കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Sunday, June 21, 2020

ഓർമ്മയിലെ കാന്താരിമധുരം 21 കെ.സി. അലി ഇക്ബാല്‍

സമയമെത്രയായി ?




കെ.സി. അലി ഇക്ബാല്‍



ഫെവര്‍ലുബാ കമ്പനിയുടെ ഒരു വാച്ച് കുഞ്ഞുനാളില്‍ തന്നെ എനിക്കുണ്ടാ യിരുന്നു. അത് കയ്യില്‍ കെട്ടി അല്പം അന്തസ്സിലും അതിലേറെ അഹങ്കാര ത്തിലും സ്കൂളില്‍ പോയിരുന്നത് ഓര്‍മ്മയില്‍ പൂത്തുലഞ്ഞു നില്‍ക്കു ന്നുണ്ട്. വാച്ചിന് ദിവസവും രാവിലെ ചാവി കൊടുക്കണം. ആറുമണി യാണ് അതിന്‍റെ സമയം. എല്ലാദിവസവും അതങ്ങിനെയായിരിക്കണം എന്നും അല്ലെങ്കില്‍ വാച്ചിനത് കേടാണെന്നും ഉപ്പ പറഞ്ഞിട്ടുണ്ട്.
         വാച്ച് കെട്ടി നടക്കുമ്പോള്‍ ഇടയ്ക്കിടെ സമയം നോക്കണം. മറ്റാരെങ്കി ലും ഞാന്‍ വാച്ച് കെട്ടിയിരിക്കുന്നത് കാണുന്നുണ്ടോ എന്നതാണ് മറ്റൊരു ശ്രദ്ധ.ഇന്നത്തെ കാലത്ത് ഒരു കൊച്ചുകുട്ടി വാച്ചും കെട്ടി നടക്കുന്നത് ഒരു പുതുമയോ കൌതുകമോ ഒന്നുമല്ലെങ്കിലും അന്നങ്ങനെയല്ല. വഴിയില്‍ പലരും “സമയമെത്രയായി?”എന്നു ചോദിക്കും. അന്തസ്സോടെ മറുപടി പറയുകയും ചെയ്യും.സമയമെത്രയായി എന്ന് നോക്കാന്‍ അറിയാതിരി ക്കുന്നത് നാണക്കേടാണെന്ന ബോധം അന്നേ ഉള്ളതിനാല്‍ കൃത്യമായി അത് മനസ്സിലാക്കിയിരുന്നു. പക്ഷേ കൌതുകത്താലും അല്പ്പം കളിയാക്കാ നുമാണ് ആളുകള്‍ സമയം ചോദിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേ കം ആക്കാലത്തുണ്ടായിരുന്നില്ല താനും.
        അങ്ങനെയിരിക്കെ ഒരു ദിവസം വാച്ച് പ്രവര്‍ത്തിക്കാതെയായി. ഗോപായരുടെ വാച്ചുറിപ്പയര്‍ കടയില്‍ കൊടുക്കണമെന്ന് ഉപ്പ പറഞ്ഞി രുന്നെങ്കിലും അതങ്ങനെ നീണ്ടു പോയി. കേടുവന്ന വാച്ചും കെട്ടിയായി എന്‍റെ നടത്തം. ചാവി കൊടുക്കുന്ന ബട്ടന്‍ അല്പം വലിച്ചു നിര്‍ത്തി സൂചികള്‍ കറക്കി സമയം ശരിയാക്കിവയ്ക്കാന്‍ അക്കാലത്ത് എനിക്കറി യാമായിരുന്നു. പ്രവര്‍ത്തിക്കാത്ത വാച്ചിലെ സമയം ഇടയ്ക്കിടെ ശരിയാ ക്കി വയ്ക്കും. ആരെങ്കിലും ചോദിച്ചാല്‍ സമയം 
27
