കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, August 2, 2020

August 02, 2020

കവി ലൂയി പീറ്ററുടെ കവിതകള്‍





2017 Paintings – Chris Gentes


ശീർഷകം ഇല്ലാത്ത കവിത


ഞാനുണ്ടത്.,

എന്‍റെ വിശപ്പ്...

ഞാൻ കുടിച്ചുതീര്‍ത്തത്.,

എന്‍റെ ദാഹം..

ഞാൻ ഉദിച്ചത്.,

എന്‍റെ ആകാശം അനാഥമാകാതിരിക്കുവാന്‍...

ഞാൻ അസ്തമിച്ചത്.,

എന്‍റെ നിശയ്ക്ക് സ്വപ്നം കണ്ടുറങ്ങുവാന്‍..

ഞാൻ നടന്നത്.,

എന്‍റെ പാതയ്ക്കു കൂട്ടാകുവാന്‍..

ഞാൻ ഇളവേറ്റത്.,

എന്‍റെ വൃക്ഷത്തിനു തണലാകുവാന്‍...

ഞാൻ നീരാടാനെത്തിയത്.,

എന്‍റെ പുഴയ്ക്കു കുളിരാകുവാന്‍...

എന്നിട്ടും ഞാന്‍മാത്രം

എന്നുമിങ്ങനെ

ഞാൻ മാത്രമായ്.....

ഒറ്റയ്ക്ക്.....



ഒരു സത്യം


ഭൂപടം ഒരു നുണയാണു.


എന്റെ കണ്ണുനീർപ്പുഴകളോ

കരളെരിഞ്ഞു തീർന്ന

കനൽ വഴികളോ അതിലില്ല.


ഉച്ചസൂര്യൻ തിന്നു പോയ

എന്റെ നിഴലോ

വ്യഥ കടലായി ഇരമ്പിയ

എന്റെ പ്രിയസഖിയോ ഇല്ല.


ഭൂമി ഒരു സത്യമായിരിക്കെ

ഭൂപടം മാത്രം

എന്തിനാണിങ്ങനെ

നുണയായിപ്പോകുന്നത്‌


തവളകള്‍


തവളകൾ ഒന്നും

പ്രവചിക്കുകയല്ല.

ഞങ്ങൾ ഈ കുളം മാത്രമേ

കണ്ടിട്ടുള്ളു എന്ന്

അവർ വിനയപുരസ്സരം

ഏറ്റുപറയുകയാണ്‌


തവളകൾ ഒന്നും

പ്രവചിക്കുകയല്ല.

പ്രാർത്ഥനയിലും

പ്രണയത്തിലും കലഹത്തിലും

ഞങ്ങള്ക്ക് ഭാഷയിൽ

ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്

അവർ പരിതപിക്കുകയാണ്

അവരുടെ എകാക്ഷരജപം

മേഘഹൃദയങ്ങളെ

ആര്ദ്രമാക്കുന്നു

അഗ്നിയാൽ മെനഞ്ഞ

ഒരു താക്കോൽ വന്നു

ആകാശത്തിന്റെ

വാതിലുകൾ തുറക്കുന്നു

നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു

അവരെ

അവരുടെ കുളങ്ങളോടൊപ്പം

സ്വതന്ത്രരാക്കുന്നു.


എനിക്കറിയാം

ഈ പ്രളയം പോലും

തവളകൾ പ്രവചിച്ചതല്ല

അവർ

പ്രവാചകരേയല്ല.

തവളകൾ മാത്രമാണ്

നമ്മെ പോലെ

നഗരങ്ങളിലല്ല വാസം

എന്ന് മാത്രം.


നരഭോജികള്‍

പണ്ട്....

മനുഷ്യന്‍, മനുഷ്യന്‍റെ മാംസം ഭക്ഷിക്കാറുണ്ടായിരുന്നു..

അതില്‍ ഉപ്പിന്‍റെ രുചി കലര്‍ന്നിരുന്നുവെന്നും.,

വിശപ്പിന് ഉപ്പിന്‍റെ ഗന്ധം അറിയാമായിരുന്നുവെന്നും.,

നമ്മള്‍ ഓര്‍ക്കാത്തതല്ല.....

