കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, June 16, 2020

ഓർമ്മയിലെ കാന്താരിമധുരം 20 കെ.സി. അലി ഇക്ബാല്‍


ഒരു കുഞ്ഞു പറ്റുപുസ്തകം

കെ.സി. അലി ഇക്ബാല്‍

      സ്കൂള്‍ ജീവിതം ഒരാരവമാണ്. പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളില്‍. ഇന്നുമങ്ങനെ യൊക്കെയാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസമാണ്. അമ്പതു കൊല്ലം മുമ്പത്തെ ആര്‍പ്പുവിളികള്‍ ഇപ്പോഴും ഉള്ളില്‍ മതിക്കുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഓടിയ അന്നത്തെ ക്ലാസ് മുറികള്‍ ഇപ്പോഴുമവിടെയുണ്ട്. റോഡരികിലും സ്കൂള്‍ മുറ്റത്തും തിമിര്‍ത്ത കളികള്‍ ഇപ്പഴൊരു കുട്ടിക്കൂട്ടവും കളിക്കുന്നില്ലല്ലോ എന്ന് വേവലാതിയൊന്നുമില്ല. ആസ്വാദനതലം കാലത്തിനൊപ്പം മാറിയിരിക്കണമല്ലോ. സ്നേഹ വാത്സല്യങ്ങളുടെ നിറകുടങ്ങളാ യിരുന്ന അക്കാലത്തെ പ്രിയപ്പെട്ട അദ്ധ്യാപകരെ ഇന്നും ഓര്‍ത്തെ ടുക്കാനാകുന്നതെന്തുകൊണ്ടാണ്? ഒരു കൊച്ചുകുട്ടിയായി ആ ക്ലാസ്സുകളില്‍ ഇരിക്കുന്ന ഫീല്‍ എനിക്കിപ്പോ ഴുണ്ടാകുന്നുണ്ട്.


