കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 16, 2020

ബ്രാ

                                                                     കഥ

                                    ബ്രാ



                    ഖദീജ ഉണ്ണിയമ്പത്ത്
                          

   വലതു കയ്യിൽ ഒതുക്കി പിടിച്ച പെയിന്റിങ് ബ്രഷ് ! മുന്നിൽ നിറങ്ങൾ കാത്തൊരു ക്യാൻവാസ്!  ഒരു വരപോലും തെളിയാതെ മനസ്സ് വിളറി   വെളുത്തങ്ങനെ......! 

ഇടതു കൈ കൊണ്ട് ഷെൽഫിന്റെ  ഹാൻഡിൽ താഴ്ത്തി അകത്തിരിക്കുന്ന ഒരു ബെക്കാഡി ബോട്ടിൽ പരതിയെടുത്തു.

 ഒരു സിപ്പ്...! 

ഏതൊരു കാര്യവും നന്നായി ചെയ്യണമെങ്കിൽ  ഇപ്പോൾ ഇവൻ കൂടെ വേണമെന്ന് ആയിരിക്കുവാ... ഒരു മെഡൽ ജേതാവിനെ പോലെ അതിന്റെ പള്ളയ്ക്കൊരു മുത്തമിട്ടു.

ഇപ്പോഴത് സിരകളിലൂടെ ഒഴുകി തലച്ചോറിനെ നനയ്ക്കുന്നുണ്ട് .

 ഭാവന പീലിവിടർത്തുന്നുണ്ട്.വലിയൊരു ചിത്രകാരനൊന്നുമല്ലെങ്കിലും കമ്പനി ഈ വർക്ക് എന്നെ തന്നെ ഏല്പിച്ചതിലും ഒരു യുക്തിതിയൊക്കൊ കാണും. പെണ്ണുടലുകളുടെ രതി ഭാവങ്ങൾ വെറുമൊരു ഇരുപത്തിയൊമ്പത്കാരനായ  എന്നോളം തൊട്ടറിഞ്ഞവർ വേറെയുണ്ടാവില്ല . കമ്പനിഡയറക്ടറുടെ വാക്കുകൾ ചെവിയോരത്ത് എരിവോടെ  കിടപ്പുണ്ട്.

"മിസ്റ്റർ ആനന്ദ് ഒരു ഫോട്ടോഗ്രാഫ് കൊണ്ട് ഒപ്പിക്കാവുന്നതേയുള്ളു. പക്ഷെ പ്രൊഡക്റ്റ് കൺസൂമറുമായി താദാത്മ്യം പ്രാപിക്കണമെന്ന് കമ്പനിക്കു നിർബന്ധമുണ്ട്. " വിപണിയിലിറങ്ങേണ്ട ഒരു ന്യൂ ബ്രാൻഡ് 'ബ്രാ'യ്ക്ക് വേണ്ടുന്ന   പരസ്യച്ചിത്രമാണ് വരയ്ക്കേണ്ടത്. അകത്തു പണിതുടങ്ങിയ റം തുള്ളികൾ ഇപ്പോൾ ഒരു സൂത്രമൊക്കൊ പറഞ്ഞു തരുന്നുണ്ട് കേട്ടോ......  

"നെന്റെ കസ്റ്ററ്റമേഴ്സിന്റെയൊക്കൊ ഉടൽ വൈവിധ്യങ്ങളെ ചേർത്തുവെച്ചങ്ങു കാച്ചിയേക്കെടോ.. ആനന്ദാ..."

കസ്റ്റമർ എ -യുടെ കൂർത്ത മുലകൾ!

സി- യുടെ സാമാന്യം മെലിഞ്ഞകണങ്കൈ!

എഫ് - ന്റെ ചോരയിറ്റുന്ന ചുണ്ടുകൾ!

ഇ -യുടെ മുന്തിരിക്കണ്ണുകൾ!

ജി -യുടെ കശുവണ്ടി പരിപ്പിന്റെ നെറം!

