുകുട്ടിയായി ആ ക്ലാസ്സുകളില്‍ ഇരിക്കുന്ന ഫീല്‍ എനിക്കിപ്പോ ഴുണ്ടാകുന്നുണ്ട്.


അങ്ങാടിയുടെ ഒരറ്റത്താണ് സ്കൂള്‍. കുളമുക്ക് എന്നാണ് അങ്ങാടിയുടെ പേര്. ചോള ശാസനങ്ങളിലും മണിപ്രവാള കൃതിയായ ഉണ്ണിയച്ചീചരിതത്തിലുമൊക്കെ കുളമുക്കിനെ കുറിച്ചു പരാമര്‍ശമുണ്ട് എന്ന് ലതയാണെന്നോട് പറഞ്ഞത്. ലതയെന്നാല്‍ പ്രൊഫ. ഗ്രീക്ഷ്മ ലത. ചരിത്ര ഗവേഷകയും കോളേജ് അധ്യാപികയും ഒക്കെയായ ഗ്രീക്ഷ്മലത കുളമുക്ക് സ്കൂളില്‍ അഞ്ചാം ക്ലാസുവരെ എന്‍റെ ക്ലാസ്സില്‍ തന്നെയായിരുന്നു. വള്ളുവനാടിന്‍റെ വിശദമായ ചരിത്രം ലത പഠനവിധേയമാക്കിയിട്ടുണ്ട്. കുളമുക്കിന്‍റെ ഗതകാല പ്രതാപങ്ങള്‍ പ്രതിപാതിക്കുന്ന ചരിത്രപുസ്തകങ്ങള്‍ വേറെയുമുണ്ട് എന്ന് ലതയെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ കുറിപ്പ് ആ ചരിത്രം പറയാനല്ല. എന്‍റെ ബാല്യത്തെ തഴുകിയ എന്നോട് കിന്നരിച്ച എന്‍റെ അക്കാലത്തെ മോഹങ്ങള്‍ക്ക് അര്‍ത്ഥം നല്‍കിയ വെറും അമ്പതു വര്‍ഷം മുമ്പത്തെ കുളമുക്കിനെക്കുറിച്ചു പറയാനാണ്.
      അവിടെ എല്ലാ കൊല്ലവും ആഗസ്ത് പതിനഞ്ചിന് തൂവെള്ള ഖദര്‍ജുബ്ബയിട്ട അച്ചുട്ടിനമ്പ്യാര്‍ മാഷ് പതാകയുയര്‍ത്തി “പോരാപോരാ നാളില്‍ നാളില്‍...”എന്ന് പാടാറുണ്ട്.പത്മാവതി ടീച്ചറും ലീല ടീച്ചറും ചന്ദ്രവല്ലി ടീച്ചറും ചൊല്ലിത്തന്ന കവിതകളുടെ ഈണം പിന്നെയെപ്പോഴൊക്കെയോ ഞാന്‍ ഓര്‍ത്തെടു ത്തിട്ടുണ്ട്. അബ്ദുട്ടി മാഷും സുകൃതലത ടീച്ചറും കല്യാണികുട്ടി ടീച്ചറും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് മനസ്സിലാ ക്കാന്‍ അധ്യാപക പരിശീലനത്തില്‍ എന്‍റെ മുമ്പില്‍ പഠിതാക്കളാ യിട്ടുണ്ട്. ക്ലാസ് മുറിയെന്നാല്‍ ആകെയൊരു ഹാളാണ്.അഞ്ചു ക്ലാസ്സുകള്‍ വരെ ആ ഹാളില്‍ ഉണ്ടായിരുന്നതായാണ് ഓര്‍മ.