അങ്ങാടിയുടെ ഒരറ്റത്താണ് സ്കൂള്‍. കുളമുക്ക് എന്നാണ് അങ്ങാടിയുടെ പേര്. ചോള ശാസനങ്ങളിലും മണിപ്രവാള കൃതിയായ ഉണ്ണിയച്ചീചരിതത്തിലുമൊക്കെ കുളമുക്കിനെ കുറിച്ചു പരാമര്‍ശമുണ്ട് എന്ന് ലതയാണെന്നോട് പറഞ്ഞത്. ലതയെന്നാല്‍ പ്രൊഫ. ഗ്രീക്ഷ്മ ലത. ചരിത്ര ഗവേഷകയും കോളേജ് അധ്യാപികയും ഒക്കെയായ ഗ്രീക്ഷ്മലത കുളമുക്ക് സ്കൂളില്‍ അഞ്ചാം ക്ലാസുവരെ എന്‍റെ ക്ലാസ്സില്‍ തന്നെയായിരുന്നു. വള്ളുവനാടിന്‍റെ വിശദമായ ചരിത്രം ലത പഠനവിധേയമാക്കിയിട്ടുണ്ട്. കുളമുക്കിന്‍റെ ഗതകാല പ്രതാപങ്ങള്‍ പ്രതിപാതിക്കുന്ന ചരിത്രപുസ്തകങ്ങള്‍ വേറെയുമുണ്ട് എന്ന് ലതയെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ കുറിപ്പ് ആ ചരിത്രം പറയാനല്ല. എന്‍റെ ബാല്യത്തെ തഴുകിയ എന്നോട് കിന്നരിച്ച എന്‍റെ അക്കാലത്തെ മോഹങ്ങള്‍ക്ക് അര്‍ത്ഥം നല്‍കിയ വെറും അമ്പതു വര്‍ഷം മുമ്പത്തെ കുളമുക്കിനെക്കുറിച്ചു പറയാനാണ്.
      അവിടെ എല്ലാ കൊല്ലവും ആഗസ്ത് പതിനഞ്ചിന് തൂവെള്ള ഖദര്‍ജുബ്ബയിട്ട അച്ചുട്ടിനമ്പ്യാര്‍ മാഷ് പതാകയുയര്‍ത്തി “പോരാപോരാ നാളില്‍ നാളില്‍...”എന്ന് പാടാറുണ്ട്.പത്മാവതി ടീച്ചറും ലീല ടീച്ചറും ചന്ദ്രവല്ലി ടീച്ചറും ചൊല്ലിത്തന്ന കവിതകളുടെ ഈണം പിന്നെയെപ്പോഴൊക്കെയോ ഞാന്‍ ഓര്‍ത്തെടു ത്തിട്ടുണ്ട്. അബ്ദുട്ടി മാഷും സുകൃതലത ടീച്ചറും കല്യാണികുട്ടി ടീച്ചറും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് മനസ്സിലാ ക്കാന്‍ അധ്യാപക പരിശീലനത്തില്‍ എന്‍റെ മുമ്പില്‍ പഠിതാക്കളാ യിട്ടുണ്ട്. ക്ലാസ് മുറിയെന്നാല്‍ ആകെയൊരു ഹാളാണ്.അഞ്ചു ക്ലാസ്സുകള്‍ വരെ ആ ഹാളില്‍ ഉണ്ടായിരുന്നതായാണ് ഓര്‍മ.രണ്ടാം ക്ലാസിലാകണം തൂമാ തൂകുന്ന തൂമരങ്ങള്‍ പത്മാവതി ടീച്ചര്‍  ചൊല്ലിത്തന്നതും അത് ടീച്ചറുടെ മേശയ്ക്കടുത്ത് നിന്ന് ഒറ്റ വീര്‍പ്പിന് കാണാതെ ചൊല്ലിയതും നല്ല ഓര്‍മയുണ്ട്.അന്നത്തെ ടീച്ചര്‍മാരെയൊക്കെ ഇന്നും ഓര്‍ക്കുന്നതെന്താണ്. ഇപ്പോഴത്തെ കുട്ടികള്‍ കുറേ കാലം കഴിഞ്ഞാല്‍ അവരുടെ അദ്ധ്യാപകരെ ഓര്‍ക്കണമെന്നില്ല എന്ന് കരുതുകയാണ്.അന്നത്തെ തരത്തിലൊരു സ്നേഹാന്തരീക്ഷം കുട്ടികള്‍ക്ക് അനുഭവവേ ദ്യമാക്കാന്‍ എന്‍റെ തലമുറ യിലെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞുവോ എന്ന സ്വയം വിമര്‍ശനം നടത്താന്‍ ഏറ്റവും അനുയോജ്യമായ വേളയും ഇതാണല്ലോ .
        അന്നത്തെ ഓടിട്ട കെട്ടിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് പീടികമുറികള്‍ വന്നതൊഴിച്ചാല്‍ കുളമുക്കിനങ്ങനെ പറയത്തക്ക മാറ്റമൊന്നുമില്ല.പഴയ ചെമ്മണ്‍ പാത വീതികൂട്ടി ടാറിട്ടിരിക്കുന്നു. കുറെ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ കാത്ത് കിടക്കുന്നത് പുതിയ കാഴ്ച്ചയാണ്.വായിലിപ്പോഴും നീരൊഴുക്കുണ്ടാക്കുന്ന വട്ടുപത്തിരിയും പപ്പടവടയും കാരോലപ്പവും തന്ന ശങ്കരേട്ടന്‍റെയും ഗോപായരുടെയും ചായക്കടകള്‍ പോയ്മറഞ്ഞു. പകരം ചില്ലിട്ടകൂട്ടില്‍ അതേ പലഹാരങ്ങള്‍ നിരത്തിയ ഒരു ഹോട്ടലുണ്ട് ഇന്നവിടെ . 
        ചേക്കുക്കയില്ലെങ്കിലും ചേക്കുക്കായുടെ കട ഇപ്പോഴുമുണ്ട്. രണ്ടാം തലമുറയിലെ ചെറുപ്പക്കാര്‍ കൂടുതല്‍  ആകര്‍ഷകമായി ആ നടത്തുന്നുണ്ട്.
എന്‍റെ ഉപ്പയായിരുന്നു കുളമുക്കങ്ങാടിയിലെ റേഷന്‍ കട നടത്തിവന്നത്. സ്ഥാനം മാറിയെങ്കിലും റേഷന്‍ കട  അങ്ങാടിയില്‍ ഇപ്പോഴുമുണ്ട്.റേഷന്‍ കടയും സ്കൂളും തമ്മിലുള്ള അകലം പത്തുമീറ്ററി ല്‍ താഴെ.അതുകൊണ്ട് സ്കൂളിലുള്ള എന്‍റെ മേല്‍ എപ്പോഴും ഉപ്പയുടെ ശ്രദ്ധയുണ്ടായിരുന്നു.