ഓരോ കസ്റ്ററ്റമറും എനിക്ക് ഓരോ തരം എരിവാണ്. അതു കൊണ്ടാണല്ലോ അവരുടെയെല്ലാം കോണ്ടാക്ട് നമ്പർ അവരുടെയൊക്കൊ ചുണ്ടുകളോട്‌ ഉപമിക്കാവുന്ന ചില മുളകു ചിത്രങ്ങളോടൊപ്പം സേവ് ചെയ്തിട്ടൊള്ളത്.,

പഴുത്ത മുളക് '

വെള്ള കാന്താരി,

ഉണക്കമുളക്,

ചുട്ട മുളക്,..........

കിടക്കയിൽ കമഴ്ന്നുകിടന്നു പാടിയ ഫോണിനെ ഞാൻ മലർത്തിയിട്ടു.

 ഒരു അൺസേവ്ട് നമ്പർ!

മറുതലക്കൽ നിന്ന്  ഒരു എരിവു പടരുന്നത് ഞാനറിഞ്ഞു.

എത്തേണ്ട സ്ഥലവും സമയവും സേവു ചെയ്യുമ്പോൾ മറ്റു ബുക്കിംങുകളെ കുറിച്ചൊന്നും ഞാൻ വേവലാതിപ്പെട്ടതേയില്ല.

പുതിയ എരിവുകളോട് എനിക്കെപ്പോഴും വലിയ ഭ്രമം തന്നെയാ....

ഇതെന്റെ ഇരുപതാമത്തേയോ ഇരുപത്തിയൊന്നാമത്തേയോ കസ്റ്റമറാണ്.!

ഒന്നോ രണ്ടോ സിപ്പെടുത്ത് എന്നെ വേണ്ടെന്ന് വെച്ചവരും ഉണ്ട് കേട്ടോ...

ഒരു പഴുത്ത മുളകു ചിത്രം കൊണ്ട് ഞാനടയാളമിട്ട എന്റെ ആദ്യ കസ്റ്റമർ ഇപ്പോൾ  വിളിക്കാൻ സാധ്യതയൊണ്ട് . രണ്ടു ദിവസമായി പലപ്പോഴായി വിളിച്ചിട്ടും ആ കോൾ അറ്റന്റു ചെയ്യാതിരുന്നതിലും ഒരു യുക്തിയൊക്കൊയുണ്ട്. ഇനിയിപ്പൊ അറ്റന്റു ചെയ്താൽ തന്നെ ഞങ്ങളുടെ സംസാരത്തിന്റെ ഡയലോഗ്സ് ഇങ്ങനെയാവാം... 

മറന്നോ..?

കാമമിറ്റുന്ന പരിഭവം!

പറയാനുള്ള മറുപടി ഞാൻ കരുതി വച്ചിട്ടൊണ്ട്. 


"മാഡം എന്റെ ഇന്നോവാ വർക്ക്ഷോപ്പിലാ....

ബാങ്ക് അക്കൗണ്ട് സീറോ ബാലൻസിലുമാ.... അതുകൊണ്ടിപ്പൊ ഒരു പരസ്യച്ചിത്രത്തിന്റെ വർക്ക് ഏറ്റിരിയ്ക്കുവാ.

എത്രയാ വേണ്ടത്?

ഒരു ഇരുപത്!

ഓകെ..

ഞാനിന്ന് വെയ്റ്റ് ചെയ്യും.! 

പിന്നെ ഞാനും കാത്തിരിയ്ക്കും. താഴെ പറയും കണക്കിനൊരു മെസ്സേജിനായി..

your SB A/c അക്കൗണ്ട് നമ്പർ x xxxക്രെഡിറ്റട് ഫോർ. . Rs.... 

ചിത്രത്തിന്റെ മിനുക്കുപണിക്കായി ഇപ്പോൾ ഒരു സിപ്പുകൂടി എടുക്കേണ്ടിയിരിക്കുന്നു......

എന്നിട്ട് എന്റെ ആദ്യ അപ്പോയിൻമെന്റിനെ കുറിച്ച് ഏതാണ്ടൊക്കൊ പറയാം.

"എടാ... ആനന്ദ് നിനക്കൊരു ഫ്ലാറ്റിലെ ഡ്രൈവർ ജോലി വേണോടാ?"....

