കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Monday, June 1, 2020

സാമൂഹികാകലം /കവിത അനീഷ് ദേവരാജൻ

സാമൂഹികാകലം /കവിത
അനീഷ് ദേവരാജൻ
( ഈ കവിതയിൽ ഒരു തെറിവാക്കുണ്ട് അതിനു പകരം വയ്കാൻ മലയാളത്തിൽ മറ്റു പദങ്ങളില്ലാത്തതു കൊണ്ട് അതുപയോഗിച്ചിട്ടുണ്ട് ക്ഷമിക്കരുത് പ്ലീസ്)


ചുവക്കുന്നില്ല സന്ധ്യകൾ
ഉദിക്കുന്നില്ല താരകൾ
മദിക്കുന്നില്ല രാവുകൾ
ഉണരുന്നു പുലരികൾ മാത്രം
വിശപ്പിൻ്റെ ഘടം മുഴക്കുന്ന
വയറുകൾക്കൊപ്പമിപ്പോൾ

ചുവക്കുന്നില്ല തെരുവുകൾ
ഉച്ചവെയിലിൻ്റെ ചൂടു മാത്രം
കുടിക്കുന്ന വയറൊട്ടിയ -
കുട്ടിതൻ നിലവിളിയൊച്ച
മാത്രം കളിവണ്ടിയോടിച്ചു
പായുന്നു തെരുവിലങ്ങോളം

തട്ടിമറിഞ്ഞു ചമയപ്പെട്ടി
വീണതിൽ ചെളിക്കട്ട പോൽ
ജലം വാർന്നൊട്ടിപ്പിടിച്ച പല -
നിറക്കൂട്ടുകൾ, കരിക്കട്ട
പോലുണങ്ങിയ കൺമഷി,
തേൻ തുളുമ്പിയ പൂക്കളായ്
വിടർന്ന ചുണ്ടുകൾ വിളർത്ത
കുണ്ടളപ്പുഴുക്കളായ് കൊഴിഞ്ഞ
പുഞ്ചിരികളെക്കാർന്നുതിന്നുന്നു

അടഞ്ഞിരിക്കുന്നു നഗര
മഹാകവാടങ്ങൾ,വാജി
വൃന്ദധൂളികൾ കെട്ടടങ്ങി
വ്യാധിതൻ മഹാരേണുസേന
പുരാതിർത്തിയിൽ പോർവിളിച്ചു
നിൽക്കുന്നു പോൽ, നഗരമേ
വിശക്കുന്നു, വല്ലാതെ വിശക്കുന്നു
നിരന്നു നിൽക്കുന്ന കുടിലുകൾ
നിരന്തരം നിങ്ങൾ തേടി വന്ന
മാംസപുഷ്പങ്ങൾ നിരന്നു
നിന്നിരുന്ന തെരുവീഥികൾ

അടച്ച കോൺക്രീറ്റുമുറികളിൽ
പരീക്ഷണപ്പാചകക്കലകളിൽ
കുടുംബമൊത്തു പചഗന്ധ -
രുചിരമാം പാനപാത്രം തുറക്കുന്നു
പാഴ്സലിൻ തുകൽ പൊളിക്കേ
തലയെഴാത്തൊരു മാംസപിണ്ഡം
മസാലയിൽ വെന്തിരിക്കേ നിങ്ങ -
ളോർക്കണം വിശപ്പാറ്റുവാൻ മാത്രം
തുറന്നു വച്ച തെരുമാംസശാലകൾ

പൂത്തു നില്കുന്നുണ്ടിപ്പൊഴുമീ
തെരുവിൻ്റെ വരണ്ട കയങ്ങളിൽ
വിണ്ടർന്ന മണ്ണടരുകൾക്കിടയിൽ
ചോപ്പു ചോർന്നു പോയനേകമാം 
മാംസപുഷ്പങ്ങൾ, വിശപ്പിൻ്റെ - 
യമ്ളഗന്ധം പടർത്തുന്ന വായകൾ
നഗര ഹവിസ്സുവീണയാഗശാലകൾ 
കാലമാം കരാളവാഹനം കടന്നു
പോയ വായകൾ,അധികാരജാഥകൾ
കുതിച്ചു പാഞ്ഞ മലർത്തിവച്ച
കാലുകൾ, ജീവിതക്കൂത്തുകൾ
സ്ഖലിപ്പിച്ച കൂത്താടിക്കിണറുകൾ

വിശക്കുന്നു നഗരമേ, വിശക്കുന്നു 
തുറന്നു വച്ചിരിക്കുന്നു ഞാനിപ്പോഴും
മൈരുകൾ വരണ്ടു വിണ്ട ഗുഹാമുഖം
തെറിക്കട്ടെ നിൻ്റെ നവരന്ധ്രങ്ങളിൽനിന്നും 
ശാപോഗ്രമാം കഫക്കട്ടകൾ



No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.