കവിത
മാതൃകാധ്യാപകൻ
ജുബി ജുവൈരിയത്
അറിവിൻ
ആവനാഴിയിലെ
അക്ഷരപൂവമ്പുകളെയ്ത്
ഹൃദയകാവടം തുറന്ന്
സ്നേഹത്തിൻ
കടലാഴങ്ങൾ തീർക്കണം..
ഒഴുക്കറ്റ നീരിൽ അഴുക്കൂറി നിൽക്കെ
ഒഴുക്കുള്ളോളമായ് അഴുക്കറ്റൊഴുകണം...
ഒഴുക്കിനൊത്തു നീന്തി
ത്തുടിയ്ക്കാനായക്കാതെ
എതിരെത്തുഴയുവാൻ
കരുത്തേക്കും തുഴയാകണം...
ഇടറുന്ന പാദങ്ങൾ
അടരാതെ നോക്കണം
വിടരുന്ന സ്വപ്നങ്ങൾ
കൊഴിയാതെ കാക്കണം.
പുസ്തകം മാത്രം
പകർത്താതിരിക്കണം
ഹൃദയത്തിൽ
നിന്നുമൊഴുക്കി
ക്കൊടുക്കണം...
വീഴ്ചയ്ക്കിടം കൊടുക്കാതെ താങ്ങീടണം
കാഴ്ചയ്ക്ക് കണ്ണാടിയായി
മാറീടണം...
വിനയത്തിൻ വെണ്തിരി
യായ് നിന്നുരുകണം
വിജ്ഞാന തീജ്വാല
കത്തിപ്പടർത്തണം...
ആദിത്യനായിന്നൊ-
രച്ഛനായ് മാറണം
പൂനിലാവമ്മയായ്
പുഞ്ചിരി തൂകണം..
കൂടെക്കളിക്കുന്ന
കൂട്ടായിത്തീരണം
കാട്ടിൻ നടുവിലും
ചൂട്ടായി മാറണം...
ഉയരെപ്പറക്കാൻ
ചിറകു കൊടുക്കണം
അതിരു മുറിക്കാതെ
ചരടു പിടിക്കണം...
ശിൽപം മെനയുന്ന
ശില്പിയായ് തീരണം
ശില്പത്തിൻ ചാരുത
ശാശ്വതമാക്കണം..
No comments:
Post a Comment