 എന്ന് വർക്ക്ഷോപ്പുടമ ഗോപാലേട്ടൻ ചോദിക്കുമ്പൊ ഒരു  മാരുതി 800 ന്റെ ചുവട്ടിൽ മലർന്നു കിടന്ന് നട്ട് മുറുക്കിക്കോണ്ടിരിക്കുകയായിരുന്നു.

"സ്ഥിരമല്ല .... ഫ്ലാറ്റിലെ താമസക്കാർ ആവശ്യമുള്ളപ്പോൾ വിളിക്കും അപ്പൊ എത്തിയാ മതി". !

ഒരു ലക്സ് സോപ്പു വാങ്ങി നന്നായൊന്നു ഉരച്ചു കുളിച്ചു .ഗോപാലേട്ടൻ പറ്റുതീർത്തു തന്ന രൂപായും കൊണ്ട് ഒരു ജോഡി പാന്റും ഷർട്ടും വാങ്ങിച്ചു. എം എസ് ഗുരുവായൂർ എക്സ്പ്രസിൽ എറണാകുളത്തേയ്ക്കു തിരിച്ചു..

കടവന്തറയിലുള്ള ബി .എച്ച് .കെ അപ്പാർട്ട് മെന്റിന്റെ ലിഫ്റ്റിൽ നിക്കുമ്പോൾ കശുവണ്ടിക്കറ പൊള്ളിയ, കരിയോയിലൊട്ടിയ, എന്റെ തൊലി അടർന്നു മാറി  സ്വർണ്ണ നിറമാവുന്നതും. കൈത്തണ്ടയിലെ കനത്തമസ്സിലുകളിൽ ഒരു കിസോർട്ട് വാച്ച് ഇടം പിടിക്കുന്നതും. പോക്കറ്റിൽ ഒരു ഐ ഫോൺ കുത്തനെ നില്ക്കുന്നതും ഞാൻ ഭാവന ചെയ്തു 

ഇപ്പോൾ വർക്ക്ഷോപ്പിലാണെന്നു ഞാൻ കള്ളം പറഞ്ഞ  ഇന്നോവയും അന്നത്തെ എന്റെ സ്വപ്നപ്പാക്കേജിലുണ്ടായിരുന്നു.

ദേ.....ഫോൺ പിന്നെയും പാടുന്നു.

പഴുത്ത മുളകല്ല .

ഉണക്കമുളകാ....!

ഇപ്പൊകട്ടു ചെയ്യട്ടെ

....... പിന്നീട് തിരിച്ചുവിളിച്ചേക്കാം".

സൂസന്നാ ജോർജിന്റെ രാത്രി ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തുലാമഴ ഇടിവെട്ടി ഗർജ്ജിക്കുന്നുണ്ടായിരുന്നു. കീ   തിരിച്ചേൽപ്പിക്കുമ്പോൾ

"മാഡം ഒരു കുടയെടുക്കാനുണ്ടോ..? എന്നൊരു   ഭാവത്തോടെ ഞാനവരെ നോക്കി.

ആനന്ദിന് ഇന്നിവിടെ കിടക്കാലോ?...

സമയം എത്രയായിരുന്നോ എന്തോ?...