രണ്ടാം ക്ലാസിലാകണം തൂമാ തൂകുന്ന തൂമരങ്ങള്‍ പത്മാവതി ടീച്ചര്‍  ചൊല്ലിത്തന്നതും അത് ടീച്ചറുടെ മേശയ്ക്കടുത്ത് നിന്ന് ഒറ്റ വീര്‍പ്പിന് കാണാതെ ചൊല്ലിയതും നല്ല ഓര്‍മയുണ്ട്.അന്നത്തെ ടീച്ചര്‍മാരെയൊക്കെ ഇന്നും ഓര്‍ക്കുന്നതെന്താണ്. ഇപ്പോഴത്തെ കുട്ടികള്‍ കുറേ കാലം കഴിഞ്ഞാല്‍ അവരുടെ അദ്ധ്യാപകരെ ഓര്‍ക്കണമെന്നില്ല എന്ന് കരുതുകയാണ്.അന്നത്തെ തരത്തിലൊരു സ്നേഹാന്തരീക്ഷം കുട്ടികള്‍ക്ക് അനുഭവവേ ദ്യമാക്കാന്‍ എന്‍റെ തലമുറ യിലെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞുവോ എന്ന സ്വയം വിമര്‍ശനം നടത്താന്‍ ഏറ്റവും അനുയോജ്യമായ വേളയും ഇതാണല്ലോ .
        അന്നത്തെ ഓടിട്ട കെട്ടിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് പീടികമുറികള്‍ വന്നതൊഴിച്ചാല്‍ കുളമുക്കിനങ്ങനെ പറയത്തക്ക മാറ്റമൊന്നുമില്ല.പഴയ ചെമ്മണ്‍ പാത വീതികൂട്ടി ടാറിട്ടിരിക്കുന്നു. കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്ത് കിടക്കുന്നത് പുതിയ കാഴ്ച്ചയാണ്.വായിലിപ്പോഴും നീരൊഴുക്കുണ്ടാക്കുന്ന വട്ടുപത്തിരിയും പപ്പടവടയും കാരോലപ്പവും തന്ന ശങ്കരേട്ടന്‍റെയും ഗോപായരുടെയും ചായക്കടകള്‍ പോയ്മറഞ്ഞു. പകരം ചില്ലിട്ടകൂട്ടില്‍ അതേ പലഹാരങ്ങള്‍ നിരത്തിയ ഒരു ഹോട്ടലുണ്ട് ഇന്നവിടെ . 
        ചേക്കുക്കയില്ലെങ്കിലും ചേക്കുക്കായുടെ കട ഇപ്പോഴുമുണ്ട്. രണ്ടാം തലമുറയിലെ ചെറുപ്പക്കാര്‍ കൂടുതല്‍  ആകര്‍ഷകമായി ആ നടത്തുന്നുണ്ട്.
എന്‍റെ ഉപ്പയായിരുന്നു കുളമുക്കങ്ങാടിയിലെ റേഷന്‍ കട നടത്തിവന്നത്. സ്ഥാനം മാറിയെങ്കിലും റേഷന്‍ കട  അങ്ങാടിയില്‍ ഇപ്പോഴുമുണ്ട്.റേഷന്‍ കടയും സ്കൂളും തമ്മിലുള്ള അകലം പത്തുമീറ്ററി ല്‍ താഴെ.അതുകൊണ്ട് സ്കൂളിലുള്ള എന്‍റെ മേല്‍ എപ്പോഴും ഉപ്പയുടെ ശ്രദ്ധയുണ്ടായിരുന്നു.

