പ്രതീക്ഷയുടെ സെൽഫി
പ്രവീൺ.സി.എസ്
മണ്ണപ്പം ചുട്ടും
ഹോം മെയ്ഡ് പമ്പരവും
കടലാസ് തോണിയും
കൊണ്ട് കളിച്ച നാളുകൾ....
പാടവരമ്പത്തിൻ ചെളിയിൽ ചവിട്ടി
പുതുമഴയത്ത് വാഴയിലക്കുടയും ചൂടി
പള്ളിക്കൂടത്തിലേക്ക് പോയ നാളുകൾ....
പൊട്ടിയ പന്തിനു പിന്നാലെ
കൂട്ടം തെറ്റാതെ മോഹത്തിന്റെ
തുടുത്ത കുരുക്കളെ പൊട്ടിക്കാതെ
ഓടിയ നാളുകൾ....
അയൽപക്കത്ത് നിന്ന്
പാതി ഭക്ഷണവും പാതി സ്നേഹവും നിറച്ച്
പാത്രത്തിൽ കൈമാറിയ നാളുകൾ....
കൂട്ടുകുടുംബത്തിൽ
അടച്ചിടലില്ലാത്ത രാത്രികളിൽ
മുറിയിലും വരാന്തയിലും
സ്ത്രീകളും കുട്ടികളും
നിർഭയം ഉറങ്ങിയ നാളുകൾ.
ഇന്ന് കൂട്ടുകുടുംബത്തിൽ നിന്നും
സ്കൂട്ടർ ഫാമിലിയിലേക്കും
സെൽഫി ഫാമിലിയിലേക്കും
മാറിയ നാളുകൾ....
ഫ്ലാറ്റും വാഹനവും തൊഴിലിടവും
മാത്രമായി മനസ്സുകളും
ചുരുങ്ങിയ നാളുകൾ....
മനസ്സിലെ മാലിന്യം
പ്രകൃതിയിലേക്കും വ്യാപിച്ചപ്പോൾ
പുതുമഴക്കൊപ്പം പകർച്ചവ്യാധികളും
പെയ്തിറങ്ങിയ നാളുകൾ...
വവ്വാലുകളുടെ ചിറകടി ശബ്ദത്തേയും
അദൃശ്യനായ വൈറസിനേയും ഭയന്ന് കൊണ്ടും,
കുളിർക്കാറ്റ് കൊടുങ്കാറ്റാവുമോ എന്നും
ജീവജലം അണപൊട്ടിയൊഴുകി
ജീവനെടുക്കുമോ എന്നുമുള്ള
ആകുലതയുടെ നാളുകൾ...
ആധികൾ മാറിയാലും
മനുഷ്യ മനസ്സുകൾ മാറിയില്ലെങ്കിൽ
അകാലത്തിൽ ശ്വാസം നിലച്ചു പോകാവുന്ന
ഭീതിയുടെ നാളുകൾ....
പഴമയുടെ നന്മകൾ
തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച്
സെൽഫിയുമെടുത്ത്
മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്ത്
ശീതീകരിച്ച മുറിയിൽ കിടന്നുറങ്ങാം....
No comments:
Post a Comment