എവിടെയോ ഒളിച്ചുവച്ചതാണ്.

ഒന്നും ഒളിച്ചുവയ്ക്കാന്‍ അറിയാത്തതിനാലാണ്

ചില മൃഗങ്ങള്‍ നമ്മെ മനുഷ്യരെപ്പോലെ ആകാതെപോയത്...


കവിഭാഷയുടെ ആദരാഞ്ജലികള്‍


Saturday, August 1, 2020

August 01, 2020

കവിത അമ്മ തസ്നീമ പി






കവിത
തസ്നീമ പി
അമ്മ
ജീവിതത്തിൽ ഞാൻ കണ്ട 
സ്നേഹത്തിന്റെ  പര്യായം 
എന്റെ അനുസരണയില്ലായ്മയെ 
"അച്ഛൻ  വരട്ടെ  കാണിച്ചുതരാം "
എന്ന് താക്കീതു  നൽകി, 
ഒടുവിൽ  അച്ഛനെത്തുമ്പോൾ 
"ദേ നോക്കൂ...  മോന്റെ  സ്കൂളിലെല്ലാരും 
പിക്നികിന്  പോണുണ്ട്...
അവനും കൂടി  പൊക്കോട്ടെ... "
എന്ന്  കെഞ്ചുന്ന  പാവം അടുക്കളക്കാരിയല്ലാതെ  
മറ്റാരാണ്  ഈ നൂറ്റാണ്ടിലെ  നല്ല നടി..???
August 01, 2020

കവിത തീരുമാനം ശ്രുതി സുനിൽ


കവിത

ശ്രുതി സുനിൽ



തീരുമാനം

നിൻ നീർമിഴിക്കോണിൽ 
നിന്നിറ്റു വീഴും
പൊള്ളുന്ന വ്യഥയുടെ 
തുള്ളി കണ്ണീരിൽ,
സ്വയമലിഞ്ഞില്ലാതായ 
മഷിത്തുള്ളികൾ..
മുറിവേറ്റ പേപ്പറിൽ 
നിഴലിച്ച പ്രതിബിംബം..
നീണ്ട കൺപീലികൾ 
ചിത്രം വരയ്ക്കും
കവിൾത്തടങ്ങളിൽ 
ഒറ്റപ്പെടലിന്റെ ചായം!

ചോദ്യങ്ങൾക്കൊടുവിൽ 
കിട്ടിയ ഉത്തരം..

അതിർത്തി കാവലിരുന്ന 
അച്ഛന്റെ മകൾ,
ജീവന്റെ പാതിയും 
ഒരു പട്ടാളമനസ്സ്..
വെടിയൊച്ചയിൽ 
അമർന്ന ജീവിതങ്ങൾ,
ഒരേ നാളിൽ
ജീവൻ വെടിഞ്ഞവർ!
ഏകാന്ത രാവിൽ 
ഏക പൈതലിനായ്
ജീവൻ കൈപ്പിടിയി-
ലൊതുക്കിയതിവൾ..

നീർമിഴികളിൽ നിഴലിയ്ക്കും
കറുപ്പിന്നർത്ഥം,
അതിർത്തിയോടുള്ള
വെറുപ്പാകാം...

മറുചോദ്യത്തിനൊരു
പുഞ്ചിരി...
ചേർത്തുപിടിച്ച പൈതലിൻ
നെറുകയിലമർന്ന കൈകൾ..
ഇവനെയും ഞാനാളാക്കി,
എൻറെ രാജ്യത്തിനു നൽകും..
എൻറെ സ്വപ്നമാണത്..
കണ്ണുകളിൽ നീരുറഞ്ഞു.
അവിടെ നിഴലിച്ചത്,
ഒരു ശക്തിയ്ക്കും തോൽക്കാത്ത,
ഉറച്ച മനസ്സിന്റെ മഴവില്ല്..!!
      
