കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 3, 2020

വേനൽ പൂട്ട്‌ ഷർമിള ചിറ്റഴി


വേനൽ പൂട്ട്‌   

ഷർമിള ചിറ്റഴി


വേനലവധി തൻ കാലമിതെങ്കിലും
വേവലാതിപ്പൂട്ടിലായി നമ്മൾ !
വേഗേന വ്യാപിക്കും വ്യാധിതന്നാധിയിൽ
വേപഥു പൂണ്ടു കഴിഞ്ഞിടുന്നു _ ലോകർ
ഭേദങ്ങളേതും മറന്നീടുന്നു.
കോവിഡ് പത്തൊമ്പതെന്ന പേരിൽ ദൂരെ
കൊറോണ വൈറസ് വേഷമിട്ടു. 
കോടാനുകോടി മനുഷ്യർ വാഴും ഏഴു_.     
ഭൂഖണ്ഡമൊക്കെയും കീഴടക്കാൻ, വാഴ്‌വിൻ
ശാന്തിയെ വേരോടറുത്തെറിയാൻ.!
 വാതിലു കൊട്ടിയടച്ചു നമ്മൾ മനോ_
വാതായനങ്ങൾ തുറന്നുവച്ചു. 
വാതോരാതോതും വിശേഷമൊക്കെ _സദാ
വാട്സ് ആപ്പിലൂടങ്ങു പങ്കു വച്ചു. _ ഏറെ
വാചാലരായി നാം മൗനങ്ങളിൽ..
വ്യായാമമെന്നത് സ്വപ്നമായി ,നാട്ടിൽ
വ്യാപാരമെന്നതോ നഷ്ടമായി!
ആയവ്യയങ്ങൾ  ചുരുക്കമായി പിന്നെ
ആഘോഷധൂർത്തുമദൃശ്യമായി ,ജനം
ആചാരമെല്ലാം മറന്നേ പോയി!
നാലുമണിയായാൽ ഗ്രൂപ്പിൽ തുടങ്ങീടും 
നാനാവിധപലഹാരമേളം 
നാടനും ചൈനീസും  ചെട്ടിനാടും നൽകും
നാവിൻരുചികൾതൻ ആന്ദോളനം പൊയ്പ്പോയ്
നാണമില്ലാത്ത പകലുറക്കം !
ഗൂഗിളിൽ, യൂട്യൂബിൽ മാറിമാറി പലർ
ഊളിയിട്ടൊപ്പിച്ച നൈപുണികൾ 
എണ്ണയിൽ ആവിയിൽ വെന്തുപൊങ്ങി
കിണ്ണത്തിലായതോ നൽചിത്രമായ്‌
എണ്ണമില്ലാത്തതാം ഫോർവേർഡുകൾ !
ചാലഞ്ചുകൾ എന്ന പേരിൽ കാട്ടും ചില
ചാപല്യങ്ങൾ  എത്ര നിന്ദനീയം !
ചാവിന്റെ വായിലും ചന്തം തിരയുന്ന
ചണ്ടിത്തരത്തിനിതെന്തുപേരു ? ആര്
കാ ൺമതിവരുടെ   മൂഢതകൾ ?
ഒട്ടേറേയൊട്ടേറെ സോദരങ്ങൾ ദൂരെ
അജ്ഞാത നാട്ടിൽ , മൃതി മുഖത്തായ്‌
അപ്പാടെ പ്രത്യാശയറ്റ് ,പറ്റെ നോവിൻ
നേരിപ്പോടിൽ പെട്ടു നിൽക്കെ, പാവം
കണ്ണീരു മപ്പാടെ വറ്റി നിൽക്കെ
ഒത്തു പ്രാർത്ഥിച്ചിടാം ഇന്ന്  നമ്മൾ, അവർ_
ക്കത്തല് തീർന്നു സുഖം ലഭിക്കാൻ  ,വേഗം
ഉറ്റവർക്കൊപ്പമായൊത്തു  വാഴാൻ,മണ്ണിൽ
ശാശ്വതശാന്തിപുലർന്നുകാണാൻ,വിശ്വം
സ്നേഹനാളത്താൽ  പ്രദീപ്തമാകാൻ !

                             

1 comment:

shibukumard said...

മനോഹരം.. ചിന്തനീയം ...
അഭിനന്ദനങ്ങൾ...����

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.