കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, May 31, 2020

ഓർമ്മയിലെ കാന്താരിമധുരം 6 മഴ യുടെ താളം കെ.സി. അലി ഇക്ബാല്‍

                 മഴയുടെ താളം
                                      കെ.സി. അലി ഇക്ബാല്‍

                         ഓർമ്മയിലെ കാന്താരിമധുരം 6
     
സാധാരണ ഗതിയില്‍ കുട്ടിക്കാലത്തെ മഴയനുഭവങ്ങള്‍ ഏറെയും സന്തോഷകരം തന്നെ. മഴ മൂലം ദുരിതത്തിലാകുന്ന നിരവധി പേരുണ്ടെന്നത് ശരി.എനിക്കാണെങ്കില്‍ കാരണമേതു മില്ലാത്ത ദു:ഖത്തിനും ചിലപ്പോള്‍ മഴ ഹേതുവായിട്ടുണ്ട്.എന്‍റെ ബാല്യത്തിനാ ണെങ്കില്‍ രണ്ടു ഘട്ടമുണ്ട് ഒന്നാം ഘട്ടം സമൃദ്ധിയുടെതാണ്. അക്കാലത്ത്  അധികമാര്‍ക്കുമില്ലാതിരുന്ന   പുള്ളിക്കുടയും മഴക്കോട്ടുമൊക്കെ സ്വന്തമായുണ്ടായിരുന്ന  കാലം. വില്ലൊടിഞ്ഞ കുടയും ഉണങ്ങികിട്ടാത്ത കുപ്പായവുമിട്ട് സ്കൂളിലെത്തേണ്ടി വന്നത് അതേ ബാല്യത്തിന്‍റെ രണ്ടാം പാതിയിലാണ്. 
.        വറുതിയും  മഴയും തിമിര്‍ത്താടിയ ചില വേളകളില്‍ മഴക്കാലങ്ങള്‍ ആസ്വദിക്കാനാകാതെ പോയിട്ടുണ്ട്. എന്നിട്ടും പ്രകൃതിയുടെ ജീവതാളം എന്നതിനേക്കാള്‍  മഴയെ ജീവിതത്തോട് ഞാൻ ചേർത്ത് നിർത്തുന്നു.  ദുരിതപ്പകപ്പുകളേക്കാൾ    ബാല്യകാല ക    ളികളിലേയ്ക്ക് മഴയെ എങ്ങനെ കണ്ണിചേര്‍ക്കാം എന്നതായിരുന്നു എൻ്റെ അക്കാലത്തെ പരിഗണന.
   തലേന്നത്തെ മഴപ്പെയ്ത്തിന്‍റെ ബാക്കിയായി കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ ആഞ്ഞു ചാടിയും ശീമക്കൊന്ന വടിയുണ്ടാക്കി ചെളിവെള്ളത്തിലടിച്ചു  തെറിപ്പിച്ചും രസിക്കുക എന്നത് അന്നത്തെഎന്‍റെ പ്രായത്തിലുള്ള എല്ലാവരും ചെയ്തുപോന്നതാണ്. ഏറെ ആഹ്ലാദം തരുന്നതാണെങ്കിലും സ്വന്തം കുപ്പായത്തിലും മിക്കപ്പോഴും മറ്റുള്ളവരുടേതിലും ചെളി തെറിച്ച് വൃത്തി കേടാകും എന്ന തീരെ നിസ്സാരമല്ലാത്ത ദൂഷ്യമുണ്ടതിന്. അടിയോടുകൂടിയ ശകാരമോ അടി കൂടാതെയുള്ള ഗുണദോഷമോ ഒക്കെയായി അന്നതവസാനിക്കുമെങ്കിലും പിറ്റേന്നും കെട്ടി നില്‍ക്കുന്ന ചെളിവെള്ളം എന്നെയൊന്ന് ചാടിത്തെറിപ്പി 
ക്കൂ എന്ന് മാടി വിളിക്കും. ഒടുക്കം വെള്ളം വറ്റിവറ്റി ഒരു ചെറുകുഴിയില്‍ മാത്രമായി അവശേഷിക്കും വരെ ഈ കളി തുടരും.