August 01, 2020

കവിത അതിജീവനത്തിന്റെ കാലം തെറ്റിയ കണക്കുകൾ നജ്‌ല പുളിക്കല്‍

കവിത

നജ്‌ല പുളിക്കല്‍






അതിജീവനത്തിന്റെ കാലം തെറ്റിയ കണക്കുകൾ 

അതിജീവനത്തെകുറിച്ചാരോ 
കുറിച്ചിട്ട രണ്ടുവരി കവിത 
ഓർമ്മയിൽ നിന്ന് 
ചികഞ്ഞെടുത്ത് 
ഈണം തെറ്റി ചൊല്ലി -
തീർത്തപ്പോഴേക്കും 
അരി വെന്തു മലച്ച് 
ചോറിൽ നിന്ന് കഞ്ഞിയിലേക്ക് രൂപാന്തരപ്പെട്ട് 
കൊഴുത്ത കഞ്ഞിവെള്ളം 
തിളച്ചുതൂവി കയ്യിലൊരു 
കുമിള തീർത്തിരുന്നു. 

പതം  പറഞ്ഞു 
മുളകരച്ചു കറി താളിക്കുന്നതിനിടയിലോ 
'വിഴുപ്പ'ലക്കുമ്പോൾ 
നിറം മാത്രം ഇളക്കുന്ന 
സോപ്പുപത കയ്യിൽ പൊതിഞ്ഞപ്പോഴോ 
കുമിള പൊട്ടിയതും 
നീര് വാർന്നതുമറിഞ്ഞില്ല 

വീതം വെപ്പുകളിൽ 
അവസാനവിഹിതത്തിൽ തൃപ്തിപ്പെട്ടുകൊണ്ടാണ് 
പുകമണം നിറഞ്ഞൊരുടലിനെ 
ഇരവ് ബലിക്ക് നിവേദിച്ചിടുന്നത് 

ഓർമ്മയിലേക്കൊരു 
മഴയെ 
ഒരു കുളിരിനെ തെളിച്ചെടുത്താണ് 
ഓരോ ഹോമകുണ്ഡങ്ങളിലെ 
അഗ്നിയേയും കെടുത്തുന്നത് 
പകലോടിത്തീർത്ത വഴികളെ 
ചുരുട്ടിയെടുത്ത് 
രാവതിനെ ഒരു മാത്രയിലേക്കൊതുക്കി 
കണ്ണിറുക്കുമ്പോഴാണ് 
ദേഹം നിറയെ കുമിളകൾ 
മുളക്കുന്നതും 
പൊള്ളിയടർന്നവ 
പുറ്റുപോൽപൊഴിഞ്ഞു വീഴുന്നതും 

പകലുകൾ രാത്രികളെയും 
രാത്രികൾ പകലുകളെയും 
കയ്യടക്കുകയും 
ഋതുക്കൾ കാലം തെറ്റി വിരുന്നെത്തുകയും ചെയ്തതിൽ  പിന്നെ 
അതിജീവനത്തെ കുറിച്ചവൾ ഓർക്കാറേയില്ല 

വിഷം തീണ്ടി വിഷം തീണ്ടി 
നീലിച്ച ഓരോ രാത്രിക്ക് ശേഷവും 
എങ്ങനെയാണവളിങ്ങനെ 
പുനർജനിക്കുന്നത്? 
എങ്ങനെയാണവളൊരു 
വീടായി നിറഞ്ഞു നിൽക്കുന്നത്?