പറയണമല്ലോ.സമയം ചോദിക്കുന്നവരോട് വാച്ച് കേടുവന്നിരിക്കുന്നു എന്ന് പറയാന്‍ മടി.-റിപ്പയര്‍ ചെയ്യുന്നത് വരെ അത് കയ്യില്‍ കെട്ടുന്നില്ല എന്ന് തീരുമാനിക്കാനും മടി. അങ്ങനെ കയ്യിലൊരു വാച്ചു ധരിച്ചിരിക്കുന്ന ഞാന്‍ എതിരെ വരുന്ന വാച്ചുധാരികളോടെല്ലാം “സമയമെത്രയായി?” എന്ന് ചോദിക്കാന്‍ തുടങ്ങി.മറുപടി കിട്ടിയ ഉടന്‍ വാച്ച് അഡ്ജസ്റ്റ് ചെയ്യും. ചിലര്‍ തറപ്പിച്ചു നോക്കും. ചിലര്‍ കളിയാക്കും. മറ്റുചിലര്‍ കയ്യില്‍ കെട്ടിയ വാച്ചു നോക്കാനറിയില്ലേ എന്നു ചോദിക്കും. കളിവാച്ചാണല്ലേ എന്നാകും ചിലര്‍.ഇതെല്ലാം നിശബ്ദമായി സഹിച്ച് എന്‍റെ വാച്ച് പ്രശ്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
       മറ്റേതോ സ്കൂളിലേക്ക് തിരക്കിട്ടു നടന്നുപോകുന്ന ഒരാധ്യാപകനെ സ്കൂള്‍ വഴിയില്‍  എന്നും കണ്ടുമുട്ടാറുണ്ട്. അല്പ്പം ഗൌരവക്കാരന്‍, അക്കാലത്തൊന്നും അധികം ചിരിച്ചു കണ്ടിട്ടില്ല.ദൂരെ നിന്നുനടന്നുവരുന്ന അദേഹത്തിന്‍റെ കയ്യില്‍ വാച്ചുണ്ടെന്നും സമയം ചോദിച്ചറിയാമെന്നും ഞാന്‍ കരുതി. ഓരോ വാച്ചുകാരനെയും കാണുമ്പോള്‍ സമയം ചോദിച്ച റിയാന്‍ ഇന്നത്തെ പോലെ അത്ര സാധ്യതയില്ല എന്നോര്‍ക്കണം. ”സമയ മെത്ര യായി ?” എന്ന എന്‍റെ ചോദ്യം അദേഹത്തിന് തീരെ ഇഷ്ടമായില്ല എന്ന് ഭാവം കണ്ടപ്പോള്‍തന്നെ മനസ്സി ലായി. എന്‍റെ വാച്ചിലേക്കും മുഖ ത്തേക്കും മാറിമാറി നോക്കി സമയം മനസ്സില്ലാമനസ്സോടെ പറഞ്ഞ് അദ്ദേ ഹം ധൃതീയില്‍ നടന്നുപോയി.
      പക്ഷേ എന്‍റെ പ്രശ്നം അവസാനിച്ചിരുന്നില്ലല്ലോ. പിറ്റേന്ന് ഇതേ സമയത്ത് ഇതേ അദ്ധ്യാപകനോട് എന്‍റെ ചോദ്യം ആവര്‍ത്തിച്ചാലെ ങ്ങനെയിരിക്കും. അതുതന്നെയാണ് സംഭവിച്ചത്. ഉച്ചത്തില്‍ അലറി ക്കൊണ്ടയാള്‍ എന്നെ ഓടിച്ചുവിട്ടു. തിരിഞ്ഞുനിന്ന് പിന്നേയും എന്തൊ ക്കെയോ അയാള്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞാന്‍ കേള്‍ക്കുകയുണ്ടായില്ല
       പിന്നീട് ആ വാച്ച് ഞാന്‍ കെട്ടിയതായി ഓര്‍ക്കുന്നില്ല. പക്ഷേ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്നെ വഴക്കുപറഞ്ഞ അതേ അദ്ധ്യാപകനും ഞാനും ഒരേ കമ്മിറ്റിയില്‍ ഏറെ നാള്‍ ഒന്നിച്ചുണ്ടായിരുന്നു. രാഷ്ട്രീയ സംഘടനാ കാര്യങ്ങളിലൊക്കെ വേറെ ചിന്താഗതിയായിരുന്നു എന്നത് സൌഹൃ ദത്തിന് തടസ്സമായിരുന്നില്ല. ഒരു ചോദ്യം എന്‍റെ മനസ്സില്‍ ബാക്കിനിന്നത് ഞാനിവിടെ കുറിക്കുന്നു. എന്‍റെ  'കുരുത്തംകെട്ട (?)'ചോദ്യത്തെ അദ്ദേഹം ഇങ്ങനെയായിരുന്നോ നേരിടേണ്ടിയിരുന്നത് ?

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.