കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, May 19, 2020

വേനൽ മഴയിൽ മുളപൊട്ടുന്നത് / സിന്ധു നാരായണൻ


കവിത

 സിന്ധു നാരായണൻ
വേനൽ മഴയിൽ മുളപൊട്ടുന്നത് 


ഇടവപ്പാതിയിൽ
ഒലിച്ചുപോകാതെ
കാത്തു വെച്ച ഒരു പിടി
ഓർമ്മ വിത്തുകളുണ്ട്
ഉള്ളറകളിൽ....!
വേനൽമഴയിൽ
മുളപൊട്ടുന്നവ.....

വീടിന്നിറത്ത്
നിറഞ്ഞെത്തുന്ന
കലക്ക വെള്ളത്തിൽ
ഒഴുക്കിവിട്ട കടലാസു -
വഞ്ചികളുടെ വർണ്ണം നിറഞ്ഞ
ആദ്യവിത്ത്!

സ്വയം തോറ്റു തന്ന്;
വിജയം എന്നും എനിക്കായി
വെച്ചു നീട്ടുന്ന കളിക്കൂട്ടുകാരന്റെ
സ്നേഹവായ്പ് നിറഞ്ഞ
മറ്റൊരു വിത്ത്!

ചുവന്നു തുടുത്ത തെച്ചിപ്പഴത്തിന്റേയും,
വിരൽ നൊന്തിട്ടും പറിച്ചെടുത്ത്
കൂട്ടരോടൊത്ത് ആർത്തിയിൽ
പങ്കിട്ടു കഴിച്ച കാരപ്പഴത്തിന്റേയും
മാധുര്യം നിറഞ്ഞ ഒരു വിത്ത്!

തിരിച്ചു വരാനാവാത്തിടത്തേക്ക്
പറയാതെ പോയ അച്ഛന്റെ
വാത്സല്യം നിറഞ്ഞതാണൊന്ന്...
മുള പൊട്ടാൻ വെമ്പുന്ന
'വാത്സല്യത്തിൻ വിത്ത്‌ '!

നഷ്ടബോധത്തിന്റെ
കൂട്ടി കുറക്കലുകൾ നിറഞ്ഞ്
മുള പൊട്ടാൻ വഴിയൊരുക്കാതെ
നനയാത്തിടത്തേക്ക് വലിച്ചെറിഞ്ഞതാെണാന്ന്
ഒരു 'കറുത്ത വിത്ത് '!

വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും  
നനവ് പകരുന്ന വേനൽമഴയോടെന്നും
അഗാധ പ്രണയമാണ്...
ഓർമ്മകളിൽ സുഗന്ധം നിറക്കുന്ന
മുള പൊട്ടാൻ കാത്തു നിൽക്കുന്ന
വിത്തുകളോടെന്ന പോലെ!!

     
       

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.