     അങ്ങാടിയില്‍ ഞങ്ങളുടെയെല്ലാം പ്രധാന ആകര്‍ഷണം ഹൈദ്രുട്ടിക്കാടെ സ്റ്റേഷനറിക്കടയായിരുന്നു.പളുങ്ക് ഭരണികളില്‍ പലതരം മിഠായികള്‍. ഇടിമിഠായി, കടിച്ചാപറിച്ചി,നാരങ്ങഅല്ലി മിഠായി,അങ്ങനെയ ങ്ങനെ... ഇന്നും ഇതില്‍ പലതും സ്കൂള്‍ സമീപത്തെ കടകളില്‍ കാണാറുണ്ട്. പേരുകളൊക്കെ മാറി എന്നുമാത്രം. അക്കാലത്ത് പ്ലാസ്റ്റിക് കളിക്കോപ്പുകള്‍ അധികം കാണാറില്ലായിരുന്നു. പലരുംസ്കൂളിലേക്ക് അഞ്ചോ പത്തോ പൈസ കൊണ്ടുവരും. ഇഷ്ടമുള്ള മിഠായി വാങ്ങിത്തിന്നും. 

എനിക്കതൊന്നും കഴിയില്ല. ഇന്‍റര്‍വെല്ലിന് ശങ്കരേട്ടന്‍റെ കടയില്‍ നിന്ന് പാല്‍ചായയും ഉണ്ണിയപ്പവും ഉപ്പ തന്നെ വന്ന് കഴിപ്പിക്കുകയായിരുന്നു പതിവ്. പോക്കറ്റ് മണി ചോദിക്കാന്‍ വകുപ്പില്ല.ഒടുക്കം കൊതി സഹിക്കാന്‍ വയ്യാതായി. 
      ഉപ്പയോട്  നേരിട്ടുത ന്നെ മിഠായിക്കൊതിയുടെ പ്രശ്നം അവതരിപ്പിച്ചു. പെട്ടെന്നുതന്നെ പരിഹാരമായി. ഹൈദ്രുട്ടിക്കാടെ കടയില്‍ ഉപ്പ തന്നെ ഏര്‍പ്പാടാക്കി.”അവനെന്തു മിഠായി വേണമെങ്കിലും കൊടുക്കണം. ”അങ്ങനെ കഷ്ടി രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞു കാണും. എന്‍റെ മിഠായിക്കൊതി മാറ്റാനായില്ല. ഹൈദ്രുട്ടിക്കായുടെ കണക്കുപുസ്തകം മാത്രം പെരുത്തുവന്നു. ”ഒരുപാടായി”എന്ന് ഏറെ വിഷമത്തോടെ അയാള്‍ ഉപ്പയോട് ഉണര്‍ത്തിച്ചു. എനിക്കിപ്പഴും ആ സംഖ്യ ഓര്‍മ്മയുണ്ട്. ഒമ്പതു രൂപ പതിനാറു പൈസ.നമുക്കിന്ന് ഒരു രൂപയ്ക്കു കിട്ടുന്ന മിഠായിക്കു അന്ന് ഒരു പൈസയാണ് വേണ്ടിയിരുന്നത് എന്നോര്‍ക്ക ണം.ഏതാണ്ട് ആയിരം മിഠായികള്‍ രണ്ടാഴ്ച്ച കൊണ്ടു ഞാന്‍ തിന്നു തീര്‍ത്തു എന്ന് ഉപ്പയ്ക്ക് പെട്ടെന്ന് മനസ്സിലായി.അന്നുമുതല്‍ അഞ്ചുപൈസ പോക്കറ്റ് മണി അനുവദിച്ച് കടയിലെ രണ്ടാഴ്ച മാത്രം പഴക്കമായ പറ്റുപുസ്തകം അവസാനിപ്പിച്ചു
June 16, 2020

പാരുഷം/സുനിൽ വി തിരുനെല്ലി

പാരുഷം
സുനിൽ  വി തിരുനെല്ലി

നാടുകാണാൻ വന്ന വേഴാമ്പൽ
നീരിനായ് കേഴുമ്പോൾ
മഴ വസന്തകാല യാത്രയിൽ.

നാഴി അരിയ്ക്ക് കഞ്ഞിയില്ല .....
നാവു നനയ്ക്കാൻ വിഞ്ഞു തരാം ....
ചലിയ്ക്കുന്ന ഭൂമിയ്ക്കൊരു _
തെറിയ്ക്കുന്ന കാല്പാദമെന്നു -
പുതിയ വേദാന്തം.

നാല്ക്കവലയിൽ നഞ്ചു വലിയ്ക്കുന്നു -
കുഞ്ഞു പെങ്ങളുടെ ചാരത്തൊരു _
ബലിക്കാക്കയെ കൂട്ടരുത്തി.

മദിര മതികെട്ടു മദിയ്ക്കുമ്പോഴൊരു -
കിളിന്തു മോഹം കൂട്ടി കെട്ടിയ സഞ്ചി -
നെഞ്ചോടു ചേർത്തൊരു ബാലപാഠം -
നിവർത്താൻ.

നേരറിയാത്ത നേരിനെ നേരിപ്പോടിലാക്കി -
കഴുകക്കാലിൽ കോർത്തു ഉന്മത്തനായ -
പൗരുഷം പത്തി മടക്കുമ്പോൾ.
അകലെ ഒരു കുഞ്ഞു പെങ്ങളുടെ -
ഉയരുന്ന നെടുവീർപ്പുകൾ

