കവിത
നജ്‌ല പുളിക്കല്‍
അതിജീവനത്തിന്റെ കാലം തെറ്റിയ കണക്കുകൾ
അതിജീവനത്തെകുറിച്ചാരോ
കുറിച്ചിട്ട രണ്ടുവരി കവിത
ഓർമ്മയിൽ നിന്ന്
ചികഞ്ഞെടുത്ത്
ഈണം തെറ്റി ചൊല്ലി -
തീർത്തപ്പോഴേക്കും
അരി വെന്തു മലച്ച്
ചോറിൽ നിന്ന് കഞ്ഞിയിലേക്ക് രൂപാന്തരപ്പെട്ട്
കൊഴുത്ത കഞ്ഞിവെള്ളം
തിളച്ചുതൂവി കയ്യിലൊരു
കുമിള തീർത്തിരുന്നു.
പതം പറഞ്ഞു
മുളകരച്ചു കറി താളിക്കുന്നതിനിടയിലോ
'വിഴുപ്പ'ലക്കുമ്പോൾ
നിറം മാത്രം ഇളക്കുന്ന
സോപ്പുപത കയ്യിൽ പൊതിഞ്ഞപ്പോഴോ
കുമിള പൊട്ടിയതും
നീര് വാർന്നതുമറിഞ്ഞില്ല
വീതം വെപ്പുകളിൽ
അവസാനവിഹിതത്തിൽ തൃപ്തിപ്പെട്ടുകൊണ്ടാണ്
പുകമണം നിറഞ്ഞൊരുടലിനെ
ഇരവ് ബലിക്ക് നിവേദിച്ചിടുന്നത്
ഓർമ്മയിലേക്കൊരു
മഴയെ
ഒരു കുളിരിനെ തെളിച്ചെടുത്താണ്
ഓരോ ഹോമകുണ്ഡങ്ങളിലെ
അഗ്നിയേയും കെടുത്തുന്നത്
പകലോടിത്തീർത്ത വഴികളെ
ചുരുട്ടിയെടുത്ത്
രാവതിനെ ഒരു മാത്രയിലേക്കൊതുക്കി
കണ്ണിറുക്കുമ്പോഴാണ്
ദേഹം നിറയെ കുമിളകൾ
മുളക്കുന്നതും
പൊള്ളിയടർന്നവ
പുറ്റുപോൽപൊഴിഞ്ഞു വീഴുന്നതും
പകലുകൾ രാത്രികളെയും
രാത്രികൾ പകലുകളെയും
കയ്യടക്കുകയും
ഋതുക്കൾ കാലം തെറ്റി വിരുന്നെത്തുകയും ചെയ്തതിൽ പിന്നെ
അതിജീവനത്തെ കുറിച്ചവൾ ഓർക്കാറേയില്ല
വിഷം തീണ്ടി വിഷം തീണ്ടി
നീലിച്ച ഓരോ രാത്രിക്ക് ശേഷവും
എങ്ങനെയാണവളിങ്ങനെ
പുനർജനിക്കുന്നത്?
എങ്ങനെയാണവളൊരു
വീടായി നിറഞ്ഞു നിൽക്കുന്നത്?
No comments:
Post a Comment