കവിത
ബിന്ദു പത്മകുമാർ
പുനർജ്ജനി
പാറിപ്പറക്കുവാനാകാശം തന്നു നീ
പാരതന്ത്ര്യത്തിന്റെ
ചങ്ങലപ്പൂട്ടും...
പാടുവാനായിരം
രാഗങ്ങൾ തന്നിട്ട്
പാഴെന്നു ചൊല്ലി
എൻ നാവടച്ചു ...
കൺമുമ്പിൽ
നൂറു വർണ്ണങ്ങൾ വിതറി ...
എൻ കാഴ്ചയെ
മൂടി മറച്ചുവെച്ചു...
മോഹത്തിൻ വിത്തുകൾ ..
കരളിൽ മുളപ്പിച്ച്
വേട്ടക്കിറങ്ങി
അവ കൊയ്തെടുത്തു ...
ഓർമ്മകളുടെ
പ്രളയ പ്രവാഹമെത്തിച്ച്
എന്റെ പ്രജ്ഞയെ
കൊന്നു വലിച്ചെറിഞ്ഞു...
കിനാവള്ളികൾ
തീർത്തൊരു
പായ്ക്കപ്പലിൽ കേറ്റി ..
നൊമ്പരക്കടലിൽ
ആഴ്ത്തി വിട്ടു..
അനുഭവച്ചുഴികളിൽ
വട്ടം കറങ്ങി ഞാൻ
പുനർജ്ജനിതീരത്ത്
വന്നടിഞ്ഞു ....
കരൾത്തീരങ്ങളിൽ
പുത്തൻ തിരയടിച്ച്
മാറ്റത്തിൻ കാഹളം
മുഴങ്ങി നിന്നൂ...
ജീവന്റെ തൂലികയിൽ
പുതുരക്തത്തിലൊരു
നവഗീതമിവിടെ..
പിറന്നു വീണു...'
2 comments:
മനോഹരം ടീച്ചർ
നന്ദി... സ്നേഹം
Post a Comment