 പഴുത്ത മുളകിന്റെ ചുവപ്പുള്ള ഒരു ചുണ്ടിൽ നിന്ന് എനിക്കെരിയാൻ തുടങ്ങി. രണ്ടു കനമുള്ള മുലകളിലേക്ക് ഞാനാകർഷിക്കപ്പെട്ടു.ഹിമാലയൻ ഷാംപുവിന്റെ ഗന്ധം ഈ റം സിപ്പു പോലെ എന്റെ സിരകളിലേക്ക് അരിച്ചു  കയറി.തലേദിവസം ഒരു മഴ പെയ്തത് ഞാനറഞ്ഞതേയില്ലല്ലോ എന്ന മട്ടിൽ കണ്ണിൽ മസ്ക്കാരയും ചുണ്ടിൽ ലിപ്സ്റ്റിക്കുമിട്ട് തടിച്ച മാറിടവും ഒതുങ്ങിയ അരക്കെട്ടുമായി ആ ഫ്ലാറ്റ് തലയുയർത്തി തന്നെ നിന്നു. ഏതാണ്ട് അതേ ഭാവവുമായി സൂസന്ന ജോർജ് എനിക്കു പിന്നിൽ വാതിലടച്ചു . ബിസിനസ്സ് ആവശ്യാർത്ഥം വിദേശത്തായിരുന്ന ഭർത്താവ് ജോർജ് ജേക്കബുമായിട്ടായിരിക്കണം അപ്പോൾ അവർ ഫോണിൽ സംസാരിക്കുകയായിരുന്നു. മെറൂൺ നിറമുള്ള ദിവാൻ സോഫയുടെ തല ഭാഗത്ത് തൂക്കിയിട്ടിരുന്ന എന്റെ ഷർട്ടെടുത്തിടുമ്പോൾ ഇളം പച്ച നിറമുള്ള  കുറെ അഞ്ഞൂറ് രൂപ നോട്ടുകൾ ഊർന്നു വീണിരുന്നു.  അതപ്പോൾ തന്നെ ഞാൻ  ശ്രദ്ധയോടെ ഒതുക്കിയെടുക്കുകയും ചെയ്തിരുന്നു..

ആദ്യ ഡ്രൈവിന്റെ ശമ്പളം !.  

 ഇപ്പോൾ

എന്റെ ജോലിയെന്താണെന്ന്  നിങ്ങക്കു ശെരിക്കും മനസ്സിലായില്ലേ.,,?

പ്രിയ വായനക്കാരാ...

ഒരു പുല്ലിംഗ പദം കൊണ്ട് ഈ വൃത്തിയെ ഇന്നുവരെ ആരും നിർവചിച്ചിട്ടില്ല തന്നെ.!


  ഒരു സിപ്പുകൂടി..................!


 ഈ സിപ്പ് എന്റെ വേരിലേക്കാണിറങ്ങിയതെന്നു തോന്നുന്നു. എന്റെ വേരറ്റത്ത് ചുട്ട കശുവണ്ടിത്തോടിന്റെ നെറത്തിൽ ഞങ്ങളുടെ അണ്ടിക്കോളനി കറുത്തു കിടക്കുന്നതു നിങ്ങക്കു കാണാം.കോളനിയിലെ ഭൂരിഭാഗം സ്ത്രീകളും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളായിരുന്നതു കൊണ്ടാവാം ഞങ്ങളുടെ കോളനി അങ്ങനെ വിളിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ കോളനിയിലെ മിക്കവാറും എല്ലാ കൊച്ചുങ്ങളും എന്നെ പോലെ ഫാക്ടറിയുടെ ക്രഷിൽ  തൊട്ടിൽ കെട്ടിയുറങ്ങിയവരായിരുന്നു. . അങ്ങനെയുറങ്ങുന്ന നാൾ മുതൽക്ക് ഞാനും ഗിരിജയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. വൈകീട്ട്  അണ്ടിയെണ്ണയും വിയർപ്പും ഒട്ടിപ്പിടിച്ച  ബോഡീസിന്റയുള്ളിൽ നിന്നും നന്നായി തൊലിയാത്ത ഒരു കശുവണ്ടിപരിപ്പെടുത്തു അമ്മഎന്റെ വായിലേക്കിട്ടു തന്നിട്ടു പറയും.

.    " പോയി കളിക്ക്"....

  ഗിരിജയ്ക്ക് അവളുടെ അമ്മ രണ്ടെണ്ണം കൊടുത്തോയെന്ന്  ഞാൻ ഏന്തി നോക്കും.പരസ്പരം പല ഗോഷ്ഠികളും കാണിച്ച് അമ്മമാരുടെ ചില്ലറ മോഷണത്തെ ഞങ്ങൾ ചവച്ചിറക്കും !.