    മറ്റൊന്ന് പരന്ന കല്ലോ മറ്റെന്തെകിലും പരന്ന വസ്തുക്കളോ വെള്ള ത്തിന്‍റെ ഉപരിതലത്തിലൂടെ തെന്നിത്തെന്നി പറപ്പിക്കലാണ്. വൈദഗ്ദ്ധ്യ ത്തോടെ എറിഞ്ഞാല്‍ ജലോപ രിതലത്തിലൂടെ അഞ്ചോ ആറോ തവണ തെന്നിത്തെന്നി  അത് മുന്നോട്ടു പോകും. ചെങ്കല്ല് വെട്ടിയെടു ത്തുണ്ടായ കല്ലുവെട്ടാംകുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അക്കാലത്ത് എന്നെ പ്പോലുള്ളവരുടെ കുളമായിരുന്നു. വലിയ തറവാടുകളില്‍ കുളങ്ങളു ണ്ടാകുമെങ്കിലും കല്ലുവെട്ടാംകുഴിയിലെ കുതൂഹലങ്ങളവിടെ യില്ലാത്ത തിനാല്‍ അവര്‍ക്കും പ്രിയമിതുതന്നെ. മറ്റു ചിലര്‍ക്ക് അമ്പലക്കു ളമുണ്ട്.
    കല്ലുവെട്ടുകുഴികളിലെ നീരാടല്‍ മറക്കാനാ കാത്ത ഒട്ടേറെ അനുഭവങ്ങള്‍ തന്നിട്ടുണ്ട്. വെട്ടിയിട്ട വാഴ വെള്ളത്തില്‍ തള്ളിയിട്ട് അതിലേറി മറിഞ്ഞതും തോട്ടില്‍ തോര്‍ത്തുമുണ്ടോ പെണ്‍ കുട്ടികളുടെ തട്ടമോ രണ്ടറ്റവും പിടിച്ചു താഴ്ത്തി മീന്‍പിടിക്കുന്നതും ഓര്‍മ്മകളില്‍ തെളിക്കുന്ന നിറപൂത്തിരികള്‍ ഒരുവട്ടം കൂടി അതിലൂടെ സഞ്ചരിക്കാന്‍ കൊതികൂട്ടുന്നു.
      കോരിച്ചൊരിയുന്ന മഴപ്പെയ്ത്ത് കാലത്താണ് “ഏറ്റുമീന്‍”കയറുക. രാത്രിയായാല്‍ ഏറ്റു മീന്‍ പിടിക്കാന്‍ പ്രായഭേദമന്യേ ധാരാളംആളുകള്‍ പാട വരമ്പിലെത്തും. ഏറ്റുമീന്‍ ധാരാളം കയറിയാല്‍ മീന്‍ വിറ്റ് കിട്ടുന്ന  പണത്തിനേക്കാള്‍ അതൊരു വിനോദോപാധിയായിരുന്നു.  നേരം പുലരും വരെ പാടം മുഴുവന്‍ പെട്രോമാക്സും മടവാളുമായി മീന്‍പിടുത്തം തകൃതിയായി നടക്കും. പണ്ടത്തെയത്ര വീറോടെയല്ലെങ്കിലും ഇന്നും കുറെ പേര്‍ ഏറ്റുമീന്‍ പിടുത്തക്കാരായുണ്ട്. കണ്ണന്‍ (ബ്രാല്‍), കടു തുടങ്ങിയ മീനുകളാണ് അധികമായും കിട്ടുക. ഒറ്റാല്‍ വരമ്പിലെ വെള്ളച്ചാലുകളില്‍ വച്ച് മീന്‍ പിടിക്കുന്ന രീതിയുമുണ്ട്. മഴ കൊള്ളാതിരിക്കാന്‍ തൊപ്പിക്കുടയാണ് ആണുങ്ങള്‍ തലയില്‍ വയ്ക്കുക.തലയില്‍ വച്ചുകഴിഞ്ഞാല്‍ കൈകള്‍ സ്വതന്ത്രമായി എന്നതാണ് തൊപ്പിക്കുടയുടെ ഗുണം.പെണ്ണുങ്ങള്‍ക്ക് കുണ്ടൻ കുട എന്നു പേരുള്ള മറ്റൊരുതരം കുടയാണ്.
                      കൃഷിയിറക്കാന്‍ പാടങ്ങള്‍ ഒരുക്കുന്നത് മഴക്കാലത്തെ മറ്റൊരു കാഴ്ചയാണ്.പാടവരമ്പ് ചെത്തിയൊരുക്കി ചേറും ചെളിയും തേച്ച് മിനുക്കി മിനുക്കിയെടുക്കുന്ന, കരിയും (കലപ്പ) നുകവും വച്ച കാളകളെ കൊണ്ട് നിലമുഴുന്ന, വെറും ഒറ്റത്തോര്‍ത്തുടുത്ത കൃഷിക്കാരനെ പാടങ്ങളിലെവിടെ യെങ്കിലും ഇന്ന് കാണാനുണ്ടോ?മഴവിട്ട് വയലില്‍ വെള്ളം കുറഞ്ഞാല്‍ ശരണം തേക്കുകൊട്ടയാണ്.തേവിയെടുത്ത വെള്ളം ചാലിലൂടെ ഒഴുക്കിവിട്ട് വയല്‍ നിറച്ചിട്ടും വയര്‍ നിറയാതെ പോയവര്‍ ദാരിദ്ര്യത്തിന്‍റെ ദൈന്യതയും പേറി എങ്ങോ മറഞ്ഞു.
