പുസ്തക പരിചയം
ജീവൻ മണക്കുന്ന കഥകൾ
ജീവൻ മണക്കുന്ന കഥകൾ
അജേഷ്.പി
ഒരു പട്ടാമ്പിക്കാരന്റെ വലിയ കഥകളെന്ന് പൂഴിപ്പുഴ എന്ന കഥാസമാഹരത്തെ ഞാൻ വിളിക്കുന്നു.പട്ടാമ്പിക്കാരായ എതൊരാൾക്കും ബാഗു തൂക്കി നടന്നു പോകുന്ന ആ മനുഷ്യനെ പരിചിതമാണ്. പട്ടാമ്പിയുടെ സ്വന്തം ശ്രീ.ടി.വി.എം.അലിയുടെ (അലിമാഷ് ) ഏറ്റവും പുതിയ കഥാസമാഹാരമാണ് ''പൂഴിപ്പുഴ "വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ
13 കഥകൾ അടങ്ങിയ സമാഹത്തിനു കഴിയുന്നു. താൻ നടന്നു വന്ന കാലത്തിനപ്പുറത്തേക്ക് ചിന്തകളുടെ വഴിവെട്ടാൻ ഈ കഥകൾക്കാവുന്നു.
അസ്വസ്ഥമായ മനസ്സുമായി നടക്കുന്ന മനുഷ്യന് ഒരിക്കലും എവിടെയും സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല എന്നു പറഞ്ഞു വെയ്ക്കുന്ന കഥയാണ് " ബ്രഹ്മപദം ". ബാബുജി കഥാപത്രത്തിന്റെ അശാന്തമായ മനസ്സിലൂടെ യാണ് ഈ കഥ സഞ്ചരിച്ച് നമ്മിലേക്ക് എത്തുന്നത്." പ്രതിമയുടെ മകൻ " എന്ന കഥ വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ്. ഓരോ പ്രതിമകളും ഒരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഈ സ്വപ്നങ്ങൾക്കുമേൽ പുതിയവ കടന്നു കയറുമ്പോൾ പഴയ ചിഹ്നങ്ങളും സാക്ഷാത്കാരങ്ങളും വെറും നോക്കുകുത്തികളും സ്ഥലം മുടക്കികളുമായി മാറുന്നു.ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കഥയിൽ ദർശിക്കാം. ചരിത്രവും ചരിത്ര നിർമിതികളും ഇവിടെ പ്രതിമകളെ പോലെ നിശ്ചലമാകുന്നു ആർക്കും വേണ്ടാത്ത നോക്കുകുത്തികളാകുന്ന.തനിക്കു ഭാഗ്യമേകിയ ഹതഭാഗ്യനായ ബാലനെ തേടിയുള്ള യാത്രയാണ് "സ്വർണനൂലിഴകൾ " എന്ന കഥ. തനിക്കു കിട്ടിയ ഭാഗ്യത്തേക്കാൾ എത്രയോ മുകളിലാണ്, തന്റെ ഔദാര്യം തിരസ്കരിച്ച് പാടം കടന്ന് മറഞ്ഞ ആ ബാലനെന്ന് അയാൾ തിരിച്ചറിയുന്നു.