    പീലിംഗ് സെക്ഷനിലെ യാന്ത്രവത്ക്കരണത്തോടെ അമ്മയ്ക്കു ജോലി നഷ്ടപ്പെട്ടു. .പിന്നീടായിരുന്നു  ഇസ്തിരിയിട്ട സാരിയും പോൺസ് പൗഡറുമിട്ട് എന്നെ ഉറക്കി കിടത്തി രാത്രികളിൽ അമ്മ പോകാൻ തുടങ്ങിയത്.ചിലപ്പോഴെങ്കിലും ആട്ടിറച്ചിയും വറുത്ത മീനുമൊക്കൊ കൂട്ടി ചോറു കിട്ടിയതും അന്നു മുതൽ തന്നെ.!

   ഗിരിജേടച്ഛൻ കുമാരേട്ടൻ ലോറിയിടിച്ചു മരിച്ചതിൽ പിന്നെയാണ് കോർപ്പറേറ്റർ ശിവരാമേട്ടന്റെ തല വെട്ടം അവളുടെ വീട്ടിൽ ഇടയ്ക്കെല്ലാം കാണാൻ തുടങ്ങിയത്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അവർക്കു വീട് ശെരിയാക്കാനാണെന്നാണ് ഞാൻ ആദ്യം  കരുതിയത്.

കുമാരേട്ടന്റെ ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിൽ കെടത്യേപ്പം കോളനീലാരും കരയേം ചിരിക്ക്യേം ചെയ്തില്ല.!

ശനിയാഴചകളിൽ മാത്രമാണ് അയാൾ നാലു കാലേൽ കോളനീല് വന്നോണ്ടിരുന്നത്. ചെറ്റയുടെ മുളങ്കാൽ പിടിച്ച് കുലുക്കും വരെ നളിനേച്ചി ചെറുത്തോണ്ടു നിക്കും

പിന്നെ..

"എന്നേം എന്റെ കൊച്ചിനേം പട്ടിണിക്കിട്ട് അങ്ങെടുത്തോണ്ട് പൊക്കൊ കാലമാടാന്നും " പറഞ്ഞ് ബ്ലൗസിനുള്ളിൽ നിന്ന് അണ്ടിക്കറ പൊള്ളിയ പേഴ്സെടുത്ത് മുറ്റത്തേക്കെറിയും .

ഒരു കാര്യം പറയാൻ വിട്ടു പോയി.

ഒരൂസം വൈകീട്ടു പോയ എന്റെ അമ്മ പിന്നെ വന്നില്ലാട്ടോ.!

അച്ഛൻ......!

അങ്ങനെയൊന്നിനെ കുറിച്ചെനിക്കറിയില്ല.!

പിന്നെ എനിക്കു കൂട്ടു കെടന്നത് വിശപ്പായായിരുന്നു.

ചിലപ്പോഴൊക്കൊ ആട്ടിറച്ചീം അല്ലെങ്കിൽ മീൻ വറുത്തതുമൊക്കൊയായിട്ട് ചോറു കൊണ്ട് ഗിരിജ വരും. ഞങ്ങൾ തട്ടിം മുട്ടിം ഒന്നും രണ്ടും പറഞ്ഞോണ്ടിരിക്കും 

ചുട്ട മുളകിന്റെ നെറായിരുന്നു അവൾക്ക്.ചുണ്ടുകൾക്കും അതേ നെറം തന്നെ....

   "ഇതൊക്കൊ എന്റെമ്മ പെഴച്ചു  കിട്ടണതാ ആനന്ദേ ട്ടാ.."

     ഒരു വേശ്യേന്റെ മോൾക്ക് വേശ്യയാവാൻ  എളുപ്പാ ല്ലേ...?

എന്നവൾ ചോദിച്ചത് കർക്കിടകം തലതല്ലികരഞ്ഞോണ്ടു പെയ്ത ഒരു വെളുപ്പാൻ കാലത്ത് വിശപ്പും തിന്നോണ്ട് ഞാനെന്റെ കീറപ്പായേല് ചുരുണ്ടു കിടക്കുമ്പഴാ...

തകര വാതിലും തൊറന്നോണ്ട്  അവൾ വരുമ്പൊ പൊറത്തെ മഴേനെക്കാൾ ശക്തീല്  അവളുടെ കണ്ണുകൾ പെയ്തോണ്ടിരുന്നു.

"ഇന്നയാളു  വിടുന്ന ആളിന്റെ കൂടെ അമ്മ എന്നെ പറഞ്ഞു വിടാൻ പോവാ ... !