അമ്മയുടെ നെഞ്ചിലേയ്ക്ക് -
അമ്പുതറച്ചപ്പോൾ
കണ്ണീരിൽ പൊടിഞ്ഞതും
വേറൊരു പൗരുഷം


June 16, 2020

എത്രയും പ്രിയപ്പെട്ട ജൂൺ/ധന്യ മനോജ്



എത്രയും പ്രിയപ്പെട്ട ജൂൺ
✍️✍️ധന്യ മനോജ്✍️✍️


അടഞ്ഞ വാതായനങ്ങൾ കൊഞ്ഞനം
കുത്തിക്കൊണ്ട് ,
അവധിയുടെ അറ്റമില്ലാപ്പാത
ദയനീയമായി പകച്ചു നിൽക്കുന്നു...
ചുവരുകൾ വർണ്ണവരകൾ ഇല്ലാതെ 
വെള്ളെഴുത്തുവന്ന വാർദ്ധക്യകോലമായ് 
അടർന്നുവീഴാൻ കാത്തു നിൽക്കുന്നു... 
മൺതരികൾ പിഞ്ചുകാലുകളുടെ 
സ്പർശനസുഖം കാത്ത് 
വൃഥാ പ്രതീക്ഷതൻ ജാലകക്കമ്പികൾ 
ഇറുകെ പിടിച്ച് ദൂരെയ്ക് കണ്ണുംനട്ടിരിക്കുന്നു...
പൊടിപറ്റിയ ബെഞ്ചിലെ പളകപ്പാളികൾ 
പെൻസിൽ കുത്തലുകളും വരകളും തലോടി 
ഓർമ്മതൻ തീർത്ഥം പാനം ചെയ്ത് 
മിഴികളിൽ ഗതകാല സ്മൃതികൾ ഒളിപ്പിച്ച് 
പഴകിയ ചോക്കിൻ പൊടി ഗന്ധം 
നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുക്കുന്നു.. 
നരവീണ കറുമ്പൻ എഴുത്തുപ്രതലങ്ങൾ 
ആളൊഴിഞ്ഞ കല്ലറയുടെ 
കാവൽഭടൻ കണക്കെ 
യുദ്ധമില്ലാത്ത അക്ഷരഭൂവിൽ 
ഏകനായ് പടവെട്ടിനൊരുങ്ങുന്നു.. 
വർണ്ണക്കൊടികളും കൊടിതോരണങ്ങളും  
കുഞ്ഞൻവൈറസിനെ അറച്ച് , 
തിരിഞ്ഞും മറഞ്ഞും 
വൈക്കോൽപെട്ടികൾക്കുള്ളിൽ 
ശ്വാസംമുട്ടി പിടയുന്നു... 
അക്ഷരച്ചെപ്പ് അടഞ്ഞുകിടക്കുന്നു... 
കൈവെള്ളയിൽ ഇറുകെ പിടിച്ച  
ഫോണിൽ നിന്നും പുറത്തു പ്രതിഫലിക്കുന്ന 
അട്ടഹാസവും അഹങ്കാരവും കേട്ട് 
ശലഭങ്ങൾ ദളങ്ങൾക്കുള്ളിൽ 
ശ്വാസം പിടിച്ച് ഒളിച്ചിരിക്കുന്നു...
വിചിത്ര ചിത്രങ്ങളിൽ 
വരച്ച കലണ്ടർ ദിനങ്ങൾ 
ചരിത്രവാതിലുകൾകൊട്ടിയടച്ച് 
വഴിതെറ്റി നീങ്ങുന്നു.. 
പ്രവേശ ഗാനങ്ങളോടൊത്ത് 
പാടാൻ കൊതിച്ച കിളികൾ 
സംഗീതമുപേക്ഷിച്ച് പറന്നകലുന്നു... 
പ്രിയ ജൂണേ...,
 നിരാശയല്ല പ്രത്യാശയാണ് 
നിന്നുടെയുള്ളിൽ കോരി നിറക്കേണ്ടത് 
അതിജീവനത്തിനായ് പണിയിച്ച 
താഴിൻ്റെ ഉറപ്പു പരിശോധനയിൽ 
നീ വിജയിച്ചിരിക്കുന്നു.... 
അക്ഷരങ്ങളും പാഠഭാഗങ്ങളും  
ചാനൽച്ചില്ലകളിൽ ചേക്കേറുമ്പോൾ 
കരുതലിൻ്റെ താക്കോൽക്കൂട്ടമായി 
നീ കാവലിരിക്കുക ... 
നിറങ്ങളും സ്വപ്നങ്ങളും നിനക്കായ് 
പുതിയ പുലരിയായി ജന്മമെടുക്കും....തീർച്ച