               സ്കൂളിലേക്ക് നടന്നിരുന്ന അന്നത്തെ  പാടവരമ്പ് ഇപ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന വീതികൂടിയ റോഡാണ്.പാടത്തിന്‍റെ പകുതിയും മണ്ണിട്ടു നികത്തി വീടുകളും കടകളും പണിതിരിക്കുന്നു. അവശേഷിക്കുന്ന പാടത്ത് വാഴയോ തെങ്ങോ വച്ച് മാറ്റിയെടുക്കുകയാണ്.
      പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്. മഴയുടെ പല പല ഭാവങ്ങൾ കണ്ണിലും മനസ്സിലും നിറയ്ക്കുന്ന വികാര വിചാരങ്ങളെക്കുറിച്ചാണ്. ചാഞ്ഞു പെയ്യുന്ന മഴയും തുള്ളിത്തകർക്കുന്ന മഴയും ചന്നം പിന്നം ചിണുങ്ങിപ്പെയ്യുന്ന മഴയും എന്തെന്ത് കൗതുകങ്ങളാണ് മനസിലുണർത്തുന്നത്! ബാല്യകാലത്തെ മഴയോർമ്മകൾക്കൊപ്പം കണ്ണീർമഴയെ ചേർത്തു വയ്ക്കുമ്പോഴും, ജനാലയിലൂടെ മഴപ്പെയ്ത്ത് കാണുമ്പോഴും  ഞാനൊരു കുട്ടിയാവാറുണ്ട്.
അന്നൊക്കെ  സ്കൂൾ തുറപ്പിന് സ്വാഗതമെന്ന പോലെ പെയ്യുന്ന മഴക്കാലം മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നെയും മുതിർന്നപ്പോഴാണ് ചിങ്ങം, കന്നി, തുലാം , ധനു, കുംഭം ,ഇടവം, കർക്കിടകം തുടങ്ങിയ മാസങ്ങളിലെല്ലാം പല രൂപത്തിലും ഭാവത്തിലും മഴയെത്താറുണ്ടെന്ന് മനസിലായത്. മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കൻ്റെ കല്യാണമാണെന്ന് കൂട്ടുകാർ പറയുമ്പോൾ ശരിയായിരിക്കുമെന്ന് കരുതി. പക്ഷേ, ഒരിടത്തും കുറുക്കൻ്റെ കല്യാണം കണ്ടില്ല. ആകാശത്ത് ഏഴു നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന മഴവില്ലു കാണാൻ കൊതിയോടെ കാത്തു നിന്ന കുട്ടിയിൽ നിന്നും മഴവില്ലുണ്ടാകുന്നതെങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകനിലേയ്ക്കുള്ള വളർച്ചയിലും ഞാൻ പെരുമഴക്കാലം സ്വപ്നം കാണാറുണ്ട്. അതെന്നെ നനച്ച് കടന്നു പോകാറുണ്ട്. ചിലപ്പോൾ തോരാത്ത മഴയും കത്തിക്കാളുന്ന വിശപ്പും ഈ മാരിക്കുരിപ്പിനെ ഒന്നങ്ങോട്ട് കെട്ടിയെടുത്തൂടെ എന്ന് ചോദിക്കേണ്ട അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും കടുത്ത വേനലിനെ നനച്ച് കുളിര് കോരിയിട്ട് ഇടിയും മിന്നലും വിതച്ച് വിറപ്പിച്ച് മഴ വരുന്നത് അന്നുമിന്നും ആഹ്ലാദതുടികൊട്ടുണ്ടാക്കുന്നു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.