രാഷ്ട്രീയത്തിന്റെ അപചയം വരച്ചു വെയ്ക്കുന്ന കഥയാണ് "പൂഴിപ്പുഴ" മുന്നിലുള്ള നിരാംലബ ജീവിതങ്ങളെ കാണാൻ നേരമില്ലാത്ത, മുന്നിലുള്ളത് ശത്രുവാണോ, മിത്രമാണോ, ദയതേടി നിൽക്കുന്ന പാവങ്ങളാണോ എന്നു നോക്കാതെ പകരത്തിനു പകരമെന്ന പുതു രാഷ്ട്രീയ മുറകളെ കാണിച്ചു തരുന്നു ഈ കഥ. നിറങ്ങളേതായാലുംനാണം മറക്കാൻ വഴിവക്കിൽ തൂങ്ങി കിടക്കുന്ന ബാനറുകൾ കൊതിയോടെ നോക്കുന്നു സെൽവനും രാശാത്തിമാരും പുഴിപ്പുഴയുടെ വരണ്ട ചൂടില്ലെന്ന പോലെ നാഗ്നരായി നമുക്കിടയിലൊക്കെയുണ്ട്. മകന്റെ വേർപ്പാടിൽ വെന്തുരുകുന്ന മാതൃഹൃദയത്തെ "മിഴിനാരുകൾ " എന്ന കഥയിൽ കാണാം. വരുന്നവരിലൊക്കെ മകനെ കാണാൻ അമ്മ ഹൃദയങ്ങൾക്കെല്ലാതെ ആർക്കാണാവുക. വർത്തമാന കാലത്തെ പാരിസ്ഥിതിക - ദളിത് രാഷ്ട്രീയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന കഥയാണ് "കോലങ്ങൾ " തങ്ങളുടെ ഇടത്തിലേക്ക് കടന്നു വരുന്ന ശക്തികൾക്കെതിരെ തങ്ങളുടെ സ്വത്വത്തോടെ ചാത്തുണ്ണിയു, ചെമ്പിയും, മലമുത്തപ്പനും അവർക്കു കൂട്ടായ് പ്രകൃതിയും ചെറുത്തു നിൽക്കുന്നു. ദുരന്തപുരിതമായ വർത്തമാനത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.
"ഉത്തമൻ " എന്ന കഥയിൽ പങ്കുവെയ്ക്കാതെ പോയ ബന്ധങ്ങളുടെ ഊഷ്മളത കാണിച്ചുതരുന്നു. പ്രവാസിയും പിന്നീട് ഉത്തമ കൃഷിക്കാരനുമായി മാറിയ അയാളും, തന്നെ ഉത്തമനായ കൃഷിക്കാരനായി മാറ്റിയ ഷബാനു എന്ന കൃഷി ഓഫസറും തങ്ങൾക്ക് തങ്ങൾ ആരായിരുന്നു എന്ന് തേടുന്ന കഥയാണിത്.
ജനപ്രിയ നോവലിസ്റ്റ് കൃഷ്ണനുണ്ണിയെന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന "സൂര്യകളങ്കം ''.ദാരിദ്യത്തിന്റെയും മാറി മറയുന്ന സൗന്ദര്യബോധത്തിന്റെ കഥ പറയുന്ന ''നൊങ്ക് ",വസുമതിയിൽ നിന്ന് 'വാസു'മതിയിലേക്ക് കാത്തു നില്പാണ് ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന "മുഖമുദ്ര" എന്ന കഥ."ചക്കി" എന്ന കഥയക്ക് കാലഭേദങ്ങളില്ല, എല്ലാ കാലത്തും സംഭവിക്കാനിടയുള്ളതാണത്. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് അമ്മയുടെ ചൂരും, വർത്താനവും, സ്നേഹവും തൊട്ടുകൂടാത്തതാവുന്ന മനോഭാവത്തിനു മുന്നിൽ ഒറ്റയ്ക്ക് ഉയർന്നു നിൽക്കുന്നു ചക്കി.കുറത്തി, അർദ്ധവിരാമം ങ്ങിയ കഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം ലോക്ക്ഡൗൺ പിറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കൈകളിലെത്തുന്നത്. കലാത്തിനതീതമായി ഈ കഥകൾ നിലനിൽക്കുന്ന കഥകൾ മനസ്സിൽ വലിയ വലിയ ചോദ്യങ്ങൾ ഉയർത്തും, വൈവിധ്യമായ ആഖ്യാനങ്ങളും ഭാഷാപരമായ മികവും, ഗ്രാമീണതയുടെ ബിംബങ്ങളും ചേരുന്ന ഈ കഥകൾ നല്ല വായനാനുഭവം പകരുന്നു.
1 comment:
നല്ലെഴുത്തിന് നന്ദി.
Post a Comment