Thursday, July 30, 2020

July 30, 2020

കവിത സ്റ്റാറ്റസ് റസിയ പയ്യോളി






കവിത
റസിയ പയ്യോളി

സ്റ്റാറ്റസ്


കുത്തിയൊലിച്ചുവന്ന മലവെള്ളത്തിൽ 
പ്രാണരക്ഷാർത്ഥം മരച്ചില്ലയിൽ തൂങ്ങി
അമ്മയുടെഅവസാന നിലലിളി.
ചിതറിത്തെറിച്ച വീട്ടിനുള്ളിൽ 
അമ്മേ എന്റൊർപ്പും
ഒറ്റപ്പെടലിന്റെവേദനയിൽ ഭീകരതയുടെ
ചോരപുരണ്ടുകിടന്ന  കൗമാരക്കാരൻ
വേനൽച്ചൂടിൽ പൊരിഞ്ഞ
വയറുമായിപിടച്ചിൽ
ഹൃദയ വള്ളിയിലൊരു മൂലയിൽ കിടന്ന്
അമ്മ എന്നെ നോക്കികരഞ്ഞു
ചങ്കിടിപ്പിൽമുറിഞ്ഞുപോകുന്ന വാക്കുകൾ
കളിക്കളം കാണാത്ത സുദീർഘ കനത്തമൗനവും
തടവുകാരന്റെഇരുട്ടുംമുന്നിൽ
ഒഴുകി പോയ സ്വപ്നങ്ങൾ
ഏകാന്തതയിൽഭൂതവും
വർത്തമാനവുംപൊന്നമ്മയുടെ തോരാകഥ പറയും
കളിക്കളംകാണാതെചിതലരിച്ചു തുടങ്ങിയ ഹൃദയ വാതിലുകൾ
ജീവിതത്തിന്റെ മുഴുവൻകയ്പ്പ് നീരുംകുടിച്ചു
ഏകാന്തമൂലയിൽ ഓർമ്മകൾ
വല്ലാതെ കൊത്തി വലിക്കുമ്പോൾ കുറുകെ
ടാറിടാത്ത റോഡിലൂടെ വരമ്പുംകടന്ന് കായലോരത്തെത്തും
അമ്മയുടെ മണ്ണിൽ അമ്മ
മണമുള്ള  കാറ്റെന്നെ പൊതിയും
പച്ചപ്പുകളോ പുൽക്കൊടിപോലും കാണാതെ
ഉള്ളിലെ വീർപ്പുമുട്ടൽ നരകമാകും
അമ്മിഞ്ഞപ്പാലിന്റെ ഗന്ധം മനോനില കീറി മുറിക്കുമ്പോൾ
വന്നവഴിയേ നിലാവുള്ള രാത്രിയിൽ നീലനക്ഷത്രങ്ങളിൽ
അച്ഛനെനോക്കിയിരുന്ന അമ്മ 
കായലിന്റെ പൊട്ടിപ്പൊളിഞ്ഞ
പാലം പണിയാൻ അമ്മ നടത്തിയ സമരങ്ങൾ
ചപ്പലില്ലാത്ത അമ്മകാലുകളിൽ സദാ മുത്തമിടും
അയ്യോ ആ മണ്ണിന്റെമണം
കണ്ണടച്ചഅധികാരികൾക്കു മുൻപിൽ
ഈ മാഷിന്ന് അമ്മയ്ക്കൊരു സ്മാരകം പണിതു
അക്ഷരവെളിച്ചമില്ലാത്ത കായലോരത്ത് "മഹാലക്ഷ്മി ലൈബ്രറി
ഓരോമഴത്തുള്ളിയിലും ആ പാവത്തിന്റെ  നിലവിളിയുണ്ട്
"തനിച്ചിരിപ്പിലുംഓടിയെത്തുന്നൊരു സൂര്യതേജസ്സ്"
"അടുത്ത ജന്മത്തിൽ ലിറ്റർകണക്കിന് ചോര ഭൂമിയ്ക്ക് കൊടുത്ത്
അമ്മയെന്റെ മോനായി ജനിക്കണം പേറ്റുനോവറിയണം
കടലോളം സ്നേഹമൂട്ടാൻ മകനായി കാത്തിരിക്കുന്ന അമ്മയാകണം
മുലയൂട്ടണം പാതിരാ പിന്നിട്ടും തൊട്ടിലാട്ടി ഉറകൊഴിഞ്ഞിരിക്കണം
അത്തർമണമുള്ളമുത്തം കൊടുക്കണം
സ്നേഹമണമുള്ള ചോറുരുള കൊടുക്കണം
പാചകപുരയിലെ തീച്ചൂട് കൊള്ളണം
കളിക്കളത്തിൽ കണ്ണുംനട്ട് കാവ ലിരിക്കണം
അങ്ങനെകണ്ണായും കരളായും കാവലാളാകണം
അമ്മയെകൊല്ലുന്നനവമർത്ത്യനു മുമ്പിൽ
ഞാനെന്റെ അമ്മയെ പ്രതിഷ്ഠിക്കുന്നു

                                

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.