കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, September 4, 2020

അധ്യാപകദിന ചിന്ത - 2020 എം.വി.ഷാജി




 
അധ്യാപകദിന ചിന്ത - 2020

,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എം.വി.ഷാജി


,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സത്യസന്ധമായി ഒരു കാര്യം പറയട്ടേ...
ഒട്ടും അലങ്കാരമില്ലാത്ത
ഹൃദയപരമാർത്ഥം...

എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയ, പ്രചോദിപ്പിച്ച ,
എന്നിലെ എന്നെ കണ്ടെത്തിയ

എന്നൊക്കെ ആവേശത്തോടെ സ്മരിക്കാവുന്ന അധ്യാപകമുഖങ്ങൾ അധികമൊന്നും ഏതാണ്ടിരുപതു വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.(അദൃശ്യ പ്രചോദനങ്ങളായ ചിലരെക്കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട് )പലവഴി തെണ്ടിയലഞ്ഞ് പലവിധ അവഹേളനങ്ങും ആട്ടും തുപ്പും തിരസ്ക്കാരങ്ങളും സഹിച്ച് രൂപപ്പെട്ട വ്യക്തിത്വത്തിന് ആരോടെങ്കിലും നന്ദി പറയണോ എന്നറിയില്ല.എന്നും പ്രചോദിപ്പിച്ച ഒരധ്യാപകൻ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത എം.എൻ.വിജയൻ മാഷാണ്!

അലച്ചിലുകളും പൊരുത്തപ്പെടാൻ കഴിയാത്ത റിബൽ ചിന്തകളും വ്യവസ്ഥിതിയോടുള്ള കലാപവും പലകാലത്ത് പലതാക്കിയ
ചിതറിയ ചിത്രങ്ങൾ ചേർത്തുവെച്ച് കൊളാഷ് പോലെ ഞാനെന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അവിസ്മരണീയനായ ഒരധ്യാപകന്റെ ദൃശ്യമോ അദൃശ്യമോ ആയ കരങ്ങൾ ആ രൂപപ്പെടുത്തലിൽ വല്ലാതെ അനുഭവിച്ചിട്ടില്ല.

സ്കൂൾ ,കോളേജ് കാലത്ത് എന്നെ കേട്ട
എന്നെക്കൊണ്ട് പറയിപ്പിച്ച, എന്നെ അഭിസംബോധന ചെയ്ത അധികം
അധ്യാപകരെയൊന്നും ലഭിച്ചിട്ടില്ല.

എങ്ങനെയുള്ള അധ്യാപകനാവരുതെന്ന് ഹൈസ്കൂൾ ക്ലാസിൽ 3 വർഷം പഠിപ്പിച്ച ഒന്നു രണ്ടധ്യാപകർ കാണിച്ചു തന്നു.

തളിപ്പറമ്പ് സർ സയ്യദിലെ പ്രീഡിഗ്രിക്കാലമാണ് (First Group) അധ്യാപകർക്ക് എത്ര മനുഷ്യത്വരഹിതമായി കുട്ടികളോട് പെരുമാറാമെന്ന് വ്യാകുലപ്പെടുത്തിയത്.

അധ്യാപക പരിശീലനത്തിന് കണ്ണൂർ ടി.ടി.ഐയിൽ എത്തിയപ്പോഴാണ് ജീവിതത്തിൽ ഏറ്റവുമധികം വെറുത്തു പോയ, അധ്യാപകനെന്ന വിശേഷണത്തിനു പോലും അർഹതയില്ലാത്ത ഒരാളുടെ ക്ലാസിൽ ആത്മനിന്ദയോടെ ഇരിക്കേണ്ടി വന്നത്.

ശ്രീകണ്ഠാപുരം എസ്.ഇ.എസിലെ ഡിഗ്രിക്കാലത്തെ അധ്യാപകർ പലരും നല്ല സൗഹൃദത്തോടെ പെരുമാറിയിരുന്നു.
എങ്കിലും വിദ്യാർത്ഥി സംഘടനയും കോളേജ് യൂണിയനുമൊക്കെയായി അധികവും
ക്ലാസിന് പുറത്തായിരുന്ന ഞാൻ
അന്ന് അവരുടെ സ്വാധീനങ്ങൾക്കൊന്നും തൊടാൻ കഴിയാത്ത 'ഉയരത്തി' ലായിരുന്നു.

ഇരുപതുവർഷം നീണ്ട എന്റെ അധ്യയന കാലത്ത് പലപ്പോഴായി ചില അധ്യാപകർ കുട്ടികളോടു കാണിച്ച ക്രൂരതകൾ ഓർക്കുമ്പോൾ അധ്യാപകനെന്ന നിലയിൽ ഓരോ ദിവസവും എന്നെ നവീകരിക്കാൻ എനിക്ക് കഴിയുന്നുണ്ട്.

സർക്കാരിന്റെ പി.എസ്.സി പരീക്ഷയെഴുതി
ആദ്യം വാച്ച്മാനായും പിന്നെ പല നിയമന ഉത്തരവുകളുടെ കൂട്ടത്തിൽ സാമാന്യം ഭേദപ്പെട്ട പ്രൈമറി അധ്യാപകനായും നിയമനം ലഭിച്ച് ഇസ്പേഡ് ഏഴാം കൂലിയിൽ നിന്ന് ചിട്ടിക്ക് ജാമ്യം നിൽക്കാൻ കൊള്ളാവുന്ന വനായി എന്നെ രൂപപ്പെടുത്തിയ കേരളത്തിന്റെ ഇടതു സാമൂഹ്യവ്യവസ്ഥയ്ക്ക് നന്ദി.

വിദ്യാർത്ഥി സംഘടനയും പൊതു പ്രസ്ഥാനങ്ങളും ഗ്രന്ഥശാലാപ്രവർത്തനവും കലാസമിതികളുമൊക്കെ രൂപപ്പെടുത്തിയതാണ് -
(ശാസ്ത്രസാഹിത്യ പരിഷത്തിലും പത്തു പതിനഞ്ചു വർഷമുണ്ടായിരുന്നു.
പക്ഷെ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവ് - ആത്മനിഷ്ഠമാവാം - അതിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാക്കി) - എന്നിലെ
സാംസ്കാരികബോധം.

അതിനു പിന്നിൽ ആവേശം കൊള്ളിക്കുന്ന അധ്യാപക ഓർമ്മകൾ തുലോം കുറവ്...
സ്വാധീനിച്ച വ്യക്തിത്വങ്ങൾ പലരും അധ്യാപകരായിരുന്നില്ല, അഥവാ ഔപചാരികമായി പഠിപ്പിച്ചവരായിരുന്നില്ല.

പതിനേഴുവർഷമായി അധ്യാപകനാണ്. ഇക്കാലയളവിൽ ഞാൻ പഠിപ്പിച്ച മൂവായിരത്തിലേറെ കുട്ടികളിൽ ഒരാളെങ്കിലും എന്നെ രൂപപ്പെടുത്തിയത് ഷാജി മാഷാണ് എന്ന് പറയാനില്ലെങ്കിൽ
(ഒന്നു രണ്ടുപേർ കാണുമെന്നാണ്
അന്ധവിശ്വാസം!) എന്തൊരു
ദുരന്തമാണ് ഞാൻ!

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.