     അങ്ങാടിയില്‍ ഞങ്ങളുടെയെല്ലാം പ്രധാന ആകര്‍ഷണം ഹൈദ്രുട്ടിക്കാടെ സ്റ്റേഷനറിക്കടയായിരുന്നു.പളുങ്ക് ഭരണികളില്‍ പലതരം മിഠായികള്‍. ഇടിമിഠായി, കടിച്ചാപറിച്ചി,നാരങ്ങഅല്ലി മിഠായി,അങ്ങനെയ ങ്ങനെ... ഇന്നും ഇതില്‍ പലതും സ്കൂള്‍ സമീപത്തെ കടകളില്‍ കാണാറുണ്ട്. പേരുകളൊക്കെ മാറി എന്നുമാത്രം. അക്കാലത്ത് പ്ലാസ്റ്റിക് കളിക്കോപ്പുകള്‍ അധികം കാണാറില്ലായിരുന്നു. പലരുംസ്കൂളിലേക്ക് അഞ്ചോ പത്തോ പൈസ കൊണ്ടുവരും. ഇഷ്ടമുള്ള മിഠായി വാങ്ങിത്തിന്നും. 

എനിക്കതൊന്നും കഴിയില്ല. ഇന്‍റര്‍വെല്ലിന് ശങ്കരേട്ടന്‍റെ കടയില്‍ നിന്ന് പാല്‍ചായയും ഉണ്ണിയപ്പവും ഉപ്പ തന്നെ വന്ന് കഴിപ്പിക്കുകയായിരുന്നു പതിവ്. പോക്കറ്റ് മണി ചോദിക്കാന്‍ വകുപ്പില്ല.ഒടുക്കം കൊതി സഹിക്കാന്‍ വയ്യാതായി. 
      ഉപ്പയോട്  നേരിട്ടുത ന്നെ മിഠായിക്കൊതിയുടെ പ്രശ്നം അവതരിപ്പിച്ചു. പെട്ടെന്നുതന്നെ പരിഹാരമായി. ഹൈദ്രുട്ടിക്കാടെ കടയില്‍ ഉപ്പ തന്നെ ഏര്‍പ്പാടാക്കി.”അവനെന്തു മിഠായി വേണമെങ്കിലും കൊടുക്കണം. ”അങ്ങനെ കഷ്ടി രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞു കാണും. എന്‍റെ മിഠായിക്കൊതി മാറ്റാനായില്ല. ഹൈദ്രുട്ടിക്കായുടെ കണക്കുപുസ്തകം മാത്രം പെരുത്തുവന്നു. ”ഒരുപാടായി”എന്ന് ഏറെ വിഷമത്തോടെ അയാള്‍ ഉപ്പയോട് ഉണര്‍ത്തിച്ചു. എനിക്കിപ്പഴും ആ സംഖ്യ ഓര്‍മ്മയുണ്ട്. ഒമ്പതു രൂപ പതിനാറു പൈസ.നമുക്കിന്ന് ഒരു രൂപയ്ക്കു കിട്ടുന്ന മിഠായിക്കു അന്ന് ഒരു പൈസയാണ് വേണ്ടിയിരുന്നത് എന്നോര്‍ക്ക ണം.ഏതാണ്ട് ആയിരം മിഠായികള്‍ രണ്ടാഴ്ച്ച കൊണ്ടു ഞാന്‍ തിന്നു തീര്‍ത്തു എന്ന് ഉപ്പയ്ക്ക് പെട്ടെന്ന് മനസ്സിലായി.അന്നുമുതല്‍ അഞ്ചുപൈസ പോക്കറ്റ് മണി അനുവദിച്ച് കടയിലെ രണ്ടാഴ്ച മാത്രം പഴക്കമായ പറ്റുപുസ്തകം അവസാനിപ്പിച്ചു

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.