കവിത
ശ്രുതി സുനിൽ
തീരുമാനം
നിൻ നീർമിഴിക്കോണിൽ
നിന്നിറ്റു വീഴും
പൊള്ളുന്ന വ്യഥയുടെ
തുള്ളി കണ്ണീരിൽ,
സ്വയമലിഞ്ഞില്ലാതായ
മഷിത്തുള്ളികൾ..
മുറിവേറ്റ പേപ്പറിൽ
നിഴലിച്ച പ്രതിബിംബം..
നീണ്ട കൺപീലികൾ
ചിത്രം വരയ്ക്കും
കവിൾത്തടങ്ങളിൽ
ഒറ്റപ്പെടലിന്റെ ചായം!
ചോദ്യങ്ങൾക്കൊടുവിൽ
കിട്ടിയ ഉത്തരം..
അതിർത്തി കാവലിരുന്ന
അച്ഛന്റെ മകൾ,
ജീവന്റെ പാതിയും
ഒരു പട്ടാളമനസ്സ്..
വെടിയൊച്ചയിൽ
അമർന്ന ജീവിതങ്ങൾ,
ഒരേ നാളിൽ
ജീവൻ വെടിഞ്ഞവർ!
ഏകാന്ത രാവിൽ
ഏക പൈതലിനായ്
ജീവൻ കൈപ്പിടിയി-
ലൊതുക്കിയതിവൾ..
നീർമിഴികളിൽ നിഴലിയ്ക്കും
കറുപ്പിന്നർത്ഥം,
അതിർത്തിയോടുള്ള
വെറുപ്പാകാം...
മറുചോദ്യത്തിനൊരു
പുഞ്ചിരി...
ചേർത്തുപിടിച്ച പൈതലിൻ
നെറുകയിലമർന്ന കൈകൾ..
ഇവനെയും ഞാനാളാക്കി,
എൻറെ രാജ്യത്തിനു നൽകും..
എൻറെ സ്വപ്നമാണത്..
കണ്ണുകളിൽ നീരുറഞ്ഞു.
അവിടെ നിഴലിച്ചത്,
ഒരു ശക്തിയ്ക്കും തോൽക്കാത്ത,
ഉറച്ച മനസ്സിന്റെ മഴവില്ല്..!!
No comments:
Post a Comment