കവിത
വെള്ളം
അക്ബർ അണ്ടത്തോട്
ജീവൻ്റെ ഓരോ തുടിപ്പിനും
പ്രകൃതി ചുരത്തുന്ന മുലപ്പാലിൻ്റെ നൈർമല്ല്യം.
ഭൂമിയുടെ ആത്മാവു തേടി
ആഴത്തിൽ വകഞ്ഞു ചെല്ലുന്നവർക്കു
മുമ്പിലൊഴുകാനൊരുറവ.
മറഞ്ഞ വിത്തിനു നാമ്പെടുക്കാനൊരു തുള്ളി
തീരം നനച്ചു പുഴക്കൊഴുകാനൊരു വഴി
പുഴകൾക്കൊടുവിൽ ഒഴുകിക്കറയാൻ
മഴത്തറവാടായൊരു കടൽ
കടലിനു നിരാവിയായ്
മേഘമേറാനൊരു വേനൽ
ദാഹാർത്തരുടെ ആകാശങ്ങളിൽ
മേഘങ്ങൾക്കു പെയ്യാനൊരു മഴ..........
ഈ സുതാര്യ ജലച്ചക്രം കൊണ്ടളന്നെടുക്കാം
ഭൂമിയിലും പ്രപഞ്ചത്തിലും ജീവസാന്നിധ്യം.
എങ്കിലും നമ്മൾ
വരൾച്ചയുടെ ആഴംകൊണ്ടല്ലാതെ
വെള്ളത്തിൻ്റെ മഹത്വം കോരുന്നേയില്ല.
ഒഴുകാൻ നദികളെല്ലാം
കൊടുമുടികളിൽ നിന്നാണിറങ്ങുന്നതെങ്കിലും
നാം വെള്ളത്തിനു കിണർ കുഴിച്ചതോ
ഭൂമിക്കടിയിലേക്ക്!
അറിവിന്നപ്പുറത്തെ ഉൺമയെക്കാണാനിനി
ബോധ്യങ്ങളെ തലകീഴാക്കിയെത്ര തപസ്സു വേണം?
No comments:
Post a Comment