ഭൂപടം വരയ്ക്കുമ്പോൾ
തസ്മിൻ.കെ.എ.
1
കല്പനകളെ മൗനം കൊണ്ട് മുറിച്ചതി ഭ്രാന്തമായ്
ഞാൻ ജീവിതത്തെ കീറിയൊട്ടിക്കുന്നു
ഊയലാടിയ കണ്ണുകൾക്കും
ഉലയൂതിയ വാക്കുകൾക്കും
മുന കൂർത്ത ചിന്തകൾ കൊണ്ട് ഞാൻ
മറുവാക്കോതുന്നു
എന്റെ മണ്ണ്
എന്റെ നാട്
എന്റെ പൂവരശ്
കിനാക്കണ്ടലോകം
കിനാക്കണ്ട കാലം
കര കടലാഴം
ആരോ പുലമ്പുന്നു
തട്ടിപ്പറിക്കുകതൊക്കെയും
2
ഇനി ഗാന്ധിയെ വരയ്ക്കാം
മിതമായ വരകൾ ...
മേമ്പൊടിയ്ക്ക് മതം ചേർത്തു...
കൊടിയടയാളങ്ങളില്ല
എന്നിടും
ഒരു മുട്ടൻ വടി കൊണ്ട്
വളഞ്ഞ രൂപത്തെ താങ്ങി നിർത്താൻ
നന്നേ പണിപ്പെട്ടു.
എത്ര വരച്ചിട്ടും കാലടികൾ
ശരിയാകുന്നതേയില്ല.
പക്ഷേ,
ഗാന്ധി ഒരു ഭൂപടമാണ്
3
ഞാനെന്റെ നാടിനെ
ശാന്തമായ്
ചേർത്തൊട്ടിക്കുകയാണ്
അതിലവിടവിടെ
അന്ധത പൊഴിച്ചിട്ട
വെട്ടത്തൂവലുകൾ
വെറുമൊരു നിഴലായ്
നീളൻ വരയായ്
പരിണാമങ്ങളറിയാ വാച്ചൊരുക്ക്!
ഭൂപടങ്ങൾ ഉണ്ടാകുന്നത്
പല കയറ്റിറക്കങ്ങൾക്കൊടുവിലാണ്
നഖക്ഷതം പോലെ
ഒരുചാല്
കണ്ണീരുറഞ്ഞ് രൂപപ്പെട്ടത്
കണ്ടെത്താനാവാത്ത
ഭൂഗർഭത്തിലേയ്ക്ക് നീളുന്ന ഒരു വിളി
മൂന്നടി മണ്ണിന്റെ
അവകാശത്തിലേയ്ക്ക്
ഉരുകി വീഴുന്ന സ്മാരകശിലകൾ
നെഞ്ചുരുകി പിടഞ്ഞതിൻ നിലവിളി
അതാ ,
അങ്ങകലെ
തിത്തിരിപ്പക്ഷിയുടെ
കൊഴിഞ്ഞ തൂവലുകൾ
കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന്
ഉറക്കെ പാടുന്നു.
സ്വാതന്ത്ര്യത്തിന്റെ താളമായ്
ഇരപിടിയൻ കണ്ണുകളെയത്
കൊത്തിക്കുടയുന്നു.
വെട്ട നൂലുകൾ കൊണ്ടത്
ഭൂപടം തീർക്കുന്നു
ആർക്കും കീറി മുറിക്കാനാവാത്ത ഭൂപടം.
No comments:
Post a Comment