കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 3, 2020

പുസ്തക പരിചയം നട്ടുച്ചയുടെ വിലാസം ശ്രുതി വൈശാഖ്




പുസ്തക പരിചയം 
ശ്രുതി വൈശാഖ്

നട്ടുച്ചയുടെ വിലാസം 


"പ്രണയ മഴ 
ഒരിക്കൽ പെയ്താൽ മതി 
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ "
പഠിക്കുന്ന കാലത്ത് എന്റെ പല നോട്ടുപുസ്തകത്തിന്റെ പുറകിലും ഞാൻ കുറിച്ചിടാറുള്ള വരികളായിരുന്നു ഇത്. 
പി ആർ രതീഷ് എന്ന കവിയെ അനുവാചകർ ഹൃദയത്തോട് ചേർത്തു വച്ച വരികൾ. അവിടുന്ന് എത്രയോ കാലങ്ങൾക്കിപ്പുറം രതീഷ് ഏട്ടനെ പരിചയപെട്ടപ്പോൾ വല്ലാത്തൊരു കൗതുകമായി തോന്നി അദ്ദേഹത്തിന്റെ കാവ്യായാത്രയോട്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് തന്റെ കവിതകൾ ഓരോന്നും പരിചയപെടുത്തുന്ന കവി, പൊങ്ങച്ചത്തിന്റെ മേമ്പോടി ചാർത്തി നടക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ' ഞാൻ ഞാൻ മാത്രമാണെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും വിളിച്ചോതുന്ന പച്ചയായ മനുഷ്യൻ., അതായിരിന്നു രതീഷ് ഏട്ടൻ. 

അദ്ദേഹത്തിന്റെ "നട്ടുച്ചയുടെ വിലാസം "വായിച്ചു തുടങ്ങിയപ്പോഴേ കവിതയുടെ / ജീവിതത്തിന്റെ ആഴങ്ങളിലേക്ക് വീണു പോവുന്ന ഒരു പ്രതീതിയായിരുന്നു. സ്വപ്നത്തിലൂടെ സഞ്ചരിക്കുന്നതിനൊപ്പം, കവി ജീവിത യാഥാർഥ്യത്തെ തിരിച്ചറിയുന്നുമുണ്ടെന്ന സത്യം ഓരോ വരികളിലും തെളിഞ്ഞു കാണുന്നു. കവിതയുടെ ചുരത്തിലൂടെ കയറി ഇറങ്ങുമ്പോൾ കവി മനസ്സ് തിരിച്ചറിയുന്നു ' സ്വപ്നം നിറയെ ജീവിതമുള്ള ആഴമാണ് കവിതയെന്ന് ' ആ ആഴത്തിൽ നിറയെ ജീവിതവും പ്രണയവും, വിരഹവും, പ്രതീക്ഷയും തുടങ്ങി ജീവിതത്തിന്റെ നേര് കളങ്കമില്ലാതെ പകർത്തി വച്ചൊരു മനോഹരമായ ചിത്രം നമുക്ക് കാണാം. 

ഉണ്ടായിരിക്കണം 
പണ്ടു രണ്ടാത്മക്കൾ 
അലഞ്ഞതിൻ പാടുകൾ 
നമ്മളിൽ. 
'അടയാളം ' എന്ന 4 വരി കവിതയിൽ പ്രണയത്തെ ഇത്രമേൽ തീവ്രമായി അടയാളപ്പെടുത്തുമ്പോൾ പി ആർ രതീഷിലെ കവിയെ ഓർത്ത് എങ്ങനെ അത്ഭുതപെടാതിരിക്കും. തനിക്കു പറയാൻ ഉള്ളതൊക്കെയും ലാളിത്യവും ആർദ്രതയും കലർന്ന വാക്കുകളിൽ മറ്റു ചിലപ്പോൾ കൂരമ്പിന്റെ മൂർച്ചയുള്ള ചോദ്യങ്ങൾ ആയി കവി ഒഴുക്കി വിടുമ്പോൾ ചിലപ്പോൾ എങ്കിലും ആ വാക്കിന്റെ ഒഴുക്കിൽ പെട്ട് നമുക്ക് ശ്വാസംമുട്ടിയെന്ന് വരാം.... മറ്റ് ചിലപ്പോൾ മനസ്സിൽ ഒരു വിങ്ങലായി മാറിയെന്നും വരാം. 
'പിറക്കാനിരിക്കുന്ന നൂറ്റാണ്ടിന്റെ ഭാരം 
നിന്റെ ഭാഷയോട് കടം ചോദിക്കാതിരിക്കില്ല 
എന്റെ വേരുകളെക്കുറിച്ച് '
എന്ന് 'നട്ടുച്ചയുടെ വിലാസം 'എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് കവിതയുടെ പേര് പോലെ എന്ത്‌ ചിന്തനീയമാണ് ഈ വരികൾ. 
ഇനിയും തോളിൽ തൂക്കിയ തുണിസഞ്ചിയിൽ, ജീവിതം പൊള്ളിച്ചെടുത്ത കവിതകളുമായി മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് നടക്കാൻ പ്രിയപ്പെട്ട കവിയ്ക്ക് കഴിയട്ടെ .

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.