ഒരു കന്യകയായി ഞാൻ പോവുന്നില്ല.

എന്നെ ആദ്യമായിട്ട് തൊടുന്നത് ആനന്ദേട്ടനാവണം.

അതു പറഞ്ഞോണ്ട് അവളെന്റെ നെഞ്ചേലോട്ടു ച രിഞ്ഞു.

ഒരു ചുട്ട മുളകിൽ കടിച്ചതു പോലെ എനിക്കെരിഞ്ഞു.

   അവിടേം ഇവിടേംമൊക്കൊ തുന്നലുവിട്ട ചുരിദാറും എടുത്തിട്ടോണ്ട് അവളിറങ്ങി പോയപ്പം ഞങ്ങടെ പ്രണയം പൊലിഞ്ഞോ ഇല്ലയോ എന്നൊക്കൊ നിങ്ങക്കൂഹിക്കാം...

പിന്നീട് നാലു വർഷങ്ങൾക്കു ശേഷം ഇന്നലെ ഞാനവളെ കണ്ടു. 

നഗരത്തിലെ ഒരു പ്രശസ്ത ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ലിഫ്റ്റിൽ വെച്ച് . !!.


ഒരു അഡ്രസ്സ് കാർഡെടുത്ത് എനിക്കു നീട്ടുമ്പം ആ കണ്ണിൽ ഞങ്ങളുടെ കോളനീലെ ഓട ജലത്തിന്റെ നെറത്തിൽ രണ്ടു തുള്ളികൾ പൊടിഞ്ഞില്ലേ...?......

അപ്പൊ മുതൽ തുടങ്ങിയതാ എന്റെയുള്ളിൽ കിരുകിരാന്നൊരു  നീരുറവ പൊടിയാൻ....!

ദേ ഉണക്കമുളക് പിന്നേം വിളിക്കുന്നു.

കോർപ്പറേഷൻ ടൗൺഹാളിൽ ഇന്നു വൈകീട്ട് അവരുടെ പ്രഭാഷണമുണ്ട് .അതിന്റെ ബ്രോഷർ  പലയിടത്തും കണ്ടതായിരുന്നു.

  "എന്തടാ.. .. വിളിച്ചിട്ടെടുക്കാത്തേ

ഞാൻ വരുന്നു......

  !!

ഒ.കെ മാം...

വനിതാ ദിനത്തിന്റെയന്നായിരുന്നു പെൺ സ്വാതന്ത്ര്യത്തേയും സുരക്ഷയേയും കുറിച്ചൊരു ഗംഭീര പ്രസംഗമൊക്കൊ കഴിഞ്ഞ് സിറ്റിയിലെ ഹോട്ടൽ മുറിയിൽ ഒരു സർപ്പത്തെ പോലെ എന്നിലേക്ക് ഇഴഞ്ഞു കയറുമ്പോൾ ഉണക്കമുളകിന്റെ നെറോള്ള ആ ചുണ്ടുകൾ എന്റെ കാതോടു ചേർന്നത്.!

"അച്ഛൻ പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയാകുമ്പം ഡിഗ്രി ഫൈനലിയറിനു പഠിക്കുവായിരുന്നു. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ പ്രസംഗ പാടവം പാർട്ടിക്കാര് മുതലാക്കീടാ....

താഴെയുള്ള മൂന്നെണ്ണത്തിനേം കെട്ടിച്ച് വിട്ടപ്പോഴേക്കും ഞാനൊരു ഉണക്കമുളകു കണക്കെയങ്ങു  മൂത്തു ചുളിഞ്ഞു.....!"

അടുത്തൊരു സിപ്പോടെ


ബെക്കാടി തീർന്നു.!

 ഒരു  യൂസ്ഡ് കോൺഡം കണക്കെ

കുപ്പി വേയ്സ്റ്റ് ബിന്നിലേക്കെറിഞ്ഞു..

ഫോൺ കയ്യിലെടുത്തു .കോൺണ്ടാക്റ്റ് ലിസ്റ്റിറ്റിൽ ഞാനെന്റെ ചുട്ട മുളകു തിരഞ്ഞു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.