Monday, June 15, 2020

June 15, 2020

ഓർമ്മയിലെ കാന്താരിമധുരം 19 കെ.സി. അലി ഇക്ബാല്‍



ജീവിതാഭ്യാസം
ഓർമ്മയിലെ കാന്താരിമധുരം 19   
കെ.സി. അലി ഇക്ബാല്‍

      ഔപചാരിക വിദ്യാഭ്യാസം പലരെയും “ചക്കിനു ചുറ്റും തിരിയുന്ന കാളകളെ” പ്പോലെ യാക്കിക്കളയും.പലര്‍ക്കും സ്വന്തം കഴിവുകള്‍ പ്രയോഗിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോകും.പഠനത്തില്‍ വലിയ മികവു പുലര്‍ത്തിയ പലരും ഗുമസ്തപ്പണി ചെയ്തോ അല്ലെങ്കില്‍ സ്വഭാവിക പ്രമോഷന്‍ എന്ന ഭാഗ്യം കിട്ടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങിയോ വിരമിക്കും.അതിനപ്പുറമെന്താകാന്‍ ? ഇടക്കാലത്ത് പഠന മികവുള്ളവരെയും അല്ലാത്തവരെയും മെഡിസിനോ അല്ലെങ്കില്‍ എഞ്ചിനീയറിങ്ങിനോ അയക്കാമെന്ന ഓപ്ഷന്‍ കൂടി കിട്ടി. അതുമിപ്പോള്‍ ഒരു സാധ്യതയല്ലാതായി മാറി.
      പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത ശാരീരിക ശേഷി കുറഞ്ഞ എന്നെപ്പോലുള്ള പഞ്ചപാവങ്ങള്‍ക്ക് റഹീം അക്കാലത്ത് ആരാധനാപാത്രമായിരുന്നു. ബാലനായിരിക്കെ തന്നെ വീട്ടുകാര്‍ കാണാതെ ബീഡി വലിക്കുക, സൈക്കിളിലും മറ്റും പലതരം അഭ്യാസങ്ങള്‍ കാണിക്കുക എന്നിത്യാദി കാര്യങ്ങളാല്‍ അവന്‍ ഞങ്ങള്‍ സമപ്രായക്കാരെ അത്ഭുത പ്പെടുത്തി. വീട്ടിലെ കവുങ്ങിന്‍ തോട്ടത്തിലെ നോക്കെത്താത്ത ഉയരത്തിലേക്ക് വളര്‍ന്ന കവുങ്ങുകളില്‍ അവന്‍ പാഞ്ഞുകയറും. അവിടെനിന്ന് താഴെയിറങ്ങാതെ തന്നെ കവുങ്ങിന്‍ തലപ്പ് ആയത്തില്‍ ആട്ടി അടുത്ത കവുങ്ങിലേക്ക് പറക്കും. ഇങ്ങനെ ഞങ്ങളെ വിസ്മയത്തുമ്പത്തു നിര്‍ത്തിയ റഹീമിന് പിന്നീടെപ്പോഴാണ് ശാപമോക്ഷം കിട്ടിയത്?
     പലതരം ബിസിനസ്സുകള്‍, കോടികളുടെ ആസ്തി, വിവിധ ഭാഷകള്‍ സംസാരിക്കുന്ന പലരാജ്യക്കാരായ ജോലിക്കാര്‍, കൂറ്റന്‍ കാറുകള്‍ ഒക്കെയുള്ള ഇന്നത്തെ റഹീം നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ മേന്മയാല്‍ ഉണ്ടായി വന്നയാളല്ല യെന്ന് തീര്‍ച്ച.
”അവനെ ആ ഭാഗത്തെവിടെയെങ്കിലും വല്ല വര്‍ക്ക് ഷോപ്പിലോ മറ്റോ നിര്‍ത്താമോ?  എന്തെങ്കിലും പണിയറിഞ്ഞാല്‍ ജീവിച്ചുപോകുമല്ലോ. സ്കൂളിലയച്ചിട്ട് കാര്യമൊന്നു മില്ല”എന്ന് സാത്വികനായ റഹീമിന്‍റെ ഉപ്പ വേവലാതിപ്പെടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. 

