വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ
കവിത
കവിത
നഷ്ടസ്വപ്നങ്ങളുടെശിഷ്ടം
ലോകം വലിയൊരു കടലാണ്.
നമ്മൾ അതിലെ മീനുകളും!
ഉറങ്ങുമ്പോൾ പോലും
ആകാശനീലിമ കണ്ണിൽ നിറയ്ക്കുന്ന
നിഷ്കളങ്കരായ മീനുകളല്ല .
പ്രപഞ്ചസുഖങ്ങളെ മുഴുവൻ
ഉള്ളം കയ്യിലൊളിപ്പിയ്ക്കാൻ
മൂന്നാംകണ്ണിന്റെ വെള്ളിവെളിച്ചത്തിൽ
വലക്കണ്ണികൾ നെയ്യുന്ന
നീലത്തിമിംഗലങ്ങൾ!
മീനുകൾ ഒരിടത്തും ഇരിയ്ക്കാറില്ല.
വാലും ചിറകും ചലിപ്പിച്ച്
പുതിയ പാതകൾ വരച്ചുകൊണ്ടേയിരിയ്ക്കും. അതുകൊണ്ടുതന്നെയാവണം കാതങ്ങൾക്കപ്പുറത്ത്
എങ്ങനെയോ ഭൂജാതനായ
അദൃശ്യനായൊരു പോരാളിയ്ക്ക്,
നമ്മുടെ ചിറകുകൾക്ക്
വിലങ്ങുവയ്ക്കാനും
സ്വപ്നങ്ങളെ കല്ലറയ്ക്കുള്ളിലാക്കാനും കഴിഞ്ഞത്!
ലോകജനതയെ മുഴുവൻ
ഒറ്റച്ചൂണ്ടയിൽ കുരുക്കി
മരണഭീതിയുടെ ഉടവാൾ മൂർച്ചയിൽ
ഊർദ്ധ്വൻ വലിപ്പിച്ച്,
നിസ്സഹായതയുടെ
ഇരുട്ടറമറവിലേയ്ക്ക് വലിച്ചിഴയ്ക്കുന്നവൻ
ക്രൂരനായ യുദ്ധതന്ത്രജ്ഞനാണ് .
സമയം കൊണ്ട് നേടിയതൊന്നും
സമയത്ത് ഉപകരിയ്ക്കില്ലെന്ന തിരിച്ചറിവിൽ
സഞ്ചാരസ്വാതന്ത്യം പോലും വിലക്കപ്പെട്ട്,
കാരുണ്യക്കടലിന്റെ ഉറവകളിലേയ്ക്ക്
കണ്ണും നട്ടിരിയ്ക്കുമ്പോഴും,
പോരാളിയുടെ ഒളിപ്പയറ്റിനെ ചെറുക്കാൻ
ബ്രഹ്മാസ്ത്രങ്ങൾ തേടുകയാണ്.
ഉദയത്തിന് അസ്തമയവും
ജനനത്തിന് മരണവും
പ്രകൃതി നിയമമാണെങ്കിലും,
പൂർത്തീകരിയ്ക്കാനാകാത്ത ദൗത്യങ്ങളെ
മൗനത്തിന്റെ വാത്മീകത്തിലേയ്ക്കിട്ട്
യാത്രപോലും പറയാനാകാതെ
ചക്രവാളസീമയ്ക്കപ്പുറത്ത് മറയുന്നവൻ
കരളിൽ കറുപ്പ് നീറ്റുകയാണ്.
കൂട്ടത്തിലേയ്ക്കിനിയും
കണ്ണിചേർക്കപ്പെടാതിരിയ്ക്കാൻ
അകത്തിരുന്നു കൊണ്ടുള്ള
ഗൊറില്ല യുദ്ധമുറ 'ലോക് ഡൗൺ'
പരീക്ഷണഘട്ടത്തിലാണ് .
ആകാശക്കുടയ്ക്കു താഴെ
മനുഷ്യനെന്ന വിലാസത്തിൽ
അടക്കം ചെയ്യപ്പെട്ടവരുടെ
ആത്മശാന്തിയ്ക്ക്
ഏത് ദൈവത്തെയാണ് കൂട്ടുപിടിയ്ക്കേണ്ടത്?
ജീവിതം സ്വപ്നങ്ങളുടെ
പറുദീസയാണെന്നിരിക്കെ
നഷ്ട സ്വപ്നങ്ങളുടെ ശിഷ്ടം,
ആത്മാവു നഷ്ടപ്പെട്ട പ്രണയശില്പം
നോക്കുകുത്തിയായി മാറും പോലെ,
ശൂന്യതയുടെ മന്ത്രങ്ങൾ നിറയ്ക്കുന്നു.
No comments:
Post a Comment