സ്കൂളുകളില്‍ ഇപ്പോള്‍ വളരെ മെച്ചപ്പെട്ട ഉച്ചഭക്ഷണം കിട്ടുന്നുണ്ട്.നല്ല അരിയുടെ ചോറ്,നല്ല കറികള്‍,ചില ദിവസങ്ങളില്‍ മുട്ട,ചിലപ്പോള്‍ പാല്..എല്ലാം കൂടി വിശപ്പറിയാതെ സ്കൂളിലിരിക്കാം. എന്‍റെ കുട്ടിക്കാലത്ത് ഇതൊന്നുമായിരുന്നില്ല സ്ഥിതി. പ്രൈമറി ക്ലാസ്സുകളില്‍ അമേരിക്കന്‍ ഗോതമ്പ് കൊണ്ട് ഒരു തരം ഉപ്പുമാവ് കിട്ടിയിരുന്നു. ചിലപ്പോള്‍ മഞ്ഞ നിറമുള്ള ഒരു പൊടിയാണ് പാകം ചെയ്യുക. രണ്ടിനും നല്ല രുചിയാണ്. വിശപ്പു തന്നെ കാരണം
ഹൈസ്കൂളിലെത്തിയാല്‍ പിന്നത്തെ കാര്യം കഷ്ടംതന്നെ. ഒരു കൂട്ടര്‍ വീട്ടില്‍ നിന്ന് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരും. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറ് ഉണ്ണാനെടുക്കു ന്ന സമയത്ത് വരുന്ന സുഗന്ധം ഇപ്പോഴും താങ്ങിനില്‍ക്കുന്ന പോലെ. ചിലര്‍ക്ക് ഇത്തരം ഉച്ചഭക്ഷണ പരിപാടിയൊന്നുമില്ല.കിണറ്റിലെ വെള്ളം കോരിക്കുടിച്ച് ഏമ്പക്കം വിടാം. എന്നെപ്പോലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് ഒരു ഭക്ഷണ അലവന്‍സുണ്ട്.വലിയ തുകയൊന്നു മല്ല.അമ്പതു പൈസയേ ഉള്ളൂ.തൃത്താല ഹൈസ്കൂളില്‍ അന്നൊരു കാന്‍റീനുണ്ട്. അന്നത്തെ കാലത്ത് അതൊരു മഹത്തായ സംരംഭമായിരുന്നു. മുപ്പത്തഞ്ചു പൈസയ്ക്ക് കാന്‍റീനില്‍ ഉച്ചഭക്ഷണം കിട്ടും. പ്രത്യേക അളവുപാത്രത്തില്‍ അളന്നെടുക്കുന്ന ചോറ് രണ്ടു പേര്‍ക്കുള്ളതാണ്. ഒഴിച്ചാല്‍ ചോറില്‍ നിന്ന് വേഗത്തില്‍ ഓടിമാറിനില്‍ക്കുന്ന അഴുക്കുവെള്ളം പോലെയുള്ള ഒരു തരം കറി,ചിലപ്പോള്‍ രസം. വേണ്ടത്ര വേവിക്കാതെ എന്നും കിട്ടുന്ന കാബേജ് തോരന്‍. പക്ഷേ അക്കാലത്തതിന് വലിയൊരു സദ്യയുണ്ടതിന്‍റെ ഇഫക്റ്റാണ്.
പക്ഷേ പലപ്പോഴും ഉച്ചയാകുമ്പോഴേക്കു എന്‍റെ പക്കല്‍ മുപ്പത്തഞ്ചു പൈസയുണ്ടാകില്ല എന്നതാണ് പ്രശ്നം.സ്കൂളിനുമുന്നില്‍ പലതരം പ്രലോഭനങ്ങളുണ്ട്. അഞ്ചു പൈസ വിലയുള്ള പലതരം മിഠായികള്‍ മണിയേട്ടന്‍റെ കടയിലുണ്ട്.പതിനൊന്നാരയുടെ ഇന്‍റര്‍വെല്ലിന് കൃത്യമായി വന്നെത്തുന്ന ഐസ് ഫ്രൂട്ട് കച്ചവടക്കാരനുണ്ട്. ഐസ് ഫ്രൂട്ട് ഒന്നുകഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ പ്രലോഭനമുണ്ടാകും. ചുരുക്കത്തില്‍ ഉച്ചയാകു മ്പോഴേക്ക് മുപ്പത്തഞ്ചിന് പകരം ഇരുപതോ ഇരുപത്തഞ്ചോ മാത്രമേ കാണൂ. പിന്നെ കാന്‍റീനില്‍ പോയിട്ട് കാര്യമീല്ലാത്തതിനാല്‍ബാക്കി കൂടി ഉച്ചയ്ക്ക് തീര്‍ക്കും. നേരത്തെ പറഞ്ഞ കരുതലില്ലായ്മ തന്നെയാണല്ലോ ഇവിടേയും വില്ലന്‍.