അങ്ങനെയവന്‍ വര്‍ക്ക് ഷോപ്പില്‍ പണിയഭ്യസിച്ചതും എന്‍റെ ഓര്‍മ്മയിലുണ്ട്. ഒന്നല്ല പിന്നേയും വാഹനങ്ങള്‍ നന്നാക്കുന്ന പല പല വര്‍ക്ക് ഷോപ്പുകള്‍ മാറി മാറി തന്‍റെ യഥാര്‍ത്ഥ തൊഴിലിടം  കണ്ടെത്തിയ പോലെ അവന്‍ അഭ്യസിച്ചുകൊണ്ടിരുന്നു.ഭാഗ്യം തുണച്ചു എന്നേ  സാധാരണ ഗതിയില്‍ ആരും പറയൂ. പക്ഷേ ഭാഗ്യമാണോ ?  അഭിരുചിക്കനുസരിച്ച വഴി തുറന്നുകിട്ടി എന്നു പറയാം. പക്ഷേ പലപ്പോഴും കൂട്ടികളുടെ അഭിരുചി ആരാണു പരിഗണിക്കാറുള്ളത്?
       അങ്ങനെ പഠനത്തില്‍ മോശമായിരുന്ന എഴുത്തും വായനയും തന്നെ സ്കൂള്‍ പഠന കാലത്ത് അഭ്യസിക്കാന്‍ മറന്നുപോയ റഹീം പല ഭാഷകള്‍ സംസാരിക്കുന്നത് കണ്ട്  ഇന്ന് ഞാന്‍ അന്തിച്ചുനില്‍ക്കുന്നു.  ഉയര്‍ന്ന തലങ്ങളില്‍ ജോലിചെയ്യുന്ന പലരുമായും അനായാസേന ഇടപെടുന്ന റഹീമിനെ കാണുമ്പോള്‍ ഇതെവിടെ നിന്നാണ് അഭ്യസിച്ചത് എന്ന് ആശ്ചര്യപ്പെടുന്നു. സ്വന്തം ബിസിനസ് സംബന്ധമായ ആസൂത്രണം കൃത്യതയോടെ ചെയ്യുന്ന നിരന്തരമായി  പലയിടത്തേക്കും യാത്ര ചെയ്യുന്ന റഹീം കുടുംബങ്ങളെയും നാട്ടുകാരെയും തന്നോട് കണ്ണി ചേര്‍ത്തു നിര്‍ത്തുന്നു.നന്നാകില്ല എന്ന് ശപിച്ച ലോകത്തോട് തലയുയര്‍ത്തി റഹീം “ഇതാ ഞാന്‍ " എന്ന് അടയാളപ്പെടുത്തുന്നു.
         മൂന്നരപതിറ്റാണ്ടു കാലം നീണ്ടുനിന്ന അധ്യാപനത്തിനിടയ്ക്ക് പലകുട്ടികളിലും ഞാന്‍ റഹീമിനെ കണ്ടുമുട്ടി. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദികളില്‍ റഹീമിന്‍റെ കഥ ഞാന്‍ അവതരിപ്പിച്ചു. കുരുത്തക്കേട് കാണിക്കുന്ന ചിലരെ  ഒന്നുപ ദേശിക്കാന്‍ എന്നോട് സഹായം ചോദിച്ച രക്ഷിതാക്കളോട് റഹീമിനെപ്പോലെയാ യേക്കാം എന്ന് സമാശ്വസിപ്പിച്ചു. പാഠപുസ്തകങ്ങളില്‍ നിന്നല്ല ജീവിതത്തില്‍നിന്ന് ചുറ്റുപാടുകളില്‍ നിന്ന് പോരാടി പാഠങ്ങള്‍ പഠി ച്ചവരില്‍ നിന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ചര്‍ച്ച ആരംഭി ക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നത് അതുകൊണ്ടാണ്. 
    
    
   ബീഡി വലിച്ചതോ മറ്റുകുന്നായ്മകള്‍ കാണിച്ചതോ മഹത്വവല്‍ക്കരി ച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. പുസ്തക പാഠങ്ങളേക്കാള്‍ പ്രധാന പ്പെട്ട ജീവിത പാഠങ്ങള്‍ പഠനത്തിന്‍റെ ഭാഗമാകേണ്ടതാണ് എന്ന് പറയുകയാ യിരുന്നു.പക്ഷേ മാറ്റം വേണമെന്ന് സമ്മതിക്കുന്നവര്‍ തന്നെ മാറ്റാന്‍ തുടങ്ങു മ്പോള്‍ എതിര്‍പ്പുമായി രംഗത്തുണ്ടാകുമല്ലോ. അതുകൊണ്ട് നമുക്ക് പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ തെറ്റു കൂടാതെ എഴുത്തുകയും ചെയ്ത് കാലം കഴിക്കാം.

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.