കുഞ്ഞുണ്ണി സീ ക്ലാസ്സിലാണ്. കളി പിരീഡില്‍ പക്ഷേ സീ ക്ലാസ്സിലെ കുട്ടികള്‍ കൂടി ഗ്രൌണ്ടിലുണ്ടാകും. എന്‍റെ പോലെ അവനും കളികളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ് പതിവ്. എന്നെ മാറ്റിനിര്‍ത്തിയത് പൊതുവേയുള്ള ആരോഗ്യക്കുറവും ആത്മവിശ്വാസക്കുറവുമായിരുന്നെങ്കില്‍ അവന്‍റെ കാരണം പട്ടിണിയായിരുന്നു. പലപ്പോഴും ക്ലാസ്സില്‍ തലകറങ്ങി വീഴാറുണ്ടെന്നവന്‍ എന്നോട് പറഞ്ഞിരുന്നു. രാവിലെയോ ചിലപ്പോള്‍ തലേന്നുപോലുമോ അവനൊന്നും കഴിച്ചിരിക്കില്ല. അവന്‍ കയറുന്ന സ്റ്റോപ്പില്‍ നിന്ന്‍ ബസ്സില്‍ വന്നുപോകാന്‍ പത്തു പൈസ വേണമെന്നതിനാല്‍ എല്ലാ ദിവസവും നടന്ന് സ്കൂളിലേക്ക് വരുന്ന കുഞ്ഞുണ്ണി വേഗത്തില്‍ എന്‍റെ അടുത്ത കൂട്ടുകാര
നായി.
അങ്ങനെ ഗ്രൌണ്ടിലെ തണലില്‍ അലസമായിരിക്കുമ്പോഴാണ് അവനെന്നോട് നാളെ അമ്പതു പൈസ കടം കൊടുക്കാമോ എന്നു ചോദിച്ചത്. മറ്റൊന്നിനുമല്ല ആകെയുള്ള നോട്ടു പുസ്തകം എഴുതിത്തീര്‍ന്നിരിക്കുന്നു. ക്ലാസ്സില്‍ എഴുതാനുള്ള “വര്‍ക്ക്”എല്ലാവരും ചെയ്യുമ്പോള്‍ വെറുതെയിക്കുന്നത് പെട്ടെന്ന് പിടിക്കപ്പെടുന്നു. ഞാനവനെ സഹായിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് അവനെയെനിക്ക് സഹായിക്കാനായില്ല. കയ്യിലുള്ള വീട്ടില്‍നിന്നു കിട്ടുന്ന ഭക്ഷണ അലവന്‍സ് പതി വുപണികളൊന്നും ചെയ്യാതെ ഞാനവനുവേണ്ടി കരുതിയിരുന്നു. രാവിലെയുള്ള ഇന്‍റര്‍വെല്ലിനോ മറ്റേതെങ്കിലും സമയത്തോ അവനെ കണ്ടുകിട്ടിയില്ല. അവന്‍ വന്നിരിക്കില്ല എന്ന് കരുതി ഞാന്‍ കാന്‍റീനിലെ ഉച്ചഭക്ഷണം കഴിച്ചു. പക്ഷേ സ്കൂള്‍ വിട്ടസമയം അവനെന്നെ തേടി വന്നിരുന്നു. അപ്പഴെന്‍റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല.നാളെ എന്തായാലും അവന്‍റെ ആവശ്യം നടത്തണമെന്ന് ഞാനുറപ്പിച്ചിരുന്നു. വൈകുന്നേരം ഉറങ്ങും മുമ്പ് ഉപ്പയോട് കാര്യം പറഞ്ഞു. സാധാരണ അലവന്‍സിന് പുറമെ കുഞ്ഞുണ്ണിക്ക് കൊടുക്കാനുള്ളതു കൂടി ഉപ്പ എന്നെ ഏല്പിച്ചു .
പക്ഷേ പിറ്റേന്ന് കുഞ്ഞുണ്ണി വന്നില്ല. പിറ്റേന്നെന്നല്ല പിന്നൊരിക്കലും അവന്‍ വന്നില്ല. അവനെയൊരിക്കലും പിന്നെ ഞാന്‍ കണ്ടില്ല. ഭാരതപ്പുഴയുടെ ഇരുകരകളിലുള്ള രണ്ടു പ്രദേശങ്ങളായിരുന്നു ഞങ്ങളുടേന്നതിനാല്‍ അതിനുള്ള സാധ്യത വളരെ കുറവുമായിരുന്നു. ഒരു തരം പ്രലോഭനത്തിനും വിധേയമാകാതെ ആ അമ്പതു പൈസ നാണയം കുറെ കാലം ഞാന്‍ കൊണ്ടുനടന്നിരുന്നു. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് ഞാന്‍ കുഞ്ഞുണ്ണിയെ ഓര്‍ക്കുന്നു
(തുടരും)
(തുടരും)
No comments:
Post a Comment